Thursday 23 January 2020 03:30 PM IST : By വിജീഷ് ഗോപിനാഥ്, ലക്ഷ്മി പ്രേംകുമാർ

‘സത്യമേ പറയൂ എന്ന് തീരുമാനിച്ചാൽ നമ്മുടെ മുന്നിൽ വഴികൾ തെളിച്ചമുള്ളതായിരിക്കും’; കളിയിൽ അല്പം കാര്യവുമായി പൃഥ്വിരാജ്!

prithviraj--hhfds ഫോട്ടോ ശ്രീകാന്ത് കളരിക്കൽ

കുട്ടി ചോദ്യങ്ങൾക്കു മുന്നിൽ കുട്ടിയായി ഉത്തരം പറഞ്ഞ് പൃഥ്വിരാജ്...

ഫസാൻ – മമ്മൂക്കയെ ആണോ ലാലേട്ടനെയാണോ കൂടുതൽ ഇഷ്ടം? 

‘‘ആഹാ  നീ ആളു കൊള്ളാലോ, നൈസായിട്ട് അങ്ങ് ചോദിക്കുകയാണല്ലേ...’’ പൃഥ്വിയുടെ കള്ളച്ചിരി. 

ചെറുപ്പത്തിൽ ഒരുപാട് സിനിമ കാണുന്നയാളായിരുന്നില്ല. കണ്ടു തുടങ്ങിയപ്പോള്‍ ഏറ്റവും കൂടുതൽ കണ്ടത് ലാലേട്ടന്റെ സിനിമകളാണ്. അതുകൊണ്ട് ഞാനൊരു ലാലേട്ടൻ ഫാനാണ്. ഞാനൊരു നടനായിക്കഴിഞ്ഞാണ് മമ്മൂക്കയുടെ കുറേ സിനിമകൾ കാണുന്നത്. അപ്പോഴാണ് എനിക്ക് മനസിലായത് മമ്മൂക്ക എന്ന് പറയുന്നത് അഭിനയത്തിന്റെ കുലപതിയാണ്. ഇവര് രണ്ടു പേരും കേരളത്തിലായതു കൊണ്ട് നമ്മളിങ്ങനെ ലാലേട്ടൻ, മമ്മൂക്ക എന്നൊക്കെ സിംപിളായി പറയുന്നത്. 

പക്ഷേ, ലോകത്തുള്ള ഒരുപാട് നടീ നടൻമാരെയൊക്കെ കണ്ട്, അഭിനയമെന്ന ജോലി ഒരുപാട് കാലം ചെയ്തുകഴിയുമ്പോൾ മനസ്സിലാകും. ഭയങ്കര സ്പെഷലാണ് അവർ രണ്ടു പേരും. വേൾഡ്ക്ലാസ് ആക്ടേഴ്സ് എന്നൊക്കെ പറയില്ലേ? അതാണ്. സിനിമയെ ഗൗരവമായി കാണുന്ന ആർക്കും ഒരാൾ മറ്റേയാളേക്കാൾ നല്ലതാണെന്ന് പറയാൻ പറ്റില്ല. അമരത്തിലും കമലദളത്തിലും ഒരു ആക്ടറിന്റെ എഫർട്ട് എത്രത്തോളമാണെന്ന് എനിക്കറിയാം. 

ലൂക്ക് – ഇനി വാങ്ങാൻ പോകുന്ന വണ്ടിയേതാണ് ?

എല്ലാ കാറും ഇഷ്ടമാണ്. വാങ്ങിച്ചാൽ കൊള്ളാമെന്നുമുണ്ട്. പക്ഷേ, അതിലൊരു പ്രശ്നമുണ്ട്. കാറു വാങ്ങിക്കാനുള്ള  പൈസ ഇപ്പോഴില്ല.  കുറച്ച് കഴിഞ്ഞ് കുറേ സിനിമിയിലൊക്കെ അഭിനയിച്ചിട്ട് വേണം  വാങ്ങാൻ.  ഈ വർഷം രണ്ടു വണ്ടി വാങ്ങിയെന്ന പേരിൽ ആലിയുടെ അമ്മ പിണങ്ങിയിരിക്കുകയാണ്.  അതുകൊണ്ട് കുറച്ചു നാളത്തേക്ക് വണ്ടി വാങ്ങലില്ല. 

ദുർഗ – ആദ്യമായിട്ട് കള്ളം പറഞ്ഞത് ഓർമയുണ്ടോ? 

ഓർമയില്ല. നിങ്ങളും ഈ പ്രായത്തിൽ അച്ഛനമ്മമാരോട് കള്ളങ്ങൾ പറയാറില്ലേ. പക്ഷേ, എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. വളരും തോറും പറയുന്ന കളവുകളുടെ ഗൗരവം കൂടി കൂടി വരും. വളരുന്നതിന് അനുസരിച്ച് നമ്മൾക്ക് മനസിലാകും, കള്ളം പറയൽ എളുപ്പമാണ്, സത്യം പറയുന്നത് അത്ര എളുപ്പവുമല്ല. അപ്പോഴാണ് കുഴപ്പമാകുന്നത്. 

സത്യമേ പറയൂ എന്ന് തീരുമാനിച്ചാൽ നമ്മുടെ മുന്നിൽ വഴികൾ തെളിച്ചമുള്ളതായിരിക്കും സിംപിളായി പറഞ്ഞു തരാം. എന്നോട് എല്ലാവരും ചോദിക്കാറുണ്ട്,  ഓരോ ചോദ്യത്തിനും ഇത്രയും കൃത്യമായി ഉത്തരം പറയാൻ കഴിയുന്നതെന്ന്. അതിന്റെ ഉത്തരം സിംപിളാണ്. സത്യം പറഞ്ഞാൽ മതി.   

നിങ്ങളൊക്കെ സ്കൂൾ വിട്ട് വരാൻ വൈകുമ്പോൾ അമ്മ ചോദിക്കും ‘എന്താ വൈകിയേ? എവിടെ പോയിരുന്നു ഇത്രേം നേരം?’  സത്യം പറയാനാണെങ്കിൽ നമ്മൾ പറയും ‘ഞാൻ ഫ്രണ്ടിനൊപ്പം പുറത്തു പോയതാ.’ കാര്യം അവിടെ തീർന്നു. 

കള്ളം പറയാനാണ് പ്ലാനെങ്കിൽ ആകെ ടെൻഷനായി. തിയറ്റർ പോയെന്നു പറയണോ, വേണ്ട, പൊല്ലാപ്പാകും. സ്പെഷൽ ക്ലാസ് എന്നു പറഞ്ഞാലോ, വേണ്ട, ടീച്ചറിനെയെങ്ങാനും വിളിച്ചാൽ പെട്ടു. ചുരുക്കത്തിൽ ലോകത്തില്ലാത്ത കള്ളങ്ങൾ പറയും. അമ്മ കണ്ടുപിടിക്കും. അതുകൊണ്ട് നിങ്ങൾ ഇപ്പോഴേ സത്യം പറഞ്ഞു ശീലിച്ചു നോക്കൂ. ലൈഫ് ടെൻഷൻ ഫ്രീയാകുന്നത് കാണാം. 

Tags:
  • Celebrity Interview
  • Movies