Friday 11 January 2019 02:18 PM IST : By ഹരി പത്തനാപുരം

‘കണ്ടകശനി കൊണ്ടേപോകൂ’ എന്നുപറയുന്നതിൽ സത്യമുണ്ടോ? ഇത്രയധികം പേടിക്കണോ? അറിയേണ്ടതെല്ലാം

shani_devan

ജനിച്ച രാശിയുടെ (ജാതകത്തിൽ ‘ച’ അല്ലെങ്കിൽ ചന്ദ്രൻ എന്ന് അടയാളപ്പെടുത്തിയിട്ടുള്ളത്) 4, 7, 10 രാശികളിൽ ശനി സഞ്ചരിക്കുന്ന രണ്ടരവർഷ കാലയളവാണ് കണ്ടകശനി. ‘കണ്ടകശനി കൊണ്ടേപോകൂ’ എന്നൊരു ചൊല്ല്  ഉള്ളതുകൊണ്ട് ഈ പേരു കേള്‍ക്കുന്നതേ പലര്‍ക്കും പേടിയാണ്. 

മകയിരം (അവസാന 30 നാഴിക), തിരുവാതിര, പുണർതം (ആദ്യ 45 നാഴിക), ഉത്രം (അവസാന 45 നാഴിക) അത്തം, ചിത്തിര (ആദ്യ 30 നാഴിക) പൂരൂരുട്ടാതി (അവസാന 15 നാഴിക) ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്കാണ് ഇപ്പോൾ കണ്ടകശനിയുള്ളത്. 2020 ജനുവരി 24 വരെ പ്രബലമായി ഉണ്ടാവുകയും ചെയ്യും. ഈ കാലയളവില്‍ സാമ്പത്തിക ഇടപാടുകൾ, വാഹന ഉപയോഗം, ആരോഗ്യസംരക്ഷണം കുടുംബ ബന്ധങ്ങള്‍ എന്നീ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും കരുതലും വേണം.

ദോഷപരിഹാരങ്ങൾ 

എള്ളെണ്ണയുടെയും എള്ളിന്റെയും കാരകനാണു ശനി ഭഗവാൻ. മാസത്തില്‍ രണ്ട് ശനിയാഴ്ച വീടിന്റെ തെക്ക്  – കിഴക്കോ തെക്ക് –പടിഞ്ഞാറോ ഭാഗത്ത് എള്ള് കിഴി കെട്ടി, എള്ളെണ്ണ ഒഴിച്ച് ദീപം തെളിക്കുന്നത് കണ്ടകശനിയുടെ ദോഷം കുറയ്ക്കാൻ ഉപകരിക്കും. അതേ ദിവസം തന്നെ രണ്ട് നുള്ള് എള്ള് അരച്ച് പാലില്‍ കലക്കി പഞ്ചസാരയും ചേർത്ത് രാവിലെ കഴിക്കുന്നതും നല്ലതാണ്. "ഓം ശനീശ്വരായ നമഃ" എന്ന ശനിദേവന്റെ മൂല മന്ത്രം  ജപിക്കുന്നതും നന്ന്. നിത്യവും പ്രഭാതത്തിൽ ശനീശ്വര സ്തോത്രം ജപിക്കുന്നത് ശനിദോഷം മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് ഒറ്റമൂലിയാണ്.

ശനി സ്തോത്രം:

നീലാഞ്ജനസമാനാഭം രവിപുത്രം യമാഗ്രജം

ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം.

ശിവന്റെയും വിഷ്ണുവിന്‍റെയും പുത്രനായ അയ്യപ്പസ്വാമിയെ ഭജിച്ചാൽ ശനിദോഷം ശമിക്കും. ജ്യോതിഷപ്രകാരം ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശനിദോഷ പരിഹാരത്തിനായി ശാസ്താക്ഷേത്രത്തിൽ നടത്തുന്ന ഏറ്റവും ലളിതവും ഫലപ്രദവും ആയ വഴിപാടാണു നീരാജനം. കഴിവതും  ശനിയാഴ്ചകളിലും ജന്മനക്ഷത്ര ദിവസവും ശാസ്താക്ഷേത്ര ദർശനം നടത്തുക. എള്ളുതിരി കത്തിക്കലും നീലശംഖു പുഷ്പാർ‌ച്ചനയും ശനിദോഷനിവാരണത്തിനു വിശേഷമാണ്. ഒരിക്കലൂൺ ആയോ പൂർണമായ ഉപവാസത്തോടെയോ ശനിയാഴ്ച വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം. ശനിയാഴ്ച ദിവസം  കറുപ്പോ നീലയോ വസ്ത്രം ധരിക്കാം. ശനിയാഴ്ച തോറും  ഭഗവാന് എള്ളു പായസം നിവേദിക്കുന്നതും ദോഷപരിഹാരമാണ്. 

“ഭൂതനാഥ സദാനന്ദ സർവഭൂത ദയാപര രക്ഷരക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോനമഃ”  എന്ന അയ്യപ്പമന്ത്രം ചൊല്ലിയാല്‍ ശനിദോഷം വിട്ടകന്നുപോകും. 

ശനിദോഷ നിവാരണത്തിനു ഹനൂമത് പ്രീതിയാണു മറ്റൊരു മാർഗം. ഹനൂമാൻ സ്വാമിയുടെ ഭക്തരെ ശനിദോഷങ്ങൾ ബാധിക്കില്ലെന്ന വിശ്വാസത്തിനു പിന്നിലൊരു  കഥയുണ്ട്. രാക്ഷസരാജാവായ രാവണൻ ഇന്ദ്രജിത്ത് ജനിക്കാറായ സമയത്തു നവഗ്രഹങ്ങളെ ബലമായി അനുകൂല സ്ഥാനങ്ങളിൽ നിർത്തി. ഈ അവസരത്തിൽ ശനിയുടെ രക്ഷകനായതു ഹനൂമാനാണ്. ആ സന്തോഷത്തിൽ ഹനുമത് ഭക്തരെ ശനിദോഷം ബാധിക്കില്ലെന്നു ശനിദേവൻ ഉറപ്പു നൽകി എന്നാണു പുരാണത്തിൽ പറയുന്നത്. ഭഗവാന് വെറ്റിലമാല സമർപ്പണം പ്രധാന വഴിപാടാണ്. ഹനൂമാൻ ചാലിസ ജപിക്കുന്നതും നന്ന്.

ഗണപതി പ്രീതിയും ശനിദോഷശാന്തിക്ക് ഉത്തമമത്രേ.  കൂടാതെ വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധത കാണിക്കുക. അന്യരെ ഉപദ്രവിക്കാതെ കഴിയാവുന്ന രീതിയിൽ സഹായം ചെയ്യുക, എങ്കിൽ കണ്ടകശനിദോഷം അലട്ടുകയില്ല.