Friday 30 April 2021 02:43 PM IST

‘ക്ഷേത്രത്തേക്കാൾ ഉയരത്തിലാണോ വീട് പണിതത് എന്നു നോക്കലാണോ ദൈവത്തിന്റെ ജോലി? ഞാൻ ഈശ്വര വിശ്വാസിയാണ്; പക്ഷേ, അന്ധവിശ്വാസം തീരെയില്ല’; സലിംകുമാർ മനസ്സ് തുറക്കുന്നു

Tency Jacob

Sub Editor

_REE2145 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘‘പലരും എന്റെ വഴികൾ കോപ്പിയടിക്കാൻ നോക്കിയിട്ടുണ്ട്. പക്ഷേ,ജീവിതം അങ്ങനെ കോപ്പിയടിക്കാനുള്ളതല്ല. ഓരോരുത്തർക്കും കിട്ടുന്ന ചോദ്യപേപ്പർ വ്യത്യസ്തമാണ്.’’

‘‘ഇരുപത്തിയഞ്ചു വർഷക്കാലമത്രയും എനിക്കു നഷ്ടപ്പെട്ടു പോയ കുറേ സ്വകാര്യ സന്തോഷങ്ങളുണ്ട്. അവയോർത്ത് എനിക്കു സങ്കടമുണ്ട്. എന്നാൽ സിനിമ തന്ന കുറേ സന്തോഷങ്ങളുമുണ്ട്. ഇതിനു നടുവിലൂടെയാണ് ഈ നിമിഷം കടന്നു പോകുന്നത്.’’ സലിം കുമാര്‍ ബീഡിക്കു തീ കൊളുത്തി. പിന്നാലെ ചിരിയുടെ തീപ്പൊട്ടു തെളിഞ്ഞു.

‘‘ഞാൻ വരച്ച ഗ്രാഫിലൂടെ തന്നെയാണ് ജീവിതം  ഇതുവരെ കൂടുതലും പോയിട്ടുള്ളത്. ഞാൻ കണ്ട സ്വപ്നങ്ങളില്‍ 75 ശതമാനവും സഫലമാക്കാനും സാധിച്ചു. അങ്ങനെ സംതൃപ്തിയുെട ഒരു ‘മൂഢസ്വര്‍ഗ’ത്തിലാണ് ഞാന്‍.

വീട്ടിലുള്ളവർ എപ്പോഴും ചിരിയോടെയിരിക്കാൻ വേണ്ടി വച്ച വീടാണിത്. ഇവിടെ ചിരിക്ക് ഒരു കുറവുമില്ല. എെന്‍റ അസുഖക്കാലത്തു പോലും മക്കൾ ആ അവസ്ഥ കണ്ടു കണ്ണു നിറ‍ഞ്ഞു ചിരിച്ചു പോയിട്ടുണ്ട്. എനിക്ക് കരയാനിഷ്ടമില്ല. ഞാൻ മരിച്ചു കിടക്കുമ്പോൾ കരയരുതെന്നു മക്കളോടും പറഞ്ഞിട്ടുണ്ട്. ഇതുവരെ ഞാൻ ആരെയും പറ്റിക്കുകയോ ചതിക്കുകയോ ചെയ്തിട്ടില്ല. ഒരു മനുഷ്യനോടും വിശ്വാസവഞ്ചന കാണിച്ചിട്ടില്ല. അതുപോലെ നല്ല മനുഷ്യരാകണം എന്നാണ് അവർക്കു പറഞ്ഞു കൊടുത്തിട്ടുള്ള ജീവിതപാഠം.

വീടു പണിതു തുടങ്ങിയപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ വന്നു പറഞ്ഞു, ‘വീടിന്റെ ഇടതുവശത്ത് അമ്പലമാണ്. അതിനേക്കാള്‍ ഉയരത്തില്‍ രണ്ടു നില വീട് പണിതതു െകാണ്ട് ഒരു പ്രഫസര്‍ ഇവിടെ മരിച്ചു േപായി. അതു െകാണ്ടു സൂക്ഷിക്കണം’ എന്നൊക്കെ.

