Friday 14 December 2018 03:26 PM IST

ചാൻസ് ഇല്ലാതാക്കും എന്നു പറയുന്നവരോട് എനിക്കു പുച്ഛമാണ്: പ്രതാപ് പോത്തൻ

Roopa Thayabji

Sub Editor

prathab-pothan3
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ചെന്നൈയിൽ മലയാളം സിനിമകൾ പതിവായി വരാറുള്ളത് കിൽപോക്കിലെ ഈഗാ തിയറ്ററിലാണ്. ഇതിനു തൊട്ടടുത്ത് തന്നെയാണ് സിനിമയെ ജീവിതം പോലെ സ്നേഹിക്കുന്ന ഒരാൾ താമസിക്കുന്നത്, നടനും തിരക്കഥാകൃത്തും നിർമാതാവും സംവിധായകനുമായ പ്രതാപ് പോത്തൻ. ഹിന്ദിയുൾപ്പെടെ അഞ്ചു ഭാഷകളിൽ അഭിനയിക്കുകയും മലയാളം, തമിഴ്, തെലുങ്ക് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്ത അതുല്യപ്രതിഭ. ജീവിതത്തിൽ വിഷമവൃത്തത്തിൽ അകപ്പെട്ടപ്പോഴെല്ലാം തിരിച്ചുകയറാൻ പ്രതാപ് പോത്തന് കരുത്ത് നൽകിയത് സിനിമയായിരുന്നു. കുറച്ചുനാൾ മുമ്പ് അസുഖമായി ഐസിയു വിൽ കിടന്നപ്പോൾ പ്രതാപ് പോത്തൻ ഒരു തീരുമാനമെടുത്തു, ഇനിയും സിനിമ സംവിധാനം ചെയ്യണം.

സിനിമാജീവിതത്തിനു നാൽപതു വർഷം പൂർത്തിയാകുന്ന വേളയിൽ ജീവിതത്തിലെ ഉയർച്ച താഴ്ചകളെക്കുറിച്ച് അദ്ദേഹം പറഞ്ഞുതുടങ്ങി. ‘‘എനിക്ക് 64 വയസ്സായി. ലോകപ്രശസ്തരായ സംവിധായകരെല്ലാം കരിയറിലെ ഏറ്റവും മികച്ച സിനിമകൾ ചെയ്തത് ഈ പ്രായത്തിനു ശേഷമാണ്. എനിക്ക് ഇനിയും സിനിമകൾ ചെയ്യണം. അതിനുള്ള ഒരുക്കങ്ങൾക്കായി രണ്ടുമാസത്തേക്ക് അവധിയെടുത്തിരിക്കുകയാണ്. സിനിമ മാത്രമാണ് ഇപ്പോൾ മനസ്സിൽ...’’

അസുഖം ഭേദമായോ?

ഡിസ്ചാർജായി വന്നിട്ട് രണ്ടുമാസം കഴിഞ്ഞു. ശരീരം ആരോഗ്യം വീണ്ടെടുത്തു തുടങ്ങിയിട്ടുണ്ട്. ഗോവയില്‍ ശ്യാമപ്രസാദ് സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ചില അസ്വസ്ഥകളുണ്ടായത്. നേരത്തേ തന്നെ സ്ലീപ് അപ്നിയ ഉണ്ടായിരുന്നു. അതിന് മരുന്നു കഴിച്ചതോടെ ശരീരത്തിൽ വല്ലാതെ നീരുവന്നു. അതിന്റെ തുടർച്ചയായി നെഞ്ചുവേദനയും വന്നു. അസുഖം പെട്ടെന്നു കൂടി. ആശുപത്രിയിൽ ഏഴു ദിവസം കിടന്നു.

ഒറ്റയ്ക്കിരിക്കുമ്പോൾ ബോറടിക്കില്ലേ ?

