Friday 30 September 2022 04:16 PM IST

‘ഡാൻസ് ഒക്കെ അറിയുമോ?’: ആ സ്റ്റെപ്പ് കണ്ട് സീരിയസായി ‍ചാക്കോച്ചനോടു ചോദിച്ചു: മറുപടി ഇങ്ങനെ... ഗായത്രി പറയുന്നു

Roopa Thayabji

Sub Editor

gayathri-sankar-77

ഇത്തവണ ഓണത്തിന് ഗായത്രിക്ക് രണ്ടു സന്തോഷങ്ങളുണ്ട്, കാത്തുകാത്തിരുന്നു കിട്ടിയ ആദ്യ മലയാളചിത്രം ‘ന്നാ താൻ കേസ് കൊട്’ തിയറ്ററുകളിൽ വിജയാഘോഷം തുടരുന്നു. കുറേ വർഷങ്ങൾക്കു ശേഷം നാട്ടിലെ വീട്ടിൽ ഓണമുണ്ണാം.

നാട്ടിലെ ഏതു വീട് എന്നു ചോദിച്ച് മൂക്കത്ത് വിരൽ വയ്ക്കേണ്ട, തമിഴിൽ പത്തു വർഷമായി നായികയായി വിലസുന്ന ഗായത്രി ശങ്കർ നല്ല അസ്സൽ മലയാളിക്കുട്ടിയാണ്.

പത്തു വർഷം വേണ്ടി വന്നു, സ്വന്തം ഭാഷയിലൊരു സിനിമ ചെയ്യാന്‍ എന്നു പറഞ്ഞാണ് ഗായത്രി സംസാരിക്കാ നിരുന്നത്. ‘‘മലയാളം സിനിമയെന്നു കേട്ടപ്പോൾ തുള്ളിച്ചാടിയാണ് കമിറ്റ് ചെയ്തത്. പിന്നെയല്ലേ മനസ്സിലായത്, എനിക്ക് ഒറ്റ മലയാളം ഡയലോഗ് പോലുമില്ല.

ആദ്യം ചെറിയ സങ്കടം തോന്നിയെങ്കിലും അതു സ ന്തോഷമായി മാറിയത് ലൊക്കേഷനിൽ വന്നപ്പോഴാണ്. പ യ്യന്നൂർ– കണ്ണൂർ സ്ലാങ് കേട്ട് ഇതേതു ഭാഷ എന്നു വരെ കൺഫ്യൂഷനായി.’’

മലയാളത്തിലെത്താൻ എന്താ ഇത്ര വൈകിയത് ?

മുൻപ് മലയാളത്തിൽ നിന്ന് ഓഫറുകൾ വന്നിരുന്നെങ്കിലും പല കാരണങ്ങൾ കൊണ്ട് നടന്നില്ല. ആദ്യത്തെ ലോക്‌ഡൗണിന്റെ സമയത്താണ് ഈ സിനിമയുടെ കാര്യം പറഞ്ഞ് സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ വിളിച്ചത്. ‘സൂപ്പർ ഡീലക്സ് കണ്ടു, നന്നായിട്ടുണ്ട്. എന്റെ അടുത്ത സിനിമയിലേക്ക് വരാൻ താൽപര്യമുണ്ടോ’ എ ന്നാണു ചോദിച്ചത്.

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ കണ്ട് എക്സൈറ്റഡായി ഇരിക്കുന്ന സമയമാണത്. സ്ക്രിപ്റ്റ് കിട്ടിയപ്പോൾ പിന്നെയും െഞട്ടി, മുഴുവൻ മലയാളം. അമ്മയാണ് തിരക്കഥ വായിച്ചത്. തമാശകളൊക്കെ വായിച്ച് അമ്മ പൊട്ടിച്ചിരിക്കുന്നത് കണ്ടപ്പോഴേ മനസ്സിലായി സംഗതി ജോറാകുമെന്ന്.

ലിവ് ഇൻ റിലേഷൻഷിപ്പുള്ള, കല്യാണം കഴിക്കാതെ അയാളുടെ കുട്ടിയെ പ്രസവിക്കാൻ മടിക്കാത്ത ദേവി എന്ന കഥാപാത്രം എനിക്കിഷ്ടപ്പെട്ടു. വള്ളം തുഴയുന്ന സീനിനു വേണ്ടി ഷൂട്ടിങ്ങിനു നാലു ദിവസം മുൻപേ ലൊക്കേഷനിലെത്തി കഷ്ടപ്പെട്ട് തുഴയാൻ പഠിച്ചതാണ്. അത്തരം കുറേ സീനുകൾ എഡിറ്റിങ്ങിൽ പോയതിൽ കുറച്ചു വിഷമമുണ്ട്.