ശിവന്റെ മകൾ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ലോകം കീഴടക്കാൻ കഴിവുള്ള രാവണനെ തള്ളവിരൽ കൊണ്ടു ഞെരിച്ചമർത്തിയ ആളാണ് ശിവൻ. അങ്ങനെയൊരാളുടെ മകള്‍ ഈ പാവം എന്നോടു വാശി പിടിക്കാൻ വരുമോ? അങ്ങനെ വന്നാൽ ഞാനൊരു സംഭവമാണല്ലോ. അതൊന്നുറപ്പിക്കണമെന്നു തീരുമാനിച്ചു.

പുതിയ വീട്ടിൽ താമസിച്ച് അധികം വൈകാതെ മികച്ച നടനുള്ള ദേശീയ അവാർഡ് കിട്ടി. ആദ്യ പ്രളയം വന്നപ്പോൾ നാട്ടിലെല്ലാം വെള്ളം പൊങ്ങി. ഈ ഉപദേശിച്ചവർ തന്നെ വെള്ളത്തിൽ നിന്നു രക്ഷപ്പെടാൻ എന്റെ വീടിന്റെ രണ്ടാംനിലയിലായിരുന്നു താമസം. നൂറായിരം ജോലികളില്ലേ െെദവങ്ങള്‍ക്ക്. എെന്‍റ ക്ഷേത്രത്തിലും ഉയരത്തിലാേണാ സലിംകുമാർ വീട് പണിഞ്ഞത് എന്നു നോക്കി നടക്കലാണോ ദൈവത്തിന്റെ േജാലി. ഞാൻ ഈശ്വരവിശ്വാസിയാണ്. പക്ഷേ, അന്ധവിശ്വാസം തീരെയില്ല.’’

എന്തായിരുന്നു ജീവിതത്തെക്കുറിച്ച് ഉണ്ടായിരുന്ന സ്വപ്നം?

ചിറ്റാട്ടുകര എന്ന കുഞ്ഞുഗ്രാമത്തിലാണ് ജനിച്ചതും വളര്‍ന്നതും. അവിെട നിന്നാൽ നടനാകാൻ കഴിയില്ല എന്നു മനസ്സിലായി. ഡിഗ്രി പഠിക്കാന്‍ പട്ടണത്തിലേക്കു പോന്നു. ‘കോളജിൽ ചെന്നു കലോത്സവത്തിനു മിമിക്രി ചെയ്യുന്നു, യൂണിവേഴ്സിറ്റി പ്രൈസ് ലഭിക്കുന്നു, കലാഭവനിലേക്കു വിളിക്കുന്നു. അതുവഴി സിനിമയിലെത്തുന്നു’ ഇതായിരുന്നു വരച്ചു വച്ച ഗ്രാഫ്.കലാഭവന്റെ വാതിലിനു മുന്നിൽ സിനിമാക്കാർ കാത്തിരിക്കുകയാണെന്നാണ് പൊതുജനസംസാരം.

അങ്ങനെ മഹാരാജാസ് കോളജിൽ ചേർന്നു. ആ വര്‍ഷം മിമിക്രിക്ക് ഫസ്റ്റ് പ്രൈസ് എനിക്കായിരുന്നു. കലോത്സവം കാണാൻ കലാഭവനിലെ കെ. എസ് പ്രസാദ് വന്നിരുന്നു. എെന്‍റ തിരക്കഥയിലുള്ള പോെല തന്നെ അദ്ദേഹം എന്നെ കലാഭവനിലേക്കു വിളിച്ചു. പക്ഷേ, അവിടെ വാതിൽക്കൽ സിനിമാക്കാരൊന്നുമുണ്ടായിരുന്നില്ല. ആരെങ്കിലും എന്നെയും കലാഭവൻ മണിയെയും അന്വേഷിച്ചു വിളിച്ചാൽ തന്നെ പരിപാടി മുടങ്ങാതി     രിക്കാന്‍ ‘ഇവിടെ ആ പേരിലൊരു ആർട്ടിസ്റ്റില്ലല്ലോ’ എന്നായിരിക്കും മറുപടി. അവിടെവച്ച് ഞാന്‍ തിരക്കഥയൊന്നു പൊളിച്ചെഴുതി. കലാഭവനിൽ നിന്നു ചാനലിലെത്തി. അവിെട നിന്നാണ് എന്റെ സിനിമാ പ്രവേശം. പലരും എന്റെ വഴികൾ കോപ്പിയടിക്കാൻ നോക്കിയിട്ടുണ്ട്. പക്ഷേ, ജീവിതം അങ്ങനെ കോപ്പിയടിക്കാനുള്ളതല്ല. ഓരോരുത്തർക്കും കിട്ടുന്ന ചോദ്യപേപ്പർ വ്യത്യസ്തമാണ്.

പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല നടനായത്. എനിക്ക് അഭിനയിക്കണമായിരുന്നു. അതായിരുന്നു എപ്പോഴത്തേയും ആഗ്രഹം. പൈസ ഉണ്ടാക്കാനെങ്കില്‍ വല്ല ബിസിനസോ മറ്റോ ചെയ്താൽ പോരേ.

സിനിമ തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം എന്താണ്?

എന്തെങ്കിലും ഒരു പുതിയ അറിവു ലഭിക്കണം. അതൊരു പാട്ടോ, കഥയോ, ഡയലോഗോ എന്തുമാകാം. എന്നെ അദ്ഭുതപ്പെടുത്തുന്ന ഒരു പുതുമ അതിലുണ്ടാകണം. ഇപ്പോൾ നിങ്ങൾ ചിന്തിക്കും‘സലിം കുമാർ ചെയ്യുന്ന സിനിമയിലൊന്നും ഇങ്ങനെ കാണാറില്ലല്ലോ’ എന്ന്. പക്ഷേ, എനിക്കു പ്രതീക്ഷിക്കാമല്ലോ. ആ പ്രതീക്ഷയാണ് എന്നെ മുന്നോട്ടു നയിക്കുന്നത്.

ഇപ്പോൾ ലാൽ ജോസിന്റെ സിനിമ ‘മ്യാവൂ’വിന്റെ സെറ്റിലാണ്.‘വൺ’, ‘മാലിക്’, ‘രമേഷ് ആൻഡ് സുമേഷ്’ എന്നീ സിനിമകളാണ് പുറത്തു വരാനുള്ളത്.

കോമഡിയിൽ നിന്നു സീരിയസ് റോളിലേക്കുള്ള ദൂരം?

സ്വാഭാവികമായ പരിണാമമാണത്. ജീവിതത്തിന്റെ പ്രതിഫലനമാണല്ലോ അഭിനയം. ഏറ്റവും നല്ല അഭിനേതാവ് ഏറ്റവും നല്ല കള്ളനാണ്. പഞ്ചേന്ദ്രിയങ്ങള്‍ വച്ച് നമ്മൾ കാണികളെ പറ്റിക്കുകയാണ്. കാമുകി എന്നെ വഞ്ചിച്ചുവെന്നും ഇന്നയാൾ എന്റെ അച്ഛനാണെന്നും പ്രേക്ഷകരെ തോന്നിപ്പിക്കുന്നു.

കാണികളും നമ്മെ പറ്റിക്കുന്നുണ്ട്. അവർക്കറിയാം ഒാരോ റോളും െചയ്യുന്നത് ആരാണെന്നും അവരുെട യഥാർഥ സ്വഭാവം എന്താണെന്നും ഒക്കെ. എന്നിട്ടും മമ്മൂട്ടിയെയും മോഹന്‍ലാലിെനയും സലിംകുമാറിനെയും ഒക്കെ അവർ കഥാപാത്രമായി കാണുന്നു. പരസ്പരം പറ്റിക്കുന്ന പരിപാടിയാണ് സിനിമ. ഏറ്റവും നന്നായി പറ്റിക്കുന്നവനാണ് നല്ല നടൻ.

എനിക്ക് പറ്റിക്കാൻ നല്ല കഴിവുണ്ടെന്ന് ‘ആദാമിെന്‍റ മകന്‍ അബു’വിെന്‍റ സംവിധായകന്‍ സലിം അഹമ്മദിനു നല്ല ഉറപ്പുണ്ടായിരുന്നു. നന്നായി പറ്റിക്കാമെന്നു എനിക്കും. സിനിമ ക ണ്ട ജൂറി അംഗങ്ങള്‍ക്കും മനസ്സിലായി നമ്മൾ നന്നായി പറ്റിച്ചെന്ന്. അങ്ങനെ ദേശീയ അവാർഡ് കിട്ടി.

