ആ –മുറിക്കുള്ളിൽ ഒരുപാടു പേരുണ്ടായിരുന്നു. ‘കാക്ക തൂറീന്നാ തോന്നണേ’ എന്ന് ചമ്മുന്ന അപ്പുക്കുട്ടനുണ്ട്. മൂന്നു കഷ്ണമായി പോയ പ്രതിമയുടെ തലയും ഉടലും ശരിയാക്കാൻ പാടുപെടുന്ന ഹൃദയഭാനുവും ‘അച്ചായൻ താക്കോൽ എവിടെയാണ് വ ച്ചതെന്ന്’ ഒാർത്തെടുക്കാൻ പാടുപെടുന്ന ട്യൂട്ടിയും ഉണ്ട്. ‘എനിത്തിങ് കാൻ ഹാപ്പൻ ടു എനി വണ്‍ എനി ടൈം അല്ലേ ഒാസ്‍ലർ’ എന്നു ചോദിച്ച ഡോ. സേവി ഗൗരവത്തിലാണ്.
കുറച്ചപ്പുറം കുറേ അച്ഛന്മാരുണ്ട് – കാശിയിൽ പോയി സ്വന്തം അച്ഛന്റെ ചിതാഭസ്മം നിമജ്ജനം ചെയ്തു കഴിഞ്ഞ് അച്ഛനിപ്പോഴും ജീവനോടെയുണ്ടെന്നറിഞ്ഞ മടിയനായ ചന്ദ്രനും ഗുരുവായൂരമ്പലനടയിൽ വച്ച് നടത്താൻ തീരുമാനിച്ച മകളുടെ കല്യാണം നടത്തില്ലെന്നു വാശിപിടിക്കുന്ന മകൻ ആനന്ദനോട് ചൂടാകുന്ന സുദേവനും എല്ലാം ആ കൂട്ടത്തിലാണ്. പക്ഷേ, അവരിൽ നിന്നൊക്കെ മാറി ഒ രാളുണ്ട്. മകളോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്യുന്ന ഒരാൾ – ‘ലീലയുടെ അച്ഛൻ.’
നാലു പതിറ്റാണ്ടായി ഒപ്പമുള്ളവർക്കു നടുവിൽ ജഗദീഷ് ഇരുന്നു. പിന്നെ ഒാർമകളോടു പറഞ്ഞു, ആക്‌ഷൻ...
അവരിലെ ഞാൻ
‘പാഷനോടു’ കൂടി ചെയ്യുന്നതെല്ലാം പുതിയൊരു ചുവടാകും എന്നു വിശ്വസിക്കുന്ന ആളാണു ഞാൻ. മൈ ഡിയർ കുട്ടിച്ചാത്തനിലെ ഒന്നര സീനുള്ള അനൗൺസറിന്റെ റോളിലെത്തിയതു സിനിമയോടുള്ള ആ മോഹം കൊണ്ടാണ്. പിന്നീട് അങ്ങോട്ടു ചിരി തൊട്ട എത്രയോ മുഖങ്ങൾ.
അപ്പുക്കുട്ടൻ ഇമേജിൽ നിന്നു മാറ്റി നിർത്തിയ ആദ്യ വേഷമായിരുന്നു ‘സ്ഥലത്തെ പ്രധാന പയ്യൻസി’ലെ ഗോപാലകൃഷ്ണൻ. ഇങ്ങനെ ഒരു റോൾ ചെയ്യാൻ കഴിയുമെന്നു തെളിയിക്കാൻ പറ്റിയത് രൺജി പണിക്കരും ഷാജികൈലാസും എന്നിലർപ്പിച്ച വിശ്വാസം കൊണ്ടാണ്.
സ്ഥലത്തെ പ്രധാന പയ്യൻസിന്റെ ആദ്യ കഥ ഇതല്ല. രൺജി പണിക്കർ ഷാജി കൈലാസ് കൂട്ടുകെട്ടിലെ ‘തലസ്ഥാനം’ വലിയ ഹിറ്റായി. അടുത്ത സിനിമ ജഗദീഷിനെ നായകനാക്കി ചെയ്യണമെന്ന് പ്രൊഡ്യൂസർ പറഞ്ഞു. ‘എനിക്കു പറ്റുന്ന കഥ’ അവർ ആദ്യം ആലോചിച്ചു. പണക്കാരനായ അമ്മാവന്റെ മകളെ പ്രണയിക്കുന്ന സാധാരണക്കാരനായ നായകൻ. അമ്മാവൻ സമ്മതിക്കുന്നില്ല. അതിലുള്ള കോമഡികൾ. കഥ കേട്ടു കഴിഞ്ഞ് ഞാൻ പറഞ്ഞു. ‘പ്ലീസ്, കോമഡിവിട്ട് ഒരു പടം വേണം. തലസ്ഥാനം പോലെ ഒരെണ്ണം തരാമോ? നിങ്ങളുടെ രീതിക്കുള്ള പടം.’
