Friday 13 November 2020 02:57 PM IST

‘അദ്ദേഹം അനുഭവിച്ച തിക്താനുഭവങ്ങൾ നടുക്കുന്നതാണ്; അറിയും തോറും വളരുന്ന അദ്ഭുതമായിരുന്നു ആ ജീവിതം’; നമ്പി നാരായണൻ ‘മേക്കോവറിൽ’ മാധവൻ

Sujith P Nair

Sub Editor

madhavan6656888

20 വർഷം മുൻപ് മാധവൻ കേരളത്തിൽ വന്നു, നായകനാകാൻ. മാഡി വീണ്ടും മലയാളിയെ തേടി വന്നു, സംവിധായകനാകാൻ...

20 വർഷം മുൻപ് ‘അലൈപായുതേ’ റിലീസായതിനൊപ്പം രണ്ടു കാര്യങ്ങൾ കൂടി സംഭവിച്ചു. ഇന്ത്യൻ സിനിമാ ലോകം കണ്ട ഏറ്റവും ക്യൂട്ട് കണ്ണുകളുള്ള നായകൻ ജനിച്ചു. ഭാവിവരന് ‘മാഡി’യെ പോലെ നുണക്കുഴിച്ചിരി വേണമെന്നു ഇന്നാട്ടിലെ പെണ്ണുങ്ങൾ കൊതിച്ചു.

തമിഴും സൗത്തും കടന്ന് അങ്ങു ബോളിവുഡിൽ വരെ നായകസ്ഥാനമുറപ്പിച്ച മാധവന് ഇന്നുംഒരു മാറ്റവുമില്ല. കണ്ണുകളിലെ  നിഷ്കളങ്കതയും നുണക്കുഴി വിരിയുന്ന നാണച്ചിരിയും അങ്ങനെ തന്നെ. രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം ഒരു മലയാളിയുടെ കഥയുമായി മാധവൻ സംവിധായക കുപ്പായം അണിയുന്നത് യാദൃച്ഛികം മാത്രം.

‘‘മാധവൻ എന്ന പേരു കേട്ട് മലയാളിയാണെന്ന് ധരിച്ചു വച്ചിരുന്ന സുഹൃത്തുക്കൾ എനിക്ക് ഉണ്ടായിരുന്നു. തമിഴ് ബ്രാഹ്മണനാണെങ്കിലും ജനിച്ചതും വളർന്നതുമെല്ലാം അന്നത്തെ ബിഹാറിലെ ജംഷെഡ്പൂരിലായിരുന്നു. ‘അലൈപായുതേ’യിലെ ആദ്യ ഷോട്ട് കണ്ണൂരിലായിരുന്നു. പിന്നീടും കേരളവുമായും മലയാളികളുമായും ജന്മാന്തര ബന്ധം ഉണ്ടെന്നു തോന്നുന്ന എത്രയോ അനുഭവങ്ങൾ. ആദ്യമായി സംവിധാനം ചെയ്യുന്നതോ, മലയാളിയായ നമ്പി നാരായണന്റെ ജീവിതകഥ. ‘റോക്കട്രി’യുടെ നിർമാതാക്കളിലൊരാൾ മലയാളിയാണ്...’’

‘വനിത’യ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിനിടെ മാഡിയുടെ ഓർമകളും ഫ്ലാഷ്ബാക്കിലേക്കു പോയി.

അഭിനയം, നിർമാണം, ഇപ്പോൾ സംവിധാനം ?

അദ്ഭുതം എന്നു തന്നെ പറയണം. ഐഫോണിൽ പോലും വിഡിയോ എടുക്കാത്ത ഞാനാണ് ഐഎസ്ആർഒ ചാരക്കേസിലൂടെ ഭരണകൂട ഭീകരത അനുഭവിച്ച നമ്പി നാരായണന്റെ കഥ സിനിമയാക്കുന്നത്. മലയാളം അടക്കം അഞ്ചു ഭാഷകളിൽ റിലീസാകുന്ന ചിത്രത്തിൽ നായകനാകുന്നതും ഞാനാണ്. ഷാരൂഖ്  ഖാനും സൂര്യയുമടക്കം വലിയ താരനിരയുമുണ്ട്.