_REE2164_0002

ലൈവായി നിൽക്കുന്ന സൗഹൃദങ്ങൾ?

അത്തരം സൗഹൃദങ്ങൾ സിനിമയ്ക്കു പുറത്താണുള്ളത്. മ ഹാരാജാസിൽ പഠിച്ച സുഹൃത്തുക്കളുമായി ഒരുമിച്ചു കൂടി യേയുള്ളൂ. എന്നു വച്ച് സിനിമയിലുള്ളവരെല്ലാം എന്റെ ശത്രുക്കളാണെന്നല്ല. തൊഴിൽപരമായ സൗഹൃദം സിനിമയിൽ എ ല്ലാവരുമായുണ്ട്. സിനിമ നമ്മളെ ആവശ്യമുള്ളപ്പോൾ മാത്രം വിളിക്കുന്ന ഇടമാണ്. ഒരു പ്രേക്ഷകനും സലിംകുമാർ നന്നാ കട്ടെ എന്നു കരുതി സിനിമ കാണാൻ വരില്ല. അച്ഛനഭിനയിച്ച പൊട്ടപടത്തിനു എന്റെ മക്കൾ പോലും പോകില്ല. പിന്നെ, പുറത്തുള്ളവരുടെ കാര്യം പറയണോ?

‌ആരോടെങ്കിലും ആരാധന തോന്നിയിട്ടുണ്ടോ?

ഒരർഥത്തിൽ എല്ലാവരുടെയും ഫാനാണ് ‍ഞാൻ. സിനിമ കാണുന്നത് പൊതുവേ കുറവാണ്. ധാരാളം പുസ്തകം വായി ക്കാറുണ്ട്. ഈയടുത്ത് എസ്. ഹരീഷിന്റെ ‘മീശ’ വായിച്ചു. അ സാധ്യമായ അനുഭവമായിരുന്നു. വായിച്ചു കഴിഞ്ഞയുടന്‍ ഹരീഷിന്റെ നമ്പർ തപ്പിപിടിച്ചു ഫോണിൽ വിളിച്ചു സംസാരിച്ചു. അതൊരു വായനക്കാരൻ ചെയ്യേണ്ട കടമയായി തോന്നി.

ചിരിക്കാനും ചിരിപ്പിക്കാനുമുള്ള കഴിവ് പാരമ്പര്യമായി കിട്ടിയതാണോ ?

എന്റെ അമ്മയിൽ നിന്നായിരിക്കാം കിട്ടിയത്. അമ്മ തീരെ വിദ്യാഭ്യാസം കിട്ടാത്ത ആളാണ്. ചകിരി ചീയാൻ ഇടുന്ന മടൽക്കുഴികളുള്ള ഏഴിക്കരയാണ് അമ്മയുടെ നാട്. കുഞ്ഞുപ്രായത്തിൽ അമ്മ അത്തരമൊരു മടൽക്കുഴിയിൽ തലകുത്തി വീണ് കഴുത്തിനു സാരമായി പരുക്കു പറ്റി ദീർഘകാലം കിടപ്പായിരുന്നു. അതുകൊണ്ട് സ്കൂളിൽ പോയിട്ടില്ല. അച്ഛന്‍ കുറച്ചുകാലം സ്കൂളിൽ പോയിട്ടുണ്ട്. പക്ഷേ, തമാശയൊന്നും പറയുന്ന ആളല്ല. വീട്ടിൽ കഷ്ടപ്പാടായിരുന്നെങ്കിലും മ ക്കളെ പഠിപ്പിക്കണമെന്ന് അമ്മയ്ക്ക് നല്ല ആഗ്രഹമായിരുന്നു. അപാര ഹ്യൂമർസെൻസുള്ള അമ്മയുടെ കൗണ്ടറടി കാരണം ഞങ്ങൾ മക്കൾ രണ്ടാമതൊന്നാലോചിച്ചിട്ടേ എന്തും പറയൂ. കൗണ്ടറടിക്കാനുള്ള കഴിവ് എന്റെ ഇളയ മകനും കിട്ടിയിട്ടുണ്ട്.

