Saturday 09 April 2022 04:20 PM IST

‘കെട്ടിടത്തിൽ നിന്നും വീണ് കഴുത്തും നട്ടെല്ലും ഒടിഞ്ഞ മനുഷ്യൻ’: ജീവജലവും പുതുജീവിതവും നൽകി ദീപ: നെഞ്ചിൽതൊടും അനുഭവം

Tency Jacob

Sub Editor

deepa-ambulance-j

ഏറ്റവും ഒടുവിൽ ഞാൻ ആംബുലൻസിൽ കൊണ്ടുപോയത് ആത്മഹത്യ ചെയ്ത ഒരു അമ്മയെയാണ്. ആശുപത്രിയിലെത്തിച്ച് ഇറക്കുമ്പോഴും ചൂടുണ്ടായിരുന്നു. തിരികെ വീട്ടിലെത്തിയപ്പോഴാണ് അവർ കോവിഡ് പോസിറ്റീവാണെന്നു അറിയുന്നത്.

അസുഖം വരുമെന്നു പേടിച്ച് ഒരിടത്തും മാറി നിൽക്കാറില്ല. രോഗികളെ ആംബുലൻസിൽ കയറ്റാൻ കൂടെ കൂടും. ഇപ്പോൾ നാലു തവണയായി കോവിഡ് വരുന്നു. ഇത്തവണ കാര്യമായി ആക്രമിച്ചു.’’ കോഴിക്കോട് നാദാപുരം വാണിമേൽ വിലങ്ങാട് വീട്ടിൽ ദീപയെ ആംബുലൻസ് ഡ്രൈവറാക്കിയത് സാഹസികത മാത്രമല്ല, ജീവിതം കൂടിയായിരുന്നു.

റെക്കോർഡ് നായിക

ചെയ്യുന്ന ജോലിയിൽ മികച്ചു നിൽക്കണം എന്നത് എന്റെ നിർബന്ധമാണ്. 23 കിലോമീറ്റർ 13 മിനിറ്റു കൊണ്ടു ഓടിയെത്തിയതിന്റെ റെക്കോർഡുണ്ട് എന്റെ പേരിൽ. വളയത്തു നിന്നു വടകര സഹകരണ ഹോസ്പിറ്റലിലേക്കായിരുന്നു ആ യാത്ര.

മരുന്ന് അലർജിയായി ഗുരുതര നിലയിലായ രോഗിയായിരുന്നു. ഹൃദ്രോഗിയും കൂടിയായിരുന്നു അയാൾ. എത്രയും വേഗം എത്തിച്ചില്ലെങ്കിൽ അയാൾ മരിച്ചു പോകുമെന്നു തോന്നി. ആ ദ്യമായാണ് അത്രയും എമർജൻസിയായി പോകേണ്ടി വരുന്നത്.

അത്തരം സമയങ്ങളിൽ പരിഭ്രാന്തയാകാതെ മ നസ്ഥൈര്യത്തോടെ ഡ്രൈവിങ്ങിൽ ശ്രദ്ധിക്കും.രോഗിയുടെ, കൂട്ടിരിപ്പുകാരുടെ, റോഡിൽ യാത്ര ചെയ്യുന്നവരുടെ, എന്റെ എല്ലാം ജീവൻ കയ്യിൽ പിടിച്ചുള്ള ഓട്ടമല്ലേ. പ്രാർഥന മാത്രമാണ് ആ സമയത്ത് ശക്തി.

പലപ്പോഴും വഴിയിൽ കിടക്കുന്ന ആളെയും എടുത്ത് ആശുപത്രിയിൽ കൊണ്ടു പോയിട്ടുണ്ട്. അതു നാളെ എന്റെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് അപ്പോൾ ഓർക്കാറില്ല.

ഒരിക്കൽ 80 കിലോമീറ്റർ 48 മിനിറ്റു കൊണ്ട് ഓടിയെത്തിയിട്ടുണ്ട്. കോഴിക്കോട് മിംസിലേക്കായിരുന്നു ജീവനും കൊണ്ടുള്ള ആ ഓട്ടപ്പാച്ചിൽ. അപകടം സംഭവിച്ചു കാലു മുറി‍ഞ്ഞു പോയ ഒരാൾ. കണ്ണൂർ–കോഴിക്കോട് ബൈപാസ് റോഡിലെ തിരക്ക് ഊഹിക്കാമല്ലോ.