അതോടെ പ്രണയം സൈഡ് ട്രാക്കായി. ചേരിപ്രദേശത്ത് ജീവിക്കുന്ന ചെറുപ്പക്കാരൻ ആഭ്യന്തര മന്ത്രിയായി മാറുന്നതായി സിനിമ. രാഷ്ട്രീയക്കാരനാകുമ്പോഴുള്ള മാനറിസങ്ങൾ എനിക്ക് പ്രയാസമുണ്ടായില്ല. കോളജ് കാലത്ത് കെഎസ്‌യു പ്രവർത്തകനായിരുന്നു. രാഷ്ട്രീയത്തിന് അപ്പുറമുള്ള സൗഹൃദം ഉണ്ടായിരുന്നു. ആർട്ട്സ് കോളജില്‍ പഠിക്കുമ്പോൾ പതിനെട്ടിൽ പതിനേഴും എസ്എഫ്െഎ നേടുമ്പോൾ കെഎസ് യു പാനലിൽ ഞാൻ മാത്രം വിജയിക്കും. ‘‘വോട്ട് തരുന്നതു പാർട്ടിക്കല്ല അതു പഴ്സണലാണ്’’ എന്ന് എസ്എഫ് െഎക്കാർ പറയുമായിരുന്നു.
സ്ഥലത്തെ പ്രധാന പയ്യൻസ് റിലീസ് ചെയ്ത് അഞ്ചുവർഷത്തിനു ശേഷം രണ്ടാംഭാഗം ആലോചിച്ചു. ക്ലിഫ്ഹൗസ് എന്നായിരുന്നു പേര്. ഒരുപാട് ആഗ്രഹിച്ച സിനിമയായിരുന്നെങ്കിലും എന്തുകൊണ്ടോ അതു നടന്നില്ല.
അപ്പുക്കുട്ടത്തരങ്ങൾ
സാമ്യം ഉണ്ടെങ്കിലും വിഭിന്ന സ്വഭാവത്തിലുള്ള മൂന്നു കഥാപാത്രങ്ങളാണ് ‘ഇൻ ഹരിഹർ നഗറി’ലെ അപ്പുക്കുട്ടനും ‘ഗോഡ്ഫാദറി’ലെ മായിൻകുട്ടിയും ‘ഹിറ്റ്ലറി’ലെ ഹൃദയഭാനുവും. എല്ലാ കൂട്ടുകെട്ടിലും അപ്പുക്കുട്ടനെ പോലെ ഒരാളുണ്ടാകും. അയാളായിരിക്കും ഗ്രൂപ്പിനെ സജീവമാക്കുന്നത്. മണ്ടത്തരം കാണിച്ച് രംഗം കൊഴുപ്പിക്കും. കൂട്ടത്തിൽ ഏറ്റവും കൂടുതൽ സ്നേഹം അയാൾക്കായിരിക്കും. ‘ ടു ഹ രിഹർ നഗറി’ൽ പരസ്പരം തല്ലുകുടുമ്പോൾ കരയുന്നത് അപ്പുക്കുട്ടനാണ്. ആ സീൻ കണ്ട് അമ്മച്ചി കരഞ്ഞു പോയെന്ന് സംവിധായകൻ ലാൽ എന്നെ വിളിച്ചു പറഞ്ഞിട്ടുണ്ട്.
