ADVERTISEMENT

കാലം മാറിയെന്നു കരുതി പ്രേമം മാറുമോ? ജെൻ സിയുടെ ഡേറ്റിങ് രീതികൾ കണ്ടും കേട്ടും കിളി പോയ ചില സീനിയേഴ്സിന്റെ കമന്റ് ആണിത്. പങ്കാളിയുടെ മുഖം ശരിക്കു കണ്ടതു പോലും കല്യാണം കഴിഞ്ഞാണെന്നു പറയുന്ന ടീംസ് ആണു പലരും. അതു പോട്ടെ. ഓരോ തലമുറയ്ക്കും അവരവരുടേതായ കാഴ്ചപ്പാടുണ്ട്. ആരെയും പുച്ഛിക്കേണ്ടതില്ല. സീറോ പുച്ഛം നിലപാടു മനസ്സിൽ എൻക്രിപ്റ്റ് ചെയ്ത് ജെൻ സിയുടെ ‘ലവ്‌‌വേഴ്സി’ലേക്ക് അതായതു പ്രണയലോകത്തേക്കു കടക്കാം.

സത്യത്തിൽ മാറിയതു പ്രണയമല്ല, പ്രണയത്തോടുള്ള കാഴ്ചപ്പാടാണ്. സോഷ്യൽ മീഡിയയുടെയും സാങ്കേതികവിദ്യയുടെയും സ്വാധീനത്തിൽ രൂപപ്പെടുന്നതാണു ജെൻ സി ലവേഴ്സ് യൂണിവേഴ്സ്. ഒന്നിക്കാനും വേർപിരിയാനുമുള്ള അവരുടെ രീതികളും വ്യത്യസ്തമാണ്. അവിടെ എന്താണു നടക്കുന്നതെന്ന് ഒ ന്നെത്തി നോക്കാം.  

ADVERTISEMENT

കണ്ടു, മിണ്ടി, കീഴടക്കി

പണ്ടു പ്രണയത്തിന്റെ ട്രാക്ക് നീളുന്നതു വിവാഹം എന്ന ‘ഗപ്പ്’ സ്വന്തമാക്കാനായിരുന്നു. അവിടെയെത്തുന്നവർ ജയിച്ചു. അല്ലാത്തവർ പൊരുതി തോറ്റു. തേപ്പിൽ തട്ടി വീണു. അങ്ങനെ പല വ്യാഖ്യാനങ്ങൾ. കണ്ടു, മിണ്ടി, കീഴടക്കി ലൈൻ ഒന്നും ജെൻ‌ സി യൂണിവേഴ്സിൽ ഇല്ല. ആധിപത്യത്തിനല്ല ആശയവിനിമയത്തിനാണു പ്രാധാന്യം. അവരെ സംബന്ധിച്ചിടത്തോളം പ്രണയം എന്നതു അനുഭവങ്ങൾക്കും ഊന്നൽ നൽകുന്ന ഒന്നാണ്.

ADVERTISEMENT

അവരുടെ ബന്ധങ്ങൾ റേഡിയോ പോലെ അല്ല. സ്മാർട് ഫോൺ പോലെയാണ്. പറയുകയും കേൾക്കുകയും വേ ണം. കൊണ്ടുനടക്കൽ ബാധ്യതയാകാനും പാടില്ല.

ബന്ധങ്ങളിൽ തുറന്ന ആശയവിനിമയം, സമ്മതം (consent), വ്യക്തിപരമായ ഇടം എന്നിവയ്ക്കു വലിയ പ്രാധാന്യമുണ്ട്. സ്വിച്ചിട്ടാൽ തെളിയുന്ന ബൾബല്ല അവർക്കു പ്രണയം. ഒരു ബന്ധത്തിൽ കമിറ്റ് ആകാൻ ഇത്തിരി കൂടുത ൽ സമയം വേണം. പരസ്പരം മനസ്സിലാക്കൽ, സൗഹൃദം അങ്ങനെ പല പടികൾ കടന്നാലേ അവർ പ്രണയത്തിന്റെ ട്രാക്കിൽ പോലും കാലെടുത്തു വയ്ക്കൂ.  