പരസ്യ ഏജൻസിയായ ഗ്രീൻ ആപ്പിളിന്റെ തിരക്കുകളുണ്ട്. പിന്നെ, ഒറ്റയ്ക്കിരിക്കാനാണ് പണ്ടേ ഇഷ്ടം. ഗ്രൂപ്പിലോ പാർട്ടികളിലോ പങ്കെടുക്കാറില്ല. പുസ്തകങ്ങളും സിനിമയും സോഷ്യൽ മീഡിയയുമാണ് കൂട്ടുകാർ. എഴുതും, സിനിമ കാണും. കുറച്ചുനേരം സോഷ്യൽ മീഡിയയിൽ ചെലവഴിക്കും. കഴിഞ്ഞ പത്തുദിവസം കൊണ്ട് മുപ്പത് സിനിമകൾ കണ്ടു. വീട്ടിലിരുന്ന് സിനിമ കാണുന്നതാണ് പതിവ്. 22 ഫീമെയിൽ കോട്ടയത്തിനു ശേഷം ഒരു മലയാളം സിനിമയും തിയറ്ററിൽ പോയി കണ്ടിട്ടില്ല.

സംവിധാനം ചെയ്യാനിരുന്ന സിനിമ ഉപേക്ഷിച്ചോ ?

ദുൽഖറിനെ വച്ച് ആലോചിച്ച പ്രോജക്ട് പൂർണമായും ഉപേക്ഷിച്ചു. ആ സിനിമയ്ക്ക് വേണ്ടി തയാറാക്കിയ തിരക്കഥ എനിക്ക് ഇഷ്ടമായില്ല. ഇടയ്ക്ക് പുറത്തുനിന്നുള്ള ഇടപെടലുകളും കൂടി വന്നു. അങ്ങനെ നിന്നുകൊടുക്കാൻ ഞാൻ തയാറല്ല. പണത്തിനു വേണ്ടി ഒരിക്കലും സിനിമ ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. 20 വർഷത്തിനു ശേഷം സംവിധാനം ചെയ്യാൻ മോഹിച്ച സിനിമയാണ് അതോടെ ഉപേക്ഷിച്ചത്. രോഗം ഭേദമായി വീട്ടിലെത്തിയ നാൾ മുതൽ സംവിധാനത്തെക്കുറിച്ച് സീരിയസായി വീണ്ടും ആലോചിച്ചു തുടങ്ങി. തിരക്കഥ പൂർത്തിയായിട്ടേ താരങ്ങളെക്കുറിച്ച് ആലോചിക്കൂ. ചിലപ്പോൾ എല്ലാവരും പുതുമുഖങ്ങളാകും.

എന്താണ് സിനിമയിൽ ഇങ്ങനെ നീണ്ട ഇടവേളകൾ ?

1986ൽ ‘ഒന്നുമുതൽ പൂജ്യം വരെ’യിൽ അഭിനയിച്ചിട്ടു പോയ ഞാൻ പിന്നീട് മലയാളത്തിൽ ചെയ്യുന്നത് ‘തന്മാത്ര’യാണ്, മോഹൻലാലിനെ ചികിത്സിക്കുന്ന ഡോക്ടറുടെ വേഷം. ഇതിനിടയ്ക്ക് ആരും വിളിച്ചില്ല എന്നതാണ് പരമാർഥം. 1997ൽ ‘ഒരു യാത്രാമൊഴി’ സംവിധാനം ചെയ്ത ശേഷം മലയാളത്തിൽ സജീവമാകുന്നത് ‘22 ഫീമെയിൽ കോട്ടയ’ത്തിനു ശേഷമാണ്. ആഷിക് അബു വിളിക്കുമ്പോൾ ഞാൻ കരുതിയത് ഡോക്ടറുടെ വേഷമാകുമെന്നാണ്. ഇത്ര വർഷത്തിനുശേഷം ഇതുപോലൊരു തിരിച്ചുവരവ് ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ എന്നു സംശയമാണ്. 28 സിനിമകൾ അതിനുശേഷം അഭിനയിച്ചു. പലതും റിലീസാകാനുണ്ട്. രണ്ടാം വരവിലാണ് സിനിമ കുറച്ച് രസമുള്ള കാര്യമാണെന്നു തോന്നിയത്.

മക്കൾ സിനിമയിൽ വരരുതെന്നായിരുന്നു അച്ഛന്റെ ആഗ്രഹം എന്നു കേട്ടിട്ടുണ്ട് ?

