Tuesday 20 August 2024 12:16 PM IST

‘ഭൂമിയിൽ നിന്നേ രമ മാഞ്ഞിട്ടുള്ളൂ, നമ്മൾ സംസാരിക്കുമ്പോഴും ഇവിടെ തന്നെയുണ്ട് ആ കരുതൽ ഞാൻ അറിയുന്നുണ്ട്’

Vijeesh Gopinath

Senior Sub Editor

jagadeesh-rama

ജീവിതവും സിനിമയും തമ്മിലുള്ള അതിര് ഇടിഞ്ഞു പോയ ചിലരുണ്ട്. അഭിനയിച്ചു മുന്നോട്ടു പോകുമ്പോൾ ‘താരനിഴൽ’ മനസ്സിലും ശരീരത്തിലും അറിയാതെ കയറിപ്പോയവർ. ഒടുവിൽ ആ ഭാരം താങ്ങാനാകാതെ താരാ കാശത്തു നിന്നു മണ്ണിലേക്കു പൊള്ളിവീണവർ...

ആ കൂട്ടത്തിൽ പെടാത്തതുകൊണ്ടാണു മായിൻ കുട്ടിയിൽ നിന്ന് അപ്പുക്കുട്ടനിലേക്കും അവിടെ നിന്ന് ‘സ്ഥലത്തെ പ്രധാനപയ്യൻസി’ലെ ഗോപാലകൃഷ്ണനിലേക്കും സ്ത്രീധനത്തിലെ പ്രശാന്തനിേലക്കും കാക്കക്കുയിലിലെ ട്യൂട്ടിയിലേക്കും ഒക്കെ ജഗദീഷ് ഒഴുകിയത്. ‘ജഗദീഷ് 2.0 ’എന്ന പുതിയ അപ്ഡേഷനോടെ ‘ലീല’ യിലെ അറപ്പു തോന്നിക്കുന്ന അച്ഛനായും ‘ഫാലിമി’ യിലെ ഉഴപ്പനായ അച്ഛനായും മാറിയത്. കാപ്പയിലെയും ഒാസ്‍ലറിലെയും നെഗറ്റീവ് ഛായയിൽ നിന്നത്.

69 വയസ്സ്, 40 വർഷം. മൂന്നൂറിലധികം സിനിമകൾ... ഒാർമകൾ പറയുമ്പോൾ മുന്നിലിരുന്നത് പി.വി. ജഗദീഷ് കുമാ ർ എന്ന കോളജ് അധ്യാപകനാണ്. ചിരിയെ ക്ലാസ്സിനു പുറത്തു നിർത്തി സിലബസിനൊത്തു പഠിപ്പിക്കുന്ന തനി കൊമേഴ്സ് മാഷ്.

ഇസ്തിരിയിട്ടു ചുളിവുമാറ്റിയ വാക്കുകൾ മാത്രം ഉപയോഗിക്കുന്ന ഈ ‘മാഷിന്’ എങ്ങനെയായിരിക്കാം ‘എച്ചൂസ് മി ഏതു കോളജിലാ, കാക്ക തൂറീന്നാ തോന്നണെ... ’ എന്നൊക്കെ പറഞ്ഞ് ‘അലമ്പനാ’കാൻ പറ്റിയത്? ജഗദീഷ് ചിരിക്കുന്നു. പിന്നെ, സിനിമ പാഞ്ഞുപോയ വഴിയിലെ കാഴ്ചകളെകുറിച്ചു പറഞ്ഞു തുടങ്ങി. അതിലെ സ്നേഹവും സൗഹൃദവും കണ്ണീരും പിണക്കങ്ങളും... ‘‘നമുക്കു സ്നേഹത്തിൽ നിന്നു തുടങ്ങാം. ഒരുപാടുപേരുടെ സ്നേഹമാണ് ഇന്നത്തെ ഞാൻ. അതാകാം ഇപ്പോഴും താരമാകാതെ മണ്ണിൽ നിന്നു സംസാരിക്കാനാകുന്നത്.’’

