Monday 12 September 2022 12:17 PM IST

‘വീട്ടിൽ വന്നിട്ട് ഇവൾ എന്നോട് വഴക്കിടും, മുടി കളർ ചെയ്യാൻ പോയ പാർലറിൽ വരെ തല്ലുണ്ടാക്കി’: അർജുൻ പറയുന്നു

Roopa Thayabji

Sub Editor

durga-s

ദുർഗ കൃഷ്ണ സിനിമയിലെത്തിയിട്ട് അഞ്ചുവർഷമേ ആയുള്ളൂ. പക്ഷേ, ഒരു ലിപ് ലോക്കിന്റെ ചൂടു മാറും മുൻപേ സിനിമയിലെ കിടപ്പറരംഗം കൂടി ‘ബിറ്റു’കളായി പ്രചരിച്ച് ഉണ്ടാക്കിയ തലവേദന ചില്ലറയല്ല. ‘‘സിനിമ സ്വപ്നങ്ങളിൽ പോലുമില്ലാതിരുന്ന എനിക്ക് ആദ്യമൊക്കെ ഇമേജ് പേടിയായിരുന്നു. സ്ലീവ്‌ലെസ് വേഷമിടാൻ മടിച്ച് ഡയലോഗടിച്ചതിന്റെ പേരിൽ വരെ ട്രോൾ കിട്ടി. ഒരുപാട് ആഗ്രഹിച്ചോ, കഷ്ടപ്പെട്ടോ അല്ല സിനിമയിലെത്തിയത്. പക്ഷേ, അഞ്ചുവർഷം കൊണ്ട് സിനിമ എന്നെ മാറ്റി. ഇപ്പോൾ കഥാപാത്രത്തെ മികച്ചതാക്കാൻ എത്ര പരിശ്രമിക്കാനും മടിയില്ല. അതിന്റെ പേരിൽ വരുന്ന ഗോസിപ്പുകളെ പേടിയുമില്ല.’’ ഭർത്താവ് അർജുൻ രവീന്ദ്രന്റെ കൈപിടിച്ച് ദുർഗ പറഞ്ഞു.

ഒരേ നിറമുള്ള കോസ്റ്റ്യൂമിൽ അർജുനൊപ്പം ചിരിച്ച് ദുർഗ ഫ്രെയിമുകളിൽ നിറഞ്ഞു. വിവാഹ ശേഷം ഒന്നിച്ചുള്ള ആദ്യ ഫോട്ടോഷൂട്ടിന്റെ സ ന്തോഷമായിരുന്നു രണ്ടുപേർക്കും. മറുപടികളിലേക്ക് ആ ചിരി നീണ്ടു.

വിവാഹം കഴിഞ്ഞുള്ള ആദ്യ ഫോട്ടോഷൂട്ടാണെന്നോ ?

ദുർഗ: ഒരുപാടു വട്ടം ഫോണിലും മറ്റും ഫോട്ടോയെടുത്തിട്ടുണ്ട്. പക്ഷേ, ഇങ്ങനെ പ്രത്യേകം കോസ്റ്റ്യൂമിൽ മേക്കപ് ചെയ്ത് വരുന്ന ആദ്യത്തെ ഫോട്ടോഷൂട്ടിന്റെ ത്രില്ലിലാണ് ‍ഞാൻ. ഇന്നലെ തൊടുപുഴയിൽ നിന്ന് ‍ഡ്രൈവ് ചെയ്തു വരുമ്പോൾ ഉണ്ണിയേട്ടൻ ചോദിച്ചു, ‘കുട്ടിയേ, നമ്മുടെ കല്യാണം കഴിഞ്ഞല്ലേ...’

