Monday 18 July 2022 12:47 PM IST

‘തള്ളേന്ന്’ വിളിച്ച് ആദ്യമായി തലയറഞ്ഞ് ചിരിച്ചത് അമ്മയുടെ മിമിക്രി കണ്ടാണ്: വെഞ്ഞാറമൂടിന്റെ സുരാജ്

V R Jyothish

Chief Sub Editor

suraj-story-july

വെഞ്ഞാറമൂടിൽ, റോഡിൽ തിരക്ക് കുറഞ്ഞ ഭാഗത്ത് കാർ നിർത്തി. ഫോട്ടോയെടുക്കാനുള്ള ഒരുക്കമാണ്. കാറിൽ നിന്ന് സുരാജ് പുറത്തേക്കിറങ്ങിയതും വിളി വന്നു. ‘ടേ..... കുട്ടാ, എന്തര് ഫോട്ടോയെടുപ്പാ...’

‘തള്ളേ, ഇതാര് േട, എന്തര് വിശേഷങ്ങള് അണ്ണനിപ്പോ എവിടെയ്, എങ്ങനെയൊണ്ട് കച്ചോടങ്ങള്...’

‘ഓ എന്തര് പറയാൻ. പച്ചപിടിച്ച് വരണ് കുട്ടാ. ഇവിടെന്തര് പരിപാടി’

‘ഇവര് വനിത മാസികേന്ന്... ഫോട്ടോയെടുപ്പ്’ ആ സംഭാഷണം അങ്ങനെയങ്ങനെ നീണ്ടുനീണ്ടുപോയി.

ഇതേ സമയം അങ്ങ് അമേരിക്കയിലും സുരാജ് വെഞ്ഞാറമൂടാണ് ചർച്ചാ വിഷയം. നാഷനൽ ബാസ്കറ്റ് ബോൾ അസോസിയേഷൻ (എൻബിഎ) വേദി. അതിന്റെ വിശേഷങ്ങൾ എറ്റവും നന്നായി വിലയിരുത്തുന്ന ജനപ്രിയ പരിപാടിയാണ് ‘ഇൻസൈഡ് എൻ.ബി.എ.’ ഏർണീ ജോൺസൺ, കെന്നി സ്മിത്ത്, ചാൾസ് ബാർക്‌ലീ പോലെയുള്ള പ്രമുഖരാണ് പരിപാടിയുടെ അവതാരകർ. മീമുകളുടെ അ കമ്പടിയോടെയാണ് അവരുടെ കളിവിശകലനം.

ലോക പ്രശസ്ത ബാസ്കറ്റ് ബോൾ താരം ചാൾസ് ബേബിയുടെ കളിയെക്കുറിച്ചുള്ള പ്രവചനം തെറ്റി. അതേക്കുറിച്ച് ആയിരക്കണക്കിന് മീമുകൾ ഇറങ്ങി. പക്ഷേ, അതിൽദശമൂലം ദാമുവിന്റെ പരാക്രമങ്ങൾ വെള്ളംചേർക്കാതെ മിക്സ് ചെയ്ത മീം ഹിറ്റായി. അമേരിക്കൻ മലയാളി പോസ്റ്റ് ചെയ്ത മീമിലൂടെ ദാമു കളിവിശകലനത്തിനൊപ്പമുള്ള മീം ആയി തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, വെഞ്ഞാറമൂടിൽ നിൽക്കുന്ന ഈ ‘കുട്ടന്’ ഇതൊന്നും അറിഞ്ഞ ഭാവമേയില്ല.

വനിതയ്ക്ക് വേണ്ടി വെഞ്ഞാറമൂട് വിശേഷങ്ങൾ പങ്കുവയ്ക്കാൻ സുഹൃത്തുക്കൾക്കൊപ്പം കൂടാനെത്തിയതാണ് സുരാജ്. ആലന്തറ രംഗപ്രഭാതാണ് സൗഹൃദസംഗമ വേദി. സുരാജിന്റെ ജ്യേഷ്ഠൻ സജിയാണ് പ്രോഗ്രാമിന്റെ സംഘാടകൻ. അവിടേക്കുള്ള കാർ യാത്രയ്ക്കിടെ സുരാജ് പഴയ വിശേഷങ്ങൾ പറഞ്ഞു.

