Thursday 22 September 2022 03:44 PM IST

‘എത്ര വഴക്കിട്ടാലും ആദ്യം സംസാരിക്കാൻ വരുന്നതും സ്നേഹയാണ്, അത്ര സ്നേഹമാണ് ഈ കുട്ടിക്ക്’

Roopa Thayabji

Sub Editor

sneha-sree

ഓസ്കാറില്ലാതെ സ്േനഹയ്ക്കും ശ്രീകുമാറിനും ഒരാഘോഷവുമില്ല. ഈ ഓണത്തിന് ഓസ്കാറിന് രണ്ടു വയസ്സാകും. ഇക്കുറി ഓണം മാത്രമല്ല ആഘോഷം, ഓസ്കാറിന്റെ ബർത്ഡേയുമുണ്ട്. അന്ന് രണ്ടുപേർക്കുമൊപ്പം ഓസ്കാറിന് ഇലയിടും, തനിയെ കഴിച്ചില്ലെങ്കിൽ വാരിയൂട്ടും.

ഫോട്ടോഷൂട്ടിനു തലേന്ന് സ്നേഹ വിളിച്ചു, ‘സ്റ്റുഡിയോയിലേക്ക് ഓസ്കാറിനെ കൂടി കൊണ്ടു വന്നോട്ടെ ?’ കാറിന്റെ മുൻസീറ്റിൽ നിന്നിറങ്ങി ഓസ്കാർ സ്റ്റുഡിയോയിലെത്തി, ഗൗരവത്തോടെ എല്ലായിടവും വീക്ഷിച്ചു. ‘കുഴപ്പക്കാരാ’രും സ്ഥലത്തില്ലെന്നു മനസ്സിലായതോടെ ഗൗരവം വിട്ടു. ഫോട്ടോഷൂട്ടിനു ക്യാമറാ ഫ്ലാഷ് മിന്നുമ്പോൾ സ്നേഹയുടെയും ശ്രീകുമാറിന്റെയും ട്രേഡ് മാർക് ചിരിയെ വെല്ലും വിധം അവനും ‘പുഞ്ചിരിച്ചു.’

വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ഓണമാണ്. ഒരുപാടു വിശേഷങ്ങളുണ്ട് സ്നേഹയ്ക്കും ശ്രീകുമാറിനും പറയാൻ. ഓസ്കാറിനെ കുറിച്ചുള്ള വിശേഷങ്ങളാണ് അതിൽ ഒന്നാമത്.

ഓസ്കാറാണോ ‘ആ വീടിന്റെ’ നായകൻ ?

ശ്രീകുമാർ: അതല്ലേ തമാശ. ഇദ്ദേഹത്തിന് നായയെ വലിയ പേടിയാണ്. ഞാൻ നായ്ക്കുട്ടിയെ വാങ്ങാൻ ആലോചിച്ചപ്പോൾ, പൂച്ച മതിയെന്നായി. പൂച്ചയെ എ നിക്കത്ര ഇഷ്ടമില്ല, അതുകൊണ്ട് പ്ലാൻ തന്നെ ഉപേക്ഷിച്ചു. പക്ഷേ, പൂച്ചയെ വാങ്ങി തരാമോ എന്നു ചോദിച്ച് ഇവൾ പിന്നാലെ കൂടി. ആവശ്യം രൂക്ഷമായപ്പോൾ ഒരു കുസൃതി ഒപ്പിച്ചു, പൂച്ചയ്ക്കു പകരം നായയെ വാങ്ങി. ബീഗിൾ ആണ് ബ്രീഡ്. പെട്ടിയിലടച്ച പട്ടിയുമായി വീട്ടിലെത്തിയപ്പോൾ ഇവളുടെ സ്വഭാവം മാറി. വീട്ടിൽ നിന്ന് വാക്ക് ഔട് നടത്തുമെന്നു വരെയായി ഭീഷണി.

സ്നേഹ: നായയെ മുറ്റത്തു കണ്ടാൽ അടുത്ത പറമ്പിലെത്തുന്നതാണ് എന്റെ ശീലം. എന്റെ പേടി തിരിച്ചറിഞ്ഞ പോലെ നായ പിന്നാലെ വന്നു കടിക്കും. ഒരിക്കൽ ശ്രീയുടെ ചേച്ചിയുടെ വീട്ടിലെ നായ മൂസയുടെ കടി വാങ്ങി കുത്തിവയ്പ്പ് എടുക്കേണ്ടി വരെ വന്നിട്ടുണ്ട്.