മക്കൾക്ക് സിനിമാ സ്വപ്നങ്ങളുണ്ടോ?

ആരെങ്കിലും ഇവിെട വീട്ടിൽ വന്ന് ‘ഭർത്താവ് എന്ത്യേ?’എന്നു ചോദിച്ചാൽ വർഷങ്ങളായി എന്റെ ഭാര്യ പറയുന്ന ഉത്തരം ‘ഷൂട്ടിങ്ങിനു പോയി’ എന്നാണ്. ‘മക്കളെവിടെ?’ എന്നു ചോദിക്കുമ്പോഴും അതേ ഉത്തരം പറഞ്ഞാലെങ്ങനെ ശരിയാകും. ആ സ്ത്രീക്കുമുണ്ടാകില്ലേ വ്യത്യസ്തത ഇഷ്ടപ്പെടുന്ന മനസ്സ്. അതുെകാണ്ട് അമ്മയെക്കൊണ്ട് ‘ഓഫിസിൽ പോയി’ എന്നു പറയിപ്പിക്കാന്‍ ശ്രമിക്കണം എന്നു മക്കളോടു പറഞ്ഞു കൊടുത്തിട്ടുണ്ട്.

മൂത്തവൻ ചന്തു എംഎ ചെയ്യുന്നു. ഇളയവൻ ആരോമൽ ബികോം. മക്കൾക്ക് ചെയ്തു കൊടുക്കാൻ പറ്റുന്ന കാര്യങ്ങൾ പോലെ തന്നെ ചിലതൊക്കെ ചെയ്തു കൊടുക്കാതിരിക്കാനും അച്ഛനെന്ന നിലയിൽ ശ്രദ്ധിച്ചിട്ടുണ്ട്.  

മൂത്തവൻ എന്റെ കുട്ടിക്കാലം അഭിനയിക്കാനായി ‘ലവ് ഇൻ സിംഗപ്പൂർ’ എന്ന സിനിമയിൽ വന്നിരുന്നു എന്നല്ലാതെ വേറൊന്നും നടന്നിട്ടില്ല.

കൂട്ടുകാരനായ അച്ഛനാണോ?

മകൻ പ്രണയിക്കുന്ന പെൺകുട്ടിയോടു ഞാനും ഭാര്യയും സംസാരിച്ചിട്ടുണ്ട്. പക്ഷേ, എല്ലാത്തിനും ലിമിറ്റേഷൻസ് ഉണ്ട്. ബൈക്ക് വാങ്ങണമെന്നു മകൻ നിർബന്ധിച്ചിട്ടും ഞാനതു സമ്മതിച്ചില്ല. ആൺകുട്ടികൾ െെബക്കിൽ ചീറിപാഞ്ഞു പോ യി അപകടമുണ്ടാകുന്നത് പലതവണ കണ്ടിട്ടുള്ള വ്യക്തിയാണ് ഞാൻ. പക്വതയെത്തുന്ന പ്രായം വരെ പെൺകുട്ടികൾക്ക് മൊബൈൽഫോണും ആൺകുട്ടികൾക്ക് ബൈക്കും വാങ്ങി നൽകരുതെന്ന അഭിപ്രായക്കാരനാണ് ഞാൻ.

ദാമ്പത്യവും ഇരുപത്തിയഞ്ചു വർഷമായല്ലേ?

ഞാനും ഭാര്യയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. എന്നുവച്ചു എന്നും കാമുകീകാമുകരായിരിക്കാൻ കഴിയില്ലല്ലോ. ഓ രോ ഘട്ടത്തിലേക്കു കടക്കുമ്പോൾ നമ്മുടെയുള്ളിലെ കുട്ടിയേയും കാമുകനെയുമൊക്കെ കൊല്ലേണ്ടി വരും. ഞാനിപ്പോൾ ഭർത്താവും അച്ഛനുമാണ്. അവർ ഭാര്യയും അമ്മയുമാണ്. അതുതന്നെയാണ് വിജയം. ജീവിതത്തിൽ ജീവിതം തന്നെയാണു ഗുരു.

