Thursday 29 March 2018 04:53 PM IST : By സ്വന്തം ലേഖകൻ

അമ്മയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് കാസ്റ്റിങ് കോൾ കണ്ടത്; ആമിയിലെ കൊച്ചുസുന്ദരി നീലാഞ്ജന പറയുന്നു

neelanjana

മാളവിക, നീലാഞ്ജന, ആമി

മാളവിക എന്നാണ് ശരിക്കുള്ള പേര്. സിനിമയിൽ ഒരുപാട് ഈ പേരുള്ളതു കൊണ്ട് നീലാഞ്ജന എന്നാക്കി മാറ്റി, ആമി സിനിമയുടെ പൂജാ ദിവസം കമൽ സാറാണ് ആദ്യമായി നീലാഞ്ജന എന്ന് വിളിച്ചത്. എല്ലാർക്കും പുതിയ പേര് ഇഷ്ടമായി.

വീട്ടിലെ ചെല്ലക്കുട്ടി

വീട് കണ്ണൂരാണ്. അച്ഛന്‍ വിനോദ് കുമാർ ബിസിനസ്സ് ചെയ്യുന്നു. അമ്മ പ്രവീണ ബ്രണ്ണൻ കോളേജിൽ അധ്യാപികയാണ്. പിന്നെ ചേട്ടൻ പ്രണവ് മെക്കാനിക്കൽ എഞ്ചിനീയറിങ് പഠിക്കുന്നു.. ഞങ്ങളെല്ലാവരും ഖത്തറിലായിരുന്നു. രണ്ട് കൊല്ലമേ ആയിട്ടുള്ളൂ നാട്ടിൽ സെറ്റിലായിട്ട്. അച്ഛൻ ഖത്തറിലെ മലയാളി സമാജത്തിന് ചെറിയ രീതിയിൽ സ്കിറ്റുകളൊക്കെ ചെയ്യുമായിരുന്നു. വീട്ടുകാരാണ് അഭിനയത്തിന് പൂർണ്ണ പിന്തുണ നൽകുന്നത്.

ആമി ആകും മുമ്പ്

അമ്മയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ആമിയുടെ കാസ്റ്റിങ് കോൾ കണ്ടത്.   അപ്പോൾ വെറുതേ അയച്ചതാണ്. കിട്ടുമെന്നൊന്നും കരുതിയില്ല. സെലക്ടായി എന്ന് പറഞ്ഞു കൊണ്ട് സംവിധായകന്റെ മെയിൽ വന്നപ്പോൾ ഭയങ്കര എക്സൈറ്റ്മെന്റ് ആയിരുന്നു.  ആദ്യം വിദ്യാ ബാലന്റെ ചെറുപ്പകാലമായിരുന്നു പറഞ്ഞത്. പിന്നീടാണ് മഞ്ജു ചേച്ചിയാണെന്ന് അറിഞ്ഞത്.  അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിയാണ് മാധവികുട്ടി. സിനിമയിലേക്ക് സെലക്ട് ആയ ശേഷം ആമിയുടെ ജീവിതമറിയാൻ ഞാൻ കുറേ പുസ്തകങ്ങൾ വായിച്ചു. ബാക്കി അമ്മ വായിച്ചിട്ട് പറഞ്ഞു തന്നു.അമ്മക്ക് മാധവി കുട്ടിയുടെ പുസ്തകങ്ങളുടെ വലിയ ശേഖരണമുണ്ട്.

പാവാടക്കാരിയല്ല ഞാന്‍

സാധാരണ ജീൻസും ടോപ്പുമൊക്കെയിട്ട് നടക്കുന്ന ഞാൻ ഭയങ്കര നാടൻ കുട്ടിയായിട്ടാണ് സിനിമയിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു ആ ചേയ്ഞ്ച് .എന്റെ ബന്ധുക്കൾക്കും കൂട്ടുകാർക്കുമൊക്കെ ഭയങ്കര അതിശയമായിരുന്നു എന്നെ സ്ക്രീനിൽ കണ്ടപ്പോള്‍. അവരെല്ലാം അപ്പോഴാണ് അറിയുന്നത് എന്റെയുള്ളിൽ ഒരു കലാകാരിയുണ്ടെന്ന്.

ആദ്യം പത്താം ക്ലാസ്

ഭാവിയിൽ ആരാകണെമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.  എന്തായാലും ഡോക്ടറാകാനും എൻജിനീയറാകാനും ഇഷ്ടമല്ല. സിനിമയിൽ തുടരണം എന്ന് ആഗ്രഹമുണ്ട്.  ആമിയ്ക്ക് ശേഷം ഒരുപാട് പേർ വിളിക്കുന്നുണ്ട്. പക്ഷേ ഇപ്പോള്‍ പത്താം ക്ലാസ് ആയതുകൊണ്ട് പഠിക്കാൻ കുറേയുണ്ട്. പത്തിലെ പരീക്ഷയ്ക്ക് ശേഷം വേണം  അഭിനയത്തെ കുറിച്ച് കാര്യമായി ചിന്തിക്കാൻ.

മഞ്ജുവും നസ്രിയയും

പുന്നയൂർ കുളത്ത് വെച്ചാണ് ആദ്യമായി മഞ്ജു ചേച്ചിയെ കാണുന്നത്. ഭയങ്കര ടെൻഷനിലായിരുന്നു ഞാൻ. പക്ഷെ മഞ്ജു ചേച്ചി വന്ന് സംസാരിച്ചപ്പോൾ എല്ലാം മാറി. അതുപോലെ തന്നെ ആമിയുടെ കുട്ടികാലം അവതരിപ്പിച്ച ആഞ്ജലീനയുണ്ട്. അവളാണ് എന്റെ സെറ്റിലെ ബെസ്റ്റ് ഫ്രണ്ട് മലയാള സിനിമയില്‍ ഏറ്റവും ഇഷ്ടമുള്ള താരം നസ്രിയയാണ്.