Wednesday 28 September 2022 10:55 AM IST

‘അറേഞ്ച്ഡ് മാരേജ് ചെയ്ത ആണിനു താൻ എന്തു കാണിച്ചാലും പെണ്ണ് ഇട്ടിട്ടു പോകില്ല എന്നറിയാം’: നിലപാട് വ്യക്തമാക്കി റിമ

Tency Jacob

Sub Editor

rima-vanitha

തിരയടങ്ങാത്ത കടൽ പോലെയാണ് കലഹിക്കുന്ന മനസ്സ്. ഒപ്പമുള്ളവർക്കും ചുറ്റുമുള്ളവർക്കും വേണ്ടി സദാ അത് ചോദ്യങ്ങളുടെ അല ഉയർത്തിക്കൊണ്ടേയിരിക്കും.

മാറ്റത്തിന്റെ കര കാണും വരെ കലഹം തുടരാൻ റിമ കല്ലിങ്കലിന് മടിയില്ല. ധരിക്കുന്ന വസ്ത്രത്തിലൂടെ പോലും മനസ്സിലുള്ളത് പറയാനറിയാം. റിമ ഉറക്കെ പറയുന്ന കാര്യങ്ങൾ സിനിമയിലും പൊതുസമൂഹത്തിലും ഉണ്ടാക്കുന്ന ചെറുപ്രകമ്പനങ്ങൾ നമ്മുടെ കൺമുന്നിലുണ്ട്.

‘‘ആരെങ്കിലും സംസാരിച്ചാൽ അല്ലേ കാര്യങ്ങൾ മാറൂ.

‘empathy is the highest form of intelligence’ എന്നാണ് ഞാൻ കരുതുന്നത്. സ്ത്രീകളുടെ കൂട്ടായ ശ്രമങ്ങൾ സമൂഹത്തിൽ മാറ്റമുണ്ടാക്കും എന്ന് തന്നെയാണ് വിശ്വാസം.’’

ഈയടുത്ത് സന്തോഷം നൽകിയ കാര്യം എന്താണ്?

ഞാനും അച്ഛനും അമ്മയും കൂടി ഊട്ടിയിലെ കൂനൂരിലേക്ക് യാത്ര പോയി. ഞങ്ങൾ നാലു വർഷം താമസിച്ച സ്ഥലമാണത്. അച്ഛൻ കേന്ദ്ര ഗവൺമെന്റിൽ പിഡബ്ല്യുഡി എൻജിനീയറായിരുന്നു. ഓരോ നാലു വർഷവും സ്ഥലംമാറ്റം ഉണ്ടാകും. വീണ്ടും ആ ഗൃഹാതുരതയിലേക്ക് പോയപ്പോൾ സന്തോഷം തോന്നി. ഞാൻ പഠിച്ച സ്കൂൾ, താമസിച്ചിരുന്ന വീട്, കണ്ടുപരിചയമുള്ള കാഴ്ചകൾ, കൂടെ അച്ഛനും അമ്മയും...

വിവാദങ്ങൾ സന്തോഷം ഇല്ലാതാക്കാറുണ്ടോ?

വിവാദമുണ്ടായാൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും വിശദീകരിക്കേണ്ടി വരും. അത് സങ്കടമാണ്. ഞാൻ ഒരു അഭിനേത്രിയാകണം എന്നു ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, ആർട്ടിസ്റ്റ് ആകണം എന്നു നിശ്ചയിച്ചിരുന്നു. ആർട്ടിസ്റ്റ് എപ്പോഴും മുന്നോട്ടു ചിന്തിക്കണം, മനുഷ്യരെ കുറിച്ചു ചിന്തിക്കണം എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്.