എന്റെ കുടുംബത്തിന്റെ താളം തെറ്റുന്നത് ഭാര്യയ്ക്ക് പനി വരുമ്പോഴാണ്. അവരാണ് ഈ വീടിന്റെ തുടിപ്പ്. എന്റെ കടങ്ങളെ കുറിച്ചോ അക്കൗണ്ടുകളെക്കുറിച്ചോ എനിക്കറിയില്ല.ഇപ്പോൾ എനിക്കാകെ വേണ്ടത് ബീഡിയാണ്. അതു പോലും അവളാണ് വാങ്ങിത്തരുന്നത്. മൂന്ന് ആണുങ്ങളുടെ നടുവിൽ ജീവിക്കണമെങ്കിൽ കരുത്താർജിക്കാതെ രക്ഷയില്ലെന്നു അ വർക്കും തോന്നിയിട്ടുണ്ടാകും.

കോമഡി പ്രോഗ്രാമുകളിൽ രൂപത്തേയും നിറത്തേയും ഒക്കെ കളിയാക്കി തമാശ ഉണ്ടാക്കുന്നതു കാണുമ്പോൾ എന്താണ് തോന്നുക?

അതിനെ ബോഡി ഷെയിമിങ് എന്നു പറയാൻ പറ്റില്ല. ഒ രു പരിപാടി വിജയത്തിലെത്തിക്കാൻ സ്വയം വിൽപ്പനച്ചരക്കാക്കുകയാണ്. ഞാൻ തന്നെയായിരിക്കും ‘നിങ്ങൾ എന്നെ വച്ച് ഡയലോഗ് ഇട്ടോ’ എന്നു പറയുന്നത്. ചിരിയുണ്ടാക്കണം എന്നതു മാത്രമാണ് ആ സമയത്തു ചിന്ത. പരസ്പര ധാരണയുടെ പുറത്താണ് അങ്ങനെയെല്ലാം പറയുന്നത്.  ഇന്നു അസഹിഷ്ണുത പൊതുവേ കൂടുതലായതു കൊണ്ടാണ് അതു തെറ്റാണെന്നു തോന്നുന്നത്. വൈകല്യമുള്ള ഒരാളെ കളിയാക്കുന്നതു ശരിയല്ല. ഒരാളെ ദ്രോഹിക്കാനും അപഹസിക്കാനും അങ്ങനെ െചയ്യുന്നതും ശരിയല്ല.

അസുഖകാലത്തെ മറികടന്നത് എങ്ങനെയാണ്?

ഞാൻ ജീവിക്കുന്നത് ജനിച്ചതു കൊണ്ടല്ലേ. അതുപോലെയാണ് അസുഖകാലവും. എത്ര നന്നായി നോക്കിയാലും ഒരു ദിവസം പോകേണ്ടി വരും. കരൾ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയക്ക് ഓപ്പറേഷൻ തിയറ്ററിലേക്ക് ഡോക്ടർമാർക്കൊപ്പം ചിരിച്ചു വർത്തമാനം പറഞ്ഞു നടന്നു പോയ ആളാണ് ഞാൻ.അസുഖം വന്നാൽ മാത്രമല്ലല്ലോ മരണത്തെ പേടിക്കേണ്ടത്.പേടിക്കാൻ തീരുമാനിച്ചാൽ ഓരോ ദിവസവും അതു നമ്മളെ പേടിപ്പിച്ചു കൊണ്ടിരിക്കും.

ചില വ്യക്തികൾ അസുഖം ഭേദമായി വരുമ്പോൾ ‘മരണത്തെ തോൽപിച്ച് ഇതാ കടന്നു വന്നിരിക്കുന്നു’ എന്നൊക്കെ മാധ്യമങ്ങൾ വാഴ്ത്തുന്നതു കണ്ടിട്ടുണ്ട്. ആർക്കാണ് മരണത്തെ തോൽപിക്കാൻ കഴിയുന്നത്. ഏതു സമയത്തും മനുഷ്യനു മരിക്കാം. ലിവർ സീറോസിസ് എനിക്കു പാരമ്പര്യമായി കിട്ടിയ അസുഖമാണ്. സമയത്തു ഭക്ഷണം കഴിക്കാൻ സാധിക്കാത്തതും കാരണമാണ്. ആളുകൾ പറയും അമിതമദ്യപാനമാണ് കാരണമെന്ന്. എെന്‍റ സഹോദരനും ഇതേ അസുഖമാണ്. ഒരു ചായ പോലും കുടിക്കാത്തയാളാണ്.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുണ്ടോ?

