Wednesday 05 February 2020 04:53 PM IST

ഇതെനിക്ക് അയ്യപ്പൻ തന്നതാണ്! മകരസംക്രമ സമയത്ത് സന്നിധിയിൽ പാടി, തിരികെ വന്ന ശേഷമാണ് ‘പത്മശ്രീ’ പ്രഖ്യാപനം

Roopa Thayabji

Sub Editor

jayavijaya-6

ഇന്ത്യൻ സംഗീതലോകത്ത് മലയാളത്തിന്റെ ചന്ദനപ്പൊട്ട് ചാർത്തിയ കെ.ജി. ജയൻ തൃപ്പൂണിത്തുറയിലെ വീട്ടിൽ കൊച്ചുമകൻ അമൃതിന് സ്വരങ്ങൾ പാടിക്കൊടുത്ത് രസിക്കുകയാണ്. ആറര വയസ്സുകാരന്റെ കുറുമ്പിനൊത്ത് സംഗതികളിൽ ചില കയറ്റിറക്കങ്ങൾ ഇട്ടുനോക്കുന്നു. ‘‘പുരസ്കാരം പ്രഖ്യാപിച്ചയന്ന് മള്ളിയൂരമ്പലത്തിലാണ് കച്ചേരി. അവരൊരുക്കിയ സ്വീകരണത്തിൽ അധ്യക്ഷനായത് ഇവനാണ്. ‘അപ്പൂപ്പന് പത്മശ്രീ കിട്ടിയതിൽ എനിക്കു വലിയ സന്തോഷമുണ്ട്’ മോൻ മൈക്കിലൂടെ പറഞ്ഞു. അതിലും വലിയ എന്തു സമ്മാനമാണ് എനിക്ക് കിട്ടേണ്ടത്...’’ കലയും സംഗീതവും കൂടൊരുക്കിയ വീട്ടിലിരുന്ന് കെ.ജി. ജയനും മനോജ് കെ. ജയനും സംസാരിച്ചതു മുഴുവൻ പാട്ടിനെകുറിച്ച്.

jaya-vijaya

പാട്ടിനു കിട്ടിയ ആദ്യ സമ്മാനം ഓർമയുണ്ടോ ?

അഞ്ചാം ക്ലാസ് കഴിഞ്ഞ സമയത്താണ്. കോട്ടയം എസ്എച്ച് മൗണ്ട് സ്കൂളിലെ പാട്ടുമത്സരത്തിന് എനിക്ക് വൈലോപ്പിള്ളി കവിതകളുടെ സമാഹാരം സമ്മാനം കിട്ടി. ഞാനും ഇരട്ടസഹോദരൻ വിജയനുമായിരുന്നു ക്ലാസിലെ പാട്ടുകാർ. ഈശ്വരപ്രാർഥനയും ജനഗണമനയുമെല്ലാം ഹെഡ്മാസ്റ്ററുടെ മുറിയുടെ മുന്നിൽ നിന്ന് ഞങ്ങൾ ഉറക്കെ പാടും. അഞ്ചാം വയസ്സിൽ അച്ഛൻ ഞങ്ങളെ പാട്ടുപഠിപ്പിക്കാൻ ചേർത്തു. രാമൻ ഭാഗവതരായിരുന്നു ആദ്യ ഗുരു. പിന്നീട് മാവേലിക്കര രാധാകൃഷ്ണ അയ്യരിൽ നിന്ന് കർണാടക സംഗീതം പഠിച്ചുതുടങ്ങി. കുമാരനല്ലൂർ അമ്പലത്തിലെ ഉത്സവത്തിനായിരുന്നു അരങ്ങേറ്റം, പത്താം വയസ്സിൽ.

ശ്രീനാരായണഗുരുവിന്റെ നേർശിഷ്യനായിരുന്നു അച്ഛൻ  ഗോപാലൻ തന്ത്രി. ‘ദൈവദശകം’ നന്നായി ചൊല്ലുന്നതുകേട്ട്  അതു പഠിപ്പിക്കാനുള്ള അനുവാദം ഗുരു അച്ഛനു നൽകി. ആ പാരമ്പര്യമാണ് എനിക്കു കിട്ടിയത്. നാഗമ്പടം ക്ഷേത്രത്തിലെ പ്രതിഷ്ഠ കഴിഞ്ഞ് ഗുരു അച്ഛനോട് അവിടെ തങ്ങാൻ നിർദേശിച്ചു. അങ്ങനെ ഞങ്ങൾ കോട്ടയത്തുകാരായി.