പക്ഷേ, കൂട്ടത്തിൽ ഒരാൾ വ്യത്യസ്തമായി സംസാരിച്ചു തുടങ്ങിയാൽ സമൂഹത്തിന് ഇഷ്ടമല്ല. അടിച്ചിരുത്താൻ നോക്കും. ഇന്റർനെറ്റ് വന്നതോടു കൂടി ലോകമെമ്പാടുമുള്ള സ്ത്രീ മുന്നേറ്റങ്ങൾ അറിയുന്നുണ്ട്. അതു പകര്‍ന്നു നൽകുന്ന ശക്തിയും ഉറച്ച ശബ്ദത്തിൽ സംസാരിക്കാൻ കാരണമാണ്. എല്ലാവരും ചോദിക്കും ‘എന്തിനാ വെറുതേ വിവാദങ്ങൾ ഉണ്ടാക്കുന്നത്?’ മാറ്റമുണ്ടാകണമെങ്കിൽ ആരെങ്കിലും സംസാരിക്കണമല്ലോ. മാറ്റത്തിനു വേണ്ടിയുള്ള ഒരു സംഭാഷണമെങ്കിലും തുടങ്ങാൻ കഴിയുന്നത് എനിക്കു സന്തോഷമാണ്.

വിവാദങ്ങളെ വീട്ടുകാരും ലാഘവത്തോടെ എടുക്കുന്നു?

എന്റെ വീട്ടിൽ എനിക്കു കലഹിക്കാനുള്ള സ്വാതന്ത്ര്യം ഉ ണ്ടായിരുന്നു. ആ ധൈര്യത്തിൽ നിന്നാണ് പൊരിച്ച മീനിനെ കുറിച്ചു പൊതുവേദിയിൽ സംസാരിക്കാൻ കഴിഞ്ഞത്. ചേട്ടനു കൊടുത്ത മീനിന്റെ പകുതി എനിക്കു കൂടിയുള്ളതാണ് എന്ന അവകാശബോധം എന്നിലുണ്ടാക്കിയത് വീട്ടുകാരാണ്.

അതു വിവാദമായപ്പോൾ അമ്മയ്ക്ക് വളരെ സങ്കടമായി. ആളുകൾക്കു പെട്ടെന്നു മനസ്സിലാകാൻ വേണ്ടി ഒരു ഉ ദാഹരണം പറഞ്ഞതാണ്. കുട്ടിക്കാലത്തുണ്ടായ ആ സംഭവത്തിൽ ഞാൻ വേദനിച്ചത് വീട്ടിലുള്ളവർ അന്നു തന്നെ തിരിച്ചറിഞ്ഞിരുന്നു. അവരത് തിരുത്തുകയും ചെയ്തു. അച്ഛനും അമ്മയും എന്റെ ശക്തിയാണ്. ആദ്യത്തെ അ വാർഡ് വാങ്ങിക്കുമ്പോൾ ‍ഞാൻ പറഞ്ഞത് ‘എന്റെ എല്ലാ തോന്ന്യാസങ്ങൾക്കും കൂട്ടു നിന്ന അച്ഛനും അമ്മയ്ക്കും സമർപ്പിക്കുന്നു’ എന്നാണ്.

പിന്നെ ‘പൊരിച്ച മീൻ’ ഇപ്പോൾ വൻ മെറ്റഫർ ആയില്ലേ. എനിക്കു വളരെ ഇഷ്ടപ്പെട്ട വാക്ക് ആണത്. പല പെൺകുട്ടികളും എന്നോടു വന്നു പറഞ്ഞിട്ടുണ്ട്. ‘ചേച്ചീ, ഞങ്ങളുടെ വീടിനുള്ളിൽ ആ വാക്ക് കയറിപ്പറ്റിയിട്ടുണ്ട്.

റിമ എന്തിനാണ് മറ്റുള്ളവർക്കു വേണ്ടി സംസാരിക്കുന്നത്?

വ്യക്തിത്വം കൊണ്ട് നമ്മളെയെല്ലാം ആകർഷിക്കുന്ന ഒരു സ്ത്രീയുണ്ടാകില്ലേ. കാര്യങ്ങൾ ലളിതമായി മനസ്സിലാക്കി തരുന്ന, നമ്മെ പ്രചോദിപ്പിക്കുന്ന ഒരാൾ. പെൺകുട്ടികളുടെ മുന്നിൽ അങ്ങനെയൊരാളായി മാറാനുള്ള ആഗ്രഹം കൊണ്ട് കൂടിയാണ് ഞാനത് ചെയ്യുന്നത്. എന്നെ കാണുമ്പോൾ സ്ത്രീകൾ ഒരു സ്നേഹിത എന്ന പോലെ കെട്ടിപ്പിടിക്കാറുണ്ട്. അവരുടെ ജീവിതത്തിൽ ഞാൻ കാരണം ചെറിയ മാറ്റം വന്നു എന്നു പറയാറുണ്ട്. ഇതെല്ലാം, വീണ്ടും വീണ്ടും സംസാരിക്കണം എന്ന ഉത്തരവാദിത്തം നൽകുന്നു.