നല്ല സാധ്യത ഉണ്ടായിരുന്നു. എംഎൽഎ എന്നത് നിസ്സാര പണിയല്ല. അതിനു നല്ല അറിവു വേണം. അവിടെ പോയി ബഫൂണായിരിക്കാൻ എനിക്ക് താത്പര്യമില്ല. സിനിമാനടൻ എന്നത് എംഎൽഎ ആകാനുള്ള യോഗ്യതയല്ല. നിയമസഭ എന്നെങ്കിലും ‘സലിം കുമാറില്ലാത്തതു കൊണ്ട് ഒരു സുഖവുമില്ല’ എന്നു പറയുന്ന സമയത്തു തീർച്ചയായും ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കും.

ഒരു തമാശ പറഞ്ഞുകൊണ്ടവസാനിപ്പിച്ചാലോ?

ഞാനിതുവരെ പറഞ്ഞതെല്ലാം തമാശകളാണ്. ഒന്നും സീരിയസായി പറഞ്ഞിട്ടില്ല.

ഇഷ്ടമുള്ള ഡയലോഗുകള്‍

വാക്കുകളുടെ ഉള്ളിൽ പൊരുളും ചിരിയുമൊക്കെയുള്ള ഒ രുപാട് ഡയലോഗ് പറഞ്ഞിട്ടുണ്ട്. ഹിറ്റാകുമെന്നു ചിന്തിക്കുക േപാലുമില്ലാതെയാണു പലതും പറയുക. ‘ചതിക്കാത്ത ചന്തു’ എന്ന സിനിമയുടെ ഡബ്ബിങ് സമയം. ഞാനും കൊച്ചിൻ ഹനീഫിക്കയും കൂടി ഡയലോഗുകള്‍ കയ്യില്‍ നിന്നിട്ടു പറയുകയാണ്.  െകാട്ടാരത്തിലെ ഒരു െപയിന്‍റിങ് കാണുമ്പോള്‍ ‘ഇൗ രാജാവിന്റെ പേരെന്താ’ എന്നു ഹനീഫിക്ക ചോദിക്കും. ‘ഇതു മധ്യതിരുവിതാംകൂര്‍ വാണിരുന്ന മഹാരാജാവാണ്, പേര് ബാബുക്കുട്ടൻ’ എന്നാണ് ഞാന്‍ ആദ്യം പറഞ്ഞത്. പിന്നീടു ലാല്‍ പറഞ്ഞു ‘ആ പേര് വേണ്ട, വേറൊരു പേരു പോരട്ടെ.’ എന്ന്. അപ്പോൾ തോന്നിയ പേരാണ് ‘ശശി.’ അതു സൂപ്പര്‍ ഹിറ്റായി.

 ‘കല്യാണരാമ’നില്‍ ഞാൻ സാമ്പാർ ഇളക്കികൊണ്ടു പറയുന്ന ഒരു ഡയലോഗുണ്ട്. ‘എന്തിനോ വേണ്ടി തിളയ് ക്കുന്ന സാമ്പാർ.’ കയ്യിന്ന് ഇട്ടു പറഞ്ഞപ്പോള്‍ ആരും ചിരിച്ചുമില്ല, വേണ്ടെന്നു വിലക്കുകയും ചെയ്തു. പിന്നെ, സംവിധായകന്‍റെ പുറകേ നടന്നു നിർബന്ധിച്ച് ഒടുവിൽ എല്ലാരും പോയിക്കഴിഞ്ഞപ്പോഴാണ് ആ ഷോട്ട് എടുക്കുന്നത്. അതു തിയറ്ററിൽ ചിരി നിറച്ചെന്നു മാത്രമല്ല, പിന്നീടതു പഴഞ്ചൊല്ല് േപാലെ പ്രശസ്തമായി.’’

_REE2117_0001

സലിംകുമാറിെന്‍റ പഞ്ച് ഡയലോഗുകള്‍ നൂറുകണക്കിനുണ്ട്.