കുളത്തുങ്കൽ പോത്തൻ എന്ന പ്രതാപിയായിരുന്ന അച്ഛന് സിനിമ വലിയ ദേഷ്യമായിരുന്നു. സിനിമയിൽ ചെന്നാൽ ചീത്തയായി പോകുമെന്നായിരുന്നു വിശ്വാസം. പക്ഷേ, ഞങ്ങൾ മൂന്നു മക്കൾ സിനിമയിലെത്തി. ഊട്ടിയിലെ ലോറൻസ് സ്കൂളിൽ പഠിക്കുന്ന കാലത്ത് സിനിമയോ അഭിനയമോ ഒ ന്നും എന്റെ സ്വപ്നങ്ങളിലേ ഇല്ലായിരുന്നു. ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിച്ചത്. രണ്ടു വർഷം കഴിഞ്ഞ് മദ്രാസ് ക്രിസ്ത്യൻ കോളജിൽ ചേർന്നു. ബെൻസ് കാറിലായിരുന്നു അന്നു ഞാൻ കോളജിൽ പോയിരുന്നത്.

പക്ഷേ, പെട്ടെന്നു ഞങ്ങൾ ഒന്നുമില്ലാത്തവരായി. ഞാൻ പ്രിഡിഗ്രി സെക്കൻഡ് ഇയറിൽ പഠിക്കുമ്പോഴാണ് ബിസിനസി ലെ പ്രശ്നങ്ങളുടെ പേരിൽ സെയിൽസ് ടാക്സ് അധികൃതർ അച്ഛന്റെ സ്വത്തൊക്കെ ജപ്തി ചെയ്തു. ഉൾഭയങ്ങളെയെല്ലാം പിന്നിലാക്കി ഞാൻ രൂപപ്പെട്ട കാലവും അതായിരുന്നു. ആദ്യത്തെ പ്രണയം സംഭവിച്ചതും സ്റ്റേജിൽ കയറുന്നതും അന്നാണ്. ജി.കെ. മാത്യുവാണ് ‘മെൻ വിത്തൗട്ട് ഷാഡോസ്’ എന്ന നാടകത്തിലേക്ക് ക്ഷണിച്ചത്. പിന്നീട് ‘മദ്രാസ് പ്ലേയേ ഴ്സി’ലെ സ്ഥിരം നടനായി. മെതേഡ് ആക്ടിങ്ങൊക്കെ അങ്ങനെയാണ് പഠിച്ചത്. കോളജിലും പോപ്പുലറായി. മൂന്നു വർഷം മുമ്പ് കോളജിലെ പൂർവവിദ്യാർഥി സംഗമത്തിൽ മുഖ്യാതിഥിയായി ക്ഷണിച്ചത് എന്നെയാണ്. ആദ്യമായി നാടക മഭിനയിച്ച സ്റ്റേജിൽ വിശിഷ്ടാതിഥിയായി ഞാനിരുന്നു.

prathab-pothan2

സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതെങ്ങനെ ?

ഡിഗ്രി പാസായതിന്റെ പിന്നാലെ മുംബൈയിലെ ഒരു പരസ്യ കമ്പനിയിൽ പ്രൂഫ് റീഡറായി ജോലിക്കു കയറി, ഇരുപതാമത്തെ വയസ്സിൽ. ആദ്യ മാസത്തെ ശമ്പളമായ 250 രൂപ കൈയിൽ വാങ്ങിയപ്പോൾ ഞാനോർത്തത് മറ്റൊന്നാണ്, ജ പ്തിക്കു മുമ്പ് ഞങ്ങളുടെ ഡ്രൈവർക്ക് നൽകിയിരുന്ന ശമ്പളം 250 രൂപയായിരുന്നു. കോപ്പി റൈറ്ററായി സ്ഥാനക്കയറ്റം കിട്ടിയപ്പോൾ ശമ്പളം 400 രൂപയായി.