‘മൈ ഡിയർ’ കുട്ടിച്ചാത്തൻ

ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമ മൈ ഡിയർ കുട്ടിച്ചാത്ത ൻ ആണ് എന്റെ ആദ്യ സിനിമ. നൂറു ദിവസം ഒാടിയ ആ ചിത്രത്തിലാണു തുടക്കം എന്നു പറയാനാകുന്നതു വലിയ ഭാഗ്യമല്ലേ? നിമിത്തത്തേക്കാൾ എന്നെ സിനിമയിലെത്തിച്ചതു സ്നേഹമാണ്. നവോദയയുടെ സംവിധായകനായ കെ.ശേഖറും അന്ന് സംവിധാന സഹായിയായിരുന്ന ടി. കെ. രാജീവ് കുമാറും ആണ് മൈ ഡിയർ കുട്ടിച്ചാത്തനിലേക്ക് എന്റെ പേര് നിർദേശിച്ചത്. വെറും ഒന്നര സീനിൽ വരുന്ന കഥാപാത്രം. കാബറെ അനൗൺസർ. ആരെ വേണമെങ്കിലും അഭിനയിപ്പിക്കാമായിരുന്നു. പക്ഷേ, സംവിധായകൻ ജിജോയോട് എന്റെ പേരു നിർദേശിച്ചത് അവർക്കുള്ള സ്നേഹം തന്നെയാണ്.

നവോദയ നിർമിക്കുന്ന അടുത്ത സിനിമയിലേക്ക് പത്ര പരസ്യം കണ്ടാണ് ഫോട്ടോ അയച്ചത്. കാക്കനാടുള്ള സ്റ്റുഡിയോയിലേക്ക് എത്താൻ അറിയിപ്പുകിട്ടി. പോകുന്നതിനു തലേദിവസം ഉറങ്ങാൻ പറ്റിയില്ല.

മോഡല്‍ സ്കൂളിൽ എന്റെ ജൂനിയറായിരുന്നു മോഹൻലാ‍ൽ. പോരെങ്കിൽ ഒരു ഗ്രൗണ്ടിൽ രണ്ടിടത്തായി ക്രിക്കറ്റ് കളിക്കുന്നവർ. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ ലാൽ വലിയ പ്രശസ്തനായി. അതിനു ശേഷം നവോദയ നിർമിക്കുന്ന സിനിമ. ലാലിനെ പോലെ അടുത്ത വില്ലനോ നായകനോ ആക്കാനാണ് ആ ക്ഷണം എന്നാണു കരുതിയത്.

അതാണു സ്റ്റുഡിയോയിൽ ചെന്നിറങ്ങുന്നതു കാറിലാകണം എന്നു തീരുമാനിച്ചത്. പക്ഷേ, തിരുവനന്തപുരത്തു നിന്നു ടാക്സി വിളിച്ചു പോകാനുള്ള സാമ്പത്തിക സ്ഥിതി ഇല്ല. അങ്ങനെ എറണാകുളം വരെ ബസ്. അവിടെ നിന്ന് കാക്കനാട്ടേക്ക് അടുത്ത ബസ്. കാക്കനാട് ഇറങ്ങി സ്റ്റുഡിയോയിലേക്ക് ടാക്സി വിളിച്ചു, 15 രൂപ. ഇടത്തരക്കാരന്റെ പരിഭ്രമമോ അപകർഷതാ ബോധമോ ആകാം ഇങ്ങനെയൊക്കെ ചിന്തിപ്പിച്ചത്.

ആർഭാടത്തോടെ ഇറങ്ങിയെങ്കിലും അതുകാണാൻ ആരുമുണ്ടായിരുന്നില്ല. ഗേറ്റിൽ നിന്ന സെക്യൂരിറ്റി ജീവനക്കാരൻ ചോദിച്ചു, ‘‘എന്തിനാ വന്നത്?’’ കാര്യം പറഞ്ഞു. അവർക്ക് വിവരമൊന്നും കിട്ടിയിട്ടില്ല. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അപ്പച്ചൻ സാറിന്റെ (നവോദയ അപ്പച്ചൻ) കാർ വന്നു. ഒാടിച്ചെന്നു. അദ്ദേഹത്തിനും അറിയില്ല. എന്തായാലും ‘ജോക്കുട്ടൻ’(മകനായ ജിജോ പുന്നൂസ്) വരട്ടെ’ എന്ന് അപ്പച്ചൻ സാർ പറഞ്ഞു,