മായിൻകുട്ടി മണ്ടനല്ലെങ്കിലും അബദ്ധങ്ങൾ കാണിക്കുന്ന കോളജ് സ്റ്റുഡന്റ് ആണ്. ‘മേഴ്സി ഞങ്ങളോട് അൽപം മേഴ്സി കാണിച്ചൂടേ’ എന്നൊക്കെ പറഞ്ഞ് പിരിവെടുക്കുന്ന സീൻ ജീവിതത്തിലുണ്ടായിട്ടുണ്ട്. കൊമേഴ്സിനാണ് പഠിക്കുന്നതെങ്കിലും ബിഎ എക്കണോമിക്സിലെ കുട്ടികൾ ടൂറു പോവുന്നു. അവർക്ക് എന്നെയും കൂട്ടണം. പാട്ടും മിമിക്രിയുമൊക്കെയായി ഒാളമുണ്ടാക്കാനാണ്. കൈയിൽ പൈസയില്ലെന്ന് ആദ്യമേ പറഞ്ഞു. അതോടെ ടൂറുകൊണ്ടുപോകാനായി പിരിവിനിറങ്ങി. അത് വൻ വിജയമായി
മായിൻകുട്ടിയുടെയും അപ്പുക്കുട്ടന്റെയും ഛായ ഹൃദയഭാനുവിലുണ്ട്. സംവിധായകൻ സിദ്ദിഖ് കഥ പറഞ്ഞപ്പോൾ മുകേഷ് പിണങ്ങി, ‘ജഗദീഷിനെക്കാൾ മൂന്നാലു മാസം പ്രായം കുറവാ എനിക്ക്’. ഞാൻ ബാങ്ക് ഉദ്യോഗസ്ഥൻ ലവൻ കോളജിൽ.അതെങ്ങനെ ശരിയാകും?. കോളജ് സീൻ പാട്ടിലെയുള്ളൂ എന്നു മുകേഷിനെ സിദ്ദിഖ് സമാധാനിപ്പിച്ചു.
ഈ മൂന്നു കഥാപാത്രങ്ങളും ചങ്കു പറിച്ചു കൊടുക്കുന്ന ചങ്ങാതിമാരാണ്. സിനിമയില്‍ എനിക്കും ഇതുപോലെ ചങ്ങാതിമാരുണ്ടായിരുന്നു. ഈ ലോകത്ത് ഞാനും വേ ണം എന്നാഗ്രഹിച്ചവർ. നെടുമുടി വേണുവും ഇന്നസെന്റും ശ്രീനിവാസനും ആ കൂട്ടത്തിലുണ്ട്. ഞാനൊപ്പമുണ്ടെങ്കിൽ സെറ്റുകൾ സജീവമാക്കാമെന്നു പറഞ്ഞ് എന്നെ കൂടെക്കൂട്ടി. അക്കരെ നിന്നൊരു മാരൻ, മുത്താരം കുന്ന് പി ഒ, പൊന്നും കുടത്തിനും പൊട്ട്, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, നന്ദി വീണ്ടും വരിക – ഈ സിനിമകളുടെയെല്ലാം കഥ ഞാനും തിരക്കഥ ശ്രീനിവാസനുമായിരുന്നു. ഞാനെഴുതിയ അധിപൻ എന്ന സിനിമയുടെ തിരക്കഥ മെച്ചപ്പെടുത്താൻ വേണുച്ചേട്ടന്‍ ഒപ്പം നിന്നു.
കുമാരന് ഒറ്റയ്ക്കു കിട്ടിയ കയ്യടി
വെള്ളാനകളുടെ നാട്ടിലെ ടാർ തൊഴിലാളി കുമാരനെയും മറക്കാനാവില്ല. കുട്ടിക്കാലത്തു വീടിനു മുന്നിൽ ടാറിങ് നടക്കുമ്പോൾ ഞാനവിടെ പോയി നോക്കി നിൽക്കും. അത് കൃത്യമായി കുമാരനിലേക്കു ചേർത്തു വച്ചു. കാലിൽ ചാക്കു കെട്ടിവച്ചു ടാറിൽ നിന്നാണു ഷൂട്ട് ചെയ്തത്. കാലിനടിഭാഗമെല്ലാം ചുട്ടു പഴുത്തിരുന്നു. കുമാരൻ ഒരു പഞ്ചാരവിദഗ്ധൻ കൂടിയാണല്ലോ. ശോഭനയുടെ കഥാപാത്രം കുളിക്കുമ്പോൾ ഒളിഞ്ഞു നോക്കുന്ന സീൻ ഉണ്ട്. ചേച്ചി പന്തളം എൻഎസ്എസ് കോളജ് അധ്യാപികയായിരുന്നു. ചേച്ചിയും കുറച്ചു കുട്ടികളും കൂടി സിനിമ കാണാൻ പോയി. ഈ സീന്‍ കണ്ടു ചേച്ചി പരിഭവം പറഞ്ഞു, നീ ഇതൊന്നും അഭിനയിക്കേണ്ട. പിന്നീട് തിരുത്തി, നീ അല്ലല്ലോ സിനിമയിലെ കുമാരനല്ലേ നോക്കിയത്.
