Wednesday 21 August 2024 04:31 PM IST

‘ഒരാൾക്ക് മാർക്കറ്റ് കുറഞ്ഞാൽ പതുക്കെ അയാളെ മറന്നു കളയും, അതാണു സിനിമയുടെ ശാപവും’: ജഗദീഷ്

Vijeesh Gopinath

Senior Sub Editor

jagadeesh-14

എഴുപതുകളുടെ തുടക്കം. തൈക്കാട് റസിഡൻസി ഗ്രൗണ്ടിന്റെ രണ്ടു വശത്തായി ക്രിക്കറ്റ് കളി നടക്കുന്നു. മോഡൽ സ്കൂളിലെയും ആർട്സ് കോളജിലെയും കുട്ടികളാണു കളിക്കാർ. ഒരു ടീമിൽ മോഹൻലാലും പ്രിയദർശനും സുരേഷ് കുമാറും ഉണ്ട്. ഇപ്പുറത്തു നിന്നു കളിച്ച സീനിയേഴ്സ് ടീമിൽ ജഗദീഷും. കുറച്ചു വർഷം കഴിഞ്ഞാൽ തിയറ്ററുകളിൽ ഹിറ്റുകളുടെ സിക്സും ഫോറും തൂക്കിയടിക്കേണ്ട പിള്ളേരാണ് ആ കളിക്കുന്നതെന്ന് അന്നു ദൈവത്തിനു മാത്രമല്ലേ അറിയൂ.

രണ്ടു ടീമും സിനിമയിൽ പന്തെറിഞ്ഞു തുടങ്ങിയ ആദ്യ കാലം. വൺഡേ മാച്ച് പോലെ പ്രിയൻ – ലാൽ – സുരേഷ് കുമാർ കൂട്ടുകെട്ട്. കണ്ണടച്ചു തുറക്കും മുൻപേ താരങ്ങളായി. എ ന്നാൽ ടെസ്റ്റ് ക്രിക്കറ്റിലെ പോലെ അവസരങ്ങൾ വരുമ്പോൾ സിക്സ് അടിക്കാനായി ജഗദീഷ് കാത്തു നിന്നു. പ്രഗത്ഭർക്കൊപ്പം ആകാശവാണിയിലും അമച്വര്‍ നാടകങ്ങളിലും കലാകാരനായി. മലയാള നാടകവേദിയിലെ പൊൻതൂവലായ സാകേതത്തിലെ ലക്ഷ്മണനായി. വയലാ വാസുദേവൻ പിള്ളയെ പോലെ നാടക േവദി ആദരിക്കുന്ന നാടകാചാര്യന്മാരുടെ പ്രിയ ശിഷ്യനായി.

‘‘അങ്ങനെയൊരു ദിവസം ആകാശവാണിയിൽ വച്ച് മോഹൻലാലിനെ വീണ്ടും കാണുന്നു. ’’ ഒാർമ മഞ്ഞു പറ്റിയ പൂക്കൾ ജഗദീഷ് മുന്നിൽ വച്ചു.

ഒാൾ ദ ബെസ്റ്റ് ലാൽ

‘‘സ്കൂളിൽ പഠിക്കുമ്പോഴേ പ്രിയനും ലാലിനും എംജി ശ്രീകുമാറിനുമെല്ലാം എന്നെ അറിയാം. കലാമത്സരങ്ങളാണു ഞങ്ങളെ പരിചയക്കാരാക്കിയത്. പിന്നെ, ഒരേ ഗ്രൗണ്ടിലെ ക്രിക്കറ്റ് കളിയും. ലാലിന്റെ ചേട്ടന്‍ എന്റെ ക്ലാസ്മേറ്റായിരുന്നു. സ്കൂളിലും കോളജിലും എന്റെ ജൂനിയറായിരുന്നു ലാൽ. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ൽ അഭിനയിക്കുന്നു എന്ന വിവരം ഗ്രൗണ്ടിലൊക്കെ വലിയ വാർത്തയായി.