ഇതുവരെ ചെയ്തതെല്ലാം വിധി എന്നു കരുതുന്നയാളാണ് ഞാൻ. സൈനികൻ ആകാനായിരുന്നു ആഗ്രഹം. ബ്രിട്ടിഷ് ആർമിയിൽ ജോയിൻ ചെയ്യാൻ അവസരം വന്നെങ്കിലും അവസാനഘട്ടത്തിൽ പാളിപ്പോയി. അഭിനയിക്കാൻ ആഗ്രഹിക്കാതെ തന്നെ നടനായി. മണിരത്നത്തിൽ തുടങ്ങി രാജ്കുമാർ ഹിറാനി, കമൽഹാസൻ, അമിതാഭ് ബച്ചൻ, ആമിർ ഖാൻ തുടങ്ങിയ പ്രതിഭകൾക്കൊപ്പം. അവരിൽ നിന്നൊക്കെ ‘ഇൻസ്പയേർഡ്’ ആയാണ് സംവിധാനത്തിലേക്ക് ഇറങ്ങിയതെങ്കിലും. ഇപ്പോൾ ആലോചിക്കുമ്പോൾ ഭയം തോന്നുന്നുണ്ട്.

നമ്പി നാരായണനിലേക്ക് എങ്ങനെയെത്തി ?

‘റോക്കട്രി’ യഥാർഥത്തിൽ സംവിധാനം ചെയ്യേണ്ടിയിരുന്നത് മറ്റൊരാളാണ്. ആ പ്രോജക്റ്റ് ഏറെ ദൂരം മുന്നോട്ടു പോകുകയും ചെയ്തിരുന്നു. അവസാന നിമിഷം അദ്ദേഹം ഒഴിവായതോടെ സംവിധാന ചുമതല ഏറ്റെടുക്കുകയായിരുന്നു. മുന്നിൽ മറ്റു വഴികളില്ലായിരുന്നു എന്നും പറയാം. മലയാളിയായ നിർമാതാവ് വിജയ് മൂലൻ അടക്കമുള്ളവരും പിന്തുണച്ചു.

ഒരുപാട് വെല്ലുവിളികൾ നേരിട്ട നമ്പി നാരായണൻ സാറിന്റെ കഥ ലോകത്തെ അറിയിക്കണം എന്നത് ഞങ്ങളുടെ ഉറച്ച ലക്ഷ്യമായിരുന്നു. രാജ്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച അദ്ദേഹം അനുഭവിച്ച തിക്താനുഭവങ്ങൾ നടുക്കുന്നതാണ്. ഇത്രയും ലാളിത്യമുള്ള മനുഷ്യനെ ജീവിതത്തിൽ കണ്ടിട്ടില്ല. അറിയും തോറും വളരുന്ന അദ്ഭുതമായിരുന്നു ആദ്ദേഹത്തിന്റെ ജീവിതം. ചെറിയ വെല്ലുവിളികൾക്കു മുന്നിൽ തളർന്നു പോകുന്ന നമുക്ക് ആ മനുഷ്യന്‍ ഒരു പാഠപുസ്തകമാണ്.

അദ്ദേഹവുമൊത്ത് പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായാണ് കരുതുന്നത്. രണ്ടു വർഷത്തോളം അദ്ദേഹവുമായി നിരന്തരം സംസാരിച്ച ശേഷമാണ് തിരക്കഥ എഴുതി തുടങ്ങിയത്. ഏഴുമാസം എടുത്തു അതു പൂർത്തിയാക്കാൻ.

സിനിമയിലെ നമ്പി നാരായണന്റെ വിവിധ ഗെറ്റപ്പുകൾക്കു വേണ്ടിയും വലിയ തയാറെടുപ്പുകൾ വേണ്ടി വന്നു. താടിയും മുടിയും നീട്ടി വളർത്തിയ ശേഷം നരപ്പിക്കുകയായിരുന്നു. കുടവയറുണ്ടാക്കാൻ വേണ്ടി 94 കിലോ വരെ ഭാരം കൂട്ടി. പല്ലു പോലും പ്രത്യേക ഷേപ്പിലാക്കാനുള്ള ക്ലിപ് ധരിച്ചാണ് അഭിനയിച്ചത്. മേക്കപ്പിനു വേണ്ടി മാത്രം 14 മണിക്കൂർ ചെലവഴിച്ച ദിവസങ്ങളുമുണ്ട്.

