ജീവിതം മാറ്റാൻ ഏഴു രഹസ്യങ്ങൾ: നെഗറ്റീവ് ചിന്തകളെ പടിക്കു പുറത്താക്കി മനസ്സിൽ പോസിറ്റീവ് വൈബ്സ് നിറയ്ക്കാം The Power of Positive Thinking: Unlocking Your Happiness
Mail This Article
നമ്മുടെ സന്തോഷത്തിന്റെ താക്കോൽ ഇരിക്കുന്നതു നമ്മുടെ ചിന്തകളിലാണ്. നെഗറ്റീവ് ചിന്തകളെ പടിക്കു പുറത്തു നിർത്തി മനസ്സിൽ പോസിറ്റീവ് വൈബ്സ് നിറയ്ക്കാൻ ആ താക്കോൽ എങ്ങനെ ശരിയായി ഉപയോഗിക്കാം എന്ന് നമുക്കൊന്നു നോക്കിയാലോ?
നമ്മൾ വീട് എത്ര വൃത്തിയായാണു സൂക്ഷിക്കുന്നത് അല്ലേ? പൊടിയും ചപ്പുചവറുകളും വീടിനുള്ളിൽ ഉണ്ടാകരുതെന്നും നമുക്കു നിർബന്ധമുണ്ട്. എന്നാൽ, മനസ്സിന്റെ കാര്യമോ? അവിടെ എത്രമാത്രം ‘ചപ്പുചവറുകളാണ്’ നമ്മളറിയാതെ സൂക്ഷിച്ചുവച്ചിരിക്കുന്നത്! ആരെങ്കിലും വർഷങ്ങൾക്കു മുൻപു പറഞ്ഞ കുറ്റപ്പെടുത്തൽ, പഴയൊരു പരാജയം, അല്ലെങ്കിൽ നാളെയെക്കുറിച്ചുള്ള വേവലാതികൾ... ഇങ്ങനെ നെഗറ്റീവ് ചിന്തകളുടെ വലിയ ശേഖരം തന്നെ പലരുടെയും മനസ്സിന്റെ കോണുകളിൽ കാണും.
സയൻസ് പറയുന്നതു നമ്മുടെ തലച്ചോറിന് ഒരു പ്രത്യേക കഴിവുണ്ടെന്നാണ്—‘ന്യൂറോപ്ലാസ്റ്റിസിറ്റി’ (Neuroplasticity). അതായത്, നമ്മൾ ബോധപൂർവം പുതിയ നല്ല ചിന്തകൾ തിരഞ്ഞെടുത്താൽ, നമ്മുടെ തലച്ചോർ ആ രീതിയിൽ സ്വയം റീ-വയർ ചെയ്യപ്പെടും! ചുരുക്കത്തിൽ, പോസിറ്റീവ് ആയി ചിന്തിക്കുന്നതു കാലക്രമേണ ശീലമായി മാറും.
ചതിയൻ ചിന്തകളെ തിരിച്ചറിയുക
ചിലപ്പോഴൊക്കെ ചെറിയ പ്രശ്നം വരുമ്പോൾ തന്നെ മനസ്സ് അതു പെരുപ്പിച്ചു കാട്ടും. ഇതിനെയാണ് ‘കാറ്റസ്ട്രോഫൈസിങ്’ (Catastrophizing) എന്നു പറയുന്നത്. അതായത് ഒരു ചെറിയ കനലിനെ കാട്ടുതീയായി കാണുക.
പ്രശ്നം: മകനു പരീക്ഷയ്ക്ക് ഒരു വിഷയത്തിന് മാർക്ക് കുറഞ്ഞാൽ ഉടനെ നമ്മൾ ചിന്തിക്കും, ‘അവന്റെ ഭാവി പോയി, അവന് ഇനി ഒരു ജോലിയും കിട്ടില്ല, ജീവിതം പരാജയപ്പെടും
ഈസി ടിപ്: ഇങ്ങനെ തോന്നുമ്പോൾ ഒന്നു നിൽക്കുക. ശ്വാസം നന്നായി ഉള്ളിലേക്ക് എടുക്കുക. എന്നിട്ടു സ്വയം ചോദിക്കുക. ‘ഇതൊരു വലിയ ആപത്താണോ അതോ വെറുമൊരു ചിന്ത മാത്രമാണോ?’. അഞ്ചു വർഷം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ ഇതൊക്കെ എത്ര ചെറിയ കാര്യങ്ങളാകും എന്ന് ഓർത്തു നോക്കൂ. അപ്പോൾ ആ ടെൻഷൻ പമ്പ കടക്കും!
ഉള്ളതിനെ സ്നേഹിക്കാം
പ്രശ്നം: ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് ഓർത്ത് വിഷമിക്കാനാണല്ലോ എളുപ്പം. മറ്റുള്ളവരുടെ വീട്, അവരുടെ വാഹനങ്ങൾ, അവരുടെ യാത്രകൾ. ഇതെല്ലാം കണ്ടു സങ്കടപ്പെടുന്നതിനു പകരം, നമ്മുടെ ജീവിതത്തിലെ നല്ല കാര്യങ്ങളെ ഒന്ന് ഓർത്തെടുത്താലോ?
