Wednesday 11 April 2018 10:36 AM IST : By സ്വന്തം ലേഖകൻ

രാമേശ്വരത്തു പോയാൽ ക്ഷേത്രവും ധനുഷ്കോടിയും മാത്രമല്ല, ഈ 10 സ്ഥലങ്ങൾ തീർച്ചയായും കാണണം

rama1
രാമനാഥസ്വാമി ക്ഷേത്രം

എല്ലാ വിശ്വാസികളുടെയും ഇഷ്ടസ്ഥലമാണ് തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന രാമേശ്വരം. രണ്ടു ദിവസംകൊണ്ട് രാമേശ്വരം– ധനുഷ്കോടി യാത്ര പോയി വരാം എന്നതുകൊണ്ട് ഉടൻ തന്നെ രാമേശ്വരത്തേക്കൊരു യാത്ര പോയിവരാം. എന്നാൽ രാമേശ്വരവും ധനുഷ്കോടിയും മാത്രമാണ് അവിടെ കാണാനുള്ളത് എന്നു കരുതരുതേ. ഇതാ രാമേശ്വരം യാത്രയിൽ തീർച്ചയായും കണ്ടിരിക്കേണ്ട പത്തു സ്ഥലങ്ങൾ. ചാര്‍ ദാം യാത്രയില്‍ ഉള്‍പ്പെട്ടിട്ടുള്ള രാമേശ്വരത്തേക്ക് പോകുമ്പോൾ ഈ പത്തു സ്ഥലങ്ങൾ മനസ്സിൽ വച്ചോളൂ.

രാമനാഥസ്വാമി ക്ഷേത്രം

17-ാം നൂറ്റാണ്ടിലെ വാസ്തുവിദ്യയുടെ മഹത്തരമായ നിര്‍മ്മിതിയാണ് രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രം. ശിവന് സമര്‍പ്പിച്ചിരിക്കുന്ന 12 ജ്യോതിര്‍ ലിംഗ സ്ഥാനങ്ങളില്‍ ഒന്നുകൂടിയാണ്് ഇവിടം. വൈഷ്ണവ വിശ്വാസികളും ശിവഭക്തരും ഒന്നുപോലെ സന്ദര്‍ശിക്കുന്ന ഇവിടുത്തെ യഥാര്‍ഥ ക്ഷേത്രം രാമന്‍ നിര്‍മ്മിച്ചതാണെന്ന് കരുതപ്പെടുന്നു.

ജഡാ തീര്‍ഥം

rama2

രാമനാഥസ്വാമി ക്ഷേത്രത്തില്‍ നിന്നും മൂന്നര കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ജഡാ തീര്‍ഥം വിശ്വാസികള്‍ പുണ്യസങ്കേതമായാണ് കാണുന്നത്. രാവണനെ കൊന്നതിനു ശേഷം രാമേശ്വരത്ത് ശിവലിംഗം പൂജിച്ചപ്പോല്‍ രാമന്‍ തന്റെ ജഡകെട്ടിയ മുടി ഇവിടുത്തെ കുളത്തില്‍ കഴുകിയെന്നാണ് വിശ്വാസം.

ധനുഷ്കോടി ക്ഷേത്രം

rama3

പാമ്പന്‍ ദ്വീപിനു സമീപം സ്ഥിതി ചെയ്യുന്ന ധനുഷ്‌കോടി ആരെയും ആകര്‍ഷിക്കുന്ന ഒരിടമാണ്. രാമായണത്തില്‍ പലയിടത്തും പരാമര്‍ശിച്ചിട്ടുള്ള ധനുഷ്‌കോടി ക്ഷേത്രത്തിന്റെ അവശിഷ്ടം മാത്രമാണ് ഇന്ന് കാണുന്ന ക്ഷേത്രം. എങ്കിലും നല്ല വ്യൂ പോയിന്റ് ആയി സഞ്ചാരികൾ ഇവിടേക്ക് വന്നു കൊണ്ടിരിക്കുന്നു.

ഗന്ധമദന പര്‍വ്വതം

rama4

രാമായണത്തില്‍ ഹമുമാന്‍ പര്‍വ്വതം ചുമന്നുകൊണ്ടുവരുന്ന ഭാഗം നമുക്കെല്ലാവര്‍ക്കും പരിചിതമാണല്ലോ.. അന്ന് യുദ്ധത്തില്‍ ലക്ഷ്മണന്‍ പരിക്കേറ്റു കിടന്നപ്പോള്‍ ഔഷധമന്വേഷിച്ചുപോയ ഹനുമാന്‍ ഒരു മല മുഴുവനായി കൊണ്ടുവരികയാണുണ്ടായത്. അന്ന് കൊണ്ടുവന്ന മരുത്വാമലയുടെ ഭാഗമാണത്രെ ഇവിടുത്തെ ഗന്ധമദന പര്‍വ്വതം എന്നറിയപ്പെടുന്നത്. രാമേശ്വരം നഗരത്തില്‍ നിന്നു മൂന്നു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ഇന്ന് ഏരെ വിശുദ്ധമായി കരുതുന്ന ഒരിടമാണ്. രണ്ടു നിലകളിലായുള്ള ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. അസുഖബാധിതർക്ക് ഇവിടം ആശ്വാസം നൽകുമെന്ന് കരുതപ്പെടുന്നു.