മറ്റൊരു ഒാർമയും കൂടിയുണ്ട്, ഫൈറ്റ് സീൻ. മാഫിയ ശശിയുടെ കഥാപാത്രം ഫയൽ എടുത്തു കൊണ്ടു പോകുന്നു. മോഹൻലാലും ഞാനും കൂടി അതു തടയുന്നു. കുറച്ചു ഭാഗം ഷൂട്ട് ചെയ്ത് ബാക്കി പിറ്റേന്നു ചെയ്യാം എന്നു പ്രിയൻ പറയുന്നു. നിർമാതാവായ മണിയൻപിള്ള രാജു ഒരഭിപ്രായം പറഞ്ഞു. ഫൈറ്റ് സീനിൽ മോഹൻലാലും ജഗദീഷും ഒരുമിച്ചു വേണ്ട. നായകന് ഒറ്റയ്ക്കു കിട്ടേണ്ട കൈയ്യടിയാണത്. അതോടെ റീഷൂട്ട് ചെയ്തു. എനിക്ക് സങ്കടം തോന്നി. ലാലിന്റെ കൂടെ വരുമ്പോൾ തിയറ്ററിലെ കൈയടി മനസ്സിലുണ്ടായിരുന്നു. പക്ഷേ, ഈശ്വരൻ മറ്റൊന്നാണ് വിചാരിച്ചത്. ലാലിന്റെ ഫൈറ്റ് കഴിഞ്ഞ് ഫയൽ അടങ്ങിയ പെട്ടി ഞാൻ ഒറ്റയ്ക്ക് രക്ഷിക്കാൻ ശ്രമിക്കുന്ന സീനുണ്ട്. അതിനും നല്ല കൈയടി കിട്ടി. റിലീസ് ദിവസം മണിയൻപിള്ള രാജുവിനോടു ഞാൻ പറഞ്ഞു, ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിൽ അത് മോഹൻലാലിന്റെ അക്കൗണ്ടിലേക്ക് പോയേനെ. ഇതിപ്പോ എനിക്കുള്ള കയ്യടിയാണല്ലോ’’ അത് കേട്ട് രക്ഷപ്പെടാനായി മണിയൻപിള്ള പറഞ്ഞു,‘‘അതുകൊണ്ടാണ് അളിയാ ഞാൻ മാറ്റി എഴുതാൻ പറഞ്ഞത്.’’
‘ഇൻ ഹരിഹർ നഗറി’ന്റെ വിജയമാണ് എന്നെ നായകനാക്കാൻ കലൂർ ഡെന്നീസിനെ പ്രേരിപ്പിച്ചത്. അദ്ദേഹം എഴുതി തുളസീദാസ് സംവിധാനം ചെയ്യുന്ന മിമിക്സ് പരേഡിൽ ആദ്യമായി നായകനായി. പ്രധാനവേഷത്തിൽ നിശ്ചയിച്ചത് മുകേഷിനെ ആയിരുന്നു. എന്നാൽ ‘ഒറ്റയാൾ പട്ടാള’ത്തിൽ അഭിനയിക്കാനായി പിന്മാറി.
നായകൻ എന്ന റിസ്ക് ഏറ്റെടുക്കാൻ പേടിയുണ്ടായിരുന്നു. എന്നാൽ മിമിക്സ് പരേഡ് 100 ദിവസം ഒാടി. അതൊരു തുടക്കമായിരുന്നു. സ്ത്രീധനം, വെൽക്കം ടു കൊടൈക്കനാൽ, സ്ഥലത്തെ പ്രധാന പയ്യൻസ്, കുണുക്കിട്ട കോഴി, ഗൃഹപ്രവേശം, മാന്ത്രികച്ചെപ്പ്, കള്ളൻ കപ്പലിൽ തന്നെ, തിരുത്തൽവാദി... ചെലവു കുറഞ്ഞ സിനിമകളിലെ പതിവ് നായകനായി. ചെറിയ ബജറ്റേ ഉള്ളൂ എങ്കിൽ പ്രൊഡ്യൂസർ എന്നെ പരിഗണിക്കും. പലരും തമാശയായി പറയും, ജഗദീഷ് പാവങ്ങളുടെ മോഹൻലാലാണ്.