സംഗീത അക്കാദമിയിൽ നിന്ന് ഞാനും വിജയനും ഗാനഭൂഷണം പാസായി അമ്പലങ്ങളിലും മറ്റും കച്ചേരി ചെയ്തു തുടങ്ങി. ആയിടയ്ക്ക് അച്ഛനെ മുനിസിപ്പൽ ജഡ്ജായി മഹാരാജാവ് നിയമിച്ചു. നാട്ടകത്തെ കൊട്ടാരത്തിൽ ചിത്തിര തിരുനാൾ രാമവർമ എത്തിയ സമയത്ത് ഞങ്ങൾക്കും കൂടിക്കാഴ്ചയ്ക്ക് അവസരം കിട്ടി. ഞങ്ങളുടെ പാട്ട് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. രാജമുദ്രയുള്ള ബട്ടനാണ് സമ്മാനം തന്നത്. തൃശ്ശിനാപ്പള്ളിയിലെ ആലത്തൂർ ബ്രദേഴ്സിന്റെയടുത്ത് പാട്ട് പഠിക്കാനുള്ള ഏർപ്പാടും അതിനുള്ള ചെലവും അദ്ദേഹം ചെയ്തുതന്നു. തിരിച്ചെത്തി നാട്ടിലെ സ്കൂളിൽ ജോലിക്ക് കയറിയതിനു പിന്നാലെയായിരുന്നു വിവാഹം. എന്റെയും വിജയന്റെയും വിവാഹം ഒരേ ദിവസമായിരുന്നു. എനിക്ക് ബിജുവും പിന്നാലെ മനോജും ഉണ്ടായി. രണ്ടുപേരെയും കുട്ടിക്കാലം തൊട്ടേ സംഗീതം പഠിപ്പിക്കാൻ നോക്കി. ബിജു ഗാനഭൂഷണം പാസായി. മനോജ് മടിയനായിരുന്നു, പഠിക്കാൻ വരില്ല.

മനോജ്: കച്ചേരിക്കൊക്കെ പോയിട്ട്  രണ്ടോ മൂന്നോ മാസമൊക്കെ കൂടുമ്പോഴേ അച്ഛനും കൊച്ചച്ഛനും വീട്ടിൽ വരൂ. നിറയെ സമ്മാനങ്ങളുണ്ടാകും അപ്പോൾ. ക്ഷേത്രങ്ങളിലൂടെയുള്ള യാത്രയായതിനാൽ അച്ഛനെപ്പോഴും ചന്ദനത്തിന്റെ ഗന്ധമാണ്. അച്ഛന്റെ വയറ്റിൽ മുഖമമർത്തി ഞാൻ കിടക്കും. അപ്പോൾ അച്ഛൻ ‘സരോജിനീ...’ എന്നു നീട്ടിവിളിക്കും. ‘അവന്റെ ആഗ്രഹമല്ലേ, കിടന്നോട്ടേ’ എന്നു പറഞ്ഞ്  അമ്മ അച്ഛനെ മയപ്പെടുത്തും. അച്ഛന്റെ സംഗീതലോകത്തേക്ക് ഒരു അപശ്രുതിയും  കടന്നുചെല്ലാതിരിക്കാൻ അമ്മ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. അച്ഛൻ കർക്കശക്കാരനാണ്, കൊച്ചച്ഛൻ നേരേ തിരിച്ചും.   

jaya-vijaya-1

വിലമതിക്കാനാകാത്ത ഗുരുക്കന്മാരാണ് ?