ഈസി ടിപ്: ദിവസവും രാത്രി കിടക്കാൻ നേരത്ത് അന്നു നടന്ന നല്ല മൂന്നു കാര്യങ്ങൾ ഡയറിയിൽ കുറിച്ചു വയ്ക്കുക. അതു വലിയ കാര്യങ്ങൾ ആകണമെന്നില്ല. ‘ഇന്നു കുടിച്ച ചായയ്ക്കു നല്ല രുചിയുണ്ടായിരുന്നു, വീട്ടിൽ എല്ലാവരും ഒരേസമയത്ത് ഒരുമിച്ചു ഭക്ഷണം കഴിച്ചു, മക്കളുടെ ചിരി എന്തു രസമാണ്’ എന്നിങ്ങനെയുള്ള ചെറിയ കാര്യങ്ങൾ മതി. ഈ ‘നന്ദി പറയുന്ന ശീലം’ (Gratitude) നിങ്ങളുടെ മനസ്സിനെ പോസിറ്റീവ് കാര്യങ്ങൾ മാത്രം തിരയാൻ പഠിപ്പിക്കും.
വർത്തമാനകാലത്തിലേക്കു വരാം
പ്രശ്നം: പലപ്പോഴും നമ്മുടെ വിഷമം ഒന്നുകിൽ ‘അന്ന് അയാൾ അങ്ങനെ പറഞ്ഞല്ലോ’ എന്നോ, ‘നാളെ എന്തു സംഭവിക്കുമോ’ എന്നോ ആകാം. അതായത് ഒന്നുകിൽ നമ്മൾ ഭൂതകാലത്തിലാണ് അല്ലെങ്കിൽ ഭാവിയിലാണ്.
ഈസി ടിപ്: വർത്തമാനകാലത്തിൽ ജീവിക്കാൻ ശീലിക്കുകയാണ് ഏറ്റവും വലിയ മരുന്ന്. മനസ്സ് ഇങ്ങനെ കാടുകയറുമ്പോൾ 5-4-3-2-1 എന്ന വിദ്യ പരീക്ഷിക്കാം.
നിങ്ങളുടെ ചുറ്റുമുള്ള അഞ്ച് വസ്തുക്കളെ നോക്കി കാണുക. തൊടാൻ പറ്റുന്ന നാലു കാര്യങ്ങൾ, കേൾക്കുന്ന മൂന്നു ശബ്ദങ്ങൾ, മണക്കാൻ പറ്റുന്ന രണ്ടു ഗന്ധങ്ങൾ, രുചിക്കാൻ പറ്റുന്ന ഒരു കാര്യം. ഇങ്ങനെ ശ്രദ്ധ മാറ്റുമ്പോൾ മനസ്സു ശാന്തമാകും.
സുഹൃത്തിനോട്' എന്ന പോലെ
പ്രശ്നം: സുഹൃത്തിനൊരു പ്രതിസന്ധി വന്നാൽ നമ്മുടെ കയ്യിൽ നൂറു പരിഹാരമുണ്ട്. പക്ഷേ, അതു പോലൊന്നു നമുക്കു വന്നാലോ? പലപ്പോഴും നമ്മൾ നമ്മളെത്തന്നെ കുറ്റപ്പെടുത്തുകയും ശപിക്കുകയുമാണ് ചെയ്യാറുള്ളത്.
ഈസി ടിപ്: ഒരു പ്രശ്നത്തിൽ അകപ്പെട്ടു നിൽക്കുമ്പോൾ ആലോചിക്കുക— ‘ഇതേ സാഹചര്യത്തിൽ എന്റെ പ്രിയ സുഹൃത്താണെങ്കിൽ ഞാൻ അവരോട് എന്ത് പറയും?’ ആ സ്നേഹവും കരുതലും നിങ്ങളോടും കാണിക്കുക. ഇതു മനസ്സിനെ വേഗത്തിൽ ശാന്തമാക്കും.
സ്വയം പേര് വിളിക്കാം
പ്രശ്നം: നിസ്സാര കാര്യങ്ങൾക്കു പോലും ആധിയും വെപ്രാളവും കാണിക്കുന്നവരാണ് ചിലർ. ടെൻഷൻ അൽപം കൂടുതലാണ് എന്ന് അവർ തന്നെ ചിലപ്പോൾ സമ്മതിക്കുകയും ചെയ്യും. പക്ഷേ, അതുകൊണ്ട് പരിഹാരമായില്ലല്ലോ?
ഈസി ടിപ്: എനിക്ക് എന്തിനാണ് ഇത്രയും ടെൻഷൻ? എന്നു ചിന്തിക്കുന്നതിനു പകരം, ‘നിങ്ങളുടെ പേര് സ്വയം സംബോധന ചെയ്ത് അതേ ചോദ്യം തന്നെ ആവർത്തിച്ചു നോക്കൂ. ഉദാഹരണത്തിന് പേര് ആൽബി എന്നാണെന്നിരിക്കട്ട. സ്വയം ചോദിക്കാം. ആൽബിക്കെന്തിനാണ് ഇത്ര ടെൻഷൻ?
കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നുമെങ്കിലും ഇതു വളരെ ഫലപ്രദമാണ്.
സ്വയം അകലം പാലിച്ചു കൊണ്ടുള്ള ആത്മഭാഷണങ്ങൾ (Distanced Self-Talk) കാര്യങ്ങളെ വസ്തുനിഷ്ഠമായി കാണാനും അമിത വൈകാരിക സമ്മർദത്തിൽ നിന്ന് അകലം പാലിക്കാനും സഹായിക്കും .
തിരഞ്ഞെടുപ്പ് ബോധപൂർവം
പ്രശ്നം: നമ്മൾ കേൾക്കുന്ന പാട്ടുകൾ, കാണുന്ന വിഡിയോസ്, ഇടപഴകുന്ന ആളുകൾ ഇതെല്ലാം നമ്മുടെ ചിന്തകളെ സ്വാധീനിക്കും. എപ്പോഴും പരാതി പറയുന്നവരുടെ കൂടെ ഇരുന്നാൽ നമ്മളും നെഗറ്റീവ് ആകും. ചുറ്റുപാടുകൾ ഉണ്ടാക്കുന്ന നെഗറ്റിവിറ്റി തിരിച്ചറിയാതെ പോകരുത്.
ഈസി ടിപ് : സീരിയലുകളിലെ കരച്ചിലും സോഷ്യൽ മീഡിയയിലെ താരതമ്യങ്ങളും കുറച്ചാൽ തന്നെ മനസ്സിനു സമാധാനം കിട്ടും. സൗഹൃദങ്ങളുടെ തിരഞ്ഞെടുപ്പും പ്രധാനമാണ്. നമ്മളുടെ വളർച്ചയിൽ സന്തോഷിക്കുന്ന, പ്രോത്സാഹനവും പിന്തുണയും നൽകുന്നവരാകട്ടെ സുഹൃത്തുക്കൾ. ഗാർഡനിങ്, കുക്കിങ് പോലുള്ള ഏതെങ്കിലുമൊരു ഹോബിയും ജീവിതത്തിന്റെ ഭാഗമാക്കാം.
ശരീരം ചലിപ്പിക്കുക
പ്രശ്നം: മാനസിക സമ്മർദം നിയന്ത്രിക്കാൻ ബുദ്ധിമുട്ടുന്നവരാണ് പലരും. മസിലുകൾക്കു മാത്രം പോര വ്യായാമം. മനസ്സിനും വേണം. ലോട്ടറി വിൽപ്പനക്കാരുടെ സ്പീക്കറിൽ നിന്നു കേൾക്കുന്നവരുടെ പതിവ് വാചകമുണ്ട്.
‘പ്രശ്നങ്ങളില്ലാത്ത മനുഷ്യരില്ല, സങ്കടങ്ങളില്ലാത്ത മനുഷ്യരില്ല.’ ഇതിന്റെ ചുരുക്കം ഭാഗ്യദേവത തുണച്ചാൽ എല്ലാറ്റിനും പരിഹാരമായി എന്നാണ്. പണം പ്രധാനം തന്നെ. പക്ഷേ, അതിനേക്കാൾ പ്രധാനമാണ് മാനസികാരോഗ്യം.
ഈസി ടിപ്: ഒരു നെഗറ്റീവ് ചിന്ത മനസ്സിനെ അലട്ടിത്തുടങ്ങിയാൽ ഒരിടത്തു തന്നെ ഇരിക്കരുത്. നടക്കുകയോ ശരീരത്തിന് അൽപം ആയാസം തോന്നുന്ന ജോലികളിലേർപ്പെടുകയോ ചെയ്യുക.
അല്ലെങ്കിൽ മുഖം കഴുകുകയോ ഒരു ഗ്ലാസ് വെള്ളം കുടിക്കുകയോ ചെയ്യുക. പറ്റുമെങ്കിൽ അൽപം നടക്കാം. ഇതോടെ മനസ്സിലേക്ക് പോസിറ്റീവ് ചിന്തകൾ വരാൻ തുടങ്ങും. നമ്മുടെ മനസ്സ് ഒരു പൂന്തോട്ടം പോലെയാണ്. അതിൽ പൂക്കൾ വിരിയണോ, കളകൾ വളരണോ എന്ന് തീരുമാനിക്കുന്നതു നമ്മളാണ്. ഒരു ദിവസം കൊണ്ട് ഇതു മാറ്റാൻ കഴിഞ്ഞെന്നു വരില്ല, ഓരോ ദിവസവും ബോധപൂർവം പുതിയ ചിന്തകൾ തിരഞ്ഞെടുക്കുമ്പോൾ ജീവിതം പ്രകാശപൂർണമാകും. പോസിറ്റിവായ മാറ്റത്തിനു തുടക്കമിടാൻ നാളെ എന്നൊരു നേരമില്ല. അതുകൊണ്ട് ഇന്നു തന്നെ തുടങ്ങാം. ∙