പരമസാധുവായ പൂച്ചയെ കാത്തിരുന്ന എന്റെ വീട്ടിലേക്കു നായയുമായി വന്നാൽ സഹിക്കുമോ? അതാണ് അന്നങ്ങനെ പറഞ്ഞത്. പക്ഷേ, ഓസ്കാറിനെ കണ്ടപ്പോൾ ചെറിയ ഇഷ്ടം തോന്നി, പക്ഷേ, പേടിക്ക് ഒട്ടും കുറവില്ല. പതിയെ അവനെന്റെ ഹൃദയത്തിൽ കയറി. ആദ്യം മുറ്റത്തായിരുന്ന ഓസ്കാറിന്റെ സ്ഥാനം ഇപ്പോഴെന്റെ ബെഡ് റൂമിലാണ്.

നമ്മുടെ മൂഡ് മാറ്റം അനുസരിച്ച് പെരുമാറാൻ അറിയാം എന്നതാണ് നായ്ക്കളുടെ പ്രത്യേകത. ശ്രീ എന്നോടു വഴക്കുണ്ടാക്കിയാൽ ഇടപെടുന്നത് ഓസ്കാറാണ്.

തമാശക്കാരനായ ശ്രീകുമാർ വീട്ടിൽ വഴക്കിടുമെന്നോ ?

സ്നേഹ: എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പറയും, ശ്രീ എന്തൊരു പാവമാണ്, എന്തുനല്ല തമാശക്കാരനാണ് എന്നൊക്കെ. പക്ഷേ, ശരിക്കുള്ള സ്വഭാവം എനിക്കല്ലേ അറിയൂ. തമാശയൊക്കെ ക്യാമറയ്ക്കു മുന്നിലേ ഉള്ളൂ.

ശ്രീ എപ്പോഴും ഫോണും നോക്കിയിരിക്കുന്നത് എനിക്കിഷ്ടമല്ല. ഭക്ഷണം കഴിക്കാൻ വിളിച്ചാൽ പോലും ‘പത്തു മിനിറ്റേ’ എന്ന് എക്സ്ക്യൂസ് പറയും. വല്ല സീരിയസ് കാര്യവുമാണെന്നു കരുതി നോക്കിയാലോ, കുരങ്ങച്ചൻ പഴം തിന്നുന്ന വിഡിയോ കണ്ടിരുന്ന് ചിരിക്കുന്നതു കാണാം. അതു കാണുമ്പോൾ എന്റെ പിടിവിടും. ഞാനാണ് പല വ ഴക്കുകളും ഉണ്ടാക്കുന്നത്. പിന്നെയത് ശ്രീ ഏറ്റെടുക്കും. എത്ര വഴക്കിട്ടാലും ചിരിച്ച മുഖമായിരിക്കും ശ്രീക്ക് എന്നതാണു ഹൈലൈറ്റ്.

ശ്രീകുമാർ : ഇവൾക്ക് സമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കിൽ ദേഷ്യവും സങ്കടവുമൊക്കെ വരും. നമ്മൾ രസിച്ചിരിക്കുമ്പോൾ ശല്യപ്പെടുത്താൻ വന്നാലോ? ദേഷ്യം വന്നാൽ ഇ വൾക്കു കണ്ണുകാണില്ല. പിണങ്ങിയെന്ന് അയൽക്കാർക്കു വരെ മനസ്സിലാകും, അത്ര ബഹളമാണ്. പക്ഷേ, എത്ര വഴക്കിട്ടാലും ആദ്യം സംസാരിക്കാൻ വരുന്നതും സ്നേഹയാണ്, അത്ര സ്നേഹമാണ് ഈ കുട്ടിക്ക്.

കല്യാണക്കാര്യം കേട്ടപ്പോൾ എല്ലാവരും ചോദിച്ചോ എത്ര വർഷത്തെ പ്രണയമാണെന്ന് ?

സ്നേഹ : പരിചയപ്പെട്ടിട്ട് ആദ്യത്തെ ഒരു വർഷത്തോളം ശ്രീ എന്നോടു മര്യാദയ്ക്കു സംസാരിക്കുക പോലുമില്ലായിരുന്നു എന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ‘മറിമായ’ത്തിന്റെ രണ്ടാം ദിവസത്തെ ഷൂട്ടിങ്ങിൽ വച്ചാണ് ശ്രീയെ ആദ്യമായി കാണുന്നത്, പത്തു വർഷം മുൻപ്. ഞാനും രചന ചേച്ചിയും വിനോദേട്ടനുമൊക്കെ കമ്പനിയടിച്ചിരിക്കുമെങ്കിലും ശ്രീ, പരിചയം ഒരു ചിരിയിലൊതുക്കും. പതിയെ സംസാരിക്കാൻ തുടങ്ങി.