ഒരിക്കൽ വൈക്കം അമ്പലത്തിൽ ഡോ.എം. ബാലമുരളീകൃഷ്ണയുടെ കച്ചേരി. കച്ചേരിക്കിടെ അസ്സലൊരു മഴ പെയ്തു. കച്ചേരിക്കാർ ഇരിക്കുന്നിടത്ത് മാത്രമേ പന്തലുള്ളൂ. മുൻനിരയിലായിരുന്ന ഞാനും  വിജയനും  ചാടി സ്റ്റേജിൽ  കയറി. ഇരട്ടകളായ ഞങ്ങളെ കണ്ട് കൗതുകത്തോടെ  നിന്ന അദ്ദേഹത്തെ പക്കമേളക്കാരനായ മാവേലിക്കര കൃഷ്ണൻകുട്ടി നായർ പരിചയപ്പെടുത്തിതന്നു. ദൈവത്തിന്റെ ഇടപെടൽ പോ ലെ പോക്കറ്റിൽ നിന്ന് വിസിറ്റിങ് കാർഡ് എടുത്തുനീട്ടി അദ്ദേഹം പറഞ്ഞു, ‘എന്നോടൊപ്പം പഠിക്കണമെന്നു തോന്നിയാൽ ഈ വിലാസത്തിൽ വരൂ.’ കേട്ടപാടേ അഞ്ചുവർഷത്തക്ക് അവധിയെടുത്ത് ഞങ്ങൾ വിജയവാഡയിലെത്തി. ആൾ ഇന്ത്യാ റേഡിയോയിൽ സംഗീതവിഭാഗം മേധാവിയായിരുന്നു അദ്ദേഹം. ജോലി കഴിഞ്ഞ് വന്നാൽ പാട്ടു പഠിപ്പിക്കും. അദ്ദേഹം െചന്നൈയിലേക്ക് മാറിയപ്പോൾ ഞങ്ങളും കൂടെ പോന്നു.

ചെമ്പൈ സ്വാമിയുടെ കൂടെ പഠിക്കാനുള്ള അവസരം തന്നതും അങ്ങനെയൊരു നിയോഗമാണ്. സ്വാമിയുടെ കൂടെ പാടി ക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ മരുമകന് അസുഖം വന്ന് കിടപ്പിലായി. കൂെട പാടാൻ ആരെങ്കിലുമുണ്ടോയെന്ന് അദ്ദേഹം മൃദംഗവിദ്വാനായ ടി.വി. ഗോപാലകൃഷ്ണനോട് അന്വേഷിച്ചു. ബാലമുരളീകൃഷ്ണയുടെ പക്കമേളക്കാരൻ കൂടിയായ ടി.വി. ആ അവസരം ഞങ്ങൾക്കു നേടിത്തന്നു. സ്വാമിയെ ആദ്യമായി നേരിൽ കാണുകയാണ്. പാട്ടിലൂടെയാണ് സംസാരമൊക്കെ. ‘വാതാപി ഗണപതിം...’ അദ്ദേഹം ഓരോ വരിയായി പാടും, ഞങ്ങൾ പിന്നാലെ. അന്നു വൈകിട്ടു തന്നെയായിരുന്നു ആദ്യകച്ചേരി. കച്ചേരിക്ക് ചെമ്പൈ സ്വാമിയുടെ ഇടത്തും വലത്തുമായി സ്റ്റേജിൽ ഞങ്ങളിരുന്നു. വിവരമറിയിച്ച് കത്തു കിട്ടിയതിനു പിന്നാലെ അച്ഛൻ ചെന്നൈയിലേക്ക് വന്നു. ‘മക്കളെ പാട്ടു പഠിപ്പിക്കുന്നതിന് ദക്ഷിണ വച്ചില്ലല്ലോ...’ അച്ഛന്റെ സങ്കടത്തിന് സ്വാമികളുടെ മറുപടി ഇങ്ങനെയായിരുന്നു, ‘അവരു തന്നെ എനിക്ക് ദക്ഷിണയാണ്...’  18 വർഷം അദ്ദേഹം കൂടെ കൊണ്ടുനടന്ന് വളർത്തിയെടുത്തതാണ് ജയവിജയന്മാരെ.

jayavijaya-2

സ്വാമിയെ അവസാനമായി കണ്ടത് ചെർപുളശ്ശേരിയിലേക്ക് കച്ചേരിക്ക് പോകുമ്പോഴാണ്. റിക്കോർഡിങ് ഉള്ളതിനാൽ ഞങ്ങളോട് കൂടെ ചെല്ലേണ്ടെന്ന് പറഞ്ഞു. പിറ്റേന്നു വെളുപ്പിനാണ് സ്വാമികളുടെ വിയോഗം അറിയുന്നത്. ഞങ്ങൾ ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ  ചിത എരിയുന്നു.  