കല്യാണം കഴിഞ്ഞെന്നു ഞങ്ങൾ രണ്ടുപേർക്കും തോന്നുന്നേയില്ല. അഞ്ചുവർഷത്തെ പ്രണയകാലത്തിന്റെ തുടർച്ച പോലെയാണ് ഇപ്പോഴും. എന്നെ കുഞ്ഞുങ്ങളെ പോലെയാണ് കൊണ്ടുനടക്കുന്നത്. ചിലപ്പോൾ കാലിൽ കയറ്റിനിർത്തി നടത്തിക്കും. മൂന്നു പപ്പീസ് ഉണ്ട് എനിക്ക്, ബെബു, സിരി, റിച്ചി. കൂട്ടത്തിലൊരാൾ ഇപ്പോൾ പ്രഗ്‌നന്റാണ്. എന്നെയും അവരെയും പൊന്നുപോലെയാണ് ഏട്ടൻ നോക്കുന്നത്.

അർജുൻ: ശരിക്കും കല്യാണം കഴിഞ്ഞെന്നു തോന്നുന്നില്ല ?

ദുർഗ: നീയല്ലേടാ ഇന്നലെ അങ്ങനെ പറഞ്ഞത്... (കൊഞ്ചി കണ്ണുരുട്ടുന്നു) കല്യാണം കഴിഞ്ഞെന്നു തോന്നാഞ്ഞിട്ട് ഒന്നാം വിവാഹവാർഷികത്തിന് തമിഴ്നാട്ടിലെ അമ്പലത്തിൽ വച്ച് വീണ്ടും കല്യാണം കഴിച്ചു ഞങ്ങൾ. അടുത്ത ഏപ്രിൽ അഞ്ചിന് ഒന്നുകൂടി കെട്ടാം.

അഞ്ചുവർഷത്തെ പ്രണയം എങ്ങനെ രഹസ്യമാക്കി വച്ചു ?

ദുർഗ: ‘വിമാന’ത്തിന്റെ ഓഡിഷൻ കഴിഞ്ഞപ്പോൾ സംവിധായകൻ പ്രദീപേട്ടൻ ഒരു ഫിലിം വർക്‌ഷോപ്പിൽ പങ്കെടുപ്പിച്ചു. അവിടെ ഉണ്ണിയേട്ടനുമുണ്ടായിരുന്നു. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്.

അർജുൻ: അതെയതെ. ആദ്യം സുഹൃത്തുക്കളായി, പിന്നെ പ്രണയം പറഞ്ഞു. രണ്ടു വീട്ടിലും തുടക്കത്തിൽ തന്നെ കാര്യം അവതരിപ്പിച്ചു. സിനിമയാണ് സ്വപ്നം. അവിടെ ചുവടുറപ്പിച്ചിട്ടു മതി കല്യാണമെന്ന് തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ ഗോസിപ്പ് ഉണ്ടാകാതെ ശ്രദ്ധിച്ചു. മൂന്നു വർഷം കഴിഞ്ഞപ്പോഴേക്കും ഇക്കാര്യം സോഷ്യൽ മീഡിയയിൽ പറഞ്ഞു. പിന്നെയാണ് കല്യാണം.

‘ഓളവും തീരവു’മാണ് സിനിമയിലെ പുതിയ വിശേഷം ?

ദുർഗ: പ്രിയദർശൻ സാറിന്റെ കൂടെ സിനിമ ചെയ്യണമെന്ന്, സന്തോഷ് ശിവൻ സാറിന്റെ ഫ്രെയിമിൽ നിൽക്കണമെന്ന്, ലാലേട്ടന്റെ നായികയാകണമെന്ന്, എം.ടി. വാസുദേവൻ നായർ സാറിന്റെ സ്ക്രിപ്റ്റിൽ ചെറുവേഷമെങ്കിലും വേണമെന്ന് മോഹിക്കാത്ത ആരാണുള്ളത്. അങ്ങനെയുള്ള എല്ലാ ആഗ്രഹങ്ങളും ഒന്നിച്ചു സാധിക്കുന്ന സിനിമയാണിത്. ‘ഉടൽ’ കഴിഞ്ഞ സമയത്താണ് ഈ ചിത്രത്തിലേക്കു വിളി വന്നത്. കേട്ടപ്പോൾ ‘ബട്ടർഫ്ലൈസ് ഇൻ സ്റ്റൊമക്’ എന്ന അവസ്ഥയായിരുന്നു.