ഞങ്ങളോരോരുത്തരുടെയും ജീവിതത്തിലെ സന്തോഷങ്ങളിലും സങ്കടങ്ങളിലും മറിമായം ടീം ഉണ്ട്. ഒരിക്കൽ ജീവിതം വല്ലാതെ നോവിച്ചപ്പോഴും കൂടെ നിന്നതും തിരികെ വരാൻ പ്രേരിപ്പിച്ചതും അവരാണ്. ശ്രീക്കും അതെല്ലാം അറിയാം. അങ്ങനെയാണ് കല്യാണം കഴിക്കാൻ തീരുമാനിച്ചത്. പിന്നെ, ഒരു ഭാഗ്യമുള്ളത് കല്യാണം കഴിഞ്ഞിട്ടും ഞാൻ ‘സ്നേഹ ശ്രീകുമാർ’ തന്നെയാണ് എന്നതാണ്. ഏഴാം ക്ലാസ് മുതൽ ഓട്ടൻതുള്ളൽ പരിപാടി ചെയ്തു തുടങ്ങി. അന്ന് സ്നേഹ എസ്. എന്ന പേരിനു പകരം സ്വന്തം പേരുകൂടി ചേർത്ത് നോട്ടീസിൽ അച്ഛൻ ‘സ്നേഹ ശ്രീകുമാർ’ എന്നു വച്ചു.

ശ്രീകുമാർ : സാധാരണ പ്രണയം പോലെ പ്രപ്പോസ് ചെയ്ത്, ഇഷ്ടം അറിഞ്ഞ് കല്യാണത്തിൽ എത്തിയതൊന്നു മല്ല. എന്തൊക്കെയോ സംസാരിക്കുന്നതിനിടയിൽ വിഷയം വിവാഹത്തെ കുറിച്ചായി. അതാണു സത്യം.

അമ്പലത്തിലെ താലികെട്ട്... എല്ലാം സിംപിളായിരുന്നല്ലോ ?

സ്നേഹ : കല്യാണം കഴിക്കാമെന്നു തീരുമാനിച്ചപ്പോൾ ത ന്നെ റജിസ്റ്റർ വിവാഹം മതിയെന്നാണ് ആലോചിച്ചത്. അതുകൊണ്ട് തലേദിവസം വരെ ‘മറിമായ’ത്തിന്റെ ഷെഡ്യൂൾ എടുത്തു. പക്ഷേ, അമ്പലത്തിൽ വച്ച് താലികെട്ടെങ്കിലും വേണം എന്ന് എല്ലാവരും പറഞ്ഞതോടെ പ്ലാൻ മാറി. കല്യാണത്തലേന്ന് കട പൂട്ടും മുൻപ് പോയാണ് കല്യാണസാരി വാങ്ങിയത്. ആ രാത്രി കൊണ്ട് ചേച്ചി ബ്ലൗസ് തുന്നിതന്നു. അങ്ങനെ ശടപടേ ശടപടേന്നായിരുന്നു കാര്യങ്ങൾ.

തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലായിരുന്നു കല്യാണം. അടുത്തുള്ള ഹാളിൽ ഏതാണ്ട് 250 പേർക്ക് ഇരിക്കാം. പക്ഷേ, കേട്ടറിഞ്ഞു വന്നവരും ബന്ധുക്കളും മീഡിയക്കാരുമെല്ലാമായി നല്ല തിരക്കായി. കല്യാണപെണ്ണ് പുറപ്പെടാനൊരു നേരം, ഗൃഹപ്രവേശത്തിന് ഒരു നേരം അങ്ങനെയൊക്കെ ഉണ്ടല്ലോ. പറഞ്ഞ സമയത്തിനുള്ളിൽ തിരുവനന്തപുരത്ത് ശ്രീയുടെ വീട്ടിലെത്താനുള്ള പാച്ചിലായിരുന്നു പിന്നെ. അവിടെ അമ്മയും അച്ഛനും ചേച്ചിയുമാണുള്ളത്.

ഇതിനിടയിൽ മറ്റൊരു സംഭവമുണ്ടായി. കല്യാണത്തിനു മുൻപ് മുടിയൊക്കെ വെട്ടണമെന്ന് ശ്രീയോട് പ്രത്യേ കം പറഞ്ഞിരുന്നു. കല്യാണ തലേന്ന് ലൊക്കേഷനിൽ നിന്നു വിളിച്ചു ചോദിച്ചു, ‘എന്തായി.’

‘ദേ പാർലറിൽ ഇരിക്കുകയാ, മുടി അടിപൊളി ആക്കി’ എന്നു മറുപടി. പക്ഷേ, പിറ്റേന്ന് കല്യാണപ്പന്തലിൽ വന്നി റങ്ങിയ ശ്രീയെ കണ്ടു ‍ഞെട്ടി, മുടിയാകെ പാറിപ്പറന്ന് ആ കെ വട്ടുപിടിച്ച മട്ട്. പിന്നെയാ സംഭവം മനസ്സിലായത്.