നിലപാടുകൾ സിനിമാ അവസരങ്ങൾ നഷ്ടപ്പെടുത്തിയില്ലേ?‌‌

അഞ്ചു വർഷത്തിനു ശേഷമാണ് ഒരു കൊമേഴ്സ്യൽ സിനിമയിൽ അഭിനയിക്കുന്നത്. ‘നീലവെളിച്ചം’. ആഷിക് അ ബു സംവിധാനം ചെയ്യുന്ന സിനിമയാണ്. ഇതിനു മുൻപ് ഞാനഭിനയിച്ച ‘വൈറസ്’ ഞാൻ തന്നെ നിർമിച്ച പടമാണ്. ഇതിനിടയിൽ അഭിനയിച്ചത് ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ എന്ന സിനിമയാണ്. ഒടിടി പ്ലാറ്റ്ഫോമിൽ വന്ന പരീക്ഷണ സിനിമയായിരുന്നു അത്. പക്ഷേ, എനിക്കു വളരെ സംതൃപ്തി നൽകിയ ചിത്രമാണ്.

‘റിമ കല്ലിങ്കലിനെ ഭർത്താവ് ആഷിഖ് സംരക്ഷിക്കട്ടെ’ എന്നാണ് ചിലരുടെ നിലപാട്. ഇത്രയും വർഷത്തിനിടയിൽ എത്രയോ സംവിധായകരും തിരക്കഥാകൃത്തുക്കളും കഥ പറഞ്ഞു പോയി. അഭിനയിക്കാൻ സമ്മതം പറയുമെങ്കിലും നിർമാതാക്കളുടെ പച്ചക്കൊടി കിട്ടില്ല.‘അവർ നടി യല്ലല്ലോ, ആക്ടിവിസ്റ്റല്ലേ’ എന്നാണ് ചോദ്യം. ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് പല സംവിധായകരുടെ കൂടെ ജോലി ചെയ്യുന്നതാണ് കരിയറിനു നല്ലത്. അതിനു കഴിയുന്നില്ല.

‘വൈറസ്’ സിനിമയിൽ ഡബ്ല്യൂസിസിയിലെ എല്ലാവരെയും ചേർത്തു പിടിച്ചാണ് ഞാൻ മുന്നോട്ടു പോയത്. ഞ ങ്ങൾ ഒറ്റപ്പെട്ടു പോയ സമയമായിരുന്നു അത്.

നടന്മാർ ആൺകൂട്ടങ്ങളിലിരുന്ന് സിനിമയാണ് എനിക്ക് വലുത് എന്നു പറയുമ്പോൾ ഞാനും ഉറക്കെ പറഞ്ഞിട്ടുണ്ട്, ‘എനിക്കു സിനിമ മാത്രമല്ല വലുത്. എന്റെ ബന്ധങ്ങളും എനിക്കു ചുറ്റുമുള്ളവരും കൂടിയാണ്’ എന്ന്. ഞാൻ ഒറ്റപ്പെട്ടപ്പോൾ എന്റെ കൂടെ സിനിമ ഉണ്ടായിട്ടില്ല. കുറച്ചു മനുഷ്യരേ ഉണ്ടായിരുന്നുള്ളൂ.