കോസ്റ്റ്യൂമർ അളവുകളെടുത്തിട്ടും ഞാൻ ഉറപ്പിച്ചില്ല. പുഴക്കരയിൽ പാപ്പുട്ടിയെ നോക്കിയിരിക്കുന്ന നബീസ, എ ന്റെ ആദ്യത്തെ ഷോട്ട് ഇതാണ്. പാപ്പുട്ടിയാകുന്ന ലാലേട്ടന്റെ നായികയായി ഞാൻ അഭിനയിച്ചു എന്നു സ്വയം വിശ്വസിച്ചത് പ്രിയൻ സാർ ‘കട്ട്’ വിളിച്ചപ്പോഴാണ്.

സെറ്റിലെ കുട്ടി ഞാനാണ്. എല്ലാവരും സീനിയേഴ്സ്. അവരോടൊക്കെ പേടി കലർന്ന ബഹുമാനമുള്ളതു കൊണ്ട് മിണ്ടാൻ ഭയമായിരുന്നു. പക്ഷേ, പിന്നെ നല്ല കമ്പനിയായി. എംടി സാറിന്റെ ജന്മദിനം ഷൂട്ടിങ്ങിനിടയിലായിരുന്നു. അന്ന് ലൊക്കേഷനിലേക്ക് അദ്ദേഹം വരുന്നുണ്ടെന്ന് വിവരം കിട്ടി. ‘കേക്ക് മുറിക്കണ്ടേ, ചോക്‌ലെറ്റ് കേക്ക് ആയിരിക്കും സാറിനിഷ്ടം, അതുമതി...’ എന്നു പറഞ്ഞ് ഞാൻ വലിയ ബഹളമായിരുന്നു. ‘നിനക്കല്ല, എംടി സാറിനാണ് ബർത്ഡേ...’ എന്നു പറഞ്ഞ് സന്തോഷ് ശിവൻ സർ കണ്ണുരുട്ടി. അവസാനം സെറ്റിൽ കേക്ക് വന്നു. ആ ചോക്‌ലെറ്റ് കേക്കിൽ നിന്ന് ഒരു കഷണം എംടി സാറിന്റെ വായിൽ വച്ചുകൊടുക്കാനുള്ള ഭാഗ്യം കിട്ടി.

അർജുൻ: പക്ഷേ, കുഞ്ഞീടെ ലാസ്റ്റ് ബർത് ഡേ അതിനെക്കാൾ സ്പെഷലായിരുന്നു അല്ലേ ?

അതെങ്ങനെ ?

ദുർഗ : ലാലേട്ടൻ എനിക്ക് ജ്യേഷ്ഠതുല്യനാണ്. എല്ലാ കാര്യത്തിനും അദ്ദേഹത്തോട് അനുവാദവും അനുഗ്രഹവും വാങ്ങും. ‘ബാറോസി’ന്റെ ഷൂട്ടിങ്ങിലായതിനാൽ ലാലേട്ടന് എന്റെ കല്യാണത്തിനു വരാൻ പറ്റിയില്ല. ഞങ്ങളൊന്നിച്ചു പോയി ഏട്ടനെ കാണണമെന്നു വിചാരിച്ചെങ്കിലും പല കാരണങ്ങളാൽ നീണ്ടുപോയി. അങ്ങനെയിരിക്കെ ലാലേട്ടൻ വിളിച്ചു, ‘ഇന്നു വരൂ, ‍ഞാൻ വീട്ടിലുണ്ട്.’ അന്ന് എന്റെ ജന്മദിനമായിരുന്നു. ഞങ്ങൾ പോയി അനുഗ്രഹം വാങ്ങി.

‘കുടുക്ക്’ വിവാദങ്ങളുടെ കുടുക്കായല്ലോ ?