ഒരിക്കൽ ഷൂട്ടിങ് കാണാനായി സെറ്റിലെത്തിയ നമ്പി നാരായണൻ സാർ പോലും എന്നെ കണ്ടു ഒരു നിമിഷം നിശബ്ദനായി നിന്നു. പിന്നെ പൊട്ടിച്ചിരിച്ചു കൊണ്ട് കെട്ടിപ്പിടിച്ചു. അതിലും വലിയ അംഗീകാരമില്ല.

IMG-6233

കേരളവും മലയാളികളും മുൻപേ ജീവിതത്തിന്റെ ഭാഗമാണല്ലോ ?

ആദ്യ നായിക ശാലിനി മലയാളി. പിന്നെ, മീരാ ജാസ്മിൻ, ഭാവന, മംമ്ത മോഹൻദാസ്, അമലാ പോൾ ഒക്കെ എന്റെ നായികമാരായി. കേരളത്തിൽ എവിടെ ചെന്നാലും ‘മാഡി ചേട്ടാ’ എന്ന് വിളിച്ചു ആളുകൾ അടുത്തു വരാറുണ്ട്.

‘അലൈപായുതേ’യുടെ ഷൂട്ടിങ്ങൊന്നും മറക്കാനാകില്ല. ശാലിനി അന്നേ സൂപ്പർ സ്റ്റാറാണ്. മണിരത്നം, എ.ആർ. റ ഹ്മാൻ, പി.സി. ശ്രീറാം തുടങ്ങി അണിയറയിലും പ്രശസ്തർ. ഞാൻ മാത്രമാണ് പുതുമുഖം. പാട്ടുസീൻ എടുക്കാൻ മണി സാർ അടക്കമുള്ളവർ റെഡിയായി. അപ്പോഴാണ് എന്റെ ആത്മഗതം അൽപം ഉറക്കെയായത്, ‘പുലർച്ചെ ഈ സീൻ എടുത്താൽ കൂടുതൽ നന്നാകും.’ ചിന്താമഗ്നനായ മണി സാർ അൽപസമയത്തിനു ശേഷം പായ്ക്കപ് പറഞ്ഞു.

എനിക്ക് ടെൻഷനായി. അന്ന് എന്റെയും സരിതയുടെയും വിവാഹം കഴിഞ്ഞിട്ടേ ഉള്ളൂ. ഹണിമൂൺ ട്രിപ് പോലെയാണ് ഞങ്ങൾ  സെറ്റിൽ വന്നതും. എന്റെ ടെൻഷൻ കണ്ട് സരിത ആശ്വസിപ്പിച്ചെങ്കിലും എനിക്ക് സമാധാനം ലഭിച്ചില്ല. കുറച്ചു സമയം കഴിഞ്ഞ് പ്രൊഡക്‌ഷനിൽ നിന്ന് വിളിയെത്തി. ‘രാവിലെ നാലിന് റെ‍ഡിയായി എത്തണം. അതിരാവിലെ ഷൂട്ടിങ് ഉണ്ട്...’’ അപ്പോഴാണ് ജീവൻ തിരിച്ചു കിട്ടിയത്.   

‘മാഡി ചേട്ടനെ’ ജനങ്ങൾ ഇത്ര ഇഷ്ടപ്പെടാനുള്ള കാരണം ?

ഹൃതിക് റോഷനോ സൽമാൻ ഖാനോ ഒന്നും ആകൽ എളുപ്പമല്ലെന്ന് എല്ലാവർക്കുമറിയാം. നല്ല ഭാഗ്യവും കുറച്ച് കഷ്ടപ്പാടും ഉണ്ടെങ്കിൽ മാധവൻ ഒക്കെ ആകാമെന്നും കരുതുന്നുണ്ടാകും. അതുകൊണ്ടാകാം  അവരിലൊരാളായി ആളുകൾ എന്നെ സ്നേഹിക്കുന്നത്.