മനോജ്: ഞാനും ചേട്ടനും കുട്ടികളായിരിക്കുമ്പോൾ കോട്ടയത്ത് കച്ചേരിക്കു വന്ന ചെമ്പൈ സ്വാമി വീട്ടിൽ വന്നു. അഞ്ചുപടിയുണ്ട് പടിപ്പുരയ്ക്ക്. ഞാനും ചേട്ടനും കൂടിയാണ് സ്വാമിയെ കൈപിടിച്ച് കയറ്റിയത്. അന്ന് അദ്ദേഹത്തിന്റെ മഹത്വമൊന്നും ഞങ്ങൾക്ക് അറിയുകേയില്ല. പിന്നീടൊരു വിഷുക്കാല ത്ത് മദ്രാസിൽ  അദ്ദേഹത്തിന്റെ വീട്ടിൽ പോയി. അന്നദ്ദേഹം കുറച്ച് നാണയത്തുട്ടുകൾ കൈനീട്ടമായി തന്നു.

ഇതിനിടെ സിനിമയിലേക്ക് ?

കച്ചേരികൾ ചെയ്യുന്ന സമയത്തേ ഞങ്ങൾക്ക് സിനിമയിൽ സംഗീതം ചെയ്യണമെന്ന് മോഹമുണ്ടായിരുന്നു. ബാലമുരളീകൃഷ്ണ അതൊക്കെ സപ്പോർട്ട് ചെയ്യുന്ന ആളാണ്. പക്ഷേ, ചെമ്പൈ സ്വാമിക്ക് അതൊന്നും ഇഷ്ടമില്ല. തനിമ ചോരാത്ത, ചിട്ട തെറ്റിക്കാത്ത കർണാടക സംഗീതമേ അദ്ദേഹം പാടൂ.

‘കുരുതിക്കളം’ എന്ന സിനിമയ്ക്കു വേണ്ടിയാണ് ഞങ്ങൾ ആദ്യം സംഗീതം ചെയ്തത്, പിന്നീട് സ്നേഹം, പിച്ചിപ്പൂ, നിറകുടം... കുറേ സിനിമകൾ.‘നിറകുട’ത്തിലെ ‘നക്ഷത്രദീപങ്ങൾ തിളങ്ങി..’യൊക്കെ സൂപ്പർഹിറ്റാണ്. ഹിന്ദിയിൽ അമ്പതോളം സിനിമകളിലും നാല് തമിഴ് സിനിമകളിലും  സംഗീതം ചെയ്തു. ആ കാലത്ത് ചെന്നൈയിൽ റിക്കോർഡിങ്ങിന് വയലിൻ വായിക്കാൻ ഒരു പയ്യൻ വരുമായിരുന്നു, അതാണ് ഇന്നത്തെ തമിഴ് മാസ്റ്റർ ഇളയരാജ.

മലയാളത്തിലെ അക്കാലത്തെ എല്ലാ ഗായകരെ കൊണ്ടും പാട്ട് പാടിച്ചിട്ടുണ്ട്. യേശുദാസിന്റെ സഹോദരി ജയമ്മയെ കൊണ്ടും പാടിച്ചു. സുശീലയുടെ അതേ ശബ്ദമായിരുന്നു ജയമ്മയ്ക്ക്. പക്ഷേ, വിവാഹശേഷം ജയമ്മ പാടിയില്ല. അനിയന്റെ മരണത്തോടെ സിനിമാപ്പാട്ടുകൾ ചെയ്യുന്നത് ഞാൻ നിർത്തി. യേശുദാസും ജയചന്ദ്രനും പി. ലീലയുമൊക്കെയാണ് എന്റെ ഇഷ്ടപ്പെട്ട പാട്ടുകാർ. പുതിയ തലമുറയിൽ മധു ബാലകൃഷ്ണനെ ഇഷ്ടമാണ്.

ഭക്തിയുടെ പാരമ്യത്തിലാണ് പാട്ടുകളെല്ലാം ?

പണ്ടുമുതലേ ഭക്തിഗാനങ്ങൾ പാടുമായിരുന്നു. ഞങ്ങൾ സംഗീതം പകർന്ന ആദ്യ ഗാനം ‘ഇഷ്ടദൈവമേ  സ്വാമീ ശരണമയ്യപ്പാ...’  എന്ന പാട്ടാണ്. അത് എല്ലാവർക്കും ഇഷ്ടമായി. പിന്നീട് തുടർച്ചയായി ഭക്തിഗാനങ്ങൾ ചെയ്തു.

