Tuesday 20 March 2018 10:36 AM IST : By സ്വന്തം ലേഖകൻ

ചിങ്ങക്കൂറുകാര്‍ക്ക് പ്രലോഭനങ്ങൾ വന്നുചേരുമെങ്കിലും ആത്മസംയമനം പാലിക്കണം; അടുത്ത രണ്ടാഴ്ച നിങ്ങള്‍ക്കെങ്ങനെ

astro


2018 മാര്‍ച്ച് 15 മുതല്‍ 31 വരെ (1193 മീനം 1 മുതല്‍ 17 വരെ) കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാടിന്റെ പ്രവചനം.

 
മേടക്കൂറ് - (അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

കുടുംബസമേതം  വിശേഷപ്പെട്ട ദേവാലയ ദർശനം നടത്താനിടവരും.  അവ്യക്തമായ പണമിടപാടുകളിൽ നിന്നു യുക്തിപൂർവം പിന്മാറും. ബന്ധുവിന്റെ പിറന്നാളാഘോഷം, സുഹൃത്തിന്റെ ഗൃഹപ്രവേശം തുടങ്ങിവിവിധ കാര്യങ്ങൾക്കായി അവധിയെടുക്കും.  മാതാപിതാക്കളുടെ ആവശ്യങ്ങൾ  സാധ്യമാക്കാൻ അശ്രാന്തപരിശ്രമം വേണ്ടി വരും. ബാധ്യതകളിൽ നിന്നു രക്ഷപെ‍ടാൻ  വസ്തു വിൽക്കാൻ തയാറാകും. പരമാവധി ആത്മാർഥമായി  പ്രവർത്തിക്കുന്നതിനാൽ  തൊഴിൽ മേഖലയിലുള്ള അനിശ്ചിതത്വം  തരണം  ചെയ്യും. അനുചിത പ്രവൃത്തികളിൽ നിന്നു ഒഴിഞ്ഞുമാറാൻ  ഉൾപ്രേരണയുണ്ടാകും. വലിയപദ്ധതികൾ ഉപേക്ഷിച്ച് ചെറിയവ തുടങ്ങും. സഹപ്രവർത്തകർ അവധിയായതിനാൽ ജോലിഭാരം കൂടും. ആഭരണം  മാറ്റി വാങ്ങാനിടവരും.

എടവക്കൂറ് - (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക)

ഇടപെടുന്ന കാര്യങ്ങൾ തൃപ്തിയാകും വിധത്തിൽ പൂർത്തീകരിക്കാൻ കഴിയും.  കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. സർവർക്കും സ്വീകാര്യമായ നിലപാടും  പ്രവർത്തനവും കാഴ്ചവയ്ക്കാൻ സാധിക്കും.  സ്വന്തം ആശയവും അന്യരുടെ  പണവും സമന്വയിപ്പിച്ചുള്ള പുതിയ വ്യാപാര വ്യവസായങ്ങൾക്ക്  തുടക്കം കുറിക്കും.  മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ  ഈശ്വരാരാധനകളാൽ സാധ്യമാകും. വർഷങ്ങൾക്കു മുൻപ് വാങ്ങിയ ഭൂമിയിൽ  ഗൃഹനിർമാണം തുടങ്ങിവയ്ക്കും. വിശ്വസ്ത സേവനത്തിന് പ്രശസ്തി പത്രം ലഭിക്കും. വിട്ടുവീഴ്ചാമനോഭാവത്താൽ ദാമ്പത്യ സൗഖ്യമുണ്ടാകും. മേലധികാരി  തുടങ്ങിവച്ച കർമപദ്ധതികൾ ഏറ്റെടുത്തു നടത്താൻ നിർബന്ധിതനാകും. സാമ്പത്തിക രംഗം മെച്ചപ്പെടും. കാലവർഷ വ്യതിയാനത്താൽ ഉഷ്ണരോഗ പീഡകൾ വർധിക്കും.  