ഡബ്ല്യുസിസി എന്ന സംഘടനയുടെ രൂപീകരണത്തിനു കാരണമായ സംഭവം എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റം പറഞ്ഞറിയിക്കാൻ കഴിയില്ല. 99 ശതമാനം നായകൻമാരുടെ സിനിമയുണ്ടാക്കുന്ന സിനിമാ മേഖലയിൽ വലിയൊരു യുദ്ധം തന്നെയാണ് ഞങ്ങൾ നടത്തുന്നത്. ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഞാൻ പ്രശ്നങ്ങളിൽ ഇടപെടുന്നത്.

വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്നയാളാണ് റിമ. പ ക്ഷേ, പറയുന്നതല്ല ചിലർ കേൾക്കുന്നത് എന്ന് തോന്നിയിട്ടുണ്ടോ? ഉദാ. ഫെമിനിസം എന്നു പറയുന്നു, ചിലർ ‘പൊരിച്ച മീൻ’ എന്നു മാത്രം കേൾക്കുന്നു?

കേരളം ബൗദ്ധികമായി ഏറെ മുന്നേറി. രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ വിഷയങ്ങളും അതിന്റെ പ്രശ്നങ്ങളും തിരിച്ചറിയും. പക്ഷേ, ‘ജെൻഡർ’ എന്നു പറഞ്ഞാൽ മാത്രം ഇവിടെയുള്ളവർക്ക് മനസ്സിലാകില്ല. ഇത്തിരി കള്ളത്തരം ഇവരുടെ കയ്യിലുണ്ട്. പറയുന്നത് എന്താണെന്നു മനസ്സിലാകുന്നില്ലെന്ന് അവർ ഭാവിക്കുകയാണ്. ഈ അവസ്ഥ മാറണമെന്ന ആഗ്രഹക്കുറവാണ് കാരണം.

സമൂഹം പൊതുവായി ചിന്തിക്കുന്നതു പോലെ തന്നെയാണ് തുടക്കത്തിൽ ഞാനും ചിന്തിച്ചിരുന്നത്. എല്ലാ സ്വാതന്ത്ര്യവുമുള്ള വീട്ടിൽ ജനിക്കാൻ കഴിഞ്ഞതും ഈ സിസ്റ്റത്തിന്റെ പുറത്തു കടന്നു യഥാർഥ മനുഷ്യനാകണം എന്നു ചിന്തിക്കാൻ കഴിഞ്ഞതുമാണ് എന്റെ ഭാഗ്യം.

ചുറ്റുമുള്ള സ്ത്രീകൾക്ക് താനനുഭവിക്കുന്ന എല്ലാ അ വകാശങ്ങളും സ്വാതന്ത്ര്യവും ലഭിക്കണമെന്നു മനസ്സിലാക്കാനുള്ള ബുദ്ധിയും അനുതാപവും ഉള്ള ഒരാൾക്കേ ഞാൻ പറയുന്നത് അതേ അർഥത്തിൽ മനസ്സിലാകൂ.

ഇഷ്ട വേഷം എന്താണ്?

അതു പൂർണമായും കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. തണുപ്പുള്ള പ്രദേശത്ത് പോകുമ്പോൾ ചൂടു നൽകുന്ന വസ്ത്രങ്ങളിടും. വിദേശത്തുള്ള പലരും കാലാവസ്ഥ നോക്കിയിട്ടാണ് എന്തു ഡ്രസ്സ് ധരിക്കണമെന്നു തീരുമാനിക്കുന്നത്. ഇവിടെ മാത്രം മറ്റുള്ളവർ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിച്ചാൽ എങ്ങനെ ശരിയാകും?

എനിക്കു ചൂടെടുക്കുന്നുണ്ട്. ഞാൻ ചെറിയ സ്കർട്ട് ഇടാനാണ് ആഗ്രഹിക്കുന്നത്. നിങ്ങൾക്ക് ചുരിദാറാണോ ഇടേണ്ടത്. ഇട്ടോ, എനിക്കൊരു പ്രശ്നവുമില്ലെന്നേ. പക്ഷേ, ഞാൻ എന്തു ധരിക്കണമെന്നത് എന്റെ തീരുമാനമാണ്. നിങ്ങൾക്കതിൽ അഭിപ്രായം പറയാൻ അവകാശമില്ല.

