Thursday 28 July 2022 03:16 PM IST

‘ഷോട്ട് കഴിഞ്ഞപ്പോൾ ഞാൻ കേട്ടത് ഒരു കയ്യടിയാണ്, രജനിസാറാണ് കയ്യടിക്കുന്നത്’: മാളവിക... മുംബൈ മല്ലു ഗേൾ

Roopa Thayabji

Sub Editor

malavika-mohanan-vanitha

പുതിയ ഹിന്ദി സിനിമയുടെ പോർച്ചുഗലിലെ ലൊക്കേഷനിൽ നിന്ന് മുംബൈയിൽ എത്തിയതേയുള്ളൂ മാളവിക മോഹനൻ. വീണുകിട്ടിയ ബ്രേക്കിൽ അമ്മയോട് സ്പെഷൽ മീൻകറിയും കുത്തരിച്ചോറും വേണമെന്നു പറഞ്ഞിരിക്കുകയാണ്. കാരണം, ഇനി അടുത്തെങ്ങും ആ രുചി നുണയാനാകില്ല.

ഹിന്ദി സിനിമയിലെ പ്രശസ്ത ക്യാമറാമാ ൻ കെ.യു. മോഹനന്റെയും ജേർണലിസ്റ്റായ ബീന മോഹന്റെയും മകൾ. മുംബൈയിൽ വള ർന്നിട്ടും മാളവികയുടെ ഇഷ്ടങ്ങളുടെ വേര് ഇങ്ങു കേരളത്തിലാണ്. മലയാളത്തിൽ തുടങ്ങി തമിഴിലും ഹിന്ദിയിലും നായികാപദവി ഉറപ്പിക്കുമ്പോഴും അതിനൊരു മാറ്റവുമില്ല.

ഹിന്ദിയിലെ പുതിയ വിശേഷങ്ങൾ ?

സിദ്ധാർഥ് ചതുർവേദി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏതാണ്ട് പൂർത്തിയായി, ഇനി പാട്ടു സീൻ മാത്രമേ ഉള്ളൂ. ‘ത്വാബ’ എന്ന മ്യൂസിക് ആൽബമാണ് ഹിന്ദിയിൽ അടുത്തിടെ റിലീസായത്. ഇതിനിടെ സൽമാൻ ഖാൻ നായകനായ സിനിമയിലേക്ക് ഓഫർ വന്നിരുന്നു. പക്ഷേ, അത് നടന്നില്ല.

ഹിന്ദിയിലും തെലുങ്കിലും ഓരോ പ്രോജക്ടുകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്. കുറേ കഥകൾ തമിഴിലും മലയാളത്തിലും ഹിന്ദിയിലും കേൾക്കുന്നുമുണ്ട്.

‘മാര’ന്റെ വിജയാവേശത്തിലാണോ ?

രണ്ടു വർഷം മുൻപ് ധനുഷിന്റെ ബർത്ഡേയ്ക്ക് ‘ഹാപ്പി ബർത് ഡേ ധനുഷ്, ഐ ഹോപ് ടു വർക് വിത് യു സൂൺ...’ എന്നു ഞാൻ ട്വീറ്റ് ചെയ്തു. തൊട്ടുപിന്നാലെയാണ് ‘മാരനി’ലേക്ക് ഓ ഫർ വന്നത്. പലരും ചോദിച്ചു, ഓഫർ വന്ന ശേഷമാണോ ട്വീറ്റ് ചെയ്തതെന്ന്. ടൈമിങ് പെ ർഫെക്ട് ആയത് എന്റെ കുഴപ്പം കൊണ്ടല്ലല്ലോ.

‘മാര’ന്റെ കരാർ ഒപ്പിടുമ്പോൾ ‍ഞാൻ ധനുഷിനോട് ഒരു പഴയ സംഭവം പറഞ്ഞു. എന്റെ ആദ്യ മലയാള സിനിമ ‘പട്ടം പോലെ’യ്ക്കു തൊട്ടു പിന്നാലെ അച്ഛൻ ചെയ്ത പരസ്യചിത്രത്തിന്റെ സെറ്റിൽ വച്ച് ധനുഷിനെ കാണാനിടയായി.

‘ഞാൻ നിങ്ങളുടെ ബിഗ് ഫാനാണ്. താമസിയാതെ നിങ്ങൾക്കൊപ്പം അഭിനയിക്കാൻ ഇടവരട്ടെ’ എന്ന് അവിടെ വച്ച് ഞാൻ ധനുഷിനോടു പറഞ്ഞിരുന്നു. അന്നത്തെ സ്വപ്നം യാഥാർഥ്യമായ നിമിഷമാണിത് എന്നു പറഞ്ഞതു കേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു.

ജേർണലിസ്റ്റാകാൻ അമ്മയെ മോഡലാക്കിയോ ?

