Tuesday 04 June 2019 04:43 PM IST

‘പെരുന്നാളിന് തറവാടുകളിൽ പോയി പെരുന്നാൾ പടി കൃത്യമായി പിരിക്കും; നോമ്പ് പരമാവധി എടുക്കാറുണ്ട്’; ഓർമകൾ പങ്കുവച്ച് ഷെയ്ൻ

Sujith P Nair

Sub Editor

ngam1
ഫോട്ടോ: ശ്യാംബാബു, ലൊക്കേഷൻ കടപ്പാട്: ഹർമൻ മോട്ടോഴ്സ്, കളമശ്ശേരി, കൊച്ചി

കുമ്പളങ്ങി നൈറ്റ്സ് കണ്ടു..ട്ടാ മോനേ... സൂപ്പർ ആക്ടിങ്ങേണ്. ഞങ്ങ കൊച്ചിക്കാരുടെ ഭാഷ എത്ര ഭംഗിയാട്ടാ പറഞ്ഞേക്കണേ... മോന്റെ വാപ്പച്ചി, അബിയേം  ഞങ്ങക്ക് വല്യ ഇഷ്ടാരുന്നു. ‘പറവ’ കണ്ടപ്പഴേ മോനെ നേരില്‍ കാണാൻ കൊതിച്ചിരിക്കേര്ന്ന്...’’ മട്ടാഞ്ചേരി കൽവാത്തി പള്ളിയുടെ മുന്നിലേക്ക് കാലെടുത്തു വച്ചേയുള്ളൂ ഷെയ്ൻ നിഗം. പെട്ടെന്ന് കാറ്റുപോലെ മുന്നിലെത്തിയ ചേച്ചി തുടരുകയാണ്. ‘പ്രഹസന’മല്ലാത്ത ആ സ്നേഹത്തിനു എന്തു മറുപടി പറയണമെന്നറിയാതെ ഒരുനിമിഷം ഷെയ്ൻ പരുങ്ങി. കുമ്പളങ്ങി നൈറ്റ്സിൽ സജി, ചേട്ടാ എന്നു വിളിക്കാൻ പറഞ്ഞപ്പോൾ അമ്പരന്നു നിൽക്കുന്ന ബോബിയെപ്പോലെ.

‘‘കാറിൽ പോകുമ്പോൾ തടഞ്ഞ് സെൽഫി എടുക്കുന്നവരുണ്ട്. പലരും കയ്യിൽ പിടിച്ചുനിർത്തും. സ്വന്തം പോലൊരു അടുപ്പമാണ് എല്ലാവർക്കും. വാപ്പച്ചിയോടുള്ള സ്നേഹമാണ് പലരും എന്നോടും കാണിക്കുന്നത്. അവർക്കെല്ലാം കാണും വാപ്പച്ചീടെ ഓർമകൾ പറയാൻ. കഴിഞ്ഞ പെരുന്നാളിന്  മുൻപാണ് വാപ്പച്ചി പോയത്. ‘പറവ’ വാപ്പച്ചിക്ക് ഒത്തിരി സന്തോഷമായിരുന്നു. ‘അത് ചെയ്യ്, ഇത് ചെയ്യ്...’ എന്നൊന്നും ഒരിക്കലും പറഞ്ഞിട്ടില്ല, ‘എന്ത് തോന്നുന്നു...’ എന്നു ചോദിക്കാറാണ് പതിവ്.  കരിയറിൽ നേട്ടങ്ങളുടെ സന്തോഷത്തിനിടയിലും ആ നഷ്ടം നൊമ്പരമായി കൂടെയുണ്ട്.’’ പാറിപ്പറന്ന മുടിയിൽ അലസമായി വിരലോടിച്ചു കൊണ്ട് ഷെയ്ൻ ഓർമത്തീരത്തേക്ക് നടന്നിറങ്ങി.

ജുമുഅ നമസ്കാരത്തിന് ആളെത്തി തുടങ്ങിയേയുള്ളൂ. ഉമ്മയുടെ നാടായ മട്ടാഞ്ചേരിയിൽ വീണ്ടുമെത്തുമ്പോൾ ഏറെയും പരിചിത മുഖങ്ങൾ. കിന്നാരം പറയാൻ ഓടിയെത്തുന്നവർക്ക് പേരെടുത്തു വിളിക്കാനുള്ള അടുപ്പം. കിട്ടിയ അവസരം ‘മുതലെടുത്ത്’ സെൽഫി എടുക്കുന്നവരുടെ നിര നീളുമ്പോഴും ആരെയും നിരാശപ്പെടുത്തുന്നില്ല. പൊതുവേ അന്തർമുഖനാണ് ഷെയ്ൻ, സംസാരം പോലും ശബ്ദം തീരെ താഴ്ത്തി. അതുകൊണ്ടാകാം  എല്ലാവർക്കും  നൽകാനായി ഷെയ്ന്റെ ചുണ്ടിലൊരു പാൽനിലാ പുഞ്ചിരി എപ്പോഴുമുണ്ട്.