മിഥുനക്കൂറ് - (മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക)

സംരക്ഷിക്കേണ്ടവരുടെ ഉപേക്ഷാ മനഃസ്ഥിതി മനസ്സിലാകുമ്പോഴും പ്രതികരിക്കാതിരിക്കുകയാണ് നല്ലത്. നിലപാടുകൾ വ്യത്യസ്തമായതിനാൽ സംയുക്ത സംരംഭത്തിൽ നിന്നു പിന്മാറും. മാറ്റിവച്ച ഔദ്യോഗിക ചർച്ചകൾ മാസാവസാനം തുടങ്ങി വയ്ക്കും. ജീവിത പങ്കാളിക്ക്  അസുഖം വർധിച്ചതിനാൽ വിദഗ്ധ പരിശോധനയ്ക്കു വിധേയനാകും. ഔദ്യോഗികമായ ചുമതലകൾ പൂർത്തീകരിക്കാൻ രാത്രിയിലും ജോലി ചെയ്യേണ്ടി വരും. ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാൻ സാധിക്കും. അസാധാരണ വ്യക്തിത്വമുള്ളവരുമായി സൗഹൃദത്തിലേർപ്പെടാൻ അവസരമുണ്ടാകും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. സങ്കൽപങ്ങൾ യാഥാർഥ്യമാകും. വിവിധ ആവശ്യങ്ങൾക്കായി അവധിയെടുക്കേണ്ടി വരും.

കർക്കടകക്കൂറ് - (പുണർതം 15 നാഴിക, പൂയം, ആയില്യം)

സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറി സ്വന്തമായ പ്രവൃത്തി മേഖലകൾക്കു തുടക്കം  കുറിക്കും. കലാകായിക  മത്സരങ്ങളിൽ വിജയിക്കും. പുതിയ സ്നേഹബന്ധങ്ങൾ വന്നുചേരും. പഠിച്ച വിഷയത്തോടനുബന്ധമായി പ്രവർത്തിക്കാൻ അവസരം ലഭിക്കും. ദീർഘവീക്ഷണത്തോടു കൂടിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. അനുഭവജ്ഞാനമുള്ളവരുടെ വാക്കുകൾ ജീവിതമാർഗത്തിന് വഴിയൊരുക്കും. പ്രതീക്ഷിച്ച ലാഭം ഇല്ലാത്തതിനാൽ വസ്തു വിൽപന  തൽക്കാലം  ഉപേക്ഷിക്കും. സുഹൃദ് നിർദേശത്താൽ  ആത്മപ്രശംസയും  പരനിന്ദയും   ഉപേക്ഷിക്കും. വിദേശ ഉദ്യോഗം നഷ്ടപ്പെടാതിരിക്കാൻ ഭർത്താവിന്റെ പേരിൽ  പ്രത്യേക  ഈശ്വര പ്രാർഥനകൾ നടത്തും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും.

ചിങ്ങക്കൂറ് - (മകം, പൂരം, ഉത്രം 15 നാഴിക)

പ്രലോഭനങ്ങൾ വന്നുചേരുമെങ്കിലും ആത്മസംയമനം പാലിക്കുകയാണ് നല്ലത്. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കാൻ സാധിക്കും. പരമാധികാര പദത്തിനുള്ള പരീക്ഷയിൽ വിജയിക്കും. ഓർമശക്തിക്കുറവിനാൽ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്യുന്നതി ൽ  നിന്നു പിന്മാറും. ചില ചുമതലകൾ മക്കളെ ഏൽപ്പിക്കും. രക്തസമ്മർദാധിക്യത്താൽ അസ്വാസ്ഥ്യമനുഭവപ്പെടും. പ്രശസ്തരുടെ വാക്കുകൾ  ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ സ്വീകരിക്കാൻ സഹായിക്കും. സ്വസ്ഥതക്കുറവ്, ഉൾഭയം, അവിചാരിതചെലവ്, അസുഖങ്ങൾ തുടങ്ങിയവ നിരന്തരം അനുഭവിക്കുന്നതിനാൽ ഗൃഹത്തിനു വാസ്തുശാസ്ത്രപിഴവ് ഉണ്ടോ എന്നറിയാൻ വിദഗ്ധ നിർദേശം തേടും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും.  

