Wednesday 11 April 2018 10:17 AM IST : By സ്വന്തം ലേഖകൻ

ജൂലൈ 23ന് കർക്കടകവാവ്; പിതൃ പ്രീതിയ്ക്ക് ബലി ഇടുന്ന ശരിയായ രീതി

bali

“സർവ്വാഗമാനമാചാരഃ പ്രഥമം പരികല്പ്യതേ

ആചാരപ്രഭവോ ധർമ്മോ ധർമ്മസ്യ പ്രഭുരച്യൂതഃ”

“കുലം ച കുലധർമ്മം ച

മാം ച പാലയ പാലയ”

എല്ലാ വേദങ്ങളും ആദ്യമായും പ്രാധാന്യമായും കല്പിക്കുന്നത് ആചാരങ്ങളെയാണ്. ആചാരത്തിൽ നിന്നുമാണ് ധർമ്മമുണ്ടാകുന്നത്. ഈ ധർമ്മമാണ് കുലത്തേയും നമ്മളേയും രക്ഷിക്കുന്നത്.

ആചാര–അനുഷ്ഠാനങ്ങളിൽ വെച്ച് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പിതൃതർപ്പണം. കുടുംബത്തിന്റെ ഐശ്വര്യത്തിനും തലമുറകളുടെ ശ്രേയസ്സിനും വേണ്ടി നടത്തുന്നതുമാണിത്. കർക്കടകമാസത്തിലെ വാവിന് ബലി തർപ്പണം നടത്തുന്നത് പലതരത്തിലും പ്രാധാന്യമുള്ളതാണ്. ഈ പ്രാവശ്യം വാവ് വരുന്നത് കർക്കടകം 7–ാം തിയതി ജൂലായ് മാസം 23–ാം തിയതി ഞായറാഴ്ചയാകുന്നു.

ആചാര–അനുഷ്ഠാനങ്ങളെ കുറിച്ച് പറയുമ്പോൾ കുലാചാരം, സാമുദായികപരമായിട്ടുള്ള ആചാരം, ദേശാചാരം, മതപരമായിട്ടുള്ള ആചാരങ്ങൾ എന്നിങ്ങനെ പലവിധത്തിലുണ്ട്. എല്ലാ ആചാരങ്ങൾക്കും അതിന്റേതായ പ്രാധാന്യവുമുണ്ട്. ഒരാൾ ഏത് കുലത്തിലാണോ ജനിച്ചത് ആ വ്യക്തിക്ക് ആ കുലത്തിലെ പൈതൃകമായിട്ടുള്ള ആചാര–അനുഷ്ഠാനങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. എന്തെല്ലാം കഴിവുകൾ ഒരാൾക്കുണ്ടെങ്കിലും കുലധർമ്മമനുസരിച്ചുള്ള ആചാരങ്ങളെ പാലിക്കാതെ വരുമ്പോള്‍ കുടുംബജീവിതത്തില്‍ നമ്മൾക്ക് ലക്ഷ്യത്തിലെത്താൻ പ്രയാസമായിരിക്കും. ആചാരങ്ങൾ കൃത്യമായി പാലിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുമ്പോൾ നമ്മളിൽ ഒരു ധാർമ്മിക ശക്തി ഉണ്ടാകുകയും തന്നിമിത്തം ആപത്തുകളെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകുകയും കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷമുണ്ടാകുകയും ചെയ്യുന്നു.

സൽസന്താനങ്ങളുണ്ടാകുന്നതിനും സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതിനും രോഗമില്ലാതെ വരുന്നതിനും പിതൃകർമ്മം ചെയ്യുന്നതുകൊണ്ട് സാധിക്കുമെന്ന് ജ്യോതിഷ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട്.

ഇതിനെ കുറിച്ച് ഗരുഡപുരാണത്തിലും പറയുന്നുണ്ട്.

“ആയുഃ പ്രജാം ധനം വിദ്യാം

സ്വർഗ്ഗം മോക്ഷം സുഖാനി ച

പ്രയച്ഛന്തി തഥാ രാജ്യം

പ്രീത്യാ നിത്യം പിതാമഹഃ”

പിതൃ പ്രീതികൊണ്ട് കുടുംബജനങ്ങളിൽ ദീർഘായുസ്സ്, സൽസന്താനം, ധനം, വിദ്യ, സ്വർഗ്ഗം, മോക്ഷം, സുഖം മുതലായ ഗുണങ്ങൾ ലഭിക്കും.