സിനിമ സ്വപ്നത്തിലേ ഇല്ലായിരുന്നോ ?

സിനിമയിൽ പരിചയപ്പെട്ടവർക്കെല്ലാം പറയാൻ വലിയ അതിജീവനത്തിന്റെ കഥകളുണ്ട്. എനിക്ക് അങ്ങനെയൊന്നുമില്ല. ഒരുകണക്കിനു പറഞ്ഞാൽ ദൈവം എന്റെ കൈപിടിച്ചു നടത്തുകയായിരുന്നു. പഠിച്ചത് ബിഎസ്‌സി ഇലക്ട്രോണിക്സ്. അന്ന് എൻസിസിയിൽ സജീവമായിരുന്നു.

മികച്ച കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഇംഗ്ലണ്ടിൽ മിലിട്ടറി ട്രെയിനിങ്ങും കിട്ടി. 21 വയസ്സിനുള്ളിൽ നേടിയ ഈ അനുഭവങ്ങളാണ് മുംബൈയിലെ കോളജിൽ മോട്ടിവേഷനൽ സ്പീക്കർ ആക്കിയത്. മോഡലിങ്ങിൽ വന്നതും യാദൃച്ഛികമായാണ്. സിനിമയിൽ എത്തിയതും അങ്ങനെതന്നെ. അവസരങ്ങൾക്കായി ആരുടെയും പിന്നാലെ നടക്കേണ്ടി വന്നിട്ടില്ല.   

‘ഇരുവറി’ൽ നിന്ന് ഒഴിവാക്കപ്പെട്ടതാണോ ?

സന്തോഷ് ശിവന്റെ ശുപാർശയിലാണ് ‘ഇരുവറി’ന്റെ ഒഡിഷനിൽ പങ്കെടുത്തത്. ഹിന്ദി സീരിയലുകളിലും പരസ്യങ്ങളിലുമാണ് അതിനു മുൻപ് അഭിനയിച്ചിട്ടുള്ളത്. സ്ക്രീൻ ടെസ്റ്റ് നടത്തിയെങ്കിലും കണ്ണുകളുടെ ചെറുപ്പം കഥാപാത്രത്തിനു ചേരുന്നതല്ല എന്ന് മണിരത്നം സാർ പറഞ്ഞു. ആ റോളിൽ പ്രകാശ് രാജ് സാറാണ് അഭിനയിച്ചത്.

‘ഇരുവറും’ ‘ദിൽസേ’യും കഴിഞ്ഞ് മൂന്നു വർഷത്തിനപ്പുറം ‘അലൈപായുതേ’യിലേക്ക് അദ്ദേഹം എന്നെ വിളിച്ചു. മ ണി സാറിനൊപ്പമുള്ള തുടക്കം കരിയറിൽ വലിയ ഗുണമായി. ബോളിവുഡ് എൻട്രിയിലും അതു സഹായിച്ചു. ‘രംഗ് ദേ ബസന്തി’യും ‘ഗുരു’വും ‘ത്രീ ഇഡിയറ്റ്സും’  എനിക്കു കിട്ടി.

Maddy-new-look_0001

മൂന്നുവർഷം അജ്ഞാതവാസമായിരുന്നു ?

‘ജോഡി ബ്രേക്കേഴ്സ്’ എന്ന ബോളിവുഡ് ചിത്രം വലിയ ഫ്ലോപ്പായിരുന്നു. അതിനു മുൻപ് ചെയ്തതും നന്നായില്ല. അതോടെ  സിനിമ ബോറടിച്ചു. 2012ൽ ‘വേട്ട’യുടെ ഷൂട്ടിങ് സമയത്ത് കാൽമുട്ടിന് പരുക്കേറ്റിരുന്നു. വേദന കലശലായതോടെ വിശ്രമം മാത്രമായി പോംവഴി. അതാണ് പറ്റിയ സമയം എന്നു തോന്നി. സരിതയോടു പറഞ്ഞപ്പോൾ, ‘നിന്റെ മനസ്സ് പറയുന്നത് ചെയ്യൂ...’ എന്നായിരുന്നു മറുപടി. ‘സിനിമ ഇല്ലാതെ പഴയ ആ ഒറ്റമുറി അപ്പാർട്മെന്റിൽ താമസിക്കേണ്ടി വന്നാലും ഓകെ...’ എന്ന് അവൾ പറഞ്ഞതോടെ തീരുമാനം എളുപ്പമായി. അങ്ങനെ ചിക്കാഗോയിലേക്ക് താമസം മാറ്റി.