ചാക്കോച്ചന്റെ സിനിമകൾ മുൻപ് കണ്ടിട്ടുണ്ടോ ?

‘വൈറസ്’ ‘ഭീമന്റെ വഴി’ ഇവ കണ്ടിട്ടാണ് ഷൂട്ടിങ്ങിനു വന്നത്. ചാക്കോച്ചൻ ഡാൻസ് ചെയ്യുന്ന സിനിമകളൊന്നും കണ്ടിട്ടേയില്ല. അമ്പലത്തിലെ ഡാൻസ് രംഗമെടുക്കുമ്പോൾ വളരെ സീരിയസായി ‍ഞാൻ ചാക്കോച്ചനോടു ചോ ദിച്ചു, ‘ഡാൻസ് ഒക്കെ അറിയുമോ.’

‘പോയി എന്റെ കുറച്ചു സിനിമ കാണെടോ’ എന്നു പറഞ്ഞിട്ട് ചാക്കോച്ചൻ ഷൂട്ടിങ്ങിനു പോയി. ആ ബ്രേക്കിൽ വെറുതേ ഗൂഗിൾ സെർച് ചെയ്തു. വനിത ഫിലിം അവാർഡിന് ചാക്കോച്ചൻ ചെയ്ത ഡാൻസ് പെർഫോമൻസ് യു ട്യൂബിൽ കണ്ട് ഞാൻ അന്തംവിട്ടു.

ചാക്കോച്ചന്റെ ഡാൻസ് മാത്രമല്ല, കാസർകോട് സ്ലാ ങ്ങും എന്നെ ഞെട്ടിച്ചു. കുത്താൻ വന്നു, കവുത്തിൽ പിടിച്ചു, ഉണ്ടായിനി എന്നൊക്കെയുള്ള വാക്കുകൾ സാഹചര്യത്തിനനുസരിച്ച് അർഥം മനസ്സിലാക്കി എടുക്കുകയായിരുന്നു. പിന്നെ, മലയാള സിനിമയുടെ വർക്കിങ് അവേഴ്സും ശീലമില്ല. ചെന്നൈയിൽ രാവിലെ ഒൻപതിനു ഷൂട്ടിങ് തുടങ്ങി വൈകിട്ട് ആറിനു പാക്കപ് ആകും. ഇവിടെ രാവിലെ ഏഴിനു തുടങ്ങുന്ന ഷൂട്ടിങ് രാത്രി വരെ നീളും. ക്ഷീണിച്ചു വന്നുകിടന്നാലും പിറ്റേന്നു രാവിലെ ഉത്സാഹത്തോടെ ഉണരുമെന്നതാണ് ഈ സിനിമയുടെ ഗുണം, അത്ര രസിച്ചാണ് വർക് ചെയ്തത്.

ഇക്കുറി വിഷുവും നാട്ടിലായിരുന്നോ ?

ഇത്തവണ കോവിഡും നിയന്ത്രണവും ഉള്ളതുകൊണ്ട് ചെറുവത്തൂരിലായിരുന്നു വിഷു ആഘോഷം. ‘വിക്രം’ സിനിമയുടെ ഹെലിക്യാം ഓപറേറ്റർ അനൂപ് ലാലിന്റെ കുടുംബം ചെറുവത്തൂരിലുണ്ട്. അവർക്കൊപ്പം സദ്യ കഴിച്ചു, കൈനീട്ടവും കിട്ടി. അവിടെ നിന്ന് നല്ല പഴുത്ത ചക്കയും കഴിച്ചു. തലേന്നു രാത്രി മുഴുവൻ ഷൂട്ടിങ് ഉണ്ടായിരുന്നു. വെളുപ്പിന് ആർട്ട് വിഭാഗം കണി ഒരുക്കി, എല്ലാവരും കണി കണ്ടിട്ട് പോയി കിടന്നുറങ്ങി.

അച്ഛൻ തമിഴ്നാട്ടുകാരനാണ്, അമ്മ തിരുവനന്തപുരത്തുകാരി. ഞാൻ ജനിച്ചത് തിരുവനന്തപുരത്താണെങ്കിലും വളർന്നത് ബെംഗളൂരുവിലാണ്. എല്ലാ വർഷവും അവധിക്ക് അമ്മവീട്ടിലേക്കു വരുന്നതായിരുന്നു ആ സമയത്തെ വലിയ സന്തോഷം. പട്ടുപാവാടയൊക്കെ ഇട്ട് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ഒപ്പം വിഷുക്കണിയൊരുക്കും.