ADVERTISEMENT

ഡേറ്റിങ് ആപ്പുകളുടെ ലോകം

പറ്റുമെങ്കിൽ താമസിക്കുന്ന ഗ്രാമത്തിൽ നിന്നു തന്നെ പങ്കാളിയെ അന്വേഷിച്ചിരുന്ന കാലം മാറി. സോഷ്യൽ മീഡിയയും ഡേറ്റിങ് ആപ്പുകളും പ്രണയത്തിനു പ്രകാശത്തേക്കാൾ വേഗം നൽകി. ഡേറ്റിങ് ആപ്പുകൾ കേരളത്തിലും ജനപ്രിയമായിക്കഴിഞ്ഞു. ഈ ആപ്പുകൾ വഴിലോകത്തിന്റെ  വിവിധ ഭാഗങ്ങളിലുള്ളവരും വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരും അടുപ്പത്തിലാകുന്നു. അഡ്ജസ്റ്റ് ചെയ്തു കഷ്ടപ്പെട്ടു ജീവിക്കാൻ തയാറല്ലാത്ത പുതുതലമുറയ്ക്ക് ഇത് ഒരുപാട് ഓപ്ഷൻസ് നൽകുന്നു. മനസ്സിനിണങ്ങിയ ഒരാൾ ഈ ഭൂമിയുടെ അങ്ങേകോണിലിരുന്നാലും അവർക്ക് ഒന്നാകാനുള്ള അവസരമുണ്ടിന്ന്.

പക്ഷേ, ഡേറ്റിങ് ആപ്പുകൾക്ക് അതിന്റെതായ വെല്ലുവിളികളുമുണ്ട്. വ്യാജ പ്രൊഫൈലുകൾ, യഥാർഥ സ്വഭാവം തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം, ഗോസ്റ്റിങ്  എന്നിവ പ്രധാന വെല്ലുവിളികളാണ്.

‘ഡേറ്റിങ് ആപ്പുകളിൽ ഒരുപാടു പേരെ കാണാമെങ്കിലും ജെനുവിൻ ആയ ഒരാളെ കണ്ടെത്താൻ പ്രയാസമാണ്’  കൊച്ചിയിലെ കോളജ് വിദ്യാർഥി സിമി പറയുന്നു.

മാറുന്ന മുൻഗണനകൾ:

വിവാഹത്തേക്കാൾ കരിയറിനും വ്യക്തിഗത ലക്ഷ്യങ്ങൾക്കും ജെൻ സി കൂടുതൽ പ്രാധാന്യം നൽകുന്നു. അതിനാൽത്തന്നെ, പെട്ടെന്നു വിവാഹത്തിലേക്കു കടക്കാതെ, പരസ്പരം മനസ്സിലാക്കാനും ജീവിതത്തിൽ മുന്നോട്ടു പോകാനും അവർ സമയം എടുക്കും. ആരോഗ്യകരമായ ഒരു ബന്ധം നിലനിർത്തുന്നതിനൊപ്പംതന്നെ തങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരാനാണ് അവർ ആഗ്രഹിക്കുന്നത്.

മാനസികാരോഗ്യത്തിനു പ്രാധാന്യം

ജെൻ സി ഏറ്റവും പ്രാധാന്യം നൽകുന്നതു മാനസികാരോഗ്യത്തിനാണ്. പ്രണയമടക്കം ഭാരമാകുന്ന ഒരു ബന്ധവും ചുമക്കാൻ അവർ ആഗ്രഹിക്കുന്നില്ല. ഒരു ബന്ധത്തിൽ നിന്നു സന്തോഷവും സമാധാനവും ലഭിക്കുന്നില്ലെങ്കിൽ, അതിൽ നിന്നു പുറത്തുവരാൻ അവർ മടിക്കാറില്ല.

വിഷാദം, ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങൾ തുറന്നു സംസാരിക്കാനും അതിനു പരിഹാരം കണ്ടെത്താനും അ വർ ശ്രമിക്കുന്നു. ‘‘ഒരു ബന്ധത്തിൽ മാനസികമായി തളരുന്നുണ്ടെങ്കിൽ, അവിടെ തുടരുന്നതിൽ അർഥമില്ല’’. ബെംഗളൂരുവിൽ മൾട്ടിനാഷനൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമൃത പറയുന്നു.

ഡേറ്റിങ് ട്രെൻഡ്

യഥാർഥ പ്രണയം കണ്ടെത്താനുള്ള ജെൻ സിയുടെ ഡേറ്റിങ് ട്രെൻഡാണ് റിവേഴ്സ് കാറ്റ്ഫിഷിങ്.