ദുർഗ: പാട്ട് റിലീസായപ്പോൾ തന്നെ വിവാദങ്ങളും ചീത്തവിളിയും കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായ സിനിമയാണ് കുടുക്ക് 2025. വീട്ടുകാരെ വരെ ചിലർ മോശം കമന്റ് ചെയ്തു. അതു കണ്ട് ‘കുടുക്ക്’ ടീമിനെ ഗ്രൂപ് കോൾ ചെയ്തു വഴക്കുണ്ടാക്കി. ‘സിനിമ ചെയ്തതിന്റെ പേരിൽ ഞാൻ നേരിടുന്ന ടെൻഷൻ മാനേജ് ചെയ്യാൻ നിങ്ങൾക്കും ഉത്തരവാദിത്തമില്ലേ...’ തൊട്ടു പിന്നാലെ ഓരോരുത്തരായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടു.

‘ലിപ്‌ലോക്കിൽ ഒന്നിച്ചഭിനയിച്ച ഞാൻ സന്തോഷത്തോടെ കുട്ടിയെയും കളിപ്പിച്ച് വീട്ടിലിരിക്കുന്നു. കൂടെ അഭിനയിച്ച പെൺകുട്ടി ഇപ്പോഴും വിമർശനങ്ങൾക്ക് മറുപടി പറയുന്നു’ എന്ന കൃഷ്ണശങ്കറിന്റെ പോസ്റ്റ് വൈറലായി. അതിനു താഴെ ഒരാൾ വന്നു ചോദിച്ചത്, ‘നിങ്ങളുടെ ഭാര്യയാണ് അന്യപുരുഷനെ ചുംബിച്ചതെങ്കിലോ’ എന്നാണ്. അപ്പോൾ പ്രശ്നം ഉമ്മയല്ല, സ്ത്രീയാണ്. ഏതു കാര്യവും പെണ്ണ് ചെയ്താലാണ് കുറ്റമാകുന്നത്. അതിനു പിന്നിലെ ചിന്ത എന്താണെന്നു മനസ്സിലാകുന്നില്ല.

അർജുൻ: കല്യാണ ഫോട്ടോയുടെ കീഴിൽ ‘ഡിവോഴ്സ് എപ്പോഴുണ്ടാകും’ എന്നൊക്കെ കമന്റിട്ടവരുണ്ട്. നയൻതാര അടക്കം ഏതു നടി കല്യാണം കഴിച്ചാലും ഇതാണവസ്ഥ.

‘ഉടലി’ലെ കിടപ്പറ രംഗം ഫോർവേഡായി കിട്ടിയിട്ടുണ്ടോ ?

അർജുൻ: ഫോണിലൂടെ കഥ കേട്ടിട്ട് ‘ഉടലി’ന്റെ സ്ക്രിപ്റ്റ് ആദ്യം വായിച്ചത് ഞാനാണ്. ‘നല്ലതാണ്, ഒരുപാട് പെർഫോം ചെയ്യാനുണ്ട്, കരിയറിൽ വലിയ ഗുണം ചെയ്യു’മെന്നും പറഞ്ഞു. ഇന്റിമേറ്റ് സീൻ ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവളുടെ സംശയം എനിക്കോ ഫാമിലിക്കോ പ്രശ്നമുണ്ടാകുമോ എന്നായിരുന്നു.

