Saturday 14 May 2022 03:22 PM IST

‘സമയിപ്പോൾ അസ്കറിനു വേണ്ടി പെണ്ണുനോക്കുകയാണ്, അതിലും ചേട്ടത്തിയുടെ പവർ വിനിയോഗിക്കുന്നുണ്ട്’

Roopa Thayabji

Sub Editor

asif-sama-fam

ലൊക്കേഷനിൽ അന്ന് കബഡികളിയായിരുന്നു ഷൂട്ട് ചെയ്തത്. ഷൂട്ടിങ് കഴിഞ്ഞ് നോമ്പുതുറക്കാൻ വീട്ടിലേക്കു വന്നു കയറിയതേയുള്ളൂ ആസിഫ് അലി. ഈന്തപ്പഴവും ജ്യൂസുമായി സമ വരും മുൻപേ തന്നെ രണ്ടുപേർ സെറ്റിയിൽ ആസിഫിനൊപ്പം കബഡി തുടങ്ങി. എട്ടു വയസ്സുകാരൻ ആദമും നാലു വയസ്സുകാരി ഹയയും.

കളിച്ചു തിമിർക്കുന്ന ആസിഫിനെ കണ്ണുരുട്ടി നോക്കികൊണ്ട് സംസാരിച്ചു തുടങ്ങിയത് സമയാണ്. ‘‘ആസിഫ് വീട്ടിലുണ്ടെങ്കിൽ കുളിപ്പിക്കാനും ഉടുപ്പ് ഇടുവിക്കാനും മുടി കെട്ടാനുമൊക്കെ മക്കൾക്ക് ഡാഡ മതി. രാവിലെ വിളിച്ചുണർത്താ ൻ സമ്മതിക്കാതെ ആസിഫ് അവരെ കെട്ടിപിടിച്ചു കിടക്കും. ഉണർന്നിട്ടു വേണ്ടേ സ്കൂളിൽ പോകാൻ...’’ ആ ചിരിയുടെ തുടർച്ച പോലെയാണ് ആസിഫും സമയും കുട്ടികളും ഫോട്ടോഷൂട്ടിനിരുന്നത്. പിന്നെ, മക്കളെ മടിയിലിരുത്തി ആസിഫ് സംസാരിച്ചു തുടങ്ങി.

എപ്പോഴും നോമ്പുതുറ വീട്ടിലാണോ ?

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘കൂമ’ ന്റെ ലൊക്കേഷനിൽ നിന്നാണ് ഇപ്പോൾ വരുന്നത്. കേരള– തമിഴ്നാട് ബോർഡറിലുള്ള ഒരു നാട്ടി ൻപുറത്തു നടക്കുന്ന കഥയാണ്. പാലക്കാട് തുടങ്ങി പൊള്ളാച്ചി, മറയൂർ, മൂന്നാർ ഒക്കെ കഴിഞ്ഞ് ഇപ്പോൾ പിറവത്താണ് ഷൂട്ട്. അതുകൊണ്ടാണ് ഇന്നു വീട്ടിൽ വരാൻ കഴിഞ്ഞത്.

ഷൂട്ടിങ് ഉണ്ടെങ്കിലും ഇല്ലെങ്കിലും മുടങ്ങാതെ നോമ്പെടുക്കും. ആദ്യത്തെ അഞ്ചുദിവസമാണ് ബുദ്ധിമുട്ട്. ആ ദിവസങ്ങളിൽ വലിയ സ്ട്രെയിൻ വരുന്ന സീനൊക്കെ കുറച്ചു ബുദ്ധിമുട്ടാകുമെന്ന് നേരത്തേ പറയും. ഇന്നു ഷൂട്ട് ചെയ്ത കബഡി കളി സീന്‍ നേരത്തേ പ്ലാൻ ചെയ്തതാണെങ്കിലും അപ്രതീക്ഷിതമായി വന്ന മഴ ചതിച്ചു. നോമ്പായതു കൊണ്ട് ഷൂട്ടിങ്ങിനു ബുദ്ധിമുട്ട് വരരുതെന്ന നിർബന്ധം എനിക്കുമുണ്ട്.