അമ്മയിൽ നിന്നു കിട്ടിയ മിമിക്രി

‘‘എനിക്കും അണ്ണനും മിമിക്രി കിട്ടിയത് ഞങ്ങളുടെ അമ്മയിൽ നിന്നാണ്. വിലാസിനിയമ്മ എന്നാണ് പേര്. സിനിമാതാരങ്ങളെയൊന്നുമല്ല അമ്മ അനുകരിക്കുന്നത്. ബന്ധുക്കളെയും അയൽക്കാരെയുമാണ്. ഞാൻ ചിരിയടക്കാൻ പാടുപെട്ട് ‘തള്ളേന്ന്’ വിളിച്ച് ആദ്യമായി തലയറഞ്ഞ് ചിരിച്ചത് അമ്മയുടെ മിമിക്രി കണ്ടാണ്. പക്ഷേ, അച്ഛൻ വാസുദേവൻ നായർ നേരെ എതിർവശമാണ്. ഒരു പട്ടാളക്കാരൻ ഒരിക്കലും ചിരിച്ചൂടാ എന്നൊരു നിർബന്ധം ഉള്ള പോലെയായിരുന്നു. അമ്മയുടെ മിമിക്രി അടുക്കളയിൽ ഒ തുങ്ങി. പക്ഷേ, ഞങ്ങൾ മിമിക്രിയുമായി പുറത്തുചാടി. അണ്ണൻ പട്ടാളത്തിൽ ചേർന്നെങ്കിലും അണ്ണന്റെ പങ്ക് മിമിക്രി കൂടി ഞാൻ എടുത്തു.

അന്നൊക്കെ പത്താംക്ലാസ് കഴിഞ്ഞാൽ ഏതെങ്കിലും സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിൽ അംഗമാകും. വെഞ്ഞാറമൂട്ടിൽ അമച്വർ നാടകസംഘങ്ങൾ ധാരാളമുണ്ടായിരുന്നു. ഉത്സവങ്ങൾ, നാടകമത്സരങ്ങൾ അങ്ങനെ എന്നും പൂരപ്രതീതിയാണ്. അത് കണ്ടു വളർന്നാണ് എനിക്കും സ്റ്റേജിൽ കയറണമെന്ന മോഹം തുടങ്ങിയത്. നമ്മളിപ്പോൾ പോകുന്ന ആലന്തറ രംഗപ്രഭാതില്ലേ, അത് യാഥാർഥ്യമാക്കിയത് എന്റെ അധ്യാപകൻ കൊച്ചുനാരായണപിള്ള സാറാണ്. കുട്ടികൾക്ക് നാടകം പഠിച്ചു വളരാനുള്ള കളരി കൂടിയാണത്.’’ സുരാജ് പറഞ്ഞുതുടങ്ങി; തന്റെ കലാജീവിതത്തിന്റെ തുടക്കം.

suraj-story-11 ഗുരുവും ജ്യേഷ്ഠനും: സജിയും സുരാജും

ശബ്ദവും വെളിച്ചവും

െവഞ്ഞാറമൂട് ടൗണിലൂടെ പോയപ്പോൾ ഒരു ബോർഡ് കണ്ടു. ‘ഭീമ സൗണ്ട്സ്’ . പതിറ്റാണ്ടായി വെഞ്ഞാറമൂടിന്റെ ശബ്ദവും െവളിച്ചവുമാണ് ഭീമ സൗണ്ട്സും അതിന്റെ ഉടമസ്ഥനായ അബൂക്കയും. സത്യനും പ്രേംനസീറും ജയനും മമ്മൂട്ടിയും മോഹൻലാലുമൊക്കെ സുരാജിലൂടെ ആദ്യം സംസാരിച്ചത് അബൂക്കയുടെ മൈക്കിലൂടെയാണ്.