പഞ്ച മുഖ ഹനുമാന്‍

rama5

രാമനാഥസ്വാമി ക്ഷേത്രത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹനുമാന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ പഞ്ചമുഖ ഹനുമാനാണ്. ഇന്ത്യയിലെ തന്നെ അത്തരത്തിലെ വ്യത്യസ്തമായ പ്രതിഷ്ടയാണിത്. രാമനെയും ലക്ഷ്മണനെയും സീതയെയും ഇവിടെ ക്ഷേത്രത്തില്‍ ആരാധിക്കുന്നുണ്ട്.

രാമ സേതു പാലം

rama6

രാമസേതു അഥവാ ആദംസ് ബ്രിഡ്ജ് എന്നറിയപ്പെടുന്ന പാലമാണ് ശ്രീലങ്കയെയും ഇന്ത്യയെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്നത്. ധനുഷ്‌കോടിയുടെ മുനമ്പില്‍ നിന്നും തുടങ്ങുന്ന ഈ പാലം ഇന്ന് ഏറെയും നശിച്ച നിലയിലാണുള്ളത്.

നമ്പു നായിഗാമ്മന്‍ ക്ഷേത്രം

rama7

രാമനാഥസ്വാമി ക്ഷേത്രത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നമ്പു നായിഗാമ്മന്‍ ക്ഷേത്രം ഒട്ടേറെ വിശ്വാസങ്ങളും ആചാരങ്ങളുമുള്ള ക്ഷേത്രമാണ്. ദക്ഷിണ കാളിയെ ആരാധിക്കുന്ന ഈ ക്ഷേത്രത്തില്‍ സമ്പത്തുണ്ടാകാനും കുട്ടികളുണ്ടാകാനുമായാണ് ആളുകള്‍ പ്രാര്‍ഥിക്കാനെത്തുന്നത്.

അരിയമന്‍ ബീച്ച്

rama8

രാമനാഥപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അരിയമന്‍ ബീച്ച് രാമനാഥപുരത്തെ സായാഹ്നങ്ങള്‍ ചിലവിടാന്‍ പറ്റിയ സ്ഥലമാണ്. രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ പരന്നു കിടക്കുന്ന ഇവിടം ബോട്ടിങ്ങിനും വാട്ടര്‍ സ്‌കൂട്ടര്‍ റൈഡിനും പറ്റിയ ഇടമാണ്. ഇവിടുത്തെ മണൽത്തരികൾക്കും വെള്ളത്തിനുമെല്ലാം പ്രത്യേകസുഖമാണ് ഒരു സഞ്ചാരിക്ക് നൽകാൻ കഴിയുക.

കോതണ്ഡേശ്വര സ്വാമി ക്ഷേത്രം

rama9

പാമ്പന്‍ ദ്വീപിന്റെ തുഞ്ചത്തായി സ്ഥിതി ചെയ്യുന്ന 500 വര്‍ഷം പഴക്കമുള്ള കോതണ്ഡേശ്വര സ്വാമി ക്ഷേത്രം ഇവിടുത്തെ മറ്റൊരു തീര്‍ഥാടന കേന്ദ്രമാണ്. സമുദ്രത്തോട് വളരെ ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇതിനു സമീപമാണ് രാമന്റെ കാല്പാദങ്ങള്‍ പതിഞ്ഞുവെന്നു വിശ്വസിക്കുന്ന സ്ഥലമുള്ളത്.

വില്ലൂണ്ടി തീര്‍ഥം

rama10

കടല്‍ക്കരയില്‍ വെച്ചു ദാഹിച്ച സീതയ്ക്ക് രാമന്‍ മധുരവെള്ളം എടുത്തുകൊടുത്ത സ്ഥലമാണ് വില്ലൂണ്ടി തീര്‍ഥം എന്നറിയപ്പെടുന്നത്. കടലിനോട് അടുത്തായിട്ടും ഇപ്പോഴും ഈ വെള്ളത്തിന് ഉപ്പല്ല, നേരിയ മധുരമാണ് ഉള്ളത്. ഇതിനടുത്തായി ഏകാന്ത രാമ എന്ന പേരില്‍ ഒരു ക്ഷേത്രവും കാണാന്‍ സാധിക്കും.