ഒരു വ്യത്യാസം തോന്നിയത് പടക്കത്തിന്റെ ശബ്ദമാണ്. തിരുവനന്തപുരം ഭാഗത്ത് വിഷുവിന് പടക്കമൊന്നും പൊട്ടിക്കില്ല. പക്ഷേ, കണ്ണൂരിലും കാസർകോടും രണ്ടു ദിവസം മുൻപേ പടക്കം പൊട്ടി തുടങ്ങും. പല സ്ഥലങ്ങളിലെ ട്രാൻസ്ഫറൊക്കെ കഴിഞ്ഞ് ഹൈദരാബാദിൽ നിന്നാണ് അച്ഛനുമമ്മയും ഇപ്പോൾ നാട്ടിലേക്ക് വന്നത്. ഇക്കുറി ഓണം ഇവിടെ തന്നെ.

ചാക്കോച്ചന്റെ മാത്രമല്ല ഫഹദിന്റെയും നായികയായി ?

‘വിക്ര’ത്തിൽ ആദ്യമെനിക്ക് സംവിധായകൻ ലോകേഷ് കനകരാജിന്റെ അസിസ്റ്റന്റ് ഡയറക്ടറാകാനുള്ള അവസരമാണ് വന്നത്. പിന്നെയാണ് അഭിനയിക്കാനുണ്ടെന്നു പറഞ്ഞത്. ഫഹദിനൊപ്പം കോംബിനേഷൻ സീനുകളുള്ള, കമൽഹാസൻ സാറിനൊപ്പം ഒറ്റ ഷോട്ട് പോലുമില്ലാത്ത കഥാപാത്രമാണ് എന്റേത്. എങ്കിലും കമൽ സാറിനെ കാണാനും ഒരു ദിവസം കൂടെ ചെലവഴിക്കാനും പറ്റി. അത് എങ്ങനെയെന്നോ. ഷൂട്ടിങ്ങിന്റെ ആദ്യദിവസം കമൽ സാറിന്റെ ബർത്ഡേ ആയിരുന്നു. ലൊക്കേഷനിൽ വന്നാണ് സർ കേക്ക് മുറിച്ചത്.

‘22 ഫീമെയിൽ കോട്ടയം’, ‘ഡയമണ്ട് നെക്‌ലെയ്സ്’ ഒക്കെ ഞാൻ മുൻപ് കണ്ടിട്ടുണ്ട്. ഒരു കഥാപാത്രത്തിന്റെ മീറ്റർ ഇതാകണം എന്ന് എങ്ങനെയാണ് ഫഹദ് ഫിക്സ് ചെയ്യുന്നതെന്നു കണ്ടുപിടിക്കാനുള്ള കൗതുകത്തോടെയാണ് സെറ്റിലെത്തിയത്. പക്ഷേ, ഒന്നും കിട്ടിയില്ല. ലൊക്കേഷനിലെത്തിയാൽ ഫഹദ് വളരെ ശാന്തനാണ്, ഷോട്ട് റെഡിയാകും വരെ ഫോണൊക്കെ നോക്കിയിരിക്കും. ഷോട്ടിൽ തകർത്ത് അഭിനയിക്കും. ഇത്രമാത്രം ‘ഡൗൺ ടു എർത്’ ആയ ആളെ കണ്ടിട്ടില്ല, അതും ഇത്ര വലിയ ആക്ടർ.

കണ്ടിരിക്കേണ്ട, കുറച്ചു നല്ല മലയാളം സിനിമകൾ സ ജസ്റ്റ് ചെയ്യാമോ എന്നു ഞാൻ ചോദിച്ചു. ‘ഒന്നു മുതൽ പൂജ്യം വരെ’, ‘സന്ദേശം’, ‘വടക്കുനോക്കിയന്ത്രം’ ഒക്കെയാണ് ഫഹദ് തന്ന ലിസ്റ്റിലുണ്ടായിരുന്നത്. അതൊക്കെ തപ്പിയെടുത്ത് കാണുന്നതാണ് ഇപ്പോഴത്തെ എന്റെ ഹോബി.

gayathri-2

‘മണിച്ചിത്രത്താഴ്’ ആ ലിസ്റ്റിൽ ഉണ്ടായില്ലേ ?

ആ സിനിമ കാണാത്ത മലയാളിയുണ്ടോ. മലയാളം അറിയാത്തവർ പോലും കണ്ടു കാണും. ഞാൻ എത്ര വട്ടം ‘മണിച്ചിത്രത്താഴ്’ കണ്ടിട്ടുണ്ട് എന്നതിനു കണക്കില്ല.