ശ്രീകുമാർ : ഒരു സിനിമയ്ക്കു വേണ്ടിയാണ് മുടി വളർത്തിയത്. പാർലറിൽ നിന്നു മുടി ട്രിം ചെയ്ത് സെറ്റാക്കി ഇറങ്ങും മുൻപ് അവിടത്തെ പയ്യൻ പറഞ്ഞു, ‘ചേട്ടാ മുടി അ ധികം ചീകുകയൊന്നും വേണ്ട.’ പക്ഷേ, കുളിക്കരുതെന്ന് അവൻ പറഞ്ഞില്ല. നേരേ പോയി കുളിച്ച് മുടി ചീകാതെ ചെന്നാൽ എല്ലാരും ഞെട്ടിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. എ ന്റെ മനസ്സിൽ പക്ഷേ, ഞാൻ ഹിന്ദി പരസ്യത്തിൽ കുതിരപ്പുറത്തു വരുന്ന ‘ബഡാ’ നായകനായിരുന്നു.

കല്യാണം കഴിഞ്ഞപ്പോൾ ലോക്ഡൗൺ. യാത്ര പോയോ ?

സ്നേഹ : ഡിസംബറിൽ വളരെ പെട്ടെന്നായിരുന്നു കല്യാണം. കുറേ ടിവി പരിപാടികളും ഉത്സവ സ്റ്റേജുകളുമൊക്കെയായി തിരക്ക്. അതുകൊണ്ട് യാത്രയൊന്നും നടന്നില്ല. രണ്ടു ദിവസം ഗ്യാപ് കിട്ടിയപ്പോൾ മൂകാംബികയിൽ പോയി, പിന്നെ ന്യൂ ഇയറിന് വയനാട്ടിലും.

ശ്രീകുമാർ : കല്യാണം കഴിഞ്ഞപ്പോൾ ക്രൂയിസ് ഷിപ്പിൽ സിംഗപ്പൂരടക്കം ട്രിപ് പോകാൻ ടിക്കറ്റ് ബുക് ചെയ്തിരുന്നതാണ്, ലോക്ഡൗൺ കാരണം അതൊന്നും നടന്നില്ല, പക്ഷേ, ലോക്ഡൗൺ കാലത്തെ ആദ്യ ഓണം അടിപൊളിയായിരുന്നു. സ്നേഹ തനിച്ച് ഉഗ്രൻ സദ്യയുണ്ടാക്കി.

പാട്ടുകാരനായ ഭർത്താവും നർത്തകിയായ ഭാര്യയും കൂടിയുള്ള വിഡിയോ വൈറലാണല്ലോ ?

സ്നേഹ : ഞാനാണ് പാട്ട് പ്രാക്ടീസ് ചെയ്യണമെന്നു പറയുന്നത്. ആദ്യമൊക്കെ ശ്രീക്ക് മടിയായിരുന്നു. കോവിഡ് കാലത്ത് ലോക്ഡൗണിൽ വീട്ടിലിരുന്നപ്പോൾ രണ്ടുപേർക്കും വലിയ ബോറടിയായി. ചുമ്മാ ഒരു രസത്തിനാണ് ശ്രീ പാടിയത്, ‘ഉജ്ജയിനിയിലെ ഗായിക’. ഞാനതിന് സ്റ്റെപ് വച്ചു. വിഡിയോ എടുത്ത് സോഷ്യൽ മീഡിയയിലുമിട്ടു. അ തങ്ങു വൈറലായി.

പിന്നെ, ശ്രീ പാടുമ്പോൾ ‍ഞാൻ ഡാ‍ൻ‍സ് ചെയ്യും. പാട്ടുകൾ സെലക്ട് ചെയ്ത് കൊറിയോഗ്രഫി ചെയ്ത് പ്രാക്ടീസായി. അങ്ങനെ ശ്രീ വീണ്ടും പാട്ടിന്റെ ട്രാക്കിലായി.

ശ്രീകുമാർ : ആദ്യമൊക്കെ പാട്ടിന്റെയും ഡാൻസിന്റെയും വിഡിയോ എടുക്കുന്നതും സോഷ്യൽമീഡിയയിൽ ഇടു ന്നത് അത്ര ഇഷ്ടമില്ലായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ പാട്ട്– ഡാൻസ് കോംബിനേഷൻ ചെയ്യാൻ ഷോയിലേക്കു ക്ഷണം കിട്ടി. അതോടെ പാട്ടോടു പാട്ടായി.

രൂപാ ദയാബ്ജി

ഫോട്ടോ: ബേസിൽ പൗലോ