സെക്യൂരിറ്റിയെ പതിയെ സോപ്പിട്ടു കാര്യങ്ങൾ അറിഞ്ഞു. ‘‘ഇപ്പോൾ ഒരു സിനിമയുടെ ഷൂട്ട് നടക്കുന്നുണ്ട്. ജിജോ സാറാണു സംവിധാനം. ഏതാണ്ട് ഷൂട്ട് കഴിയാനായി.’’ അത് കേട്ടതോടെ ആശങ്കയായി, പിന്നെ എന്നോടെന്തിനാ വരാൻ പറഞ്ഞത്? വൈകുന്നേരമായപ്പോഴേക്കും ജിജോയും രഘുനാഥ് പലേരിയും ടി.കെ രാജീവ് കുമാറും വന്നു. വലിയ വേഷമൊന്നും അല്ലെങ്കിലും പിറ്റേന്ന് എന്റെ സീനുക ൾ ഷൂട്ട് ചെയ്യും എന്നറിഞ്ഞു. സമാധാനമായി.

അതുവരെ ഷൂട്ടിങ് കണ്ടിട്ടില്ല. നല്ല പേടിയുണ്ട്. പരിചയം ആകാശവാണിയിൽ ‘ഇതളുകൾ’ എന്ന പരിപാടി അവതരിപ്പിക്കുന്നതായിരുന്നു. തുടക്കത്തിൽ സ്ക്രിപ്റ്റ് ഒക്കെ അംഗീകരിച്ചാണു റിക്കോർഡ് ചെയ്തിരുന്നത്. പിന്നെപ്പിന്നെ വിശ്വാസമായപ്പോൾ സ്ക്രിപ്റ്റൊന്നും ഇല്ല. റിക്കോർഡിങ് കഴിയുന്നു പോരുന്നു. അങ്ങനെയായി.

‘ഇതളുകൾ അവതരിപ്പിക്കുന്ന നിനക്ക് പുഷ്പം പോലെ അഭിനയിക്കാം’ രാജീവ്കുമാറും ശേഖറും ധൈര്യം തന്നു. സകലദൈവങ്ങളെയും വിളിച്ചാണു ക്യാമറയ്ക്കു മുന്നിൽ നിന്നത്. ഷൂട്ടിങ്ങിനെ കുറിച്ച് വലിയ ധാരണയില്ലാത്തതു കൊണ്ടാകും എല്ലാ ടേക്കും ഒാകെ ആയി. ക്യാമറാമാൻ അശോക് കുമാർ പറഞ്ഞു, ‘ജഗദീഷ് ആദ്യമായിട്ടാണ് അഭിനയിക്കുന്നതെന്നു പറയില്ല. നന്നായിരുന്നു.’

ഇവർക്കൊക്കെ സ്നേഹം തോന്നാൻ എന്തായിരിക്കും കാരണം? ഞാൻ വളർന്നത് അങ്ങനെയൊരു ചുറ്റുപാടിലൂടെയാണ്. അമ്മയുടെ സ്നേഹം കണ്ടു വളർന്ന എനിക്ക് സ്നേഹം മറ്റുള്ളവർക്കു പകർന്നു കൊടുക്കാൻ കഴിഞ്ഞു.

jagadeesh-4 ഭാസുരാംഗിയമ്മ, പത്മജാ ബായി

രണ്ട് അമ്മത്തണലുകൾ

രണ്ട് തരം ‘അമ്മസ്നേഹങ്ങൾ’ അനുഭവിച്ചിട്ടുണ്ട്. ഒന്ന് എന്റെ അമ്മ ഭാസുരാംഗിയമ്മ. പിന്നെ ഭാര്യ രമയുടെ അമ്മ പത്മജാബായി. സാമ്യമില്ലാത്ത സ്നേഹത്തണലുകൾ.