ദുർഗ: ഇതിലെ ഫൈറ്റ് സീനുകളൊക്കെ ഡ്യൂപ്പില്ലാതെ ചെയ്യണമെന്നു ഞാൻ നിർബന്ധം പിടിച്ചു. ധ്യാൻ ശ്രീനിവാസൻ മുതുകിന് ഇടിക്കുന്ന രംഗത്തിൽ ശരിക്കും ഇടികിട്ടി. രണ്ടുദിവസം നെഞ്ചുവേദനയായിരുന്നു. ഇന്ദ്രൻസ് ഏട്ടന്റെ കയ്യിൽ നിന്നും ഇടി കിട്ടി. ഇതൊന്നും ടൈമിങ് തെറ്റി കിട്ടുന്നതല്ല കേട്ടോ. ആത്മാർഥത കൂടിപ്പോയിട്ട് അഭിനയം സത്യമായതാണ്. സ്റ്റൈയർകെയ്സിൽ നിന്നു വീണ് താഴെ ചുമരിൽ തലയിടിക്കുന്ന സീനുണ്ട്. അവസാനം അ ലമാരയിൽ തലയിടിക്കുന്ന സീൻ അഭിനയിച്ചുകഴിഞ്ഞ് ത ലയിലൊരു മരവിപ്പു പോലെ തോന്നിയതേ ഓർമയുള്ളൂ. പിന്നെ, ഉണരുന്നത് മണിക്കൂറുകൾക്ക് ശേഷമാണ്.

ഇതൊന്നും ചർച്ച ചെയ്യാതെ ബെഡ്റൂം സീനിനെ കുറിച്ചു മാത്രം പറയുന്നതിൽ നിന്നു തന്നെ മലയാളികളുടെ ‘സെക്‌ഷ്വൽ ഫ്രസ്ട്രേഷൻ’ മനസ്സിലാക്കാം. ഗൂഗിളിൽ ‘ദു ർഗ’ എന്നു സെർച് ചെയ്താൽ തന്നെ ‘ബെഡ്റൂം സീൻ’ എന്നു സജഷൻ വരും. ഈ സിനിമ ഇങ്ങനെ വ്യാഖ്യാനിക്കപ്പെട്ടതിൽ വലിയ വിഷമമുണ്ട്.

അർജുൻ: ഷൂട്ടിങ് സമയത്ത് ഇവൾക്ക് പലപ്പോഴും ‘ഷൈനി’യുടെ സ്വഭാവമായിരുന്നു. ഷോട്ടിന്റെ ബ്രേക്കിലും കൂനിയാണ് നടക്കുന്നത്. വീട്ടിൽ വന്നിട്ട് എന്നോട് വഴക്കിടും. മുടി കളർ ചെയ്യാൻ പോയ പാർലറിൽ വരെ തല്ലുണ്ടാക്കി.

ദുർഗ: ഡാൻസ് പഠിക്കാൻ വീട്ടുകാരോടു വഴക്കിട്ട് അനുവാദം വാങ്ങിയ ആളാണ് ഞാൻ. അപ്പോൾ സിനിമയിലഭിനയിക്കുന്ന കാര്യം പറയണോ. പക്ഷേ, ‘ഉടൽ’ ആ എതിർപ്പുകളെല്ലാം മാറ്റിത്തന്നു. സിനിമ കണ്ടിട്ട് അച്ഛൻ കണ്ണുനിറഞ്ഞു ചിരിക്കുന്നത് കണ്ടു. ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് കിട്ടിയെന്നറിഞ്ഞ് അമ്മ ഫോണിലൂടെ കരഞ്ഞു. പക്ഷേ, അച്ഛമ്മയെ സിനിമ കാണിച്ചില്ല കേട്ടോ. ‘ചോരയുണ്ട്, ഞാനൊരാളെ കൊല്ലുന്നതു കണ്ടാൽ പേടിക്കും’ എന്ന ഡയലോഗിൽ അച്ഛമ്മ പേടിച്ചു.

സംസ്ഥാന അവാർഡിൽ ‘ഉടൽ’ പരിഗണിക്കപ്പെട്ടില്ലല്ലോ?

ദുർഗ: എനിക്ക് അവാർഡ് കിട്ടാതിരുന്നതിലല്ല, ഇന്ദ്രൻസ് ഏട്ടനു വേണ്ടിയാണ് പോസ്റ്റിട്ടത്. ‘ഉടലി’ന്റെ ലൊക്കേഷനിലിരുന്നാണ് ‘ഹോം’ ഓടിടിയിൽ കണ്ടത്. അതിന് അ വാർഡ് കിട്ടുമെന്ന് വലിയ പ്രതീക്ഷയായിരുന്നു. പക്ഷേ, മറ്റു ചില കാരണങ്ങൾ കൊണ്ട് ആ സിനിമ തഴയപ്പെട്ടു.