ലാലിനെ പിന്നെ കാണുന്നത് അപ്പച്ചൻ സാറിനൊപ്പം(നവോദയ അപ്പച്ചൻ) ആകാശവാണിയിൽ വന്നപ്പോഴാണ്. ലാല്‍ സിനിമയെക്കുറിച്ചൊക്കെ അന്നു സംസാരിച്ചു. ഞാൻ കൈ കൊടുത്തിട്ടു പറഞ്ഞു – ‘ഒാൾ ദ ബെസ്റ്റ്’. പതിവ് ലാൽച്ചിരി. ശങ്കറിന്റെ കഥാപാത്രത്തിനു പറ്റിയ ശ ബ്ദം തിരഞ്ഞാണ് അവരന്നു വന്നത്. ചേരുന്നതു കിട്ടാത്തതു കൊണ്ടാകാം പിന്നീട് ശങ്കർ തന്നെ ശബ്ദം നൽകി. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ വലിയ വിജയമായി.

ഞാനപ്പോൾ നാടകവും ആകാശവാണിയും അധ്യാപനവും ഒക്കെയായി നടക്കുകയാണ്. സിനിമയെന്ന മോഹത്തിനു ദിവസം കഴിയും തോറും വേരോട്ടം കൂടുന്നുണ്ടെങ്കിലും അതിനു വേണ്ടി കാര്യമായൊന്നും ചെയ്തില്ല. ലാലിനെയും പ്രിയനെയും അറിയാം. എന്നാലും ഇങ്ങനെ ഒരു മോഹമുണ്ടെന്നു പറയാന്‍ മടി.

നിർമാതാവ് സുരേഷ് കുമാറിന്റെ സഹോദരി ഉഷ ടീച്ചർ അന്ന് എം.ജി കോളജിൽ അധ്യാപികയാണ്, ഞങ്ങൾ സഹപ്രവർത്തകരായിരുന്നു. ഒരു ദിവസം കോളജിലേക്കു ഞാൻ സ്കൂട്ടറിൽ വന്നിറങ്ങുമ്പോൾ ഉഷ ടീച്ചറെ കോളജിലാക്കി സുരേഷ് കുമാർ മടങ്ങുന്നു. ഞാൻ സ്കൂട്ടറിൽ നിന്നിറങ്ങി ചെന്നു സുരേഷിനോടു സംസാരിച്ചു.

പൂച്ചയ്ക്ക് ഒരു മൂക്കുത്തി എന്ന സിനിമ തിലക് ഹോട്ടലി ൽ ഇരുന്ന് പ്രിയൻ എഴുതുകയാണ്. ‘ഒരുപാട് കഥാപാത്രങ്ങളുണ്ട്. പ്രിയനെ ഒന്നു പോയി കാണൂ’ എന്നു സുരേഷ് പറഞ്ഞു. ഉച്ചയ്ക്കു ശേഷം പോകാമെന്നു പറഞ്ഞെങ്കിലും പോകാനൊരു മടി. അതു കഴിഞ്ഞാണു ‘മൈ ഡിയർ കുട്ടിച്ചാത്തനി’ൽ അഭിനയിക്കുന്നത്. അതോടെ ആവേശമായി. ഞാൻ പ്രിയന്റെയും സുരേഷ് കുമാറിന്റെയും കൂടെക്കൂടി. ഒാടരുതമ്മാവാ ആളറിയാം എന്ന സിനിമയുടെ എഴുത്തു നടക്കുന്നു. അതിനൊപ്പം സജീവമായി. മൂന്നു പ്രധാന കഥാപാത്രങ്ങളുണ്ട്. അതിലൊരെണ്ണം എനിക്കു കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹം ഉണ്ടായിരുന്നു. സിനിമയിൽ ആരൊക്കെ അഭിനയിക്കുന്നുണ്ടെന്ന് പ്രിയനും തിരക്കഥ എഴുതുന്ന ശ്രീനിവാസനും തുറന്നു പറയുന്നുമില്ല.