പാതി മലയാളിയായ ഈ ബെംഗളൂരുകാരിയെ തേടി സിനിമ എത്തിയതെങ്ങനെ ?

‘സില്ല്‌ന് ഒരു കാതലി’നു ശേഷം സംവിധായകനും ടീമും അടുത്ത സിനിമയിലേക്ക് നായികയെ തേടി ബെംഗളൂരുവിൽ വന്നു. കുറേ പേരെ ഓഡിഷൻ ചെയ്തെങ്കിലും ആ രെയും സെലക്റ്റ് ചെയ്തില്ല. അവർ ഒരു റസ്റ്ററന്റിൽ ഇരിക്കുന്ന സമയത്ത് ഞാൻ കൂട്ടുകാർക്കൊപ്പം ഗെയിമിങ് ആ ർക്കേഡിലേക്കു പോകുന്നതു കണ്ടു.

എനിക്ക് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടോ എന്നു ചോദിക്കാനായി അവർ പിന്നാലെ വന്നപ്പോൾ ഞാ ൻ കരുതിയത് കിഡ്നാപ് ചെയ്യാനാണെന്നാണ്.

കാര്യമറിഞ്ഞപ്പോഴേ ഞാൻ ഹാപ്പിയായി. സ്ക്രീൻ ടെസ്റ്റ് കഴിഞ്ഞപ്പോൾ അവരും ഹാപ്പി. പക്ഷേ, അച്ഛനും അമ്മയും സമ്മതിച്ചില്ല. അവസാനം നടി ഭൂമിക ചൗളയെ കൊണ്ട് അമ്മയോടു സംസാരിപ്പിച്ചിട്ടാണ് ഒരുവിധം സമ്മതിച്ചത്. അന്നു ഞാൻ പ്ലസ്ടു പഠിക്കുകയാണ്. ഷൂട്ടിങ്ങിനു വേണ്ടി കുറേ ക്ലാസ് മിസ്സായി. അങ്ങനെ ഒരു വർഷം പോയി, ആ വർഷം സിനിമ റിലീസായുമില്ല. അതോടെ അമ്മ അന്ത്യശാസനം തന്നു, ‘ഡിഗ്രി പാസായിട്ടു മതി ഇനി അഭിനയം.’ അതോടെ പ്ലസ്ടു കഴിഞ്ഞ് സൈക്കോളജി, ജേണലിസം, സോഷ്യോളജി ട്രിപ്പിൾ മെയിനെടുത്ത് ഡിഗ്രിക്കു ചേർന്നു.

സെക്കൻഡ് ഇയറിനു പഠിക്കുമ്പോഴാണ് അടുത്ത സിനിമ, ‘നടുവിലെ കൊഞ്ചം പക്കത്തെ കാണോം.’ ആദ്യത്തെ സിനിമയെ കുറിച്ച് എല്ലാവരോടും ആഘോഷമായി പറഞ്ഞു നടന്നിട്ട് അതു റിലീസാകാത്തതിന്റെ കളിയാക്കൽ അപ്പോഴും തീർന്നിരുന്നില്ല. അതുകൊണ്ട് സംഗതി രഹസ്യമാക്കി വച്ചു. സിനിമ റിലീസാകും മുൻപ് തമിഴ് മാഗസിനി ൽ റിപ്പോർട്ട് വന്നു. അതോടെ കോളജിൽ സ്റ്റാറായി. ഇതി നിടെ അമ്മയ്ക്കു വാക്കു കൊടുത്തതു പോലെ ഡിഗ്രി ഡിസ്റ്റിങ്ഷനോടെ പാസായി.

അത്ര താൽപര്യമില്ലാതെയാണ് വിട്ടതെങ്കിലും അഭിനയിച്ചു തുടങ്ങിയതോടെ അച്ഛനും അമ്മയ്ക്കും സിനിമ ഇഷ്ടമായി. ആദ്യം രണ്ടുപേരും ലീവെടുത്ത് ലൊക്കേഷനിലേക്കു കൂട്ടുവരുമായിരുന്നു. അമ്മയായിരുന്നു എന്റെ മാനേജർ. റിട്ടയർ ചെയ്തു കഴിഞ്ഞ് വീണ്ടും ജോയിൻ ചെയ്തോളൂ എന്ന ഓഫർ കൊടുത്തിട്ടുണ്ട് ഞാൻ.

വിജയ് സേതുപതിയാണ് ഭാഗ്യനായകൻ എന്നു കേൾക്കുന്നത് ഇൻസൽറ്റിങ് ആണെന്നു പറഞ്ഞിരുന്നു?