അമ്മ വളരെ ബോൾഡ് ആൻഡ് സ്ട്രോങ് ആ ണ്. പല കാര്യങ്ങളിലും എന്റെ റോൾ മോഡൽ. മറ്റുള്ളവർ എന്തു വിചാരിക്കും എന്നു കരുതി വ്യക്തിത്വം മറച്ചുവയ്ക്കാനൊന്നും അമ്മയെ കിട്ടില്ല. പറയാനുള്ള കാര്യങ്ങൾ മുഖത്തു നോക്കി പ റയും. ആ സ്വഭാവം ‘മാരനി’ലെ കഥാപാത്രത്തിനു വേണ്ടി ‍കടമെടുത്തിട്ടുണ്ട്.

രജനികാന്ത്, വിജയ്, ധനുഷ്... ഗ്രാഫ് മുകളിലേക്കാണല്ലോ ?

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്നു പറയാറില്ലേ. ഞാനും അതു വിശ്വസിക്കുന്നു. തമിഴിലെ ആദ്യ സിനിമ രജനി സാറിനൊപ്പമാകുമെന്നോ അടുത്ത ചിത്രത്തിൽ വിജയ് സാറിന്റെ നായികയാകുമെന്നോ വിചാരിച്ചിട്ടേയില്ല. ‘പേട്ട’ ചെയ്യുന്ന സമയം. അന്നു ഞാൻ തമിഴ് പഠിച്ചുവരുന്നേയുള്ളൂ. അച്ഛൻ മരിച്ച ശേഷം ഇമോഷനലായി സംസാരിക്കുന്ന ഒരു വലിയ സീനുണ്ട്. രജനിസാറും നവാസുദ്ദീൻ സിദ്ദിഖിയും തൃഷയുമൊക്കെയാണ് ആ രംഗത്തിൽ.

രണ്ടു ക്യാമറ വച്ചാണ് ഷൂട്ടിങ്, ക്ലോസ് അപ് ഷോട്ടും വൈഡ് ഷോട്ടും ഒരേ സമയം തന്നെ എടുക്കും. എന്റെ ഭാഗത്തു നിന്നുള്ള പിഴവു കൊണ്ട് റീടേക് വേണ്ടി വരരുത് എന്നോർത്ത് ഡയലോഗ് മുഴുവൻ കാണാപ്പാഠം പഠിച്ചു. ഷോട്ട് കഴിഞ്ഞപ്പോൾ ഞാൻ കേട്ടത് ഒരു കയ്യടിയാണ്. രജനിസാറാണ് കയ്യടിക്കുന്നത്. ആ നിമിഷത്തെ സന്തോഷം പറഞ്ഞറിയിക്കാനാകില്ല.

പേട്ട, മാസ്റ്റർ, മാരൻ... മൂന്നു സൂപ്പർതാരങ്ങളിൽ നിന്ന് എന്തൊക്കെയാണ് പഠിച്ചത് ?

വളരെ സപ്പോർട്ടീവ് ആയ കോ – ആക്ടറാണ് രജനിസാർ. കൂടെയുള്ളവരെ കംഫർടബിളാക്കാൻ അദ്ദേഹം നമ്മുടെ താൽപര്യങ്ങളറിഞ്ഞ് സംസാരിച്ചുകൊണ്ടിരിക്കും. വിജയ് സർ നല്ല തയാറെടുപ്പോടെയാണ് സെറ്റിലേക്കു വരുന്നത്. നാലു പേജു നീളുന്ന ഡയലോഗായാലും ഒരു റീടേക് പോലും വേണ്ടി വരില്ല. ധനുഷിനൊപ്പം ഒരു സിനിമ ചെയ്താൽ നമ്മുടെ അഭിനയത്തിന്റെ ഗ്രാഫും ഉയരും. ജോലിയിൽ എത്രമാത്രം ആത്മാർഥതയോടെ നിൽക്കണം എന്നു നമ്മൾ പഠിക്കുന്നത് ഇവരെയൊക്കെ കണ്ടാണ്.

സിനിമ കരിയറാക്കിയപ്പോൾ അച്ഛനിൽ നിന്നു കിട്ടിയ ടിപ് ?

എങ്ങനെ നല്ല നടിയാകണമെന്നല്ല, എങ്ങനെ നല്ല പ്രഫഷനലാകണം എന്നാണ് സിനിമയിൽ എത്തിയപ്പോൾ അ ച്ഛൻ പറഞ്ഞത്. ഷൂട്ടിങ്ങിൽ എത്ര നന്നായി പെർഫോം ചെയ്താലും സെറ്റിലുള്ളവർ ഓർത്തിരിക്കുന്നത് പുഞ്ചിരിയോടെ പറഞ്ഞ ഒരു വാക്കാകും. മൂന്നോ നാലോ മാസ മൊക്കെ സിനിമയ്ക്കായി അച്ഛൻ മാറി നിൽക്കുന്നത് ക ണ്ടാണ് ഞാനും അനിയൻ ആദിത്യയും വളർന്നത്. ജോലിയിലെ അച്ഛന്റെ െഡഡിക്കേഷൻ മനസ്സിലായത് പിന്നീടാണ്.

