Wednesday 11 April 2018 10:21 AM IST : By സ്വന്തം ലേഖകൻ

കോടതി ഇടപെട്ടു, കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വില കുറച്ചു

unniyappam

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ പ്രസിദ്ധമായ ഉണ്ണിയപ്പത്തിന്റെ വില കുറയ്ക്കാൻ ഹൈക്കോടതി നിർദേശം. ഒറ്റയടിക്ക് 20 രൂപയിൽ നിന്ന് 35 രൂപയായി വർധിപ്പിച്ച നടപടിയിലാണ് കോടതി ഇടപെട്ടത്. അഞ്ചു രൂപ കുറച്ച് 30 രൂപയ്ക്ക് ഉണ്ണിയപ്പം ഭക്തർക്ക് നൽകണം എന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ക്ഷേത്ര സംരക്ഷണ സമിതി അംഗം രാധാകൃഷ്ണന്‍ എന്ന ഭക്തന്‍ നല്കിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

ഉണ്ണിയപ്പത്തിന്റെ വില ഏകപക്ഷീയമായി വര്ധിപ്പിച്ചത് ശരിയല്ല. ബോർഡിന്റെ ലാഭത്തിൽ നിന്ന് അഞ്ചുരൂപ കുറച്ച് വില 30 രൂപയാക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഓംബുഡ്സ്മാന് റിപ്പോര്ട്ട് നൽകിയ ശേഷമേ ഭാവിയില്‍ വിലവർധന നടപ്പാക്കാവൂ എന്നും കോടതി നിര്ദ്ദേശിച്ചു.

ഉണ്ണിയപ്പത്തിന്റെ വില 35 രൂപയായി ഉയർത്തിയത് ഭക്തരുടെ ഇടയിൽ വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ ദേവസ്വം കൗണ്ടർ ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധങ്ങളും സമരങ്ങളും അരങ്ങേറിയിരുന്നു.