‘അറേഞ്ച്ഡ് മാരേജ്’ ഇല്ലാതായാൽ കേരളത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരമായി എന്ന് പറഞ്ഞിരുന്നവല്ലോ?

ഒരു വിവാഹം, ‘അറേ‍ഞ്ച്’ ചെയ്യുമ്പോൾ നാം എന്തൊക്കെയാണ് ആലോചിക്കുന്നത്? പെണ്ണിനെക്കാൾ പഠിപ്പ്, പൊക്കം,നിറം ഇവ ആണിനു കൂടുതലുണ്ടോ, ഒരേ മതവും ജാതിയും സമ്പത്തുമാണോ എന്നൊക്കെയല്ലേ? ഈ രണ്ടു വ്യക്തികൾ തമ്മിൽ മനസ്സുകൊണ്ട് എന്തെങ്കിലും പൊരുത്തമുണ്ടോ എന്നു നമ്മൾ ചിന്തിക്കാറുണ്ടോ? വർഷങ്ങൾ പ്രേമിച്ചു കല്യാണം കഴിക്കുന്നവർക്കു തന്നെ പരസ്പരം പൂർണമായി മനസ്സിലാകുന്നില്ല. പിന്നെയാണ് ചായ കുടിച്ച് അ ഞ്ചു മിനിറ്റ് സംസാരിച്ചു പോകുന്നവർക്ക്. എനിക്ക് എന്നും അറേഞ്ച്ഡ് മാരേജ് അതിശയമായിരുന്നു. പ്രേമിച്ചേ കല്യാണം കഴിക്കൂവെന്ന് ഞാൻ ഉറപ്പിച്ചിരുന്നു.

അറേഞ്ച്ഡ് മാരേജ് ചെയ്ത ആണിനു താൻ എന്തു കാണിച്ചാലും പെട്ടെന്നൊന്നും പെണ്ണ് ഇട്ടിട്ടു പോകില്ല എന്ന റിയാം. പുറത്തു കടക്കാൻ യാതൊരു വാതിലുകളുമില്ലാത്ത ഒരു സ്ത്രീ മാത്രമേ അറേഞ്ച്ഡ് മാരേജിനു നിൽക്കൂ എന്നാണെന്റെ വിശ്വാസം. അതവരുടെ തിരഞ്ഞെടുപ്പല്ല എന്നതുകൊണ്ട് അവരിൽ കുറ്റം കണ്ടെത്താൻ കഴിയില്ല.

ആണുങ്ങളുടെ പ്രശ്നങ്ങൾ കണ്ടില്ലെന്നു വച്ചല്ല ഇതു പറയുന്നത്. കൂടുതൽ അവസരങ്ങൾ ലോകം ആൺകുട്ടികൾക്കു കൊടുക്കുന്നുണ്ട്.

rima-vanitha-new-vanitha

സ്ത്രീക്ക് ജീവിതത്തിൽ എന്താണ് വേണ്ടത്?

മൂന്നു നാലു വയസ്സുള്ള പെൺകുട്ടികളെ കണ്ടിട്ടില്ലേ. എന്തൊരു ആത്മവിശ്വാസമാണവർക്ക്. കപടമൂല്യങ്ങളും അരുതുകളും കിട്ടിക്കഴിയുമ്പോൾ അതു താനെ കുറ‍ഞ്ഞു വരും. ജനിച്ച് ഈ ഭൂമിയിൽ അതിജീവിക്കാൻ വേണ്ട എല്ലാ കാര്യങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഒരുപോലെയാണ്. നമ്മൾ അവർക്കു മുന്നിൽ വയ്ക്കുന്ന തടസ്സങ്ങളാണ് പ്രശ്നം.ആ ണിന് ഒരു തടസ്സമാണെങ്കിൽ പെണ്ണിനു അതു നൂറു തടസ്സങ്ങളാണ്. ട്രാൻസ്ജെൻഡേഴ്സിന് അതു ആയിരമാണ്. അതാണ് മാറേണ്ടത്.