അച്ഛന്റെ സമ്പത്ത് തിരികെ ലഭിക്കുമെന്ന വിശ്വാസം കൊണ്ടാണ് അന്നൊന്നും ആത്മഹത്യ ചെയ്യാതെ പിടിച്ചു നിന്നത്. ധനികന്റെ മകനായി ജീവിതം തുടങ്ങി ദരിദ്രനായി പോകുന്ന അവസ്ഥ ആലോചിക്കാൻ പറ്റുമോ, ജീവിതത്തിലെ ഏറ്റവും നിറമുള്ള കാലത്ത്. അതു നേരിട്ടനുഭവിച്ചയാളാണ് ഞാൻ. പ ക്ഷേ, അന്നും നാടകവും അഭിനയവും കൂടെ കൊണ്ടുനടന്നു.

ഭരതനാണ് സിനിമയിലേക്ക് ക്ഷണിച്ചത് ?

മുംബൈയിൽ താമസിച്ചിരുന്ന കാലത്താണ് സംവിധായകൻ ഭരതനെ പരിചയപ്പെടുന്നത്. ഞങ്ങൾ വളരെ വേഗം സുഹൃത്തുക്കളായി. ‘ആരവ’ത്തിലെ ചെറിയ റോളിലേക്ക് ഭരതൻ ക്ഷണിച്ചു. പിന്നീട് ‘തകര’യിലേക്കു കാസ്റ്റ് ചെയ്ത സമയത്ത് ഒരുപാടു പേർ ഭരതനെ വിളിച്ചു പറഞ്ഞു, ഇംഗ്ലിഷൊക്കെ പറഞ്ഞു നടക്കുന്ന പ്രതാപ് പോത്തനെ കൊണ്ട് ആ റോൾ ചെയ്യിക്കരുതെന്ന്. എന്റെ സഹോദരനും ആ കൂട്ടത്തിലുണ്ടായിരുന്നു. ‘തകര’ വലിയ ഹിറ്റായി. മലയാളത്തിൽ ഭരതനും പത്മരാജനും തമിഴിൽ കെ. ബാലചന്ദറിനുമൊപ്പം ജോലി ചെയ്യാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ നേട്ടം.

ഞാൻ സംവിധാനം ചെയ്ത ‘ഒരു യാത്രാമൊഴി’യിൽ നടികർ തിലകം ശിവാജി ഗണേശനാണ് പ്രധാനവേഷം ചെ യ്തത്. നഷ്ടബോധം തോന്നുന്നത് ‘അങ്ങാടി’യിൽ അഭിനയിക്കാൻ പറ്റാത്തതിലാണ്. എനിക്കു വേണ്ടിയെഴുതിയ കഥയായിരുന്നു അത്. പക്ഷേ, അന്ന് താൽപര്യം തോന്നിയില്ല. പകരം ചെയ്തത് ‘പപ്പു’ എന്ന സിനിമയായിരുന്നു. തെറ്റായ തിരഞ്ഞെടുക്കലുകൾ വല്ലാതെ ദോഷം ചെയ്തു. തമിഴിൽ ‘മീണ്ടും ഒരു കാതൽ കഥൈ’ സംവിധാനം ചെയ്ത് പുതിയ വഴിയിലേക്കും ഞാൻ കടന്നു.

ആദ്യസിനിമയ്ക്കു തന്നെ സംവിധായകനുള്ള ദേശീയ പുരസ്കാരം ?

‘മീണ്ടും ഒരു കാതൽ കഥൈ’ ഇറങ്ങുന്നത് 1985 ലാണ്. ഏത് പുതുമുഖ സംവിധായകനും നേരിടേണ്ടി വരുന്ന ഒരു പ്രശ്നം അന്നുണ്ടായി, സിനിമ ആരും വിതരണത്തിനെടുത്തില്ല. നികുതിയിലോ മറ്റോ ഇളവ് കിട്ടിയാൽ ആരെങ്കിലും എടുത്തേക്കു മെന്ന് ചിലർ ഉപദേശിച്ചു.

