നീർമാതളത്തിന്റെ ചില്ല മേൽ ആതിരാ പാൽ
നിലാ ചോല വീഴുമ്പോൾ... പിച്ച നടന്നൊരീ
മണ്ണിന്റെ മഞ്ചാടി മുത്തും പവിഴമാകുമ്പോൾ....
ഡോ. ബിനീതാ രഞ്ജിത് പാടുന്നതു കേട്ടിരിക്കുമ്പോൾ മധുരമുള്ള ശബ്ദവും ഈണവും ഇഴചേർന്ന് മനസ്സിലേക്ക് മഞ്ഞുതുള്ളി പോലെ വീഴും. അപ്പോൾ ഒാടിയോടി കുട്ടിക്കാലത്തേക്കു പോകാൻ തോന്നും.
Passion
പാട്ടിനോടുള്ള കൂട്ട് ബിനീത സ്കൂൾ കാലത്തേ തുടങ്ങിയതാണ്. ഹൈസ്കൂൾ പഠനകാലത്ത് മൂന്നു വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിന് ഒന്നാംസ്ഥാനവും ലളിതസംഗീതത്തിന് രണ്ടാംസ്ഥാനവും നിലനിർത്തിയ മിടുക്കി. 1998ൽ കോട്ടയം ബിസിഎം കോളജിലെ പ്രീഡിഗ്രികാലത്ത് മഹാത്മാഗാന്ധി സർവകലാശാലാ യുവജനോത്സവത്തിൽ ബിനീത കലാതിലകമായി. അന്ന് ശാസ്ത്രീയസംഗീതം, ലളിതഗാനം, മലയാളം പദ്യപാരായണം, കഥാപ്രസംഗം എന്നിവയിൽ ഒന്നാംസ്ഥാനം സ്വന്തമാക്കിയിരുന്നു. പിന്നെ കോട്ടയം മെഡി. കോളജിൽ എംബിബിഎസ് പഠനം. അന്നും സംഗീതമത്സരങ്ങളിലെ താരമായിരുന്നു.
2007ൽ പ്രമുഖ ചാനലിന്റെ സംഗീതറിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഈ കോട്ടയത്തുകാരി ഡോക്ടറുടെ പാട്ട് എല്ലാവരും ശ്രദ്ധിച്ചത്. അപ്പോൾ മെഡിസിൻ പഠനം പൂർത്തിയാക്കിയതേയുള്ളൂ. ഹൗസ് സർജൻസി കഴിഞ്ഞ് റൂറൽ പോസ്റ്റിങിന്റെ സമയമായിരുന്നു അത്. റിയാലിറ്റി ഷോ കഴിഞ്ഞ് കുറേ സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്തു. 2008ൽ വിവാഹം കഴിഞ്ഞു. പിന്നെ അമ്മയായി. പാട്ടിന് ഒരിടവേള. ആ കാലത്തും ഇടയ്ക്കു പ്രോഗ്രാമുകൾ ചെയ്തിരുന്നു. 2015ൽ ലോഹം എന്ന സിനിമയിലെ ‘എത്തിപ്പോയീ വാനത്തിൽ... മുക്കുറ്റിപ്പൂതാരങ്ങൾ... എന്ന പാട്ടിൽ ബിനീതയുടെ സ്വരമാധുര്യം നമ്മെ വീണ്ടും അദ്ഭുതപ്പെടുത്തി. ആ പാട്ടിന്റെ സംഗീതസംവിധായകൻ ശ്രീവൽസൻ ജെ. മേനോൻ ബിനീതയോടു പറഞ്ഞത് അദ്ദേഹം അന്വേഷിച്ചു നടന്നൊരു സ്വരമാണു ബിനീതയുടേത്, ഗായിക സ്വർണലതയുടെ സ്വരത്തോടു സാമ്യമുള്ള ശബ്ദം എന്നാണ്. ഡോ. സിജു സംവിധാനം ചെയ്ത ഡോക്ടർമാർ നിർമിച്ച കഥ പറഞ്ഞ കഥ എന്ന സിനിമയിലാണ് പിന്നെ പാടിയത്. ‘കണ്ണോളം നീ മണിത്തിങ്കൾ പോലെ..’ എന്ന പാട്ടിന് ആരാധകരേറെയുണ്ട്.
ഡോ. ബിനീത ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട്. അതിൽ എ.ആർ. റഹ്മാന്റെ പാട്ടുകൾ കോർത്തിണക്കിയ മെഡ്‌ലെയും നീർമാതളം എന്നൊരു പാട്ടും കേൾക്കാം. സമയം കിട്ടുമ്പോൾ പാടി വയ്ക്കുന്ന പാട്ടുകളൊക്കെ കവർ സോങ്സ് ആക്കാനൊരുങ്ങുകയാണ് ഡോക്ടർ. ‘‘രണ്ടു മൂന്നു പാട്ടുകൾ പാടി വച്ചിട്ടുണ്ട്. അത് ഇനി വിഷ്വൽ ചെയ്യണം. നാടൻപാട്ടുകൾ കവർ ചെയ്യണമെന്നുണ്ട്. ശാസ്ത്രീയ സംഗീതത്തിലെ ഒരു കീർത്തനം ‘അക്കാപെല്ല’പോലെ ചെയ്യണമെന്നുണ്ട്. മ്യൂസിക് തെറപിയോടും ഇഷ്ടമുണ്ട്.’’...ഡോക്ടർ സ്വപ്നങ്ങൾ മറച്ചു വയ്ക്കുന്നില്ല. ഡോ.ബിനീതയുടെ രണ്ട് കവർ സോങ്ങുകളുടെ വർക് പൂർത്തിയായിക്കഴിഞ്ഞു. വിദേശത്തുൾപ്പെടെ ഇടയ്ക്ക് ഷോകൾ ചെയ്യാറുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ സ്കോളർഷിപ് വാങ്ങിയാണ് ഡോ. ബിനീത ക്ലാസിക്കൽമ്യൂസിക് പഠിച്ചത്. ചെമ്പൈ സംഗീതോത്സവത്തിലും പാടാറുണ്ട്. സിനിമയിൽ കൂടുതൽ അവസരങ്ങൾ കിട്ടുമെന്നൊരു ശുഭപ്രതീക്ഷയിലാണിപ്പോൾ ഡോക്ടർ.
Profession
തൃശൂരിൽ അവിണിശ്ശേരി പ്രാഥമികാരോ ഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഒാഫിസറാണ് ഡോ. ബിനീത. ഭർത്താവ് രഞ്ജിത്.