ഞാൻ ഇടയ്ക്ക് സുരേഷിനോടു സൂചിപ്പിക്കും,‘കൂടുതൽ ദിവസം ലീവ് എടുക്കണമെങ്കിൽ ആദ്യമേ പറയണം.’ നല്ല വേഷമാണോ എന്നറിയാനുള്ള നമ്പരായിരുന്നു അത്. പക്ഷേ, സുരേഷ് അതിൽ വീണില്ല. ഒടുവിൽ അഭിനേതാക്കളെ നിശ്ചയിച്ചു. നെടുമുടി വേണുച്ചേട്ടനു പുറമേ ശ്രീനിവാസൻ, ജഗതി ചേട്ടൻ, മുകേഷ് പ്രധാന മൂന്നു വേഷങ്ങളിൽ. എനിക്ക് മൂന്നു സീനുള്ള ഹിന്ദിമാഷിന്റെ റോൾ.

പ്രധാന വേഷമല്ലെന്നറിഞ്ഞതോടെ സങ്കടമായി. സുരേഷ് സമാധാനിപ്പിച്ചു. ‘ആദ്യം കുഞ്ഞുവേഷങ്ങളില്‍ അഭിനയിക്ക്. തൽക്കാലം മൂന്നു ദിവസം ലീവ് എടുക്ക്.’ അതോടെ ഞാൻ സ്ഥലം വിട്ടു. കോളജിൽ പോകാൻ തുടങ്ങി.

അന്നു വീട്ടിൽ ഫോൺ ഇല്ല. അടുത്ത വീട്ടിലെ നമ്പരാണു കൊടുക്കുക. ഒരു ദിവസം അവിടേക്കു കോൾ വന്നു. ഒാടി ചെന്നപ്പോൾ സുരേഷ് കുമാർ ആണ്. ‘മുപ്പത് ദിവസത്തെ ലീവിന് എഴുതി കൊടുത്തിട്ട് ഇങ്ങോട്ടു പോരു. താൻ ആണ് കോര.’ ജഗതിച്ചേട്ടൻ മറ്റേതോ സിനിമയിൽ തിരക്കിലായി. അതോടെയാണു കോര എന്നെ തേടി വന്നത്.

ഒാർമയിലുള്ള ഒരു സീൻ ഉണ്ട്. രമ അന്ന് വിഴിഞ്ഞം പ്രൈമറി ഹെൽത് സെന്ററിൽ ഡോക്ടർ. രമയെ അവിടെ വിട്ടിട്ടുതിരികെ വരുമ്പോൾ മതിലിൽ ഒാടരുതമ്മാവാ ആളറിയാം സിനിമയുടെ വലിയ പോസ്റ്റർ. തുല്യ പ്രാധാന്യത്തോടെ എന്റെയും ശ്രീനിവാസന്റെയും മുകേഷിന്റെയും ചിത്രങ്ങൾ. സ്കൂട്ടർ നിർത്തി കുറേ നേരം നോക്കി നിന്നു.

പണ്ട് വെള്ളിയാഴ്ച വൈകീട്ട് പച്ചക്കറി വാങ്ങാൻ ചാല മാർക്കറ്റിലേക്കു പോകും. തിരിച്ചു വരുന്ന വഴി ശക്തി തിയറ്ററിൽ കയറി പോസ്റ്ററുകൾ കാണും. അതുകഴിഞ്ഞ് ശ്രീകുമാർ തിയറ്റർ. പിന്നെ, ന്യൂ തിയറ്ററില്‍. അവിടുന്ന് അജന്തയിലേക്ക്. നോട്ടീസ് ഉണ്ടെങ്കിൽ അതും എടുക്കും. പോസ്റ്ററുകൾ ‘നടന്നു കണ്ട’ എന്റെ മുഖം ഇതാ പോസ്റ്ററിൽ... ഇന്നും അഭിമാനത്തോടെ ഒാർക്കുന്ന മൂഹൂർത്തമാണത്.

jagadeesh-3

സൗഹൃദങ്ങളുടെ ‘രസ’തന്ത്രം

പലരും ചോദിക്കും സിനിമയിൽ സൗഹൃദങ്ങൾക്കു സ്ഥാനമുണ്ടോ? സിനിമയിൽ സൗഹൃദങ്ങളില്ല എന്നല്ല. അടിസ്ഥാനപരമായി സിനിമ വിജയിക്കുന്നവരുടെ ലോകമാണ്. മറ്റെന്തിനെക്കാളും വിജയത്തിനാണ് അവിടെ സ്ഥാനം. ഏത്ര വലിയ കൂട്ടുകെട്ടായാലും ചങ്ങാത്തമായാലും അതിനപ്പുറമാണു വിജയം. അതു തിരിച്ചറി‍ഞ്ഞാൽ മതി.