അവസാന പ്രതീക്ഷയെന്ന നിലയ്ക്കാണ് തലൈവി ജയലളിതയോട് സഹായം അഭ്യർഥിച്ചത്. നടികർ സംഘത്തിൽ സിനിമ പ്രദർശിപ്പിക്കാൻ അവർ നിർദേശം നൽകി. എം.ജി.ആ റിന്റെ പ്രതാപകാലമാണത്, ജയലളിത അന്നു പാർട്ടി പരിപാടി കളുടെ പ്രചരണ വിഭാഗം ചുമതലകളാണ് വഹിക്കുന്നത്. ന ടികർ സംഘത്തിന്റെ ഓഫിസിൽ നടത്തിയ ഷോ കാണാൻ അവർ വന്നു. സിനിമ കണ്ടിറങ്ങുമ്പോൾ അവരുടെ മുഖത്ത് സന്തോഷമുണ്ടായിരുന്നു. അതായിരുന്നു എനിക്കു കിട്ടിയ ആദ്യത്തെ അവാർഡ്. പിറ്റേ ദിവസം പോയസ് ഗാർഡനിലെ വേദനിലയത്തിൽ ചെന്ന് ഞാനവരോടു സംസാരിച്ചു. വളരെ ശ്രദ്ധിച്ചു വേണം ഇൻഡസ്ട്രിയിലേക്ക് കാൽവയ്ക്കാനെന്ന് അവരെന്നോടു പറഞ്ഞു.

prathb-pothan5

‘‘ധൈര്യവും കഴിവും വേണം ഇവിടെ നിൽക്കാൻ. പേടിക്കേണ്ട, അതു നിങ്ങളുടെ രക്തത്തിലുണ്ട്. വലിയ വിജയങ്ങൾ തേടി വരട്ടെ.’’ ആ വാക്കുകൾ ഞാൻ ഓർത്തുവച്ചു. പിന്നീടൊരിക്കൽ സിനിമയെ പ്രശംസിച്ചുകൊണ്ട് ജയ എനിക്കൊരു കത്തെഴുതി. വളരെക്കാലം സൂക്ഷിച്ചുവച്ചിരുന്നെങ്കിലും അത് എവിടെയോ നഷ്ടപ്പെട്ടുപോയി. മികച്ച പുതുമുഖ സംവിധായകനും മികച്ച തമിഴ് സിനിമയ്ക്കുമുള്ള ദേശീയ അവാർഡ് ‘മീണ്ടും ഒരു കാതൽ കഥൈ’യ്ക്ക് കിട്ടി. ആ വിവരമറിഞ്ഞും ജയലളിത ഫോണിൽ വിളിച്ചിരുന്നു.

മലയാളത്തിൽ വേണ്ടത്ര അംഗീകരിക്കപ്പെട്ടില്ല ?

മനസ്സിൽ തോന്നുന്നത് മുഖത്തുനോക്കി പറയുന്നതാണ് എന്റെ സ്വഭാവം. അതു പലർക്കും ഇഷ്ടമല്ല. മറ്റുള്ളവരുടെ മുന്നിൽ പോയി തൊഴുതു നിൽക്കാനും താൽപര്യമില്ല. അതുല്യപ്രതിഭയായ തിലകന്റെ അനുഭവം നമുക്ക് നേരിട്ടറിയാവുന്നതല്ലേ. വ്യക്തിവിരോധത്തിന്റെയോ മറ്റെന്തെങ്കിലുമോ പ്രശ്നത്തിന്റെ പേരിൽ ചാൻസ് ഇല്ലാതാക്കും എന്നു പറയുന്നവരോട് എനിക്കു പുച്ഛമാണ്. ആരോടും അങ്ങോട്ടു ചാൻസ് ചോദിക്കുന്ന ശീലം പണ്ടേയില്ല. കേരളത്തിലാണ് സിനിമാക്കാർക്ക് പരസ്പര ശത്രുതയും വിരോധവുമൊക്കെ. തമിഴ്നാട്ടിൽ താരങ്ങൾ രാഷ്ട്രീയത്തിലിറങ്ങിയാൽ പോലും ഇത്ര പൊളിറ്റിക്സ് കളിക്കില്ല. ജോലി ഇല്ലാതാക്കുക, പ്രോജക്ട് തട്ടിക്കളയുക ഇതൊക്കെ മലയാളത്തിൽ പതിവാണ്. ശ്യാമപ്രസാദിന്റെ സിനിമയിൽ നിന്നു പോലും എന്നെ ഒഴിവാക്കാൻ ശ്രമങ്ങൾ നടന്നിരുന്നു.