പുതിയ തലമുറയിലെ സിനിമാ പ്രേക്ഷകരെ പഠിക്കാനാണ് ആ സമയം വിനിയോഗിച്ചത്. വർക്ക് ഔട്ടിനും പ്രാധാന്യം കൊടുത്തു. ശരീരം മാത്രമല്ല മനസ്സുകൊണ്ടും കുറേ മാറ്റം സംഭവിച്ചു. ഒരു സമയം ഒരു സിനിമ എന്ന തീരുമാനവും അന്നെടുത്തു. ഇടയ്ക്ക് ഹോളിവുഡ്   അനിമേഷൻ സിനിമയിൽ ശബ്ദ സാന്നിധ്യമായി. മടങ്ങിവരവിൽ ചെയ്ത ‘തനു വെഡ്സ് മനു റിട്ടേൺസ്’ വിജയമായി. പിന്നാലെ ഞാൻ തന്നെ നിർമിച്ച ‘ഇരുദി സുട്രു’ കരിയറിലെ മികച്ച പ്രോജക്ടുമായി. മുൻപാണെങ്കിൽ ചിലപ്പോൾ അത്രയ്ക്ക് നായികാ കേന്ദ്രീകൃത കഥയിൽ അഭിനയിക്കില്ലായിരുന്നു. ‘ഇരുദി സുട്രു’വിന്റെ ഹിന്ദിയിലെ തിരക്കഥാ രചനയിലും പങ്കാളിയായി. പിന്നീട് ‘വിക്രം വേദ’ കൂടി ഹിറ്റായപ്പോൾ ബോണസായി.

വെളുക്കാനുള്ള വഴി ചോദിച്ച ആരാധകന് കൊടുത്ത മറുപടി വൈറലായി ?

ഞാൻ എങ്ങനെ വെളുത്തു എന്നാണ് ഒരാൾ ട്വീറ്റിൽ ചോദിച്ചത്. വെളുക്കാനായി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. വെയിൽ കൊണ്ടാൽ പെട്ടെന്നു തന്നെ ഇരുണ്ടുപോകുന്ന ചർമവുമാണ്. ഗോൾഫ് കളിച്ചു മടങ്ങിയെത്തുമ്പോൾ നിറം മങ്ങും. അതു മാറുന്നതോടെ നിറം കൂടിയതായി ചിലർക്ക് തോന്നും. ഇതൊക്കെ തമാശയായി മാത്രമേ എടുക്കാറുള്ളൂ. വെളുപ്പും കറുപ്പും ഉയരവുമൊന്നുമല്ല ജീവിതത്തിൽ പ്രധാനം. നിങ്ങൾ നിങ്ങളിൽ എത്രത്തോളം കംഫർട്ടബിൾ ആണെന്ന് ചിന്തിക്കുക. ഒപ്പം പ്രവർത്തിക്കാൻ മറ്റുള്ളവർ എത്ര കംഫർട്ടബിൾ ആണെന്നും അറിയുക. അതുമാത്രം മതി എന്നാണ്  ഞാൻ പറഞ്ഞത്.

പ്രണയത്തിലും ‘മോട്ടിവേഷനാ’യോ ?

ബന്ധുക്കളിലൊരാൾ ശുപാർശ ചെയ്തിട്ടാണ് സരിത എന്റെ ക്ലാസ് അറ്റൻഡ് ചെയ്യാൻ വന്നത്. ക്ലാസിൽ നിന്നു ലഭിച്ച ആത്മവിശ്വാസത്തിന്റെ ബലത്തിൽ അവൾ എയർഹോസ്റ്റസ് ഇന്റർവ്യൂ പാസായി. കോഴ്സ് കഴിയുമ്പോഴേക്കും  ഞങ്ങൾ പ്രണയത്തിലായി. ‘അലൈപായുതേ’ക്ക് തൊട്ടുമുൻപായിരുന്നു വിവാഹം. വിവാഹശേഷം എന്റെ ചിത്രങ്ങളിൽ സരിത കോസ്റ്റ്യൂം ഡിസൈനറായി.