ചില സൗഹൃദങ്ങളുണ്ട്. വിജയത്തിൽ ഒന്നിച്ചു നിൽക്കും. അതിൽ ഒരാൾക്ക് മാർക്കറ്റ് കുറഞ്ഞാൽ പതുക്കെ അയാളെ മറന്നു കളയും. അതാണു പരിഭവം ആകുന്നത്. അതാണു സിനിമയുടെ ശാപവും.

രണ്ടു സന്ദർഭം പറയാം. മണിയൻപിള്ള രാജുവും ഞാ നും അടുത്ത സുഹൃത്തുക്കളാണ്. അദ്ദേഹം പ്രൊഡ്യൂസ് ചെയ്ത കുറച്ചു സിനിമകളിലേ ഞാൻ അഭിനയിച്ചിട്ടുള്ളൂ. എനിക്ക് ഒരു പരിഭവവുമില്ല. ഞങ്ങളുടെ സൗഹൃദത്തിന് ഒരു കുറവും വന്നിട്ടില്ല. ‘‘എന്റെ സിനിമയിലേക്ക് ജഗദീഷിനെ വിളിക്കുകയാണെങ്കിൽ അതിൽ നല്ലൊരു വേഷം വേണം. എന്റെ മനസ്സിൽ ഇപ്പോഴും വെള്ളാനകളുടെ നാട്ടിലെ ടാർ തൊഴിലാളി കുമാരനാണ്. അതുപോലെ ഒരു കഥാപാത്രം മുന്നിൽ വന്നാൽ അപ്പോൾ ജഗദീഷിനെ വിളി ക്കും.’’ മണിയൻപിള്ള ഒരിക്കൽ പറഞ്ഞതാണിത്.

വ്യക്തിജീവിതത്തിലെ ബന്ധവും പ്രഫഷനൽ ജീവിതത്തിലെ ബന്ധവും തമ്മിൽ കൂട്ടിക്കലർത്തിയാൽ അതോടെ ഉള്ള സൗഹൃദങ്ങൾ നഷ്ടമാകും. മറ്റൊരു സീൻ കൂടി പറയാം. സംവിധായകരായ അനിൽ‌ബാബുമാരുടെ ഏഴു സിനിമകളിൽ ഞാൻ തുടർച്ചയായി നായകനായി. മാന്ത്രികച്ചെപ്പ്, വെൽക്കം ടു കൊടൈക്കനാൽ, ഇഞ്ചക്കാടൻ മ ത്തായി ആന്റ് സൺസ്. സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, സ്ത്രീധനം, കു‍ടുംബവിശേഷം– അതുകഴിഞ്ഞ് അവർ സുരേഷ്ഗോപിയെ നായകനാക്കാൻ തീരുമാനിച്ചു. മടിച്ചു മടിച്ചാണ് അത് പറഞ്ഞത്. എനിക്കത് ഒരു വിഷമമേ ആയില്ല, അവർ പിന്നീട് മമ്മൂട്ടിയെ വച്ചും സുരേഷ്ഗോപിയെ വച്ചും സിനിമകൾ ചെയ്തു. അപ്പോഴും സൗഹൃദം തുടർന്നു.

മറ്റൊരു കാര്യം കൂടിയുണ്ട്. ഒാരോ സൗഹൃദത്തിലും എവിടെ നിൽക്കണം എന്നതു വലിയ പാഠമാണ്. പ്രിയനും ലാലും ഒക്കെയായി വർഷങ്ങൾക്കു മുൻപേയുള്ള പരിചയമാണ്. പക്ഷേ, എപ്പോൾ സംസാരിക്കണം, എപ്പോഴാണു നിർത്തേണ്ടത് എന്നു കൃത്യമായി അറിയാവുന്നതുകൊണ്ട് ആ സൗഹൃദങ്ങൾ ഇപ്പോഴും തുടരുന്നു.