ഫിൽറ്റർ ഇട്ട് ഭംഗിയായി എഡിറ്റ് ചെയ്ത ഫോട്ടോസ് അവതരിപ്പിക്കുന്ന കാറ്റ് ഫിഷിങ്ങിന്റെ കാലം ക ഴിഞ്ഞു. അതിനു നേരെ എതിർദിശയിലാണ് ഇപ്പോൾ പുതുതലമുറയുടെ സഞ്ചാരം. റിവേഴ്സ് കാറ്റ്ഫിഷിങ് എന്നറിയപ്പെടുന്ന ഈ പ്രവണത ഫിൽറ്റർ ഇല്ലാത്ത ഫോട്ടോകൾ പോസ്റ്റ് ചെയ്തു സൗഹൃദം കണ്ടെത്തുന്നതാണ്.  യഥാർഥ മുഖവും സ്വഭാവവും നേരെ പ്രകടമാക്കുന്ന മനോഭാവം കൂടിയാണിത്.

ഭക്ഷണം കഴിക്കുന്നതോ കണ്ണിറുക്കുന്നതോ സംസാരിക്കുന്നതോ അല്ലെങ്കിൽ... സാധാരണമായി നടന്നു പോകുന്നതോ  ആയ കാഷ്വൽ ചിത്രങ്ങൾ.

വിദഗ്ധരുടെ അഭിപ്രായമനുസരിച്ച്, ഈ രീതി ഉപയോഗിക്കുന്നതു വഴി പ്രതീക്ഷകൾ കുറയ്ക്കാനും നിരാശ ഒഴിവാക്കാനും കഴിയുമത്രേ. കേവലം രൂപത്തിലും ഭാവത്തിലും മാത്രം താൽപര്യമുള്ളവരെ ഒഴിവാക്കാനും വ്യക്തിത്വത്തിലും സ്വഭാവത്തിലും താൽപര്യമുള്ളവരെ ആകർഷിക്കാനും ഇതു സഹായിക്കുന്നു. ബംബിൾ റിപ്പോർട് അനുസരിച്ച്, പകുതിയിലധികം അവിവാഹിതരും പറയുന്നതു പുറംമോടിക്കപ്പുറം കഴിവുകളോ രസകരമായ പ്രവർത്തനങ്ങളോ കാണിക്കുന്ന ഫോട്ടോകളാണ് അവരെ സംഭാഷണം ആരംഭിക്കാൻ പ്രേരിപ്പിക്കുന്നത്.

എങ്കിലും നമ്മളെ കാഷ്വൽ ആയി കാണിക്കാൻ വേണ്ടി മാത്രം സ്വയം കുറച്ചു കാണിക്കുന്നതു നല്ല പ്രവണത അല്ലെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. യഥാർഥ  ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനു സത്യസന്ധതയും ആധികാരികതയും അനിവാര്യമാണ്. 

പ്രണയത്തിന്റെ ലോകത്ത് ഏതു രീതി സ്വീകരിച്ചാലും ഏറ്റവും പ്രധാനം നിങ്ങളുടെ യഥാർഥ വ്യക്തിത്വം  കാണിക്കുക എന്നതാണ് - അതു മേക്കപ്പിന്റെ ബലത്തിലോ അത്യധികം കാഷ്വൽ ആകുന്നതിലോ അല്ല, മറിച്ച് സന്തുലിതമായ സമീപനം പിന്തുടരുന്നതിലൂടെ ആവട്ടെ.

സോഷ്യൽ മീഡിയയുടെ സ്വാധീനം

സോഷ്യൽമീഡിയ ജെന്‍ സി പ്രണയബന്ധങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. തങ്ങളുടെ ബ ന്ധങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് അവർക്കു സാധാരണമാണ്. പ്രണയം മാത്രമല്ല, സൗഹൃദവും സങ്കടവും നേട്ടവുമെല്ലാം പങ്കുവയ്ക്കുന്നവരാണ് അധികവും. 

‘കപ്പിൾ ഗോൾസ്’ (Couple Goals) എന്ന പേരിൽ ത ങ്ങളുടെ പ്രണയം ആഘോഷമാക്കുന്നവരുണ്ട്. എ ന്നാൽ ഇതു ബന്ധങ്ങളിൽ സമ്മർദം ചെലുത്തുന്നതിനും കാരണമാകാറുണ്ട്. സോഷ്യൽ മീഡിയയിലെ ‘പെർഫക്ട് ബന്ധങ്ങൾ’ കണ്ടു സ്വന്തം ബന്ധങ്ങളിൽ നിരാശ തോന്നുന്നവരും കുറവല്ല.‘‘സാങ്കേതിക വിദ്യയുടെ വളർച്ചയും മാറുന്ന സാമൂഹിക ചുറ്റുപാടുകളും ഇവരുടെ പ്രണയ സങ്കൽപ്പങ്ങളെ രൂപപ്പെടുത്തുന്നു. ‘ഡേറ്റിങ്’ എന്നത് കേവലം ഒരു കൂടിച്ചേരലിനപ്പുറം, സ്വയം കണ്ടെത്തലിനു കൂടിയുള്ള ഒരു യാത്രയായാണ് ജെൻസി കാണുന്നത്. ’’ സൈക്കോളജിസ്റ്റ് ജി. സോളമൻ നിരീക്ഷിക്കുന്നു. 