അച്ഛൻ പരമേശ്വരൻ നായർ ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. വിതുര, അട്ടക്കുളങ്ങര തുടങ്ങി ഒരുപാടു സ്കൂളുകളിൽ അച്ഛൻ ജോലി ചെയ്തു. അച്ഛന്റെ സ്ഥലം മാറ്റത്തിനനുസരിച്ചു ‍വാടകവീടുകളിലൂടെ ഞങ്ങളും യാത്ര ചെയ്തു. ആറു മക്കളായിരുന്നു. ഞാൻ അഞ്ചാമൻ. എല്ലാവർക്കും അമ്മ ഒരുപോലെ സ്നേഹം വിളമ്പി. അമ്മയുടേത് ‘സാക്രിഫൈസ്’ചെയ്ത ജീവിതമായിരുന്നെന്ന് എപ്പോഴും തോന്നും. അച്ഛനൊപ്പം ജോലി നോക്കുന്ന അധ്യാപകരും ഞങ്ങളുടെ കൂട്ടുകാരും മുന്നറിയിപ്പില്ലാതെ വീട്ടിലേക്കു വരും. എല്ലാവർക്കും അമ്മ വിഭവങ്ങളൊരുക്കി. ഒരിക്കൽ പോലും മുഖം കറുപ്പിച്ചില്ല.

ആറുമക്കളുടെയും പഠനം, വാടക, മറ്റു ചെലവുകൾ. അ മ്മയുടെ മണി മാനേജ്മെന്റ് എന്തായിരുന്നെന്നു മുതിർന്നപ്പോഴാണു മനസ്സിലായത്. എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന അച്ഛന്റെ ശമ്പളത്തിൽ നിന്നു കടംമേടിക്കാതെ എല്ലാ ചെലവുകളും കഴിഞ്ഞു പോയതിനു പിന്നിൽ അമ്മയുടെ ബുദ്ധിയാണ്. ദാരിദ്ര്യം അല്ല, പക്ഷേ, മിഡിൽ ക്ലാസ് ഫാമി ലിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുമുണ്ട്. അതൊരു സങ്കടവുമായിരുന്നില്ല.

ഞങ്ങളെല്ലാവരും സർക്കാർ ജോലി നേടി. ചേച്ചി പി.ബിശാന്താ ദേവി എൻഎസ്‌എസ് കോളജിൽ നിന്നു പ്രിൻസിപ്പലായി റിട്ടയർ ചെയ്തു. രണ്ടാമത്തെ ചേച്ചി പി. ബി ചന്ദ്രിക ദേവി കെമിസ്ട്രി അധ്യാപികയായി റിട്ടയർ ചെയ്തു. മൂത്ത ചേട്ടൻ ഡോ. പി. വി. ഗോപകുമാർ റിസർവ് ബാങ്ക് ഒാ ഫ് ഇന്ത്യയിലെ മെഡിക്കൽ ഒാഫിസറാണ്. രണ്ടാമത്തെ ചേട്ടൻ പി. വി. രാജ് കുമാർ സ്പെഷൽ സെക്രട്ടറിയായി സെക്രട്ടേറിയറ്റിൽ നിന്നു റിട്ടയർ ചെയ്തു. അദ്ദേഹം കോവിഡ് കാലത്ത് ഞങ്ങളെ വിട്ടുപോയി. എന്റെ അനുജൻ പി. വി. സുരേഷ് കുമാർ ഹാൻഡക്സിൽ നിന്ന് റിട്ടയറായി. എംകോം കഴിഞ്ഞ ഉടൻ എനിക്കു കാനറാ ബാങ്കിൽ ജോലി കിട്ടി. പിന്നീടാണ് കോളജ് അധ്യാപകനാവുന്നത്.

വീട്ടിലെ അന്തരീക്ഷം കൊണ്ടാണ് ഞങ്ങളെല്ലാം നല്ല രീതിയിൽ പഠിച്ചത് ആ സ്നേഹം വീട്ടിലുണ്ടാക്കിയത് അമ്മയാണ്. ഒരു സങ്കടമേയുള്ളൂ, പഠിക്കുമ്പോൾ പാട്ടിനും മിമിക്രിക്കും നാടകത്തിനും സമ്മാനം ലഭിക്കും. അമ്മ പറയും‘നീ ആ പാട്ട് ഒന്നുപാടിക്കേ. ഒന്ന് അഭിനയിച്ചു കാണിച്ചേ.’ എന്തുകൊണ്ടോ എനിക്ക് മടിയായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ വലിയ നഷ്ടവും സങ്കടവും തോന്നും. സിനിമയിൽ ഞാനെത്തും മുന്നേ അമ്മ പോയിരുന്നു.