പ്രിയന്റെ ലൊക്കേഷൻ. ഞാനും പ്രിയനും കാരവാനിൽ ഇരുന്നു സംസാരിക്കുകയാണ്. അപ്പോഴാണ് ബോളിവുഡ് നിർമാതാവ് പ്രിയനെ കാണാനെത്തിയത്. അദ്ദേഹം വന്നതും ഞാൻ എഴുന്നേറ്റു. പ്രിയൻ പറഞ്ഞു,‘നീ എങ്ങോട്ടു പോകുന്നു. അവിടെ ഇരിക്ക് ’. പക്ഷേ, ഞാൻ ഇറങ്ങി. റോളില്ലാത്ത ഇടങ്ങളിൽ നിന്ന് അവസരത്തിനൊത്തു മാറുന്നതുകൊണ്ടാണു ബന്ധങ്ങൾ നിലനിൽക്കുന്നത്.

‘ഫാലിമി’ കണ്ട് പ്രിയൻ വിളിച്ചു നീ കലക്കുന്നുണ്ടെന്നു പറഞ്ഞു. അതിനേക്കാളും സന്തോഷമായത് പ്രിയൻ ഒപ്പമുള്ള സുഹൃത്തുക്കളോടു പറഞ്ഞതാണ്, ‘അവന്റെ വളർച്ച ഭയങ്കരമാണ്. എങ്ങോട്ടാണ് ഇവന്റെ പോക്ക്...’ ഇതഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി. അധ്യാപകൻ ക്ലാസിലെ ഒരു കുട്ടിയെ കുറിച്ച് ‘അവനെ കണ്ടു പഠിക്ക് ’ എന്നു പറയുന്ന പോലെ.

മമ്മൂക്കയും ലാലും

മമ്മൂക്കയും ലാലുമായും നല്ല ബന്ധമുണ്ടെങ്കിലും ഒരു ഫോ ൺകോൾ പോലും അനാവശ്യമായി ചെയ്തിട്ടില്ല. അവരുടെ തിരക്കുകൾ എനിക്കു നന്നായറിയാം. അതുകൊണ്ടുതന്നെ ബുദ്ധിമുട്ടിക്കാറില്ല. കാണുമ്പോൾ ഇന്നലെ കണ്ടതുപോലെ സംസാരിച്ചു തുടങ്ങുകയും ചെയ്യും.

‘റോഷാക്കി’ന്റെ സമയത്ത് മമ്മൂക്ക പറഞ്ഞു, ‘ജഗദീഷിന് ഇതു ടേണിങ് പോയന്റാണ്.’ എപ്പോൾ കാണുമ്പോഴും ചെയ്യാൻ പോകുന്ന സിനിമകളെക്കുറിച്ചു ചോദിക്കും. എ ന്റെ മാത്രമല്ല, സിനിമയിലെത്തുന്ന എല്ലാവരും എന്തു ചെയ്യുന്നു എന്നറിയാനുള്ള ആകാംക്ഷ ഇപ്പോഴും സൂക്ഷിക്കുന്ന ഒരാളാണ് അദ്ദേഹം.

jagadeesh-2

ജീവിതത്തിൽ ധർമപുത്രരെ പോലെയാണെങ്കിലും ക രിയറിൽ ഞാൻ ദുര്യോധനനാണ്. വിജയിക്കണം, ഉയരണം എന്ന് അതിയായ മോഹമുണ്ട്. നല്ല കഥാപാത്രങ്ങൾ കിട്ടണം എന്റെ സിനിമകൾ വിജയിക്കണം എന്നൊക്കെയാണ് മനസ്സിലെ ദുര്യോധനൻ എപ്പോഴും പറയാറുള്ളത്. നായകനായി യാത്രയിൽ ഒന്നു മങ്ങിയപ്പോഴും ‍ഞാൻ വീണുപോകാതിരുന്നതും പിന്നീട് ‘ലീല’യിലൂെട തിരികെ വന്നതും എല്ലാം എന്റെ മനസ്സിലെ ദുര്യോധനൻ പടയ്ക്കിറങ്ങുന്നതു കൊണ്ടാണ്. എന്നാൽ ധർമമല്ലാത്ത ഒരു വഴിയിലൂടെയും എന്റെ സിനിമാ യാത്ര പോയിട്ടില്ലതാനും.

തയാറാക്കിയത്: വിജീഷ് ഗോപിനാഥ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