ബലികർമ്മം രണ്ട് വിധത്തിൽ പറയുന്നുണ്ട്. ഒന്ന് ‘ഏകോദിഷ്ടം’ മറ്റൊന്ന് ‘പാർവ്വണം’. ഒരാളെ ഉദ്ദേശിച്ച് മാത്രം കർമ്മം ചെയ്യുന്നതിന് ഏകോദിഷ്ടമെന്ന് പറയും. (ഉദാ:– ശ്രാദ്ധദിവസം ബലികർമ്മം നടത്തുന്നത്. അതായത് ഒരാൾ മരിച്ച മാസത്തിൽ മരണപ്പെട്ട നാളിൽ ബലികർമ്മം ചെയ്യുന്നത്.) പാര്‍വ്വണമെന്ന് പറഞ്ഞാൽ ഒന്നിൽ കൂടുതൽ ആളുകളെ ഉദ്ദേശിച്ച് ബലികർമ്മം ചെയ്യുന്നത്. (ഉദാ:– വാവിന് ബലികർമ്മം നടത്തുന്നത്. മുതുമുത്തച്ഛൻ, മുത്തച്ഛൻ, അച്ഛൻ എല്ലാവരെയും ഉദ്ദേശിച്ചാണ് ഈ കർമ്മം ചെയ്യുന്നത്.) ഒരാൾ ഈ രണ്ട് വിധത്തിലുമുള്ള ബലി കർമ്മങ്ങളും ചെയ്യേണ്ടതാണ്.

എങ്ങനെ എവിടെ എന്തെല്ലാം ഉപയോഗിച്ച് ബലികർമ്മം ചെയ്യണം എന്നതിനെ കുറിച്ചും ശാസ്ത്രീയമായി തന്നെ പറയുന്നുണ്ട്.

“ദേശകാലേ ച പാത്രേ ച

വിധിനാ ഹവിഷാ ചയത്

തിലൈർ ഭർഭൈശ്ച മന്ത്രൈശ്ച

ശ്രാദ്ധം തത് ശ്രദ്ധയായുതം”

(പരാശരസമൃതി)

യോജിച്ച ദേശത്തിലും കാലത്തിലും പാത്രത്തിലും ഹവിസ്സുകൊണ്ട് (ഉണങ്ങല്ലരി വേവിച്ചത്) വിധിയനുസരിച്ച് ശ്രദ്ധയോടെ ദർഭ, മന്ത്രം ഇവയോട് കൂടി പിതൃകർമ്മം ചെയ്യണം. എല്ലായിടത്തും ബലിയിടാൻ പാടില്ല എന്നും പ്രാധാന്യമുള്ള സ്ഥലം തിരഞ്ഞെടുക്കണമെന്നും ഇതിൽ നിന്ന് കിട്ടുന്നു.

ആർക്കെല്ലാം ബലികർമ്മങ്ങൾ നടത്താം എന്നതിനെക്കുറിച്ചും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനെകുറിച്ച് പറയുന്നതിങ്ങനെ;

“പുത്രഃ പൗത്രഃ പ്രപൗത്രോവാ ഭ്രാതാ വാ ഭ്രാതൃസന്തതിഃ

സ പിണ്ഡസന്തതിർവാപി ക്രിയാ ഹോ നൃപ ജായതേ”

(വിഷ്ണുപുരാണം)

പിതൃകർമ്മം ചെയ്യാൻ ഏറ്റവും പ്രധാനി മകനാണ്. മകനില്ലെങ്കിൽ മകന്റെ മകനു ചെയ്യാം (പൗത്രൻ). മകന്റെ മകനും ചെയ്യാന്‍ പറ്റാതെ വരുകയാണെങ്കിൽ മകന്റെ മകന്റെ മകനും ചെയ്യാം (പ്രപൗത്രൻ). ഇതും സാധ്യമല്ലെങ്കിൽ സഹോദരനോ സഹോദരന്റെ മകനോ ചെയ്യാവുന്നതാണ്. ഇവരാരും ഇല്ലാതെ വരുമ്പോൾ മരിച്ച ആൾക്ക് അടുപ്പമുള്ള ഒരാൾക്ക് ചെയ്യാമെന്നും പറയുന്നു.

മാതാ–പിതാ–ഗുരു–ദൈവം എന്ന മഹത്തരമായ ഭാരതീയ തത്വമനുസരിച്ച് ദേവാരാധനയേക്കാൾ പിതൃകർമ്മത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. മൺമറഞ്ഞുപോയ നമ്മുടെ കുടുംബത്തിലെ കാരണവന്മാരെ ഓർക്കുക. അവരെ മനസ്സുകൊണ്ട് നമിക്കുക. ഇതിൽ കൂടി ഗുരുത്വം നേടുക ഇതുതന്നെയാണ് പിതൃകർമ്മത്തിന്റെ സന്ദേശം. ഇത്തരത്തിലുള്ള ഓരോ ആചാര–അനുഷ്ഠാനങ്ങളെ നമ്മൾക്ക് വേണ്ടപോലെ മനസ്സിലാക്കിതരുന്ന ഒരേ ഒരു ശാസ്ത്രമാണ് ജ്യോതിഷം. അതുകൊണ്ട് തന്നെ ജ്യോതിഷം ഒരു ധർമ്മശാസ്ത്രമാകുന്നു.

ലേഖകന്റെ വിലാസം: A.S. Remesh Panicker, Kalarickel House, Chittanjoor P.O., Kunnamkulam, Thrissur Dist., Resi: 04885 220886, Mob: 9847966177,

Email: remeshpanicker17@gmail.com, Website: remeshpanicker.com