ഒരിക്കൽ അച്ഛനൊപ്പം ഞങ്ങളും ‘ഡോണി’ന്റെ സെറ്റിൽ പോയി. അന്നെനിക്ക് 13 വയസ്സേ ഉള്ളൂ. ബോളിവുഡ് കിങ് ഷാറൂഖ് ഖാനെ കണ്ട ഞെട്ടലിൽ എനിക്കു ശബ്ദം പോലും പുറത്തുവന്നില്ല. വർഷങ്ങൾക്കു ശേഷമാണ് മ റ്റൊരു അദ്ഭുതം സംഭവിച്ചത്. ‘ബിയോണ്ട് ദ് ക്ലൗഡ്സ്’ റിലീസായ വർഷം മികച്ച പുതുമുഖ നായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ് നോമിനേഷനിൽ ഞാനുമുണ്ട്. അവാ ർഡ് തരാനെത്തിയ ഷാറൂഖ് ഖാൻ നോമിനീസിനെ സ്റ്റേജിൽ വിളിച്ച് ഒപ്പം ഡാൻസ് ചെയ്തു.

സിനിമയിൽ നിന്ന് ഞാൻ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. ഇതൊരു ‘മെന്റലി ഈസി’ ഇൻഡസ്ട്രിയല്ല. കുറേ കാലത്തെ കഷ്ടപ്പാടും കാത്തിരിപ്പും കൊണ്ടേ താരമാകാൻ സാധിക്കൂ. പരാജയത്തെ നേരിടാൻ കൂടി മനസ്സുകൊണ്ട് തയാറെടുക്കണം. സിനിമയുടെ ഗ്ലാമറും തിളക്കവും കണ്ട് പല തരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ മുതിരുന്നവർ ഉണ്ടാകും. പക്ഷേ, നിങ്ങൾക്ക് കഴിവില്ലെങ്കിൽ പിന്നെ എങ്ങനെയാണ് അടുത്ത സിനിമയിൽ ചാൻസ് കിട്ടുക.

മാളവികയുടെ വീട്ടിൽ സദ്യ തയാറായാൽ വിക്കി കൗശൽ എത്തുമെന്നു കേട്ടല്ലോ ?

30 വർഷമായി ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ ആത്മബന്ധമാണ്. തൊട്ടടുത്താണ് ഞങ്ങൾ താമസിച്ചിരുന്നത്. വിക്കിയുടെ അച്ഛൻ സിനിമയിലെ സ്റ്റണ്ട് മാസ്റ്ററാണ്. വിക്കിക്ക് മലയാളി ഫൂഡ് വലിയ ഇഷ്ടമാണ്. സദ്യയുണ്ടാക്കി എന്നു കേട്ടാൽ വീട്ടിലെത്തും. വിക്കിയുടെയും കത്രീന കൈഫിന്റെയും പ്രണയം ആദ്യം തൊട്ടേ എനിക്കറിയാം. കുറേ രസങ്ങളും തമാശകളുമുള്ള പഞ്ചാബി കല്യാണം ആദ്യമായി ഞാൻ കൂടിയതും വിക്കിയുടെയും കത്രീനയുടെയുമാണ്.

കേരളത്തിൽ അവസാനം വന്നത് എന്നാണ് ?

ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു അമ്മയുടെ അച്ഛന്റെ എ ൺപതാം ജന്മദിനം. അതാഘോഷിക്കാൻ ഞങ്ങളെല്ലാവരും ബേക്കൽ കോട്ടയിൽ ഒത്തുകൂടി. കൊച്ചിയിലെ കൂട്ടുകാരെ കാണാനും ഇടയ്ക്കിടെ വരാറുണ്ട്. പണ്ട് മുംബൈയിൽ നിന്ന് പയ്യന്നൂരിലേക്കു വരാൻ ഇഷ്ടമേ ഇല്ലായിരുന്നു. ആകെയുള്ള ഇഷ്ടം മാമ്പഴമധുരമാണ്. അന്നേ ടോംബോയ് ആണ് ഞാൻ, മാവിൽ കയറാൻ മിടുക്കി. കുട്ടിക്കാലത്തെ പയ്യന്നൂർ യാത്രകളൊക്കെ രസമുള്ള ഓർമയാണ്.

ഫഹദ് വിളിക്കുമ്പോഴൊക്കെ പറയും, നല്ല സ്ക്രിപ്റ്റ് വന്നാൽ നമുക്കൊന്നിച്ച് സിനിമ ചെയ്യണമെന്ന്. ജൂഡ് ആ ന്റണിയെയും ദിലീഷ് പോത്തനെയും വലിയ ഇഷ്ടമാണ്. എപ്പോൾ ഓഫർ വന്നാലും മലയാളം ചെയ്യാൻ മോഹമുണ്ട്.

രൂപാ ദയാബ്ജി