Tuesday 29 November 2022 12:46 PM IST

‘സർജറിക്കു ശേഷം വണ്ണം വച്ചപ്പോൾ ഒരുപാടു ട്രോളുകളുണ്ടായി, അപകടത്തിനു ശേഷം ഒരു ചുവടുപോലും വയ്ക്കാനായില്ല’

Roopa Thayabji

Sub Editor

manjima-mohan-14

ചെന്നൈയിലെ വീട്ടിൽ ലോകി എന്നു പേരുള്ള പൂച്ചക്കുട്ടിയെ കളിപ്പിച്ചു കൊണ്ടിരിക്കുന്ന മഞ്ജിമ മോഹനെ കണ്ടാൽ ‘ബേബി മഞ്ജിമ’ ഒട്ടും വളർന്നിട്ടില്ല എന്നു തോന്നും. ലോകിയോടു കുറുമ്പുകാട്ടുന്ന കുട്ടി.

മലയാളത്തിൽ നായികയായി തുടങ്ങി തമിഴിലെ പ്രോമിസിങ് സ്റ്റാർ ആയി ചുവടുറപ്പിച്ച മഞ്ജിമ ഈയിടെയാണ് ഒരു സന്തോഷവാർത്ത പുറത്തുവിട്ടത്, തമിഴ്നടൻ ഗൗതം കാർത്തിക്കുമായി പ്രണയമാണ്. അതിനെ കുറിച്ചാണ് മഞ്ജിമ പറഞ്ഞു തുടങ്ങിയതും.

‘‘മുൻപൊരിക്കൽ വിവാഹവാർത്ത കേട്ട് അച്ഛൻ വിളിച്ചു, ‘കെട്ടാൻ പോകുന്നെന്നു കേട്ടല്ലോ, കൺഗ്രാജുലേഷൻസ്...’ അന്ന് ആരോടും ഒന്നും പറഞ്ഞില്ല, എല്ലാം പറയേണ്ട സമയത്തു പറയാം എന്നു കരുതി. ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ ഒന്നാണ് പ്രണയം. അതു വെളിപ്പെടുത്താൻ അതിന്റേതായ സമയമുണ്ടല്ലോ.’’

മുൻപ് ഗൗതമിന്റെ ജന്മദിനാശംസ വൈറലായിരുന്നല്ലോ ?

ജീവിതത്തിൽ വളരെ സ്പെഷലായി കരുതാവുന്ന കുറച്ചു പേരുണ്ട് എനിക്ക്. ഗൗതം കാർത്തിക് എനിക്കു വളരെ സ്പെഷലായ വ്യക്തിയാണ്. ‘ദേവരാട്ടം’ സിനിമയിൽ നായികാ നായകന്മാരായ കാലത്താണ് ഞാനും ഗൗതമും സുഹൃത്തുക്കളായത്.

manjima-gowtham

എന്റെ അപകടത്തിനു ശേഷമാണ് ആ സുഹൃത്ത് എത്രത്തോളം പ്രിയപ്പെട്ടവനാണെന്നു മനസ്സിലായത്. പാദം മുറിച്ചു കളയേണ്ടി വരുമെന്നു േകട്ടപ്പോൾ ഞാൻ മാനസികമായി തളർന്നു. അച്ഛനും അമ്മയ്ക്കും എന്നെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. അന്നു കൂടെ നിന്നത് ഗൗതമാണ്. ഓരോ ദിവസവും ഞങ്ങളുടെ അടുപ്പം കൂടിക്കൂടി വന്നു. അച്ഛനും അമ്മയ്ക്കുമൊക്കെ ഗൗതമിനെ വലിയ ഇഷ്ടമാണ്.

എന്തായിരുന്നു അപകടം ?

2019 സെപ്തബറിലാണ് അപ്രതീക്ഷിതമായി ആ അപകടം. ചെന്നൈയിലെ വീടിന്റെ ഗേറ്റ് അടച്ചിട്ട് തിരിഞ്ഞു നടക്കുമ്പോൾ അതേ ശക്തിയിൽ ഗേറ്റ് തിരിച്ചുവന്ന് കാലിൽ ഇടിച്ചു. ഉപ്പൂറ്റിയുടെ തൊട്ടുമുകളിലാണ് ഇടി കിട്ടിയത്. മുറിഞ്ഞു രക്തം വരുന്നു, വല്ലാത്ത വേദനയും. ആശുപത്രിയിൽ നിന്നു മുറിവു വച്ചുകെട്ടി വിട്ടു. കഴിക്കാൻ കുറച്ചു മരുന്നുകളും തന്നു.‌‌