ഡോക്ടർമാരും സംഘവും സർജറിക്കു തയാറായി നിൽക്കുകയായിരുന്നു. സുരക്ഷിതമായി അ വരുടെ കയ്യിൽ രോഗിയെ ഏൽപിക്കുമ്പോൾ കിട്ടുന്നത് ദിവ്യമായ അനുഭൂതിയാണ്.

കുട്ടിക്കാലത്ത് എപ്പോൾ ബസിൽ കയറിയാലും ഡ്രൈവിങ് കാണാനായി മുന്നിലുള്ള പെട്ടിപ്പുറത്താണ് ഇരിപ്പുറപ്പിക്കുക. സൂക്ഷ്മനിരീക്ഷണം നടത്തിയപ്പോൾ ഡ്രൈവർ കാലു കൊണ്ടു എവിടെയോ ചവിട്ടുന്നുണ്ടെന്നു മനസ്സിലാക്കി.

പക്ഷേ, എന്താണ് െചയ്യുന്നതെന്ന് ഒരു പിടിയും കിട്ടിയില്ല. ഞാൻ എഴുന്നേറ്റു നിന്നു നോക്കി. പെട്ടെന്നാണ് ബ്രേക്കിട്ടത്. ആടിയുലഞ്ഞു വീഴാ ൻ പോയെങ്കിലും ഞാൻ കാലുറപ്പിച്ചു നിന്നു. അ താണ് ഡ്രൈവിങ്ങിനെക്കുറിച്ചുള്ള ആദ്യ ഓർമ. ഇ പ്പോഴും മുന്നിലെ സീറ്റിലിരുന്നു ഡ്രൈവിങ് കാണാനിഷ്ടമാണ്. മറ്റുള്ളവരുടെ ഡ്രൈവിങ് രീതി കളിൽ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ എ ന്നു ശ്രദ്ധിക്കും.

പുളിയാവ് നാഷനൽ കോളജ് ബസിൽ ഡ്രൈവറായിരുന്നു. കോവിഡ് വന്നപ്പോൾ ഓട്ടം നിന്നു. ആ സമയത്ത് ആംബുലൻസിനു മാത്രം ഓടാൻ തടസ്സങ്ങളുണ്ടായിരുന്നില്ല. ഇപ്പോൾ രണ്ടുവർഷമായി ആംബുലൻസ് ഡ്രൈവറാണ്. പ്രണവം ചാരിറ്റബിൾ ട്രസ്റ്റിന്റെ വണ്ടിയാണ് ഓടിക്കുന്നത്. ആയിരം രൂപയ്ക്ക് ഓടിയാൽ മുന്നൂറു രൂപ കിട്ടും.

ഞങ്ങൾ മൂന്നു പെൺകുട്ടികളാണ്. ചെറുപ്പത്തിലേ ഡ്രൈവിങ് ഇഷ്ടമായിരുന്നെങ്കിലും ലൈസൻസ് എടുത്തത് വിവാഹശേഷമാണ്. ഭർത്താവാണ് ഡ്രൈവിങ് പഠിപ്പിച്ചത്.

പത്താം ക്ലാസ്സ് കഴിഞ്ഞപ്പോഴേ കല്യാണം ക ഴിഞ്ഞു. വിവാഹജീവിതം ‘അതിസാഹസിക’മായപ്പോൾ മക്കളെയും കൊണ്ട് ഇറങ്ങി പോരുകയായിരുന്നു. മകൻ എൽബിൻ പ്ലസ്ടുവിലാണ്. മകൾ എയ്ഞ്ചൽ ഒൻപതാം ക്ലാസിലും.

deepa

ഈയിടെ മോളെ പാമ്പു കടിച്ചു ഗുരുതരമായി. ഇപ്പോഴും പൂർണമായും സുഖമായിട്ടില്ല. മരുന്നിനു പണം വേണം. ജോലിക്കു പോകാതിരുന്നാൽ ശരിയാകില്ല. വാടകയ്ക്കാണ് താമസിക്കുന്നത്.