ഞാൻ ഏറ്റവും ബഹുമാനത്തോടെയും അദ്ഭുതത്തോടെയും കാണുന്ന നടനാണ് സേതു. പക്ഷേ, രണ്ടുപേർ ഒന്നിച്ചു സിനിമയിൽ അഭിനയിച്ചു എന്നു കരുതി എങ്ങനെയാണ് ഞങ്ങൾ പരസ്പരം ഭാഗ്യനായികയും ഭാഗ്യനായകനും ആകുന്നത് എന്നാണ് ഞാൻ ചോദിച്ചത്. കഴിഞ്ഞ പത്തു വർഷമായി ഇതാണ് എല്ലാവരും ചോദിക്കുന്നത്.

ആ ചോദ്യം കേൾക്കുമ്പോൾ വല്ലാതെ ഇൻസൽറ്റിങ് ആയി തോന്നും. മറുപടി പറയാനും മടിക്കും. ഒരു കാര്യം മാത്രം പറയാം. ഞാൻ സിനിമകൾ ചെയ്യുന്നു, നല്ല അഭിപ്രായം കേൾക്കുന്നു. മോശമായി അഭിനയിച്ചാൽ നിങ്ങൾ വിമർശിക്കില്ലേ. പിന്നെ, എന്തിനാണ് നന്നായി അഭിനയിക്കുമ്പോൾ കൂടെയുള്ള ആൾക്ക് ക്രെഡിറ്റ് കൊടുക്കുന്നത്.

അഭിനയിക്കുന്ന കഥാപാത്രങ്ങളെ പോലെ ഗായത്രി നാടൻ പെൺകുട്ടിയാണോ ?

അല്ലേയല്ല, നല്ല ധൈര്യമുള്ള ടോംബോയ് ടൈപ് കുട്ടിയാണ് ‍റിയൽ ലൈഫിലെ ഗായത്രി. ചെന്നൈയിലെ ബസന്ത് നഗർ ബീച്ചിൽ വന്നാൽ വൈകുന്നേരങ്ങളിൽ ഷോർട്സുമിട്ട് ഫ്രിസ്ബി കളിക്കുന്ന എന്നെ കാണാം.

gayathri-sankar

അമ്മയ്ക്കും അച്ഛനും എല്ലാ മൂന്നു വർഷവും ട്രാൻസ്ഫർ ഉള്ളതു കൊണ്ട് ഓരോ സ്കൂളിലും കുറേ കൂട്ടുകാരുണ്ടാകും. ആറാം ക്ലാസ് മുതലുള്ള, നാലുപേരടങ്ങിയ ഫ്രണ്ട്സ് ഗ്യാങ് ഉണ്ട്. ആ സൗഹൃദത്തിന്റെ 20–ാം ആനിവേഴ്സറി ആഘോഷിച്ചത് ശ്രീലങ്കയിൽ വച്ചാണ്. ഇപ്പോൾ ഗ്യാങ്ങിലെ ബാക്കി മൂന്നു പേരും കല്യാണം കഴിച്ചു.

സിംഗിൾ സ്റ്റാറ്റസ് മാറ്റാറായില്ലേ ?

മാറ്റണം, സമയമാകട്ടെ. സിനിമ സംവിധാനം ചെയ്യണമെന്നാണ് ഇപ്പോഴുള്ള സ്വപ്നം. സംവിധാനം ചെയ്ത രണ്ടു ഷോർട് ഫിലിംസ്, ‘റോഡ് ടു തുമ്പ’യും ‘ഷിറ്റ് ഹാപ്പൻസും’ ഇന്ത്യാ ഫിലിം പ്രൊജക്ട്സ് അവാർഡ് നേടി. കുറച്ചു കഥകളൊക്കെ മനസ്സിലുണ്ട്. സ്ക്രിപ്റ്റ് ആക്കി എഴുതണം, സംവിധാനം ചെയ്യണം.

‘മാമനിതൻ’ ആണ് തമിഴിൽ ഒടുവിൽ റിലീസായത്. പ്രഭുദേവയ്ക്കൊപ്പം ‘ബഗീര’യും ജി.വി. പ്രകാശിനൊപ്പം ‘ഇടിമുഴക്കവും’ റിലീസാകാനുണ്ട്. കുറച്ചു കഥകൾ കേട്ടിട്ടുണ്ട്, മലയാളത്തിലും തമിഴിലും. ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. വരട്ടെ, ഞാൻ ഇവിടെ തന്നെയുണ്ടല്ലോ.

രൂപാ ദയാബ്ജി

ഫോട്ടോ: ബേസിൽ പൗലോ