അതിനു ശേഷമായിരുന്നു തമിഴ് ചിത്രമായ ‘എഫ്ഐആറി’ന്റെ പൂജ. മുറിഞ്ഞ കാലുമായാണ് പോയത്. ഒന്നര മാസത്തോളം വേദന സഹിച്ച് നടന്നു. ഒരു ദിവസം സഹിക്കാൻ പറ്റാതെ അപ്പോളോ ആശുപത്രിയിൽ പോയി. സ്കാൻ ചെയ്തപ്പോഴാണ് പൊട്ടലുണ്ടെന്ന് കണ്ടത്. കുറ ച്ചുകൂടി വൈകിയിരുന്നെങ്കിൽ പാദം മുറിച്ചു കളയേണ്ടി വ ന്നേനെ. രണ്ടര മണിക്കൂറെടുത്താണ് സർജറി പൂർത്തിയായത്. മൂന്നുമാസം ബെഡ്റെസ്റ്റ് വേണമെന്നു ഡോക്ടർ പറഞ്ഞു. അതിനു ശേഷം വാക്കറിൽ നടന്നു തുടങ്ങി.

സർജറിക്കു ശേഷം പല പ്രശ്നങ്ങളായി, ഡിസ്കിനു തകരാറു വന്നു, തൈറോയ്ഡ് പ്രശ്നക്കാരനായി. പിസിഒഡി കണ്ടുപിടിച്ചു. ഇങ്ങനെ അസുഖങ്ങൾ തുടർച്ചയായതോടെ മാനസികമായും തളർന്നു.

പക്ഷേ, എഫ്ഐആറിൽ തകർത്തഭിനയിച്ചല്ലോ ?

മൂന്നുമാസത്തെ ബെഡ് റെസ്റ്റ് കഴിഞ്ഞ് ഞാൻ ചെല്ലുന്നതു വരെ ടീമിനെ വെയ്റ്റ് ചെയ്യിക്കേണ്ട എന്ന് കരുതി. ‘മറ്റാരെയെങ്കിലും ആ റോളിലേക്കു നോക്കിക്കോളൂ’ എന്നു സംവിധായകൻ മനുവിനോടു ഫോണിലൂടെ പറയുമ്പോൾ കരച്ചിൽ വന്നു ശബ്ദം മുറിഞ്ഞിരുന്നു. പക്ഷേ, സിനിമ നിർമിച്ച നായകൻ വിഷ്ണു വിശാൽ അടക്കമുള്ളവർ കാത്തിരിക്കാൻ തയാറായി. സിനിമയുടെ തിരക്കഥയിലും എനിക്കു വേണ്ടി മാറ്റങ്ങൾ വരുത്തി. ഡാൻസ് രംഗങ്ങൾ കൂടുതലുള്ള ഒരു പാട്ടും സ്കൂട്ടറോടിച്ചു പോകുന്ന സീക്വൻസുകളും ഒഴിവാക്കി. സിനിമ കണ്ടാലറിയാം മിക്ക സീനുകളിലും ഞാൻ ഇരിക്കുകയാണ്.

ഇതിനിടെ മുംബൈയിൽ രണ്ടു പരസ്യങ്ങളുടെ ഷൂട്ടിനു പോയത് വീൽചെയറിലാണ്. ഇപ്പോഴും ഒരുപാടു നേരം നിന്നാൽ കാലു വേദനിക്കും.

എന്തുകൊണ്ടാണ് മലയാളത്തിലേക്ക് വരാൻ വൈകുന്നത് ?

സിനിമയിൽ വന്ന കാലത്ത് അച്ഛൻ പറഞ്ഞു, ‘പെട്ടെന്ന് സിനിമകൾ ചെയ്തിട്ട് അങ്ങു മാഞ്ഞുപോകരുത്. വളരെ പതുക്കെ സിനിമ ചെയ്താലും കുഴപ്പമില്ല, കൂടുതൽ കാ ലം ഓർമിക്കപ്പെടാവുന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുക്കണം.’ ഒരുപാടു പടങ്ങൾ ഒരേസമയം ചെയ്തു വളരെ തിരക്കിൽ ഓടിനടന്ന ആളാണ് അച്ഛൻ. ഞാൻ വളരുന്ന കാലത്തൊന്നും അച്ഛനെ അടുത്ത് കിട്ടിയിട്ടേയില്ല. അതൊക്കെ എന്റെ മനസ്സിലും ഉണ്ട്.

മലയാളത്തിലേക്ക് എന്താണു വരാത്തത് എന്നാണ് എ പ്പോഴും എല്ലാവരും ചോദിക്കുന്നത്. മലയാളത്തിൽ നിന്ന് ഓഫറുകളൊന്നും വരുന്നില്ല എന്നതാണ് സത്യം. കേട്ടത് പല കാരണങ്ങളാണ്. ഞാൻ പ്രതിഫലം കൂടുതൽ ചോദിക്കുമത്രേ. നാട്ടിലില്ല എന്നതാണ് മറ്റൊരു കഥ. ആരു വഴിയാണ് കോണ്ടാക്ട് ചെയ്യേണ്ടത് എന്നറിയില്ല എന്നതാണ് ഏറ്റവും തമാശ തോന്നിയ കാരണം. സിനിമാട്ടൊഗ്രഫർ വിപിൻ മോഹൻ എന്ന എന്റെ അച്ഛനെ അറിയാത്ത ഏതെങ്കിലും ടെക്നീഷ്യൻ മലയാളത്തിലുണ്ടോ?

