Monday 18 February 2019 12:55 PM IST : By സ്വന്തം ലേഖകൻ

ജനിച്ചയുടൻ എല്ലാ കുട്ടികൾക്കും ഇനി ആശുപത്രിയിൽ ജാതകമെഴുതും; ജന്മനക്ഷത്രമനുസരിച്ച് പേരുമിടും!

infant-astro Credit: Google Images

കുട്ടികൾ ജനിച്ചയുടൻ ജാതകം എഴുതിക്കുന്നത് ഹൈന്ദവർക്കിടയിൽ സാധാരണമായി കാണപ്പെടുന്ന ഒരു ചടങ്ങാണ്. എന്നാൽ ഇവർക്കിടയിൽ ജാതകത്തിൽ തീരെ വിശ്വാസമില്ലാത്ത ഒരു വിഭാഗവുമുണ്ട്. ജാതകം എഴുതിയാലും ഇല്ലെങ്കിലും ഭാവിയിൽ അറിയാൻ താല്പര്യമുള്ളവരാണ് ഭൂരിഭാഗവും. ഇപ്പോഴിതാ ജനിച്ചയുടൻ കുഞ്ഞുങ്ങൾക്ക് ജാതകമെഴുതിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് ഒരു സംസ്ഥാന സർക്കാർ.

രാജസ്ഥാനിലാണ് വിശ്വാസം എന്താണെങ്കിലും ജനിക്കുന്ന എല്ലാ കുട്ടികൾക്കും ജാതകം തയാറാക്കി നൽകുന്ന ഒരു പുതിയ പദ്ധതി ആരംഭിക്കുന്നത്. രാജസ്ഥാനിലെ സർക്കാർ– സ്വകാര്യ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും ജാതകം നൽകുന്നതിനൊപ്പം കുട്ടിയുടെ ജന്മനക്ഷത്രമനുസരിച്ച് യോജിക്കുന്ന പേരും നിർദേശിക്കും.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജയ്പൂരിലെ അഞ്ച് സർക്കാർ ആശുപത്രികളിലാണ് ജാതകമെഴുത്ത് തുടങ്ങുന്നത്. ഇതു സൗജന്യമായിരിക്കും. രണ്ടാം ഘട്ടത്തിൽ സർക്കാർ ആശുപത്രികളിൽ ജാതകത്തിന് 51 രൂപ ചാർജ് ഈടാക്കും. സ്വകാര്യ ആശുപത്രികളിൽ ചാർജ് കൂടും, 101 രൂപയാണ് ഈടാക്കുന്നത്.

സംസ്കൃത ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് എല്ലാ കുട്ടികളുടെയും ജാതകമെഴുതാനുള്ള പദ്ധതിയും. സംസ്കൃത വിദ്യാഭ്യാസവും ഭാഷയും പ്രോത്സാഹിപ്പിക്കാൻ വേണ്ട നടപടികളെടുക്കുമെന്ന് രാജസ്ഥാനിലെ പുതിയ കോൺഗ്രസ് സർക്കാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാഗ്ദാനം ചെയ്തിരുന്നു. വേദങ്ങളുടെ അടിസ്ഥാനത്തിലുള്ള ആചാരങ്ങൾ പ്രോത്സാഹിപ്പിക്കാൻ നടപടികളെടുക്കുമെന്നും പ്രകടനപത്രികയിൽ കോൺഗ്രസ് അവകാശപ്പെട്ടിരുന്നു. 

ജയ്പൂരിലെ ജഗദ്ഗുരു രാമാനന്ദാചാര്യ രാജസ്ഥാൻ സംസ്കൃത സർവകലാശാലയോട് പദ്ധതിയുടെ വിശദ രൂപം തയാറാക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. പദ്ധതി സംസ്കൃത ഭാഷയ്ക്കു ഗുണകരമാകും എന്നുമാത്രമല്ല മൂവായിരത്തോളം ജ്യോത്സൻമാർക്ക് ഇതുമൂലം ജോലിയും ലഭിക്കും. പക്ഷേ, ജ്യോതിശാസ്ത്രത്തിൽ കോളജിൽ നിന്നോ സംസ്കൃത സർവകലാശാലയിൽ നിന്നോ ഡിഗ്രിയോ ഡിപ്ലോമയോ നേടിയവർക്കു മാത്രമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 

പദ്ധതിയുടെ രണ്ടാംഘട്ടം പൂർത്തിയായാലുടൻ സർക്കാർ ആശുപത്രിയിൽ ജാതകം എഴുതി നൽകുന്നവർക്ക് 40 രൂപയും സ്വകാര്യ ആശുപത്രികളിൽ 80 രൂപയും കൊടുക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഓരോ ജാതകത്തിനും ലഭിക്കുന്ന തുകയിൽ ബാക്കി സംസ്കൃത സർവകലാശാലയ്ക്കും ലഭിക്കും. ജാതകത്തിൽ ഒരു കോഡ് ഉണ്ടായിരിക്കും. ഈ കോഡ് ഉപയോഗിച്ച് സർവകലാശാലയുടെ വെബ്സൈറ്റിൽ നിന്ന് ആവശ്യമുള്ളവർക്ക് പിന്നീട് വിശദമായ ജാതകം ഡൗൺലോഡ് ചെയ്തെടുക്കാം. ഇതിന് 200 രൂപയാണ് ഫീസ്.