അപ്പോഴും എനിക്കറിയാം, എല്ലാക്കാലത്തും നായകാനായി നിൽക്കാനാവില്ല. നായകന്റെ പ്രധാന കൂട്ടുകാരന്റെ വേഷം ഉപേക്ഷിച്ചില്ല. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ജയറാമിന്റെയും സഹനടനായി. ജാക്ക്പോട്ട്, ബട്ടർഫ്ളൈസ്, മിന്നാമിനുങ്ങിനും മിന്നുകെട്ട് തുടങ്ങിയ സിനിമകൾ... നായകവേഷം ഉപേക്ഷിച്ചിട്ടാണ് വന്ദനം, ബട്ടർഫ്ളൈസ് എന്നീ ചിത്രങ്ങൾ ചെയ്തത്. ഈ തിരഞ്ഞെടുക്കൽ കണ്ട് മമ്മൂക്ക ഒരിക്കൽ പറഞ്ഞു, നീ ബുദ്ധിമാനാണ്.
മച്ചുനാ കുറച്ചു കൂടി കയറട്ടെ...
‘ലീല’യാണ് മറ്റൊരു വഴിത്തിരിവ്. മകളെ വിൽക്കാൻ ത യാറാകുന്ന ഏറ്റവും നീചനായ അച്ഛൻ. ആ ഛായയുള്ള ഒരാളെ ജീവിതത്തിൽ കണ്ടിട്ടില്ല. മക്കളോട് ചോദിച്ചു, ഇതുപോലൊരു വേഷം ചെയ്യണോ? ഉറപ്പായും അഭിനയിക്കണമെന്നാണ് അവർ പറഞ്ഞത്,
അതിൽ മുണ്ട് അശ്ലീലമായ രീതിയിൽ മേലോട്ട് തിരുമ്മി കയറ്റുന്ന സീൻ ഉണ്ട്. ആദ്യ ഷോട്ട് കട്ട് പറഞ്ഞ് സംവിധായകൻ രഞ്ജിത് പറഞ്ഞു,‘മച്ചുനാ നീയിപ്പോൾ കോളജ് മാഷല്ല ഈ ലോകത്തിലെ ഏറ്റവും വൃത്തികെട്ട അച്ഛനാണ്. മറ്റൊന്നും ആലോചിക്കേണ്ട, മുണ്ട് ശരിക്കങ്ങോട്ട് പൊങ്ങിക്കേട്ടെ.’ ചിത്രം തിയറ്ററിൽ പരാജയപ്പെട്ടെങ്കിലും കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ഏതുവേഷത്തിലും കാസ്റ്റ്ചെയ്യപ്പെടാം എന്നു തോന്നിച്ച വേഷമായിരുന്നു അത്.
പിന്നീട് റോഷാക്ക് മുതൽ ഫാലിമിയും കാപ്പയും പുരുഷപ്രേതവും ഗുരുവായൂരമ്പലനടയും വാഴയും കിഷ്കിന്ധാകാണ്ഡവും അജയന്റെ രണ്ടാം മോഷണവും. വ്യത്യസ്തമുഖങ്ങളുള്ള ഒരുപാടു കഥാപാത്രങ്ങൾ. ഈ വിജയം കാണാൻ രമയില്ല. എങ്കിലും ആ സന്തോഷം അറിയാനാകുന്നുണ്ട്. ചെറിയ വേഷമാണെങ്കിലും വ്യത്യസ്തതകൊണ്ട് മനസ്സിൽ തൊടണം. അതായിരുന്നു രമയുടെ ആഗ്രഹം.
വെള്ളിയാഴ്ചയാകാൻ കാത്തു നിന്ന ആ കോളജ് കുട്ടിയിലാണ് ഇപ്പോഴും എന്റെ മനസ്സ്. സിനിമാ പോസ്റ്ററുകളിൽ എന്റെ മുഖം വേണം എന്നു കൊതിക്കുന്ന മനസ്സ്. ആ ‘മോഹം’ തീരാതിരിക്കട്ടെ എന്നാണ് മോഹം.
(പരമ്പര ഈ ലക്കത്തിൽ അവസാനിക്കുന്നു.)
തയാറാക്കിയത്: വിജീഷ് ഗോപിനാഥ്
ഫോട്ടോ ശ്രീകാന്ത് കളരിക്കൽ