‘വടക്കൻ സെൽഫി’ക്കു ശേഷം മലയാളത്തിൽ ചെയ്തത് ‘മിഖായേലാ’ണ്. പിന്നീട് നായികയായ ‘സംസം’ ഹിന്ദിയിൽ കങ്കണ അഭിനയിച്ച ‘ക്വീനി’ന്റെ റീമേക്കാണ്. അത് റിലീസായിട്ടില്ല.

കോവിഡ് കാലത്തെ ആശുപത്രിവാസം ടെൻഷനടിപ്പിച്ചോ ?

ഇല്ലേയില്ല, കോളജ് കാലം മുതൽ ഒറ്റയ്ക്ക് എല്ലാം മാനേജ് ചെയ്ത എനിക്ക് കാലു വയ്യാതായപ്പോൾ അതു മാത്രമായിരുന്നു ദേഷ്യം. പിച്ചവച്ചു തുടങ്ങിയ കാലത്തേ ഞാൻ

ഡാൻസ് സ്റ്റെപ്പുകൾ വയ്ക്കുമായിരുന്നു എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. എന്നും ഡാൻസ് ചെയ്തിരുന്ന എനിക്ക് അപകടത്തിനു ശേഷം ഒരു ചുവടുപോലും വയ്ക്കാനായില്ല. ഇപ്പോൾ ഡാൻസും യോഗയും വീണ്ടും തുടങ്ങി.

വിവാഹത്തെ കുറിച്ചും മറ്റും ഓൺലൈനിൽ വന്ന വാർത്തകളൊക്കെ കാണാറുണ്ടോ ?

‘എഫ്ഐആറി’ന്റെ റിലീസിനു ശേഷം ആളുകൾ കൺഗ്രാറ്റ്സ് പറയുമ്പോൾ സംശയമാണ്, എന്തിനാണാവോ ഇത് എന്ന്. അത്രമാത്രം വാർത്തകളല്ലേ ചുറ്റും കറങ്ങുന്നത്.‌

സിനിമയിൽ വന്നാൽ രണ്ടു കാര്യങ്ങൾ പഠിക്കണം, വിജയവും പരാജയവും. നമ്മുടെ സിനിമയെയും കഥാപാത്രത്തെയും ആളുകൾ അംഗീകരിക്കുന്നതിൽ സന്തോഷിക്കുന്നതു പോലെ തന്നെയാണ് വരുന്ന ഗോസിപ്പുകളെ ശ്രദ്ധിക്കാതെ വിടുന്നതും. അതൊന്നും ഓർത്ത് വിഷമിക്കാറില്ല.

സർജറിക്കു ശേഷം വണ്ണം വച്ചപ്പോഴും ഒരുപാടു ട്രോളുകളുണ്ടായി. ഒരു നടൻ വണ്ണം വച്ചാൽ ആർക്കും ഒന്നും പറയാനില്ല. പക്ഷേ, നടി വണ്ണം വച്ചാലുടൻ ബോഡി ഷെയ്മിങ്ങായി.

ചെന്നൈ നഗരമാണോ ഇപ്പോൾ പ്രിയ ഇടം ?

പ്ലസ്ടു വരെ തിരുവനന്തപുരത്ത് നിർമല ഭവനിലാണ് പഠിച്ചത്. ബാലതാരമായി അഭിനയിച്ചതു കൊണ്ട് കുറച്ചു മുതിർന്നപ്പോഴും എവിടെ പോയാലും ആളുകൾ ചുറ്റും കൂടും. നാട്ടിൽ നിന്നാൽ എല്ലാവരും തിരിച്ചറിയുമെന്നു പേടിച്ചാണ് ചെന്നൈയിലേക്കു വന്നത്.

ബിഎസ്‍സി മാത്‍സ് പഠിക്കുന്നതിനിടെയും നായികയാകാൻ ഓഫറുകൾ വരുന്നുണ്ടായിരുന്നു. ആദ്യം സിനിമയേ വേണ്ടെന്നു വച്ച് ഇരുന്നു. പക്ഷേ, ഏതോ പോയിന്റിൽ മനസ്സിലായി ഇതുതന്നെയാണ് വേണ്ടത് എന്ന്. അങ്ങനെയിരിക്കെ ഒരു ഓഫർ വന്നു. പക്ഷേ, അഭിനയിക്കാൻ കോളജിൽ നിന്ന് പെർമിഷൻ കിട്ടിയില്ല. ആ സിനിമ തിയറ്ററിലിരുന്നു കണ്ടു ‍കരഞ്ഞു.