ജീവിതത്തിലും സ്ട്രിക്ട് ആയ അധ്യാപികയായിരുന്നു രമയുടെ അമ്മ. ‘ടെറര്‍ ടീച്ചർ’ എന്നാണ് അമ്മയെ കുറിച്ചുള്ള പൊതുധാരണ. എന്റെ വിവാഹം കഴിഞ്ഞപ്പോൾ കൂട്ടുകാർ തമാശ പറഞ്ഞു, വൈകീട്ട് ഏഴുമണിയാകുമ്പോൾ വീട്ടിൽ ബെല്ലടി മുഴങ്ങും. അടുക്കളയിൽ നിന്ന് പുറത്തു വന്നു പത്മജ ടീച്ചർ വിളിക്കും,‘‘ജഗദീഷ് വരൂ. അത്താഴത്തിനു സമയമായി.’’. പക്ഷേ, അമ്മ സ്നേഹത്തോടു കൂടിയല്ലാതെ പെരുമാറിയിട്ടില്ല. മകനെ പോലെയല്ല, അമ്മ മകനായി തന്നെയാണ് എന്നെ പരിഗണിച്ചത്.

മുകേഷ് അങ്ങനെ ചെയ്യുമോ?

അമ്മയുടെ ‘ഹെഡ്മിസ്ട്രസ് ചൂട്’ മുകേഷും അനുഭവിച്ചിട്ടുണ്ട്. അന്ന് വീട്ടിൽ ലാൻഡ് ഫോൺ മാത്രം. വരുന്ന കോ ൾ ആരാണെന്ന് ചോദിച്ചിട്ടേ അമ്മ കൊടുക്കൂ. അത് ശീലമാണ്. ചിലപ്പോൾ എന്തിനാ വിളിക്കുന്നതെന്നു കൂടി ചോദിക്കും. ഇതറിയുന്നതു കൊണ്ടു തന്നെ ഞാൻ ഒാടിച്ചെന്ന് ഫോണെടുക്കും. വിളിക്കുന്നത് സിനിമയിലെ ആരെങ്കിലും ആണെങ്കിലോ.

ഒരു ദിവസം മുകേഷ് വിളിച്ചു. അമ്മയാണു ഫോൺ എ ടുത്തത്. ‘ജഗദീഷ് ഉണ്ടോ’ എന്ന ചോദ്യത്തിന് അമ്മയുടെ പതിവ് മറുപടി–‘ഉണ്ട്, ആരാ വിളിക്കുന്നത്?’ മുകേഷിന്റെ മറുചോദ്യം–‘അതറിഞ്ഞാലേ കൊടുക്കുകയുള്ളോ’

jagadeesh-2

‘ആ അത്രയേയുള്ളൂ’. അമ്മ കാർക്കശ്യത്തിന്റെ ചൂരലെടുത്തു. അവസാനം മുകേഷ് പറഞ്ഞു– ‘ഞാൻ സിനിമാ നടൻ മുകേഷാ..’ അമ്മയുടെ മറുപടി. ‘ മുകേഷ് ഇങ്ങനെ മോശമായി സംസാരിക്കില്ല. അദ്ദേഹം ഒരു മാന്യനാണ്.’

ഒരുവിധം ഫോൺവാങ്ങി ഞാൻ സംസാരിച്ചു. ഫോൺ വ യ്ക്കാൻ നേരം മുകേഷിന്റെ ഡയലോഗ് ‘ഡേയ് ഇങ്ങനാണെങ്കിൽ ജോഷിസാറൊക്കെ വിളിക്കുമ്പോൾ അമ്മ ഫോണെടുത്താൽ കുഴയുേമ. നീ ഫീൽഡ് ഒൗ‍‍ട്ട് ആയി പോവുമേ...’ അമ്മയുടെ കരുതൽ ആണത്. ഒരു തലമുറയെ സ്കൂളിൽ വളർത്തിയെടുത്ത അധ്യാപികയുടെ കരുതൽ.

