Wednesday 08 May 2019 02:39 PM IST : By കെ.എസ് പണിക്കർ

പ്രണയിച്ച ആളെ വിവാഹം ചെയ്യുന്നതിന് സ്ത്രീകൾ ചെയ്യേണ്ടത്!; ഉത്തമ പങ്കാളിയെ തേടുന്നവർക്കും പരീക്ഷിക്കാം

wedding-astro

 നഷ്ടപ്പെട്ട പ്രണയം കൊഴിഞ്ഞ മുടി പോലെയാണ്. നഷ്ടപ്പെട്ടാൽ വീണ്ടും പഴയ നിലയിലേക്കെത്താൻ നന്നായി പാടുപെടേണ്ടി വരും. അതു കൊണ്ട് ഇഷ്ടം കൈവിട്ടുപോകാതെ ജീവിതത്തിന്റെ നല്ല പാതിയായി മാറണം എന്നാണ് ആത്മാർഥമായി പ്രണയിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്നത്. അവസാന നിമിഷം വീട്ടുകാരുടെയൊ ബന്ധുക്കളുടെയൊ സമ്മർദത്താൽ രണ്ടിലൊരാൾക്ക് പിന്മാറേണ്ടി വരുമോ? അങ്ങനെ പ്രണയികൾക്ക് ആശങ്കകൾ പലതാണ്.

പ്രണയസാഫല്യത്തിനായുള്ള പ്രാർഥനയുടെ ദിനം തിങ്കളാണ്. ശ്രീപരമേശ്വരനെ ഭർത്താവായി ലഭിക്കാൻ ശ്രീപാർവതി ദേവി അനുഷ്ഠിച്ചതാണ് തിങ്കളാഴ്ച വ്രതം. തിങ്കളാഴ്ച ദിവസം രാവിലെ കുളിച്ചതിനു ശേഷം പാർവതീ സമേതനായ ശിവക്ഷേത്ര ദർശനം നടത്തണം. സാമാന്യവ്രത നിഷ്ഠകൾ പാലിക്കണം.

ഉപവാസത്തോടെ വ്രതമെടുക്കുന്നതാണ് ഉത്തമം. ഇഷ്ടവര പ്രാപ്തിയ്ക്കായി സ്വയംവരാർച്ചന നടത്തി പ്രാർഥിക്കുകയും വേണം. രോഹിണി നക്ഷത്രവും തിങ്കാളാഴ്ചയും ചേർന്നു വരുന്ന ദിവസത്തെ തിങ്കളാഴ്ച വ്രതം വിശേഷപ്പെട്ടതാണ്. സ്വയംവര പാർവതീ സ്തോത്രം വ്രതകാലത്ത് ജപിക്കുന്നതും നല്ലതാണ്. ക്ഷേത്രദർശനം പല കാരണങ്ങളാൽ കഴിയാത്തവർക്ക് അന്നേ ദിവസം വ്രതാനുഷ്ഠാനത്തോടെ സ്വയംവര പാർവതീ സ്തോത്രം ചൊല്ലുന്നതും ആഗ്രഹ പ്രാപ്തിക്കും വിഘ്ന നിവാരണത്തിനും സഹായകരമാകുമെന്നാണ് വിശ്വാസം. ഇത് പ്രണയികൾക്കു മാത്രമുള്ള വ്രതമാണെന്നും കരുതേണ്ടതില്ല. അനുരൂപനും സ്വഭാവനിഷ്ഠയുള്ളവനുമായ പങ്കാളിയെ ലഭിക്കാനായി ആഗ്രഹിക്കുന്നവർക്കായി നിർദേശിക്കപ്പെട്ട വ്രതമാണിത്. വിവാഹിതരായ സ്ത്രീകൾ ഭർത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായും തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കാറുണ്ട്.