GenZ Vocabulary

ജെന്‍ സി യൂണിവേഴ്സിൽ പുതിയ ചില വാക്കുകളും പ്രയോഗങ്ങളും പ്രചാരത്തിലുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.

സിറ്റുവേഷൻഷിപ്പ് (Situationship): ഇതൊരു പ്രണയബന്ധമാണോ സൗഹൃദമാണോ എന്നു കൃത്യമായി നിർവചിക്കാൻ കഴിയാത്ത അവസ്ഥ. പ്രണയത്തിന്റെ നിറങ്ങളുള്ള എന്നാൽ പ്രതിബന്ധത (Commitment) ഇല്ലാത്ത ബന്ധം എന്നു പറയാം.

ഗോസ്റ്റിങ് (Ghosting): യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു ബന്ധത്തിൽ നിന്ന് അപ്രത്യക്ഷമാകുന്നത്. സ ന്ദേശങ്ങൾക്കു മറുപടി നൽകാതിരിക്കുക, കോളുകൾ എടുക്കാതിരിക്കുക എന്നിവ ഇതിൽപ്പെടും.

ഓർബിറ്റിങ് (Orbiting): നേരിട്ടൊരു സംസാരവുമില്ല. പക്ഷേ, സോഷ്യൽ മീഡിയയിലെ ചെറുചലനങ്ങൾ പോലും നിരീക്ഷിച്ചിങ്ങനെ സദാ ചുറ്റിത്തിരിഞ്ഞങ്ങനെ നിൽക്കും.

ബ്രെഡ്ക്രമ്പിങ് (Breadcrumbing): ഒരു ബന്ധം നിലനിർത്താൻ താൽപര്യമില്ലെങ്കിലും ചെറിയ സൂചനകൾ നൽകി പ്രതീക്ഷ നൽകുന്നത്.

സോഫ്റ്റ് ലോഞ്ചിങ് (Soft Launching): ഒരു പുതിയ ബന്ധം സോഷ്യൽ മീഡിയയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കാതെ, ചെറിയ സൂചനകളിലൂടെ പങ്കാളിയെ അവതരിപ്പിക്കുന്നത്.

ത്രോണിങ് (Throning): സോഷ്യൽ സ്റ്റാറ്റസ് ഉള്ളവരെ പങ്കാളിയായി തിരഞ്ഞെടുക്കുകയും സാമൂഹിക മാധ്യമങ്ങളിൽ അവരെ പ്രദർശിപ്പിക്കുകയും ചെയ്യുന്നത്. ഇ തു പലപ്പോഴും മറ്റുള്ളവരിൽ നിന്ന് അംഗീകാരം നേടാൻ സഹായിക്കുന്നതിനൊപ്പം മറ്റുള്ളവർക്ക് അസൂയ ഉണ്ടാക്കാനുമാണ്.

കുക്കീ ജാറിങ് (Cookie Jarring): ഒന്നിലധികം പേരുമായി ഒരേ സമയം ഡേറ്റ് ചെയ്യുക. യഥാർഥ ബന്ധം സ്ഥാപിക്കാനല്ല, മറിച്ചു പ്രാഥമിക ബന്ധം തകരാറിലായാ   ൽ ഒരു ബാക് അപ്പായി ഉപയോഗിക്കാൻ.

ബെയ്ജ് ഫ്ലാഗ് (Beige flag): റെഡ് ഫ്ലാഗുമല്ല, ഗ്രീൻ ഫ്ലാഗുമല്ല. അതായതു മോശമവുമല്ല, നല്ലതുമല്ല. ഇതിനിടയിൽ പെടുന്ന പ്രത്യേക സ്വഭാവമുള്ള വ്യക്തികളെ ഡേറ്റിങ് ആപ്പുകളിൽ കാണാം.

Gen Z's Evolving Approach to Romance:

Gen Z's approach to love and relationships is vastly different from previous generations, driven by social media and technological advancements. This generation prioritizes open communication, consent, and personal space, often taking more time to commit and valuing mental health above all else in their relationships.

ADVERTISEMENT