സമ വന്ന ശേഷമാണോ നോമ്പുതുറ വിപുലമാ യത് ?

തൊടുപുഴയിലെ നോമ്പുതുറയ്ക്ക് തിക്കിടിയാണ് ഉമ്മയുടെ സ്പെഷൽ. പിടിയും കോഴിക്കറിയും എന്നതിന്റെ നാട്ടു വെർഷനാണ് അത്. ഉമ്മയുടെ സ്പെഷൽ റെസിപ്പിയൊക്കെ ഉണ്ട് അതിന്. അല്ലെങ്കിൽ പത്തിരിയും കോഴിക്കറിയുമാകും. കുറേ കഴിക്കണമെന്ന് ഓർക്കും. പക്ഷേ, നോമ്പു തുറക്കുമ്പോൾ വിശപ്പു കാണില്ല. ആദ്യത്തെ 15 നോമ്പ് കഴി‍ഞ്ഞാൽ പിന്നെ, ഇഡ്ഡലിയും സാമ്പാറും മതിയെന്ന് ഉമ്മയോടു പ്രത്യേകം പറയും.

സിനിമയിൽ വന്ന ശേഷം മറക്കാനാകാത്ത ഒരു നോമ്പുതുറ ഉണ്ടു കേട്ടോ. ‘ജവാൻ ഓഫ് വെള്ളിമല’യുടെ ഷൂട്ടിങ് നോമ്പുകാലത്താണ്. അന്നു മിക്കവാറും ദിവസം മമ്മൂക്കയ്ക്കൊപ്പം കാരവനിലാണ് നോമ്പു തുറക്കുന്നത്. ഷൂട്ടിങ് നേരത്തേ തീർന്ന ഒരു ദിവസം മമ്മൂക്ക വിളിച്ചു, വീട്ടിലേക്ക്. ഓരോ വിഭവവും പ്ലേറ്റിലേക്ക് വിളമ്പി ത ന്ന് കഴിപ്പിച്ചു. ഇപ്പോൾ സമയുടെ ഉമ്മയും പപ്പയും കൂടെയുണ്ട്. അതാണ് കണ്ണൂർ സ്റ്റൈലിൽ ടേബിൾ നിറയെ വിഭവങ്ങളൊക്കെ നിരത്തി നോമ്പു തുറന്നത്.

സമയുടെ ഉമ്മ ‌ഈയിടെ എനിക്കൊരു സർപ്രൈസ് ഗിഫ്റ്റ് തന്നു. കുറേ ചെറുകഥകളും രസകരമായ സംഭവങ്ങളുമൊക്കെ എഴുതിവച്ച ഒരു ബുക്. ഇപ്പോൾ ‘എന്നും മായാതെ’ എന്ന പേരിൽ ആ ബുക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യുദ്ധത്തിനു മുൻപ് റഷ്യയിൽ ടൂർ പോയെന്നു കേട്ടു ?

ലോക്ഡൗണിനു ശേഷം പുറത്തേക്കൊന്നും അധികം യാത്ര ചെയ്യാൻ പറ്റിയില്ലല്ലോ. ആ ക്ഷീണം തീർക്കാനാണ് ഈ ന്യൂഇയറിന് മോസ്കോയിലേക്ക് ടൂർ പ്ലാൻ ചെയ്തത്. ഡിസംബർ 27നു രാത്രി വിമാനം കയറി. മോസ്കോയിലെ റെഡ്സ്ക്വയറിൽ രണ്ടുലക്ഷത്തോളം പേർക്കിടയിലായിരുന്നു ഞങ്ങളുടെ ആഘോഷം. ന്യൂ ഇയറിന്റെ വരവറിയിച്ച് പടക്കം പൊട്ടുന്നതിനിടെ പരസ്പരം വിഷ് ചെയ്ത് ഞങ്ങൾ ഡാൻസ് ചെയ്തു.