നടന്റെ ഭാര്യയാകുന്നത് കുറച്ചു റിസ്കുള്ള  കാര്യമാണെന്ന് അറിയാവുന്നതു കൊണ്ടുതന്നെ ലൊക്കേഷനിലേക്ക് ഒന്നിച്ചാണ് പോയിരുന്നത്. ഒന്നുരണ്ടു സിനിമയോടെ തന്നെ അ ഭിനയവും  ഷൂട്ടിങ്ങുമൊക്കെ എങ്ങനെയെന്ന് സരിതയ്ക്കു മനസ്സിലായി. 2005ലാണ് മകൻ വേദാന്ത് ജനിക്കുന്നത്. അതോടെ ചെന്നൈയിലേക്ക് താമസം മാറി. ഹിന്ദിയിൽ തിരക്കായപ്പോൾ വീണ്ടും മുംബൈയിലേക്ക്. ഈ വർഷം ആദ്യമാണ് ദുബായിലേക്ക് താമസം മാറിയത്.

ലോക്ഡൗൺ കാലം എങ്ങനെ പോകുന്നു ?

ലോക്ഡൗൺ ഇളവുകൾ ലഭിച്ചതിനു പിന്നാലെ ഒരു വെബ്സീരിസിന്റെ ഭാഗമായി. പൊതുവേ മടിയനാണ് ഞാൻ. പക്ഷേ, ഇപ്പോൾ തന്നെ ‘മാര’യും ‘നിശബ്ദവും’ ‘റോക്കട്രി’യുമടക്കം മൂന്നു പ്രോജക്റ്റുകൾ പൂർത്തിയാക്കി. ‘നിശബ്ദം’ ഒടിടി പ്ലാറ്റ്ഫോമിൽ കാണാം. ദുബായിൽ താമസമായതിന്റെ ഗുണമാണ് ഇതൊക്കെ.

‘ബച്ചനാണെന്റെ ഹീറോ’

‘‘കരിയറിൽ വലിയ വിജയങ്ങൾ നേടിയിട്ടുള്ള ആളാണ് ഞാൻ. പക്ഷേ, അതിന്റെയൊന്നും ക്രെഡിറ്റ് എന്തു കൊണ്ടോ എനിക്കു കിട്ടിയിട്ടില്ല. അതിൽ വിഷമവുമില്ല. എല്ലാവർക്കും ഷാരൂഖ് ഖാനും രജനീകാന്തും ആകാൻ ആഗ്രഹം കാണും, എനിക്കും ഉണ്ട്. പക്ഷേ, ഓരോ റിലീസിന് മുൻപും അവർ നേരിടുന്ന മാനസിക സംഘർഷം അനുഭവിക്കാൻ എന്നെ കിട്ടില്ല.

അങ്ങനെ നോക്കുമ്പോൾ അമിതാഭ് ബച്ചനാണെന്റെ ഹീറോ. ഈ പ്രായത്തിലും അദ്ദേഹം നായകനായി സിനിമകൾ വരുന്നു. പലതും നൂറു കോടി ക്ലബിൽ. സിനിമ ഹിറ്റാകുമോ എന്ന് എനിക്കു മുൻകൂട്ടി പറയാനാകും. എന്റെ പൊട്ടിയ സിനിമകളുടെ ഭാവിയും പ്രവചിക്കാൻ കഴിഞ്ഞിരുന്നു. പൊതുവേ സാമ്പത്തിക കാര്യങ്ങളിൽ ഞാൻ വലിയ മിടുക്കനല്ല. പണം സമ്പാദിക്കാൻ അറിയാം. അത് സരിതയെ ഏൽപ്പിക്കും. അവളാണ് എല്ലാം കൈകാര്യം ചെയ്യുന്നത്. കുടുംബത്തിലെ കാര്യങ്ങളെല്ലാം അവളാണ് നോക്കുന്നത്, എന്നെയും...’’

Tags:
  • Celebrity Interview
  • Movies