ഇതാ, തിരഞ്ഞെടുത്ത 25 എണ്ണം

∙ സാമൂതിരി, നമ്പൂതിരി എന്നൊക്കെ കേട്ടിട്ടുണ്ട്. ഈ മിണ്ടാതിരി ഏതാ ജാതി?

∙ അയാം ദ് സോറി അളിയാ... അയാം ദ് സോറി...

∙ ഉഷ്ണം ഉഷ്ണേനേ ശാന്തികൃഷ്ണ എന്നല്ലേ?

∙ ഒട്ടകത്തെ തൊട്ടു കളിക്കരുത്, ഒട്ടകം ഞങ്ങളുടെ ദേശീയ പക്ഷിയാണ്. കേട്ടിട്ടില്ലേ ഒട്ടകപക്ഷി.

∙ ഇനിയെങ്ങാനും ശരിക്കും ബിരിയാണി കൊടുത്താലോ?

∙ കടം വാങ്ങി തിരിച്ചു കൊടുക്കാത്തവർക്കു നീയൊരു മാതൃകാ പുരുഷോത്തമനായിരിക്കണം.

∙ കന്നിമാസം വന്നോ എന്നറിയാൻ പട്ടിക്ക് കലണ്ടർ നോക്കേണ്ട ആവശ്യമില്ല.

∙ കല്യാണം കലക്കാൻ പോകുമ്പോൾ കാഴ്ചയിൽ മാന്യനെന്നു തെറ്റിധരിക്കുന്ന ഒരുത്തൻ വേണം.

‌∙ ഇത്രയും ഫേമസായ എന്നെ നിനക്ക് മനസ്സിലായില്ലേടാ ജാഡ തെണ്ടീ...

∙ ഡോണ്ടു... ഡോണ്ടു...

∙ െകാതുകിനുമുണ്ടാവില്ലേ കൃമികടി.

∙ ദേ നമ്മടെ രമണൻ വെള്ളമടിച്ചു മരണനായി ഇരിക്കുന്നു.

∙ നമ്മള് നാലുപേരല്ലാതെ മൂന്നാമതൊരാള് ഇത് അറിയരുത്.

∙ നന്ദി മാത്രേ ഉള്ളൂ അല്ലേ?

∙ പടക്കങ്ങള്‍ എെന്‍റ വീക്ക്െനസ്സാണ്...

∙ നിന്റെ വിഷമം പറയെടാ, ഞാനൊന്നു സന്തോഷിക്കട്ടെ

∙ ബസ് സ്േറ്റാപ്പില് നിന്നാ ബസ് കിട്ടും. ഫുൾ സ്േറ്റാപ്പില് നിന്നാൽ ഫുള്ള് കിട്ടുമോ? പോട്ടെ, െെപന്‍റ് എങ്കിലും കിട്ടുമോ?

∙ അയാം െെമക്കിള്‍ ഏലിയാസ്, ജാക്സണ്‍ ഏലിയാസ്, വിക്രം ഏലിയാസ്...

∙ ഞങ്ങള്‍ക്കു കുറച്ചു ടോക്സ് നടത്താനുണ്ട്, കാശിനെക്കുറിച്ചുള്ള ടോക്സ്, കാഷ്വല്‍ േടാക്സ്.

∙ സ്പർശേനെ പാപം, ദർശനെ പുണ്യം.

∙ നീ സഹകരിക്കുകയാണെങ്കിൽ ഈ കലവറ നമുക്കൊരു മണിയറയാക്കാം

∙ കണ്ടാൽ ലുക്കില്ലെന്നേയുള്ളൂ. ഒടുക്കത്തെ ഫുദ്ധിയാ.

∙ ഞാൻ അഡ്വക്കേറ്റ് മുകുന്ദനുണ്ണി. ദാ, കോട്ട്.

∙ ഈശ്വരാ, ഇവിടെ ആരും ഇല്ലാലോ ഇതൊന്നു പറഞ്ഞു ചിരിക്കാൻ.

∙ ഇന്നാ പിടിച്ചോ തന്റെയൊരു ധവളപത്രം.

Tags:
  • Celebrity Interview
  • Movies