ഗുരുവായൂരപ്പന്റെ ഇഷ്ടഗാനമായ ‘കൃഷ്ണകൃഷ്ണ മുകുന്ദാ ജനാർദ്ദനാ...’ എന്ന ജ്ഞാനപ്പാനയിലെ വരികൾ സംഗീതം ചെയ്തത് ഞങ്ങളാണ്. ശബരിമലയിലെ ‘ശ്രീകോവിൽ നട തുറന്നൂ...’, പഴനി ക്ഷേത്രത്തിലെ ‘മുരുകനെ കാണ കണ്ണായിരം വേണ്ടും..’ എന്നീ പാട്ടുകളും ഞങ്ങൾ ചെയ്തതാണ്.

‘ഹരിവരാസനം’ ആദ്യം ചിട്ടപ്പെടുത്തിയത് ഞങ്ങളാണ്. അയ്യപ്പനാണ് ഇഷ്ടദൈവം. തിരുവാഭരണം ശരംകുത്തിയിൽ നിന്നെടുക്കുന്നത് വൈകിട്ട് നാലേകാലിനാണ്. അപ്പോൾ സന്നിധിയിൽ ഞങ്ങളുടെ കച്ചേരി തുടങ്ങും, ദീപാരാധന വരെ അതു തുടരും. മനോജ് നാലിലും ബിജു ഏഴിലും പഠിക്കുമ്പോൾ എന്നോടൊപ്പം ശബരിമലയിൽ പാടിയിട്ടുണ്ട്. തുടർച്ചയായി 45 വർഷം പാടാൻ എനിക്കും വിജയനും അവസരം കിട്ടി.

തൃശ്ശിനാപ്പള്ളിയിലേക്ക് കച്ചേരിക്ക് പോകുമ്പോഴാണ് വിജയന്റെ മരണം. നെഞ്ചുവേദന കലശലായി അവശനായ വിജയനെ നേരേ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉച്ച കഴിയും മുൻപേ അവൻ പോയി. കർമങ്ങൾ കഴിഞ്ഞ് അസ്ഥി നിമഞ്ജനം പമ്പയിലായിരുന്നു. മകരസംക്രമ ദിനമായിരുന്നു അന്ന്. വിജയൻ അയ്യപ്പനിൽ ലയിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ആരോഗ്യപ്രശ്നങ്ങൾ അലട്ടിയതോടെ പത്തുവർഷം മലചവിട്ടിയില്ല. പക്ഷേ, ഈ മണ്ഡലകാലത്ത് പോയി. മകരസംക്രമ സമയത്ത് സന്നിധിയിൽ പാടി. തിരികെയെത്തി ദിവസങ്ങൾക്കുള്ളിലാണ് ‘പത്മശ്രീ’ പ്രഖ്യാപനം. ഇതെനിക്ക് അയ്യപ്പൻ തന്നതാണ്.

jaya-vijaya-3

അനിയന്റെയും ഭാര്യയുടെയും മരണം ഉലച്ചു?

വിജയന്റെ മരണശേഷം  കച്ചേരിക്കൊന്നും  പോകാൻ  മനസ്സുവന്നില്ല. ഇനി പാടേണ്ട എന്നുവരെ തീരുമാനിച്ചിരുന്നു. ആ സമയത്ത് യേശുദാസ് വിളിച്ചു, എല്ലാം മറന്നൊരു കസറ്റ് ചെയ്യാമെന്നു നിർബന്ധിച്ചു.

ഒരു വൈകുന്നേരം എസ്. രമേശൻ നായരെ പോയി കണ്ടു, കാര്യം പറഞ്ഞു. പിറ്റേന്നു വെളുപ്പിന് നാലുമണിക്ക് ഒൻപതു പാട്ടുകളെഴുതി തീർത്തു അയാൾ. ‘ചന്ദനചർച്ചിത നീലകളേബര..., രാധ തൻ പ്രേമത്തോടാണോ... യേശുദാസ് പാടി പുറത്തിറങ്ങിയ ‘മയിൽപ്പീലി’ എന്ന ആ കസറ്റ് വലിയ ഹിറ്റായി. എന്നിട്ടും ഒരു വർഷം ചെന്നൈയിൽ തന്നെ നിന്നു. പിന്നീട് എ ല്ലാവരുടെയും നിർബന്ധം കാരണം നാട്ടിലേക്ക് വന്നു. വന്നപ്പോഴാണ് അറിയുന്നത് ഒരു വർഷം  മുൻപേ നാഗമ്പടം ക്ഷേത്രത്തിലേക്ക് ജയവിജയന്മാരുടെ കച്ചേരി ബുക്ക് ചെയ്തിട്ടുണ്ട്, പാടാതെ തരമില്ല. ഒറ്റയ്ക്ക് സ്റ്റേജിൽ പാടുമ്പോൾ മനസ്സിൽ സങ്കടം ഇരമ്പിവന്നു, കരച്ചിൽ പൊട്ടിപ്പോയി. ഒരു വിധത്തിലാണ് പാടി നിർത്തിയത്.