അമ്മയ്ക്കു ഹിന്ദിപാട്ടുകൾ ഇഷ്ടമായിരുന്നു. ചില പാട്ടുകൾ പാടാൻ പറയും. സ്റ്റേജ് ഷോകളിലും ടിവി പ്രോഗ്രാമുകളിലും ഞാൻ പാടുന്നതു കേട്ടു പലരും ചോദിക്കും. ഇത്രയും പാട്ടുകളും വിവരങ്ങളും എവിടെ നിന്ന് കിട്ടി? ആകാശവാണിയിലെ വിവിധ് ഭാരതിയാണ് ആ അറിവ് തന്നത്. കുട്ടിക്കാലത്തു ഹിന്ദിപാട്ടുകൾ ഹരമായിരുന്നു.

അന്നു പാട്ടിന്റെ അവതരണം ചെറിയൊരു വിക്കിപീഡിയ പോലെയാണ്. ‘‘അബ് ആപ് സുനേംഗേ ഫിലിം താജ്മഹൽ കി ഗീത്. ഗീത് ലിഖാ സാഹിർ ലുധ്വാനി. സംഗീത് റോഷൻ, ഗായക് മുഹമ്മദ് റാഫി, ലതാ മങ്കേഷ്കർ...’’ ഇങ്ങനെ കേട്ടു പഠിച്ചതു കൊണ്ട് ചരിത്രം മനസ്സിൽ പതിഞ്ഞു. മുഴുവൻ വരികളും ഒാർമയില്ലെങ്കിലും നൂറുകണക്കിനു പാട്ടുകളുടെ ഏതെങ്കിലും നാലുവരി വീതം മനസ്സിലുണ്ട്.

രമ എന്ന സ്നേഹഭാവം

രമയെക്കുറിച്ചു പറയാതെ സ്നേഹത്തെക്കുറിച്ചുള്ള ഈ ഭാഗം അവസാനിപ്പിക്കാനാവില്ലല്ലോ. ഭൂമിയിൽ നിന്നേ രമ മാഞ്ഞിട്ടുള്ളൂ. നമ്മൾ സംസാരിക്കുമ്പോഴും ഇവിടെ തന്നെയുണ്ട്. ആ കരുതൽ ഞാൻ അറിയുന്നുണ്ട്.

ഒരു കലാകാരനായി എന്നെ നിലനിർത്തിയത് രമയുടെ സ്നേഹം തന്നെയാണ്. സിനിമ അനിശ്ചിതത്വത്തിന്റെ ലോകമാണല്ലോ. സിനിമയും കോളജ് അധ്യാപനവും ഒന്നിച്ചു കൊണ്ടുപോകാനാകാതെ വന്നപ്പോൾ കടുത്ത തീരുമാനം എടുക്കേണ്ടി വന്നു. ഒന്നുകിൽ സിനിമ അല്ലെങ്കിൽ കോളജ്. രമ പറഞ്ഞു,‘‘ചേട്ടന്റെ മനസ്സു പറയുന്ന പോലെ ചെയ്യുക. എനിക്കു ജോലിയുണ്ടല്ലോ. നമുക്കു ജീവിക്കാനും മക്കളെ പഠിപ്പിക്കാനുമൊക്കെ അതു പോരെ... ’’ ആ ധൈര്യമാണു സിനിമയിൽ പിടിച്ചു നിർത്തിയത്. ഉള്ളിലെ കലാകാരനെ ഇത്രയേറെ പിന്തുണച്ച മറ്റൊരാൾ ഇല്ല. വിവാഹപ്പിറ്റേന്നു മുതൽ ഞാനതു തിരിച്ചറിയാൻ തുടങ്ങിയതാണ്.

സമാന്തരനാടക വേദിയിൽ കോളജ് കാലത്തേ സജീവമായിരുന്നു. ആർട്സ്കോളജിൽ വച്ചേ കലാരംഗത്ത് ഉണ്ടെങ്കിലും മാർ ഇവാനിയോസിൽ എത്തിയപ്പോഴാണു കലാമത്സരങ്ങളിൽ സജീവമായത്. കോളജ് ചെയർമാനായിരുന്നു ഞാൻ.