പുരുഷന് അനുകൂലമായാണ് സമൂഹം എല്ലാ കാര്യങ്ങളും ചെയ്തു വച്ചിരിക്കുന്നത്. അതിനിടയിൽ സൂത്രത്തിൽ കാര്യങ്ങൾ നടത്തിയെടുക്കാനുള്ള സ്മാർട്നെസാണ് ഇ ക്കാലത്ത് പെൺകുട്ടികൾക്കു വേണ്ടത്.

‘ഫെമിനിച്ചി’ എന്ന ലേബൽ അസ്വസ്ഥതയുണ്ടാക്കാറുണ്ടോ?

കളിയാക്കാനാണ് വിളിക്കുന്നതെങ്കിലും അതു കേൾക്കുമ്പോഴെല്ലാം ഞങ്ങൾ സുഹൃത്തുക്കൾ അതിൽ പുളകം കൊള്ളുകയാണ് എന്നു മനസ്സിലാക്കണം. അതുകൊണ്ട് കൂടിയാണ് ആ വാക്ക് എഴുതിയ ബാഡ്ജും തൊപ്പിയും ടീഷർട്ടുമെല്ലാം ധരിക്കുന്നത്. ആണുങ്ങളുടെതു പോലെ എല്ലാ അവകാശങ്ങളും ഞങ്ങൾക്കുമുണ്ട് എന്നു പറഞ്ഞു മണ്ണിൽ കാലുറപ്പിച്ചു നിൽക്കുകയാണ് ഒരു ഫെമിനിസ്റ്റ് ചെയ്യുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരാൻ ഇനി എത്ര സംസാരിക്കേണ്ടി വരും?

ഈയടുത്ത് ഒരു നടി കൂടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നു തുറന്നു പറഞ്ഞല്ലോ. ഇങ്ങനെ തുടർസംഭവങ്ങൾ വന്നു കൊണ്ടിരിക്കുമ്പോൾ ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വരേണ്ടത് ആവശ്യം തന്നെയാണ്. ചുരുങ്ങിയത് ഞങ്ങളോട് സംസാരിക്കുകയെങ്കിലും ചെയ്യണം.

ചരിത്രത്തിൽ ആദ്യമായിട്ടാണെന്നു തോന്നുന്നു നടിമാർ സിനിമാ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് കമ്മിറ്റി കൂടി ചർച്ച ചെയ്തത്. എത്രയോ നടിമാർ എത്രയോ ദിവസം കമ്മിറ്റിയുടെ മുന്നിലിരുന്നു സംസാരിച്ചതാണ്. ക്രിമിനലായ ആണുങ്ങളെ പരിരക്ഷിക്കാൻ ഈ ഗവൺമെന്റ് എന്തിനു തയാറാകുന്നു എന്നു മനസ്സിലാകുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടും അടൂർ കമ്മിഷൻ റിപ്പോർട്ടും അടിസ്ഥാനമാക്കി സിനിമാ മേഖലയിൽ ആവശ്യമായ നിയമനിർമാണത്തിലേക്ക് ഗവൺമെന്റ് നീങ്ങണം.

ആദ്യ സിനിമ ‘ഋതു’ പുറത്തിറങ്ങിയിട്ട് 13 വർഷം. അടുത്ത ദ ശകത്തിൽ എന്തു ചെയ്യുകയാകും?

‘ഋതു’വിൽ അഭിനയിക്കുമ്പോൾ സിനിമാമേഖലയിൽ ഞാ ൻ എങ്ങനെയാകും എന്നൊരു രൂപവുമുണ്ടായിരുന്നില്ല. ഇ പ്പോഴും ഒരു രൂപവുമില്ല. ഇനിയുമൊരു 13 വർഷം കഴിയുമ്പോൾ ഒരു പക്ഷേ, എനിക്ക് തീർത്തും അപരിചിതമായൊരു ആർട് ഫോം പഠിക്കുകയായിരിക്കാം. തിരക്കഥ എഴുതണമെന്ന് ഉറപ്പിച്ചിട്ടുണ്ട്. പിന്നെ, എന്റെ പ്രിയപ്പെട്ടവരെ വച്ചു സിനിമ നിർമിക്കണം. ഉറപ്പുള്ള ഒരേയൊരു കാര്യം, ജീവിതകാലം മുഴുവൻ ജോലി ചെയ്യാൻ ഒരു ഉദ്ദേശവുമില്ല എന്നതാണ്.