കന്നിക്കൂറ് - (ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

വ്യപാര വ്യവസായ സ്ഥാപനത്തിൽ ജോലിക്കാരെ കുറയ്ക്കാൻ നടപടി തുടങ്ങും. വിദേശ ഉദ്യോഗം നഷ്ടപ്പെടാം. കാലാവസ്ഥ പ്രതികൂലമായതിനാൽ ബന്ധുഗൃഹത്തിലേക്കുള്ള യാത്ര മാറ്റിവയ്ക്കും. സുവ്യക്തമായ നടപടികളിൽ അനുകൂല വിജയം ഉണ്ടാകും. വിജ്ഞാനപ്രദമായ വിഷയങ്ങൾ മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. അഭിപ്രായ സ്വാതന്ത്ര്യം പരിഗണിച്ച മേലധികാരിയോട് ആദരവു തോന്നും. പ്രതിസന്ധികളിൽ തളരാതെ  പ്രവർത്തിക്കാനുള്ള  ആർജവമുണ്ടാകും.  അസുഖങ്ങൾ വർധിക്കും. സ്വസ്ഥതയും സമാധാനവും ഉണ്ടാകും. അധ്വാനഭാരത്താൽ അവധിയെടുക്കും. ധാർമികമായ ഉത്തരവാദിത്തങ്ങൾ വർധിക്കും. നേർന്നുകിടപ്പുള്ള വഴിപാടുകൾ  ചെയ്തു തീർക്കാനിടവരും.

തുലാക്കൂറ് - (ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

ദുർമാർഗ പ്രവണതയിൽ നിന്നു  ഒഴിഞ്ഞുമാറാൻ   ഉൾപ്രേരണയുണ്ടാകും.  ഹ്രസ്വകാല പാഠ്യപദ്ധതിക്കു ചേരും.  വിദഗ്ധ നിർദേശത്താൽ പാർശ്വഫലമുള്ള ഔഷധങ്ങൾ ഉപേക്ഷിക്കും. ഗൗരവമുള്ള വിഷയങ്ങളിൽ തനതായ അർഥതലത്തോടെ പ്രവർത്തിക്കാൻ സാധിക്കും. മേലധികാരികളിൽ നിന്ന് അതൃപ്തി വചനങ്ങൾ കേൾക്കാനിടവരും.  ഭൂമി വിൽപനയ്ക്ക് കാലതാമസം നേരിടും. സ്വയംഭരണാധികാരം ലഭിച്ചതിനാൽ പല പദ്ധതികളും പ്രാവർത്തികമാക്കാൻ അവസരം ഉണ്ടാകും.  ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. പൊതുതാൽപര്യവും  വ്യക്തി താൽപര്യവും സമന്വയിപ്പിച്ച് പ്രവർത്തിക്കാൻ സാധിക്കും.

വൃശ്ചികക്കൂറ് - (വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

സമൂഹത്തിലെ ഉന്നതരുമായി സൗഹൃദബന്ധത്തിലേർപ്പെടാൻ അവസരമുണ്ടാകും. പുത്രപൗത്രാദികളുടെ സാന്ത്വനസമീപനം ആശ്വാസത്തിനു വഴിയൊരുക്കും. ഉദ്യോഗത്തിനു പുറമേ ലാഭശതമാന വ്യവസ്ഥകളോടു കൂടിയ പ്രവൃത്തികൾക്കു ‌തുടക്കം കുറിക്കും.    കുടുംബസമേതം  പുണ്യ തീർഥ–ഉല്ലാസ യാത്രയ്ക്ക് അവസരം ലഭിക്കും. സത്യസന്ധവും നീതിയുക്തവുമായ സമീപനവും പ്രവൃത്തികളും  ലക്ഷ്യപ്രാപ്തി കൈവരിക്കാൻ ഉപകരിക്കും.  ഹ്രസ്വകാല സുരക്ഷാ പദ്ധതിയിൽ പണം നിക്ഷേപിക്കും. വിവാഹം പിറന്നാൾ തുടങ്ങിയവയിൽ  പങ്കെടുക്കാൻ അവസരമുണ്ടാകും. കഫ നീർദോഷ രോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും.

ധനുക്കൂറ് -  (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

ഔദ്യോഗികമായ അനിശ്ചിതത്വം തരണം െചയ്യാൻ പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും. അവ്യക്തമായ കാരണങ്ങൾക്ക് അന്യരെ സംശയിക്കുന്ന പ്രവണത ഉപേക്ഷിക്കണം. മേലധികാരി നിർദേശിക്കുന്ന കാര്യങ്ങൾ അർധമനസോടെയെങ്കിലും നിർവഹിക്കാൻ നിർബന്ധിതനാകും. സുദീർഘമായ ചർച്ചയിലൂടെ സങ്കീർണമായ  പ്രശ്നങ്ങൾക്കു പരിഹാരം  കണ്ടെത്താൻ കഴിയും. കലാകായിക മത്സരങ്ങളിൽ വിജയിക്കും. യാഥാർഥ്യബോധമില്ലാതെ പ്രവർത്തിക്കുന്ന പുത്രന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കുടുംബതർക്കങ്ങളിൽ നിഷ്പക്ഷ മനോഭാവം  സ്വീകരിക്കുകയാണ് നല്ലത്. മംഗളവേളയിൽ വച്ച് പുതിയ സ്നേഹബന്ധം ഉടലെടുക്കും.  