പിന്നീട് വിനീതേട്ടനോട് അങ്ങോട്ടു ചാൻസ് ചോദിച്ചാണ് ‘ഒരു വടക്കൻ സെൽഫി’ കിട്ടിയത്. അപ്പോഴേക്കും കോഴ്സ് കഴിഞ്ഞിരുന്നു. എങ്കിലും ഇവിടം വിട്ടു പോകാൻ തോന്നിയില്ല. ചെന്നൈയോട് ഇമോഷണലി വലിയ അറ്റാച്മെന്റ് ആണ്.

‘വടക്കൻ സെൽഫി’യിലെ കരച്ചിൽ സീൻ ട്രോളായല്ലോ ?

വളരെ ആത്മാർഥമായിട്ടാണ് ചെയ്തതെങ്കിലും, ഒരുപക്ഷേ, കുട്ടി മഞ്ജിമയുടെ ഇമേജു കൂടി ഉള്ളതു കൊണ്ടാകും അതു ട്രോളായത്. സിനിമ റിലീസായ ശേഷം തിയറ്റർ ഉടമകളുടെ ആവശ്യപ്രകാരം ആ സീൻ നീക്കാമോ എന്നു വിനീതേട്ടനോടു ചിലർ ചോദിച്ചിരുന്നു.

നാട്ടിൽ അങ്ങനെയാണെങ്കിൽ തമിഴിൽ ആ സീനാണ് ഭാഗ്യം തന്നത്. ആ സിനിമയുടെ ട്രെയ്‌ലർ കണ്ടിട്ട് ഗൗതം മേനോൻ സാർ എന്റെ നമ്പർ വാങ്ങി എന്ന് വിനീതേട്ടൻ പറഞ്ഞപ്പോൾ പറ്റിക്കുകയാണെന്നാണ് കരുതിയത്.

പിന്നെയൊരു ദിവസം മാളിൽ നിൽക്കുമ്പോൾ മെസേജ്, ‘ഹായ് മഞ്ജിമ. ദിസ് ഈസ് ഗൗതം വാസുദേവ് മേനോൻ. ക്യാൻ ഐ സ്പീക് ടു യു.’ പിന്നാലെ സാറിന്റെ കോൾ വന്നു, ഓഡിഷനു വേണ്ടി ചെല്ലാൻ. നാട്ടിൽ കരച്ചിൽ ട്രോളായെങ്കിലും അതാണ് തമിഴിലെ ഭാഗ്യം.

ദൈവത്തോട് എപ്പോഴും പ്രാർഥിക്കുന്നത് ഒരേയൊരു കാര്യമാണ്, ‘എനിക്ക് ഉള്ളത് എന്താണെന്നു വച്ചാൽ തന്നിട്ട് എനിക്കില്ലാത്തത് എന്റെ കൺമുന്നില്‍ കാണിക്കുക പോലും ചെയ്യല്ലേ’ എന്ന്. കണ്ടുകൊതിച്ചിട്ട് കിട്ടിയില്ലെങ്കിൽ വിഷമം കൂടില്ലേ. ആ സിനിമയുടെ ഓഡിഷനു മുൻപും ഇതുതന്നെ പ്രാർഥിച്ചു. അങ്ങനെയാണ് ‘അച്ചം എൻപത് മടമയ്യടാ’യിൽ ചിമ്പുവിന്റെ നായികയായത്.

ഇപ്പോൾ പ്രാർഥിക്കുന്നത് എന്താണ് ?

സിനിമയിലേക്കും ജീവിതത്തിലേക്കും ഞാൻ തിരിച്ചു വരികയാണ്. തമിഴിൽ ഒരു സിനിമ ഉടൻ റിലീസാകാനുണ്ട്. സിനിമ സംവിധാനം ചെയ്യണമെന്നും പ്രൊഡക്‌ഷൻ ചെയ്യണമെന്നുമുണ്ട്. ഈ മോഹങ്ങളിൽ നിന്ന് എനിക്കു കിട്ടാനുള്ളവയിലേക്ക് കൈപിടിച്ചു നടത്തണേ എന്നാണ് ഇപ്പോൾ പ്രാർഥിക്കുന്നത്. പിന്നെ ജീവിതവും പുതിയ തലത്തിലേക്കു മാറുകയല്ലേ...

കോസ്റ്റ്യൂം: vasansi_jaipur, drzya_ridhisuri, inkpikle
ആഭരണം : merojewellery, sachdeva.ritika, konikajewellery
സ്റ്റൈലിങ്:
നിഖിത നിരഞ്ജൻ

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