വണ്ടി എങ്ങനെ എടുക്കണമെന്നൊന്നും ആ ദ്യം അറിയില്ലായിരുന്നു. കൂടെയുള്ള ഡ്രൈവർ മാർ കാര്യങ്ങൾ പറഞ്ഞു തന്നു. ജീവിക്കണമെന്നുറപ്പിച്ചാൽ പിന്നെ, പേടി ഇല്ലല്ലോ.

അനുതാപവും വേണം

ഒരിക്കൽ ഒരു വിളി വന്നു. ഒരാൾ കെട്ടിടത്തിനു മുകളിൽ നിന്നു വീണു കിടക്കുന്നു. ചെല്ലുമ്പോൾ അയാൾ വെള്ളം ചോദിച്ചു നിലവിളിക്കുകയാണ്. കഴുത്തും നട്ടെല്ലും ഒടിഞ്ഞിട്ടുള്ളതുകൊണ്ട് ചുറ്റും കൂടിയവർ വെള്ളം കൊടുക്കാൻ മടിച്ചു.

ഞാൻ വേഗം വെള്ളം കൊടുത്തു. പെട്ടെന്ന് ഹോസ്പിറ്റലിലെത്തിച്ചു. പിന്നീട് ഒരിക്കൽ ഹൃദയസ്തംഭനം വന്ന ഒരാളെ ആശുപത്രിയിലാക്കി മടങ്ങാൻ നേരം രോഗിയുടെ കൂടെയുണ്ടായിരുന്ന ആൾ ചോദിച്ചു. ‘എന്നെ ഓർമയുണ്ടോ? മരണം കാത്തു കിടന്ന എനിക്കു നിങ്ങൾ വെള്ളം ത ന്നിട്ടുണ്ട്.’ ഞാൻ അമ്പരന്നു പോയി. അയാൾ ഒാ ർമിപ്പിച്ചപ്പോഴാണ് ആ പഴയ സംഭവവും അയാളുടെ മുഖവും തെളിഞ്ഞുവന്നത്. ശ്വാസംമുട്ടൽ കൂടുതലായി മരണവെപ്രാളമെടുക്കുന്ന ഒരു അപ്പൂപ്പനെയും കൊണ്ടുപോയതോർമയുണ്ട്. ഭാര്യയും ബുദ്ധിവികാസക്കുറവുള്ള മകളുമാണ് കൂടെയുള്ളത്. കുറച്ചു ദൂരമുണ്ട് മെഡിക്കൽ കോളജിലേക്ക്. അന്നു 120 കിലോമീറ്റർ സ്പീ‍ഡിലാണ് പോയത്. മെഡിക്കൽ കോളജിലാക്കി തിരികെ പോരുമ്പോൾ ആ അമ്മ സാരിത്തുമ്പിൽ നിന്നു ചുരുട്ടി വച്ചിരുന്ന 50 രൂപ എടുത്തു എന്റെ കയ്യിൽ തിരുകി. ശരിക്കും ആയിരം രൂപയിൽ മുകളിൽ വ രും ചാർജ്.

വെള്ളം കുടിക്കണമെങ്കിൽ പോലും പിന്നീടവരുടെ കയ്യിൽ പൈസയില്ലെന്ന് എനിക്കു തോന്നി. ഞാൻ വേഗം കയ്യിലുള്ള ആയിരം രൂപയെടുത്ത് അവർക്ക് കൊടുത്തു. കണ്ണുനിറഞ്ഞ് അവർ മകളെയും വലിച്ചു അപ്പൂപ്പന്റെ ട്രോളിക്കു പിന്നാലെ ഓടി.

ജീവിക്കാൻ നിവൃത്തിയില്ലാത്തവർ പേശാതെ പൈസ തരും. പക്ഷേ, കാശുളള പലരും അത്യാവശ്യം കഴിയുമ്പോൾ ആംബുലൻസ് മറക്കുന്നതാണ് അനുഭവം.