മാർ ഇവാനിയോസ് ആണ് എന്നെ ഞാനാക്കിയത്. വയ ലാ വാസുദേവൻ പിള്ള സാറിനെ അവിടെ വച്ചാണ് പരിചയപ്പെടുന്നത്. ജീവിതം മാറ്റി മറിച്ച കണ്ടുമുട്ടൽ. ഗ്രൂപ്പ് ഡാ ൻസ് മുതൽ എല്ലാ മത്സരങ്ങളിലുടെയും പറന്നു നടന്ന എന്നെ അഭിനയം എന്നതിലേക്ക് എത്തിച്ച ‘സ്കൂൾ’ ആയിരുന്നു അത്. വയലാ സാർ, കൃഷ്ണൻ നായർ സാർ, നരേന്ദ്ര പ്രസാദ് സാർ, അലിയാർ സാർ... പ്രതിഭകൾക്കൊപ്പമുള്ള വൈകുന്നേരങ്ങൾ നാടകത്തട്ടിലേക്കു പിടിച്ചു കയറ്റി.

നടരാജൻ സാർ വഴിയാണു കലാ േവദിയെന്ന നാടക സമിതിയിേലക്ക് എത്തിയത്. അവിടെ ചെന്നപ്പോൾ കണ്ടത് അമച്വർ നാടകങ്ങളുടെ അദ്ഭുത ലോകം. വേണുക്കുട്ടൻ നായർ, ജഗതി എൻ.കെ. ആചാരി, ടി.ആർ. സുകുമാരൻ നായർ, ശങ്കരപ്പിള്ള സാർ... കാണുന്നതെല്ലാം നാടക ലോകത്തെ ചക്രവർത്തിമാർ. സാകേതം,യാത്ര, അഗ്നി തുടങ്ങി ഒരുപാടു നാടകങ്ങൾ. നൂറു ദിവസമൊക്കെ റിഹേഴ്സൽ എടുത്താണ് ഒാരോ നാടകവും തട്ടിൽ കയറുന്നത്.

കല്യാണം കഴിഞ്ഞു ഹണിമൂണിന് ഊട്ടിക്കും കൊടൈക്കനാലിനുമൊക്കെയാണു യാത്ര പോകാറുള്ളത്. ‍ഞങ്ങ ൾ പോയത് തൃശൂർ സാഹിത്യ അക്കാദമി ഹാളിലേക്കായിരുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് അഗ്നി നാടകത്തിന്റെ ആദ്യ പ്രദർശനം. സാഹിത്യ അക്കാദമി ഹാളിലായിരുന്നു വേദി. ആദ്യ ഷോ ആയതുകൊണ്ടു തലേന്നു റിഹേഴ്സൽ നിർബന്ധമാണ്. അങ്ങനെ വിവാഹപ്പിറ്റേന്നു തന്നെ പോകേണ്ടി വന്നു .

യാത്ര ഒാർക്കുമ്പോൾ ഇപ്പോഴും ചിരി വരും. കെഎസ്ആർടിസി ബസിൽ തിരുവനന്തപുരത്തു നിന്നു തൃശൂരേക്കു കയറി. പകുതിക്കു വച്ച് ബസ് ബ്രേക്ഡൗൺ ആയി. ഒരുവിധം നന്നാക്കി ഒാടിത്തുടങ്ങി. പിന്നെയും കേടായി. രമ ഒരു പരാതിയും പറഞ്ഞില്ല, ഒരു മടുപ്പും കാണിച്ചില്ല,

നാടകം ഗംഭീരമായി. എന്റെ വേഷത്തിനു കയ്യടി കിട്ടി. ബൂർഷ്വകളെയും അധികാരികളെയും കളിയാക്കുന്ന നാടകമായിരുന്നു. രമയോട് ഞാൻ ചോദിച്ചു, എങ്ങനെയുണ്ടു നാടകം. ‘എല്ലാവരും നല്ലതാണെന്നു പറഞ്ഞു, സത്യത്തിൽ എനിക്ക് ഒന്നും മനസ്സിലായില്ല.’ അതായിരുന്നു രമ.

എന്റെ അമ്മയെ പോലെ ഒരു പരാതിയുമില്ലാതെ ഒപ്പമുള്ളവർ സന്തോഷിക്കണമെന്നു കരുതി നിറയെ സ്നേഹം തന്നുകൊണ്ടിരുന്ന സ്നേഹത്തിന്റെ തണലിടങ്ങൾ.

തയാറാക്കിയത്: ‌വിജീഷ് ഗോപിനാഥ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