‘‘ഒരുപാട് ഉത്സവങ്ങളുണ്ടെങ്കിലും മാണിക്കൽ ശിവക്ഷേത്രത്തിലെ ഉത്സവം പ്രധാനമാണ്. അന്ന് അവിടെ എ ല്ലാ കൊല്ലവും സാംബശിവന്റെ കഥാപ്രസംഗം ഉണ്ടായിരുന്നു. അത് കേട്ടാണ് ഞാൻ അദ്ദേഹത്തെ അനുകരിക്കാൻ തുടങ്ങിയത്.’’

ഇടയ്ക്ക് പുറത്തേക്ക് നോക്കിയപ്പോൾ സിന്ധു തിയറ്റർ എന്നെഴുതിയ പഴയൊരു ബോർഡ് കണ്ടു. കാറോടിക്കുന്നതിനിടെ സുരാജ് അറിയാതെ പറഞ്ഞു. ‘‘വെഞ്ഞാറമൂട് സിന്ധുവിന്റെ നയനമനോഹരമായ വെള്ളിത്തിരയി ൽ ഇന്നുച്ചയ്ക്ക് രണ്ടു മുപ്പതിനുള്ള മാറ്റിനി പ്രദർശനം മുതൽ....’ അന്നൊക്കെ ഈ അനൗൺസ്മെന്റ് കേൾക്കുമ്പോൾ എന്തൊരു സന്തോഷമായിരുന്നു. എല്ലാ ഗ്രാമത്തിനുമുണ്ടാകും അത്തരമൊരു തിയറ്റർ ഓർമ. വെഞ്ഞാറമൂടിന്റെ വെള്ളിത്തിരയുടെ പേരായിരുന്നു സിന്ധു.

അതിനടുത്തായിരുന്നു എന്റെ കുടുംബവീട്. അന്ന് ടാക്കീസ് ഓലപ്പുരയാണ്. ചുറ്റുമതിലൊന്നുമില്ല. വീട്ടിലിരുന്നാലും ശബ്ദരേഖ കേൾക്കാം. കുട്ടിക്കാലത്ത് ഇടവേള വരെ വീട്ടിലിരുന്ന് ശബ്ദരേഖ കേൾക്കും. ഇടവേളയ്ക്കുശേഷം തിയറ്ററിനുള്ളിൽ കയറും. അല്ലാതെ ടിക്കറ്റെടുത്ത് സിനിമ കാണാനുള്ള സാമ്പത്തികമില്ല. ഇടവേള വരെ കേട്ട ശബ്ദരേഖയായിരിക്കണം എന്റെ ആദ്യ സിനിമാപഠനം.’’

കാർ രംഗപ്രഭാതിന്റെ മുറ്റത്തെത്തിയപ്പോൾ സ്വീകരിക്കാനായി സുഹൃത്തുക്കളും രംഗപ്രഭാതിലെ കുഞ്ഞ് കലാകാരന്മാരും ചുറ്റും കൂടി. നാടകനടനും സംവിധായകനുമായ കണ്ണൂർ വാസൂട്ടി, നോബി, നാടകരചയിതാക്കളായ അശോക് ശശി, കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ വാമനപുരം മണി, രംഗപ്രഭാതിലെ ഇളംതലമുറക്കാരായ കുട്ടികൾ. സ്ഥാപക ഡയറക്ടർ കൊച്ചുനാരായണപിള്ള സാറിന്റെ മകളും ഇപ്പോഴത്തെ ഡയറക്ടറുമായ കെ.എസ്. ഗീത, അധ്യാപകൻ എക്സൽ ജയകുമാർ അങ്ങനെ വലിയൊരു സുഹൃത് സംഘം. വട്ടം കൂടിയിരുന്ന് എല്ലാവരും വർത്തമാനം തുടങ്ങി.

പൂർണരൂപം ജൂൺ 25–ജൂലൈ 8 ലക്കത്തിൽ

വി. ആർ. ജ്യോതിഷ്

ഫോട്ടോ: അരുൺ സോൾ