ഇന്ദ്രൻസ് ഏട്ടനെ ‘ചാച്ചൻ’ എന്നാണു വിളിക്കുന്നത്. എന്റെ ആദ്യസിനിമ ‘വിമാന’മല്ല, അതിനു മുൻപ് റിലീസാകാത്ത ‘ലോന’ എന്ന ചിത്രത്തിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ആ ചിത്രത്തിൽ കുറച്ചു സീനുകളിലേ ‍ഞാനുള്ളൂ. അന്നുമുതലുള്ള സ്നേഹമാണ്.

അർജുന് അഭിനയമോഹമില്ലേ ?

അർജുൻ: ‘സൂഫിയും സുജാതയും’ സിനിമയിലെ സൂഫിയായി സംവിധായകൻ ഷാനവാസ്ക്ക ആദ്യം കാസ്റ്റ് ചെയ്തത് എന്നെയാണ്. സൂഫി ഡാൻസടക്കം പഠിച്ചെങ്കിലും പിന്നീട് കാസ്റ്റിങ് മുഴുവൻ മാറി. അന്നു ഷാനവാസ്ക്ക ഒരുപാട് സമാധാനിപ്പിച്ചു. ഒരു ചെടി സമ്മാനമായി തന്നു, അടുത്ത സിനിമയിൽ നല്ലൊരു വേഷവും ഓഫർ ചെയ്തു. പക്ഷേ, ഇപ്പോൾ ചെടി മാത്രമേ ബാക്കിയുള്ളൂ. ഷാനവാസ്ക്ക ഈ ലോകം വിട്ടുപോയി.

പിന്നീട് നിമിഷ സജയനൊപ്പം അഭിനയിക്കാൻ അവസരം വന്നു. ആ കഥാപാത്രത്തിനു വേണ്ടി നിറം കുറയ്ക്കാൻ ഉച്ചയ്ക്ക് 11 മണിക്ക് ബീച്ചിൽ ഓടാൻ പോകുമായിരുന്നു. ഭാരം പത്തു കിലോയിലധികം കുറച്ചു. പക്ഷേ, ആ പ്രോജക്ടും നടന്നില്ല. അങ്ങനെയിരിക്കെയാണ് ദുർഗയെ നായികയാക്കി ‘കൺഫഷൻസ് ഓഫ് എ കുക്കു’ നിർമിച്ചത്.

ഇപ്പോൾ പൂർണമായി നിർമാണത്തിലാണ് ശ്രദ്ധ. ലാ ൽ, സുഹാസിനി, സൈജു കുറുപ്പ്, വിനയ് ഫോർട്, ജാഫർ ഇടുക്കി, ബേസിൽ ജോസഫ് എന്നിവരൊക്കെ അഭിനയിക്കുന്ന ആന്തോളജി സിനിമയാണ് ഇപ്പോൾ ചെയ്യുന്നത്. ‘മധുരം ജീവാമൃതബിന്ദു’ എന്നാണ് പേര്.

ദുർഗയുടെ പുതിയ സിനിമകൾ ഏതാണ് ?

കോവിഡിനു മുൻപേ ഷൂട്ടിങ് കഴിഞ്ഞ ‘റാമി’ൽ ലാലേട്ടന്റെ സഹോദരിയാണു ഞാൻ. അതിന്റെ ക്ലൈമാക്സ് ഷൂട്ടിങ് ഈ മാസം തുടങ്ങും. ലോക്ഡൗൺ സമയത്ത് ഷൂട്ടിങ് പൂർത്തിയായ ആദ്യ കന്നട സിനിമയും റിലീസാകാൻ പോകുന്നു.

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