Monday 13 June 2022 03:58 PM IST : By സ്വന്തം ലേഖകൻ

‘ഇത്രയും സമയം ഈ സ്പ്രേ അടിച്ചാൽ ഇവന് പൊള്ളില്ലേ’: മമ്മൂക്കയുടെ ദേഷ്യവും കരുതലും : വസുദേവ് സജീഷ് പറയുന്നു

puzhu-fame

‘പുഴു’ സിനിമയിൽ മമ്മൂക്കയുടെ മകനായി അഭിനയിച്ച വസുദേവ് സജീഷ്

പുരസ്കാരങ്ങളേറ്റു വാങ്ങി...

ആറു വയസ്സു മുതൽ പരസ്യചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങി. റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. അച്ഛൻ സജീഷിന് അഭിനയമേഖല വളരെ ഇഷ്ടമാണ്. അച്ഛനാണ് ഓഡിഷനുകളിലേക്ക് ഫോട്ടോയും മറ്റും അയയ്ക്കുക. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ‘ഗോൾഡ് കോയിൻ’ എന്ന സിനിമയിലേക്ക് ഓഡിഷൻ വഴി അവസരം കിട്ടിയത്. അതിനുശേഷം ‘എബി’യിൽ വിനീത് ശ്രീനിവാസന്റെ കുട്ടിക്കാലം അവതരിപ്പിച്ചു. അന്ന് വിനീതേട്ടനാണ് എബിയെ പോലെ നടക്കാനും പെരുമാനും പഠിപ്പിച്ചു തന്നത്. ആ സിനിമാസെറ്റിലെ മനസ്സിൽ തങ്ങിനിൽക്കുന്ന ഓർമയാണത്. പിന്നീട് വിജയ് സൂപ്പറും പൗർണമിയും, ഗൗതമന്റെ രഥം, മാലിക്, ദേശീയ പുരസ്കാരം നേടിയ കള്ളനോട്ടം, സുല്ല് തുടങ്ങിയ സിനിമകൾ. ‘കള്ളനോട്ട’ത്തിലെയും ‘സുല്ലി’ലെയും അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം കിട്ടി. ഇപ്പോഴിതാ, ‘പുഴു’വിലൂടെ മലയാളികളുടെ സ്നേഹപുരസ്കാരങ്ങളും.

മമ്മൂക്കയുടെ ദേഷ്യവും കരുതലും

എന്റെ ആദ്യ സിനിമയുടെ ഡബ്ബിങ്ങിനു പോയപ്പോൾ സ്റ്റുഡിയോയിൽ വച്ച് മമ്മൂക്കയെ കണ്ടിരുന്നു. ‘പുഴു’ വിന്റെ സെറ്റിലെത്തിയപ്പോൾ അന്നെടുത്ത ഫോട്ടോയാണ് ആദ്യം കാണിച്ചുകൊടുത്തത്. മമ്മൂക്കയുടെ സിനിമയാണെന്ന് അറിയാമായിരുന്നെങ്കിലും മകനായാണ് അഭിനയിക്കേണ്ടതെന്ന് വൈകിയാണ് അറിഞ്ഞത്. ധാരാളം സംസാരിക്കുന്ന, തമാശകൾ പറയുന്ന ആളാണ് മമ്മൂക്ക. ഇടയ്ക്കു മാത്രമേ ഇത്തിരി ദേഷ്യം വരൂ.

എന്റെ കാലിലെ മുറിവിൽ മരുന്നു സ്പ്രേ ചെയ്യുന്ന ഒരു രംഗമുണ്ട്. രണ്ടു മൂന്നു ടേക്കുകൾ കഴിഞ്ഞപ്പോഴാണ് അതു വേദന കുറയ്ക്കാൻ ഉപയോഗിക്കുന്ന തരം സ്പ്രേ ആണെന്ന് മമ്മൂക്ക അറിയുന്നത്. ‘ഇത്രയും സമയം ഈ സ്പ്രേ അടിച്ചാൽ ഇവന് പൊള്ളില്ലേ’ എന്നു പറഞ്ഞു മമ്മൂക്ക ദേഷ്യപ്പെട്ടു. ‘ഐസ് വയ്ക്കൂ, പുകച്ചിൽ മാറട്ടെ...’ എന്ന് കരുതലോടെ എന്നോടും പറഞ്ഞു.

ഞാനും കിച്ചു

അച്ഛൻ ബിസിനസ് മേഖലയിലാണ്. അമ്മ പ്യാരിയാണ് എനിക്കൊപ്പം ലൊക്കേഷനുകളിൽ വരുന്നത്. കണ്ണൂരാണ് നാടെങ്കിലും പത്തു വർഷമായി ഇടപ്പള്ളിയിലാണ് താമസം.

എന്നെ വീട്ടിൽ വിളിക്കുന്നത് കിച്ചു എന്നാണ്. ‘ഗോൾഡ് കോയിനി’ലെ കഥാപാത്രവും കിച്ചുവായിരുന്നു. ‘പുഴു’വിലെ കിച്ചുവായി മാറാൻ സംവിധായിക രത്തീനാന്റി ഏറെ സഹായിച്ചിട്ടുണ്ട്. ലൊക്കേഷനിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ എനിക്കൊരു കാര്യം മനസ്സിലായി, സീനുകളിൽ മമ്മൂക്ക അഭിനയിച്ചോളും, നമ്മള്‍ അതനുസരിച്ച് റിയാക്ട് ചെയ്താൽ മാത്രം മതി. ഇനി റിലീസാകാനുള്ളത് ‘ജയിലർ’ സിനിമയാണ്. മറ്റൊരു സിനിമയുടെ ഷൂട്ട് ജൂലൈയിൽ ആരംഭിക്കും.

ബൈ വൺ ഗെറ്റ് വൺ

കുട്ടിത്താരമായ ഒരാൾ കൂടി വീട്ടിലുണ്ട്. അനിയൻ സൂര്യദേവ്. ആദ്യ സിനിമ മുതൽ അവനും എന്റെ മിക്ക സിനിമകളിലുമുണ്ട്. ബൈ വൺ ഗെറ്റ് വൺ ഓഫറാണല്ലോ എന്ന് പലരും പറയും. ‘പുഴു’വിൽ അപ്പുവായി എത്തുന്നത് അവനാണ്. അമ്മയും സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്. അച്ഛൻ ചില പരസ്യചിത്രങ്ങളിലും. അതുകൊണ്ടിപ്പോൾ ബൈ വൺ ഗെറ്റ് വൺ അല്ല, ഫാമിലി പാക്കാണെന്നു പറയാമല്ലേ... ഇടപ്പള്ളി അമൃത വിദ്യാലയയിലാണ് ഞാനും അനിയനും പഠിക്കുന്നത്. ഞാൻ ഒൻപതാം ക്ലാസ്സിലും അവൻ ഏഴിലും.

അമ്മു ജൊവാസ്