ആഘോഷമൊക്കെ കഴിഞ്ഞ് ജനുവരി നാലിന് തിരിച്ച് ദുബായിലെത്തി. അവിടെ നിന്ന് പതിനഞ്ചു മണിക്കൂർ കഴിഞ്ഞേ വിമാനം പുറപ്പെടൂ. അപ്പോഴാണ് ചോറും മീൻകറിയും കഴിക്കാൻ ആഗ്രഹം തോന്നിയത്. എയർപോർട്ടിൽ നിന്ന് ഹോട്ടലിലേക്ക് ഇറങ്ങും മുൻപ് കോവിഡ് െടസ്റ്റിനു സാംപിൾ കൊടുത്തു. റിസൾട്ട് വന്നപ്പോൾ യാത്രയിൽ കൂടെയുണ്ടായിരുന്ന സംവിധായകൻ മൃദുലും സിനിമട്ടോഗ്രഫർ സഞ്ജയും തങ്ങളുമടക്കം എല്ലാവരും കോവിഡ് പോസിറ്റീവ്. പിന്നെ 14 ദിവസം അവിടെ റൂമെടുത്തു കൂടി. ചോറും മീൻകറിയും കഴിച്ച് ഒരു എക്സ്ട്രാ ഓർഡിനറി ക്വാറന്റീൻ.

‌ഫോണെടുക്കാൻ മടിയുള്ള ആസിഫിനെ സമ എങ്ങനെയാണ് വരുതിയിലാക്കിയത് ?

രണ്ടു ആൺകുട്ടികളുടെ ഇടയിലേക്കല്ല, രണ്ടു തെമ്മാടികളുടെ ഇടയിലേക്കാണ് സമ വന്നതെന്നാണ് വാപ്പ പറയാറ്. ഞാനും അനിയനും പുറത്തു പോയാൽ വീട്ടിലേക്കു ഫോൺ ചെയ്യുന്നതു വളരെ കുറവാണ്. ഇപ്പോൾ എന്നെ കൃത്യമായി ‘ലൊക്കേറ്റ്’ ചെയ്യുന്നത് സമയാണ്, അവളറിയാതെ ഞാൻ എവിടെയും പോകില്ല. എന്നോടു ചോദിക്കാൻ ബുദ്ധിമുട്ട് വന്നാൽ ഇത്താത്തയോടാണ് അനിയൻ പോക്കറ്റ് മണി ചോദിക്കാറ്. അഷ്കറിനു വേണ്ടി പെണ്ണു നോക്കുകയാണ് അവളിപ്പോൾ. അതിലും ചേട്ടത്തിയുടെ പവർ വിനിയോഗിക്കുന്നുണ്ട്.

എന്റെ കൂട്ടുകാരെയും പ്രിയപ്പെട്ടവരെയുമെല്ലാം കൂ ടെ നിർത്തുന്നതും സമയാണ്. എല്ലാ ജന്മദിനാഘോഷവും അവൾ പ്ലാൻ ചെയ്യും. ബേക് ഹൗസ് തീമിലാണ് ഹയയുടെ നാലാം ജന്മദിനം ആഘോഷിച്ചത്. ആദുവിന്റെ എട്ടാം ബർത്ഡേ ലെഗോ ബ്രിക്സ് തീമിലായിരുന്നു. നാലു വർഷമായി എന്റെ ജന്മദിനാഘോഷം ഗോവയിലാണ്. അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി ഇവരെയൊക്കെ സമ യാത്രയിൽ കുടുംബസമേതം കൂട്ടും. ഇവരുടെ കുട്ടികളും ഞങ്ങളെ ഡാഡയെന്നും ഉമ്മയെന്നുമാണ് വിളിക്കുന്നത്.

ഇത്രയൊക്കെ ‘സിങ്ക്’ ആയിട്ടും മലബാറിലെ ചില വാക്കുകൾ എന്നെ ഇപ്പോഴും കുഴപ്പിക്കും. വിവാഹനിശ്ചയത്തിന് സമയുടെ പപ്പ എനിക്കൊരു വാച്ച് തന്നു. എന്നിട്ട് കയ്യിലേക്ക് നോക്കി ‘വാച്ച് കയ്ക്ക്’ എന്നൊരു ഡയലോഗ്. ‘വാച്ച് കഴിക്കാനോ.’ സത്യത്തിൽ കയ്യിൽ കിടന്ന വാച്ച് ഊരാനാണ് പറഞ്ഞത്.

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