ഇമേജിനെ പേടിയില്ലേ എന്നു പലരും ചോദിക്കും. എനിക്കങ്ങനെ ഇമേജ് ഇല്ലല്ലോ. അതുണ്ടാക്കാൻ ശ്രമിച്ചിട്ടുമില്ല. ഇവിടെ നിന്ന് എന്തെങ്കിലും നേടണമെന്ന ചിന്തയുണ്ടായിരുന്നെങ്കിൽ ഇമേജ് സൃഷ്ടിക്കാൻ ശ്രമിച്ചേനെ. രാഷ്ട്രീയത്തിലിറങ്ങാനോ വലിയ ലാഭങ്ങൾ നേടാനോ ആഗ്രഹിക്കുന്നവരാണ് ഇമേജിനെ പേടിക്കുന്നത്. എനിക്കു രാഷ്ട്രീയം ഇഷ്ടമല്ല, താൽപര്യവുമില്ല. നല്ല സിനിമാക്കാരൻ എന്ന് അറിയപ്പെടാനാണ് എനിക്കിഷ്ടം.

കൊച്ചിയിലെ കാര്യങ്ങളൊക്കെ അറിയുന്നുണ്ടോ ?

അറിയുന്നുണ്ടെന്നു മാത്രമല്ല വല്ലാത്ത അമർഷവുമുണ്ട്. എന്തിനാണ് ദിലീപിനെ ജാമ്യം പോലും നൽകാതെ ഇത്രയും ദിവസം ജയിലിലിട്ടത്. എന്തൊക്കെയോ ദുരൂഹതകൾ ആ കേസിനു പിന്നിലുണ്ടെന്ന് തോന്നുന്നു. ചെറിയ റോളുകളിൽ തുടങ്ങി ജനപ്രിയനായകനായി മാറിയ ആളല്ലേ, പലർക്കും അസൂയയുണ്ടാകും. നിങ്ങളെപ്പോലെ എന്നെ കാണാൻ വരുന്ന ഒരു വനിതാ ജേണലിസ്റ്റിന്റെ ചോദ്യത്തിന് ഞാൻ ദേഷ്യത്തിൽ ഒരു മറുപടി നൽകിയെന്നു കരുതുക. അടുത്ത നിമിഷം അവർ പുറത്തിറങ്ങി ഇത്തരമൊരു ആരോപണമുന്നയിച്ചാൽ ഞാനും അകത്താകില്ലേ. സ്ത്രീകളുമായി ബന്ധപ്പെട്ട കേസിൽ പെട്ടാലും സ്ത്രീകളെ ശത്രുവാക്കിയാലും പ്രത്യാഘാതം ഭയങ്കരമായിരിക്കും.

പ്രതീക്ഷകളുണർത്തുന്ന കോളിവുഡ്

തമിഴ് ടെലിവിഷൻ ചാനലിലെ സിനിമാ റിയാലിറ്റി ഷോ യായ ‘നാളൈ ഇയർക്കുനി’ന്റെ ജഡ്ജസായിരുന്നു ഞാ നും മദൻ സാറും. കാർത്തിക് സുബ്ബരാജും അൽഫോൺ സ് പുത്രനും വിജയ് സേതുപതിയും ബോബി സിൻഹയുമൊക്കെ പുതുമുഖ സംവിധായകരെ കണ്ടെത്തുന്ന ആ പരിപാടിയിലൂടെ വന്നവരാണ്. അക്കാലത്ത് മിക്കപ്പോഴും ബെസ്റ്റ് ആക്ടർ ആയി തിരഞ്ഞെടുക്കുന്നത് വിജയ് സേതുപതിയെ ആയിരുന്നു. ഈ യിടെ ‘വിക്രം വേദ’ കണ്ടപ്പോൾ വളരെ അഭിമാനം തോന്നി. മലയാളത്തിലും ഇങ്ങനെ പ്രതീക്ഷ വയ്ക്കാവുന്ന പുതിയ തലമുറ വരുന്നുണ്ട്. ആ നിരയിലെ സംവിധായകരും നടീനടന്മാരുമെല്ലാം സിനിമയോടുള്ള ഇഷ്ടം കൊണ്ടു വന്നവരാ ണ്. കഴിവുള്ളവരെ ബഹുമാനിക്കാൻ അവർക്കറിയാം.