മകരക്കൂറ്- (ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)

അനവസരത്തിലെ വാക്കുകൾ തിരുത്താൻ ജീവിത പങ്കാളിയുടെ യുക്തമായ സമീപനം സഹായിക്കും. സമീപ പ്രദേശത്തേക്ക്  ഉദ്യോഗമാറ്റമുണ്ടാകും. വ്യാപാരത്തിൽ ഉണർവ് കണ്ടു തുടങ്ങും. ഹ്രസ്വകാല പാഠ്യപദ്ധതിക്കു ചേരും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഒഴിവാക്കും. വസ്തു തർക്കം പരിഹരിക്കാൻ വിട്ടുവീഴ്ചയ്ക്കു തയാറാകും. വിദ്യാർഥികൾക്ക് ഉത്സാഹവും ഉന്മേഷവും  വർധിക്കും.  അഗ്നി, ആയുധം, ധനം, വാഹനം തുടങ്ങിയവ  ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. ഭക്ഷണക്രമീകരണങ്ങളിലെ  അപാകതകളാൽ ഉറക്കക്കുറവ് അനുഭവപ്പെടും.

കുംഭക്കൂറ്- (അവിട്ടം 30 നാഴിക, ചതയം, പൂരൂരുട്ടാതി 45  നാഴിക)

വിദഗ്ധോപദേശം തേടി ചെയ്യുന്ന പ്രവൃത്തികൾക്കു ലക്ഷ്യപ്രാപ്തി കൈവരും. ഔദ്യോഗികമായ അനിശ്ചിത്വം തുടരുന്നതിനാൽ ആശങ്ക വർധിക്കും. ആത്മവിശ്വാസക്കുറവിനാൽ പുതിയ കരാർ ജോലികളിൽ നിന്ന് പിന്മാറും. പുത്രപൗത്രാദികളുടെ‌ സംരക്ഷണം ആശ്വാസത്തിനും മനഃസന്തോഷത്തിനും വഴിയൊരുക്കും. വിദേശയാത്രയ്ക്ക് സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും. സത്യാവസ്ഥ ബോധിപ്പിക്കാൻ കഴിഞ്ഞതിനാൽ അനിഷ്ട ഫലങ്ങൾ ഒഴിവാകും. മംഗളവേളയിൽ സജീവസാന്നിധ്യം വേണ്ടിവരും.  അപരിചിതരുമായുള്ള  ആത്മബന്ധത്തിന് അതിര് നിശ്ചയിക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കാനുള്ള ആർജവമുണ്ടാകും.                   

മീനക്കൂറ് - (പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

വസ്തുനിഷ്ഠമായി പഠിച്ച് പൊതുജനാവശ്യം മനസ്സിലാക്കി നടപ്പാക്കുന്ന പദ്ധതികൾക്കു ലക്ഷ്യപ്രാപ്തി കൈവരും. കലാകായിക മത്സരങ്ങളിൽ  പുതിയ അവസരങ്ങൾ ൈകവരും. സ്ഥാപനത്തിന്റെ ശോച്യാവസ്ഥ പരിഗണിച്ച് ഉദ്യോഗമുപേക്ഷിച്ച് മറ്റൊന്നിന് ശ്രമം തുടങ്ങും. ഉപരിപഠനത്തിന്റെ അന്തിമഭാഗമായ പദ്ധതി സമർപ്പണത്തിന് തയാറാകും. ഊഹക്കച്ചവടത്തിൽ ലാഭമുണ്ടാകും.  കുടുംബാംഗങ്ങളുടെ നിർബന്ധത്താൽ കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നു പിന്മാറും. സമന്വയ സമീപനം സർവകാര്യ വിജയത്തിനു വഴിയൊരുക്കും.  ഗൃഹനിർമാണം  പൂർത്തീകരിച്ച് ഗൃഹപ്രവേശം നിർവഹിക്കും. വിശേഷപ്പെട്ട ദേവാലയദർശനം നടത്തും.