സിനിമാ മേഖലയിലെ എന്തു പ്രശ്നത്തിലും ആദ്യം അഭിപ്രായം ചോദിക്കുന്നത് നടിമാരോടാണല്ലോ...?

നടന്മാർക്ക് വളരെ പ്രധാനപ്പെട്ട ജോലികൾ െചയ്യാനില്ലേ.അവർക്കതിനെല്ലാം സമയമുണ്ടോ. സിനിമയിൽ എന്തുണ്ടായാലും ആളുകൾ ആദ്യം പ്രതികരണം തേടുന്നത് ഡ ബ്ല്യൂസിസിയുടെയാണ്. സോഷ്യൽ മീഡിയിൽ ആൾക്കൂട്ടം പ്രതികരണം ചോദിച്ച് ബഹളമുണ്ടാക്കുമ്പോൾ ഞങ്ങൾ ഇപ്പോൾ മൈൻഡ് ചെയ്യാറില്ല.

മാറ്റങ്ങളുണ്ടാകാൻ വേണ്ടി ഞങ്ങളുടെ വ്യക്തിജീവിതം മാറ്റി വച്ചു നല്ല പണിയെടുക്കുന്നുവെന്നു കൃത്യമായ ബോധ്യമുണ്ട്. ഫിലിം െഫസ്റ്റിവല്‍ വേദിയിൽ ബീനാ പോൾ ഭാവനയെ ചേർത്തു പിടിച്ചു നിറുത്തിയ ആ നിമിഷമുണ്ടല്ലോ, ഡബ്ല്യൂസിസി കൊണ്ടുവന്ന മാറ്റം തന്നെയാണ് അത്. ഇതിനു മുൻപ് ഒരു സ്ത്രീക്കും അങ്ങനെയൊരു സപ്പോർട്ട് ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് മുൻപ് അത്തരം പല കേസുകളും തേഞ്ഞുമാഞ്ഞു പോയത്. അവകാശങ്ങൾ ആരും താലത്തിൽ കൊണ്ടുവരാൻ പോകുന്നില്ല എന്നു ബോധ്യമുള്ളതുകൊണ്ടു തന്നെയാണ് ശബ്ദമുയർത്തുന്നത്.

സൈബർ ഗുണ്ടകളെ എങ്ങനെ കൈകാര്യം ചെയ്യുന്നു?

നിഷ്കരുണം അവഗണിക്കുന്നു. അവർ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിവർഗമാണ്. ‌കുറച്ചു കാലങ്ങൾക്കുള്ളിൽ സ്ത്രീകൾ അവരെ പൂർണമായും അവഗണിക്കുന്ന കാലം വരും. സൈബർഗുണ്ടകളോട് ഒന്നേ പറയാനുള്ളു. ഞങ്ങളുടെ കയ്യിൽ ഭാവിയിലേക്ക് ഒരു ടിക്കറ്റുണ്ട്. വേണമെങ്കിൽ ടിക്കറ്റെടുത്ത് കൂടെ പോന്നോ. സ്ത്രീകളെ മനസ്സിലാക്കുന്ന, എല്ലാ കാര്യങ്ങളിലും കൂടെ നിൽക്കുന്ന ഒരുപാട് ആണുങ്ങൾ വേറെയുണ്ട്.

rima-kallingal

പെണ്ണിന്റെ കാലുകൾ കണ്ടാൽ എന്താണ് കുഴപ്പം?

കുറച്ചു മുതിർന്നശേഷം ഉണ്ടായ ഒരു സംഭവം എനിക്കോർമയുണ്ട്. ഞാൻ ഒരു ചെറിയ സ്കർട്ട് ഇട്ട് കസേരയിൽ ഇരിക്കുകയാണ്. ബന്ധുവായ ആറു വയസ്സുകാരി എന്റെ കാലുകൾ കണ്ടു പറഞ്ഞു. ‘അയ്യേ, പാറൂന്റെ കാലിന്റെ സ്കിൻ കാണുന്നു’ ഞാൻ അവളുടെ കയ്യിൽ തൊട്ട് പറഞ്ഞു. ‘അയ്യോ, ദേ, അസ്നയുടെ കയ്യിന്റെ സ്കിൻ കാണുന്നു.’ അവൾ പെട്ടെന്നു സ്വന്തം കയ്യിലേക്കു നോക്കിയിട്ട് അദ്ഭുതത്തോടെ നിന്നു.