സ്ത്രീകളുടെ ശത്രുവായ അനുഭവമുണ്ടോ?

രാധികയിൽ നിന്നു വിവാഹമോചനം നേടിയ കാലത്ത് അതിന്റെ പ്രത്യാഘാതം നന്നായി അനുഭവിച്ചയാളാണ് ഞാൻ. പക്ഷേ, അതിനെ കുറിച്ചുതന്നെ ആലോചിച്ചു വിഷമിക്കാത്തതിനാൽ കുഴപ്പമില്ല. എടുത്ത ഒരു തീരുമാനത്തിലും പശ്ചാത്തപിക്കുന്നില്ല. തിരിഞ്ഞുനോക്കുമ്പോൾ നിരാശയുമില്ല.

പക്ഷേ, അമ്മയോടു കുറച്ച് അടുപ്പം കൂടുതലുണ്ട് ?

അഞ്ചുവയസ്സു മുതൽ ഞാൻ ഊട്ടിയിലാണ് പഠിച്ചത്. എട്ടു മാസത്തെ ബോർഡിങ് കാലം കഴിഞ്ഞ് നാലു മാസം വീട്ടിൽ. മൂത്ത ചേച്ചിയോടായിരുന്നു അന്നെനിക്കു കൂടുതൽ അടുപ്പം. കേസിനെ തുടർന്ന് അച്ഛൻ ഒളിവിൽ പോയ കാലത്താണ് അമ്മയുടെ ശക്തി തിരിച്ചറിഞ്ഞത്. കുടുംബത്തെ താങ്ങി നിർത്തിയത് അമ്മയാണ്. പേരു പോലെ തന്നെ ‘പൊന്നമ്മ’ ആയിരുന്നു അമ്മ. അച്ഛൻ മരിച്ചതോടെ ഞങ്ങളെല്ലാം മനസ്സു ത കർന്ന് ഓരോ വഴിക്കായി. അമ്മ എല്ലാവരെയും ചേർത്തുനിർത്തി. സ്വത്തുകേസിന്റെ ആവശ്യങ്ങൾക്കായി അമ്മ ചെന്നൈയിൽ പോയിവരുന്നത് ഇപ്പോഴും ഓർമയുണ്ട്.

25 വർഷത്തിനു ശേഷം അച്ഛന്റെ സ്വത്തുക്കൾ വിട്ടുകിട്ടാൻ കാരണം അന്ന് അമ്മ കൃത്യസമയത്ത് പോരാട്ടം തുടങ്ങിയതാണ്. മക്കളുടെ കാര്യത്തിൽ അമ്മയ്ക്ക് വലിയ അഭിമാനമായിരുന്നു. ‘തകര’യ്ക്ക് ഞാൻ അവാർഡ് വാങ്ങുന്നത് കണ്ടിട്ടാണ് അമ്മ മരിച്ചത്. അമ്മയുടെ നാട് ചെങ്ങന്നൂരാണ്, അച്ഛൻ ചങ്ങനാശ്ശേരിക്കാരനും. ബിസിനസ് ആവശ്യത്തിനായി അവർ തിരുവനന്തപുരത്തേക്ക് വന്നതാണ്. അമ്മയുടെ ഓർമകളെല്ലാം തിരുവനന്തപുരത്തായതു കൊണ്ട് നാട്ടിൽ സെറ്റിൽ ചെയ്യാൻ പ്ലാനില്ലേ എന്നു പലരും ചോദിക്കും. തൽക്കാലം ചെന്നൈയാണ് ഇഷ്ടം.

prathap-pothan1

മകളെക്കുറിച്ചു സ്വപ്നം കാണാറില്ലേ ?

കേയയ്ക്ക് 24 വയസ്സായി. സ്വന്തമായി തീരുമാനമെടുക്കാനും ജീവിതം തുടങ്ങാനുമുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്. ഒരു കാര്യത്തിലും ഇതുവരെ നിർബന്ധിച്ചിട്ടില്ല, വിവാഹം കഴിക്കാൻ പോലും. പാട്ടും പ്രോഗ്രാമുമൊക്കെയായി കേയ തിരക്കിലാണ്.