സരോജിനിയുടെ മരണവും പെട്ടെന്നായിരുന്നു, കാൻസറായിരുന്നു. തലേദിവസം എനിക്ക് കച്ചേരിയുണ്ട്, പോകാനിറങ്ങുമ്പോൾ പെട്ടെന്നു വരണമെന്ന് അവൾ പറഞ്ഞു. ഞാൻ തിരിച്ചുവന്ന് ഏതാനും മണിക്കൂറുകൾക്കകം അവൾ പോയി. മനോജും ഞാനും അപ്പോൾ ഒപ്പമുണ്ടായിരുന്നു.

jaya-vijaya-5

അമൃതിനൊപ്പമാണ് കുസൃതികൾ ?

കൊച്ചുമക്കളെയെല്ലാം ചെറിയ പ്രായത്തിൽ തന്നെ ഞാൻ ദക്ഷിണ വച്ച് സ്വരങ്ങൾ പറഞ്ഞുകൊടുത്തിട്ടുണ്ട്. ബിജുവിന്റെ മകൻ അദ്വൈത് കെമിക്കൽ എൻജിനിയറിങ് പാസായി ഇപ്പോൾ രാജസ്ഥാനിൽ ജോലി ചെയ്യുന്നു. മകൾ അഭിരാമി ചെന്നൈയിൽ പഠിക്കുന്നു.

മനോജിന്റെ മകൾ തേജാലക്ഷ്മി (കുഞ്ഞാറ്റ) ബെംഗളൂരുവിൽ രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിയാണ്. ഇളയവൻ അമൃത് ചോയ്സിൽ ഒന്നാംക്ലാസിൽ. കൂടെയുള്ളപ്പോഴെല്ലാം അമൃത് കച്ചേരിക്ക് എന്റെയൊപ്പം സ്റ്റേജിലിരിക്കും. ചെമ്പൈ സംഗീതോത്സവത്തിലും ഒപ്പമിരുന്നു.

മനോജ്: അച്ഛന് നഖംവെട്ടാൻ പേടിയാണ്. ആശ ഇടയ്ക്ക് മോളുടെയടുത്തേക്ക് പോകും. കുറച്ചുദിവസം കാണാതിരിക്കുമ്പോൾ അച്ഛൻ വിളിക്കും, ‘എനിക്ക് നഖം വെട്ടാൻ സമയമായി’. ഒരിക്കൽ രാത്രി നെഞ്ചിലെന്തോ അസ്വസ്ഥതയെന്നു പറഞ്ഞ് ആശുപത്രിയിലേക്ക് പോയി. വെളുപ്പിന് ചേട്ടൻ ചെന്നുനോക്കുമ്പോൾ അച്ഛൻ ഡിസ്ചാർജ് വാങ്ങി പോയത്രേ. ആശുപത്രിയിലെ ജനറേറ്ററിന്റെ ശബ്ദം സഹിക്കാതെ ഹോട്ടലിൽ മുറിയെടുത്ത് കിടന്നുറങ്ങുകയായിരുന്നു അച്ഛൻ. ഇപ്പോൾ അച്ഛൻ 86 കവിതകളെഴുതി വച്ചിട്ടുണ്ട്. 100 എണ്ണമാകുമ്പോൾ പുസ്തകമാക്കി ഇറക്കണം.

Related News

മനോജിന്റെയും ഉർവശിയുടെയും കുഞ്ഞാറ്റ ഇതാണ്! വൈറലായി വനിതയുടെ കവർ ഷൂട്ട് വിഡിയോ

‘സങ്കടങ്ങളുടെ കാലമുണ്ടായിരുന്നു; പക്ഷേ, ആ തീരുമാനം കൊണ്ട് സംഭവിച്ചതെല്ലാം നല്ലത്..’