നഗ്ന വിഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നവരുണ്ട്. എ ല്ലാവരുടെയും ശരീരത്തിലും ഒരേ അവയവങ്ങൾ തന്നെയല്ലേ. എന്തുകൊണ്ടാണ് സ്ത്രീകളുടെ ശരീരത്തെ സെക്‌ഷ്വലൈസ് ചെയ്ത് അവരെ തളർത്താനും കൂട്ടിലിടാനും കാ ലങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീകൾ ആ പേടിപ്പെടുത്തലിനു നിന്നു കൊടുക്കരുത്.

കുട്ടിക്കാലത്തു നിന്നു ഇപ്പോഴത്തെ റിമയിലേക്കുള്ള മാറ്റം?

‘അൺലേൺ’ ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. അതായത് ശരിയാണെന്നു വിശ്വസിച്ചിരുന്ന തെറ്റുകൾ തിരിച്ചറിഞ്ഞു മാറ്റിയെടുത്തു. ഞാൻ എനിക്കു തന്നെ ക്രെഡിറ്റു കൊടുക്കുന്ന കാര്യമാണത്.

ഒരു കാര്യം നടത്തിയെടുക്കുന്നതിനിടയിൽ മറ്റുള്ളവരുടെ വേദന എന്നെ ഉലച്ചിരുന്നില്ല. അതിനു മാറ്റം വന്നത് ഒരു യാത്രയ്ക്ക് ശേഷമാണ്. എനിക്കന്ന് 25 വയസ്സ് കാണും. യാത്ര പോയാൽ എന്നും വീട്ടിലേക്കു വിളിക്കാറൊന്നുമില്ല. രണ്ടു ദിവസം മൊബൈൽ റേഞ്ച് ഇല്ലാത്ത സ്ഥലത്തായിരുന്നു. തിരികെ റേഞ്ചിലെത്തിയപ്പോൾ സുഹൃത്തുക്കൾ തുടർച്ചയായി വിളിക്കുന്നു. എന്നെ വിളിച്ചു കിട്ടാഞ്ഞ് പരിഭ്രാന്തരായ അച്ഛന്റെയും അമ്മയുടെയും അന്വേഷണങ്ങളായിരുന്നു, ആ വിളികൾക്ക് പിന്നിൽ. അന്ന് അച്ഛൻ പറഞ്ഞൊരു കാര്യമുണ്ട്. ‘ഞങ്ങൾക്കു വയസ്സായി പൊന്നീ. പണ്ടത്തേ പോലെയല്ല കേട്ടോ....’ അതെന്നെ വേദനിപ്പിക്കുകയും വല്ലാതെ ഉലക്കുകയും ചെയ്തു. അതിനുശേഷം ചുറ്റുമുള്ളവരെ കൂടി പരിഗണിച്ചു കൊണ്ട്, കൂടുതൽ അനുതാപത്തോടെ ഇടപഴകാൻ ശ്രമിച്ചു തുടങ്ങി.

ആരായിരിക്കാനാണ് റിമ ആഗ്രഹിക്കുന്നത്?

അനുതാപമുള്ള ഒരു വ്യക്തിയായി, എല്ലാവരെയും സ്നേഹിച്ച് വളരെ സമാധാനപൂർണമായി ജീവിക്കാനാണ് എനിക്ക് ആഗ്രഹം.

വിജനമായ ഒരിടത്ത് ഒറ്റയ്ക്കായാൽ?

ആകാശം നോക്കി വിടർന്നങ്ങനെ കിടക്കും...

ടെൻസി ജെയ്ക്കബ്ബ്

ഫോട്ടോ: ബേസിൽ പൗലോ