Tuesday 20 June 2017 12:55 PM IST : By സ്വന്തം ലേഖകൻ

ഒന്നല്ല, ഇവർ ഇരട്ടച്ചങ്കുള്ള 680 പേർ! കോതനല്ലൂരിലെ ഇരട്ട വിശുദ്ധരുടെ തിരുനാൾ ഇരട്ടകളുടെ സംഗമവേദിയായി

kothanallur

നാലു മാസം മുതൽ 90 വയസ് വരെ പ്രായമുള്ളവർ ഉണ്ടായിരുന്നു അവരുടെ കൂട്ടത്തിൽ! ആ 680 പേരും ഒന്നായിരുന്നില്ല, കണ്ണാടിയിൽ എന്ന പോലെ ഒരു പ്രതിബിംബം അവർക്കൊപ്പം ഉണ്ടായിരുന്നു. അതെ അവർ ഒന്നായിരുന്നില്ല. ഒന്നു പോലെ മറ്റൊന്നു കൂടിയുള്ള ഇരട്ടകൾ. കോതനല്ലൂരാണ് ഈ ഇരട്ടകളുടെ മഹാസംഗമം അരങ്ങേറിയത്. കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ ഇടവക മധ്യസ്ഥരും ഇരട്ടവിശുദ്ധരുമായ വിശുദ്ധ ഗര്‍വാസീസിന്റെയും വിശുദ്ധ പ്രോത്താസീസിന്റെയും (കന്തീശങ്ങള്‍) അനുഗ്രഹം തേടിയാണ് ഇരട്ട സഹോദരങ്ങളുടെ അപൂര്‍വസംഗമം നടന്നത്.

കന്തീശങ്ങളുടെ തിരുനാളാണ് ഇരട്ടകളുടെ സംഗമവേദിയായത്. നാലു മാസം പ്രായമായ ഓണംത്തുരുത്ത് ചെരുവില്‍ റോബി-ജോളി ദമ്പതികളുടെ മക്കളായ ആല്‍ഫിയ, ആല്‍ഫിന്‍ എന്നിവരാണ് സംഗമത്തിലെ ബേബികൾ. കോതനല്ലൂര്‍ ഫൊറോനാ പളളി ഇടവകാംഗങ്ങളായി 1927 ഒക്‌ടോബര്‍ മൂന്നിന് ജനിച്ച പുളിക്കാനിക്കല്‍ ഗര്‍വാസീസും പ്രോത്താസീസുമാണ് സംഗമത്തിനെത്തിയവരിലെ മുതിര്‍ന്നവര്‍. ഇരട്ടകള്‍ ഇരട്ടകളെ ജീവിത പങ്കാളികളാക്കിയ മൂന്നു ജോഡികളും സംഗമത്തില്‍ പങ്കെടുത്തു.

കണ്ണൂര്‍ പേരാവൂര്‍ കുളക്കാട്ട് കളപ്പറമ്പത്ത് ബ്രിട്ടോയും ബെന്നിയും കണ്ണൂര്‍ ചെമ്പന്‍തൊട്ടി സ്വദേശികളായ റോണി റോസ് ജിമ്മി, റോമി റോസ് ജിമ്മി എന്നിവരാണ് സംഗമത്തില്‍ പങ്കെടുക്കാന്‍ അകലെ നിന്നെത്തിയവര്‍. അഞ്ചു ജോഡി വൈദികരും ഏഴു ജോഡി കന്യാസ്ത്രീകളും സംഗമത്തിനെത്തിയിരുന്നു. സംഗമത്തില്‍ പങ്കെടുത്ത ഇരട്ട വൈദികരാണ് സമൂഹബലിക്ക് കാര്‍മികത്വം വഹിച്ചത്. തിരുനാള്‍ പ്രദക്ഷിണത്തില്‍ വിശുദ്ധരുടെ തിരുശേഷിപ്പ് വഹിച്ചതും ഇരട്ടവൈദികരായിരുന്നു.

മുത്തുകുടകളേന്തിയ ഇരട്ടസഹോദങ്ങള്‍ പ്രദക്ഷിണത്തില്‍ കന്തീശങ്ങള്‍ക്ക് അകമ്പടി സേവിച്ചു. സംഗമത്തില്‍ പങ്കെടുത്ത ഇരട്ടസഹോദരങ്ങളെ കന്തീശങ്ങള്‍ക്കു സമര്‍പ്പിക്കുന്ന ശുശ്രൂഷകള്‍ക്ക് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കാര്‍മികത്വം വഹിച്ചു. ഇരട്ടകള്‍ക്കായി സ്‌നേഹവിരുന്നും നടന്നു. വികാരി റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, സഹവികാരി ഫാ. ജോസഫ് മേച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.