‘കുമ്പളങ്ങി നൈറ്റ്സി’നു ശേഷം താരപദവി കൈവന്നു ?

ബോബിയെ കുറിച്ചാണ് എല്ലാരും പറയുന്നത്. ഇപ്പോൾ ‘ഇ ഷ്ക്’ എന്ന ചിത്രത്തിലൂടെ കളം മാറ്റി ചവിട്ടുകയാണ്. പ്രണയവും യാത്രയും ചേർന്ന് പുതിയൊരു അനുഭവമാകും ‘ഇഷ്ക്.’ റിയലിസ്റ്റിക് സിനിമയുടെ ഭാഗമാകുന്നത് മനഃപൂർവമൊന്നുമല്ല. എല്ലാ തരത്തിലുള്ള സിനിമകളും  ചെയ്യണം എന്നു തന്നെയാണ് ആഗ്രഹം. അപ്പോഴാണ് അഭിനേതാവ് എന്ന നിലയില്‍ വളരാനാകുക. സിനിമ ബേസിക് ആയി എന്റർടെയ്നറാണ്. കണ്ടു മടങ്ങുന്നവരെ രസിപ്പിക്കാൻ കഴിയുന്നതാണ് വിജയം. അഭിനയിച്ച സിനിമകളെല്ലാം എന്നെ തേടി എത്തിയവയാണ്.  

കഥ എന്നെ എത്രമാത്രം ‘എക്സൈറ്റ്’ ചെയ്യിക്കും എന്നാണ് നോക്കുക. ചിലപ്പോൾ കേട്ട കഥയുമായി സാമ്യം തോന്നും. എന്നാലും പറയുന്ന രീതിയിൽ പുതുമ തോന്നിയാൽ അതു മതി. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ‘ഓള്’ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു തുടങ്ങി. ‘വലിയ പെരുന്നാൾ’ ചിത്രീകരണം കഴിഞ്ഞു. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഊട്ടിയിലും മൂന്നാറിലുമായി നടക്കുന്നു.

ngam4

പെരുന്നാൾ ഓർമകൾ ഫോർട്ട് കൊച്ചിയിലാണോ?

ഉമ്മച്ചി സുനിലയുടെ തറവാടാണ് മട്ടാഞ്ചേരിയിൽ. വാപ്പച്ചീടെ തറവാട് മൂവാറ്റുപുഴയിലാണ്. അന്നൊക്കെ വാപ്പച്ചീടെ വീട്ടിൽ പോയി പെരുമറ്റം പള്ളിയിൽ പള്ളി കൂടീട്ട് ഉച്ചയോടെ ഉമ്മച്ചീടെ തറവാട്ടിലെത്തും. ഇന്നയാണ് (ഉമ്മയുടെ ഉമ്മ) അവിടുത്തെ കാർന്നോത്തി. ഉപ്പിച്ചി (ഉമ്മയുടെ വാപ്പ) എന്റെ കുഞ്ഞിലേ മരിച്ചു പോയി. ഇക്കാക്ക മാമനും (ഉമ്മച്ചീടെ സഹോദരനെ അങ്ങനെയാണ് ഷെയ്ൻ വിളിക്കുക) കുടുംബവും അവിടെയുണ്ട്. മൂപ്പര് കുവൈത്തിൽ നിന്ന് അവധിക്ക് വരുമ്പോൾ ഞങ്ങക്കെല്ലാം കളിപ്പാട്ടം കൊണ്ടുവരും.

പെരുന്നാളിന് എല്ലായിടത്തിന്നും പെരുന്നാൾ പടി കൃത്യമായി പിരിക്കും. ഇപ്പോഴും നോമ്പ് പരമാവധി എടുക്കാറുണ്ട്. ഉമ്മൂമ്മയുടെ വീടിനടുത്ത് രണ്ടു പള്ളികളാണുള്ളത്. തൊട്ടടുത്തുള്ള പട്ടാളം പള്ളി ലോകമഹായുദ്ധ കാലത്ത് കൊച്ചിയിലെത്തിയ ഹൈദരാബാദ് പട്ടാളക്കാർക്കു വേണ്ടി പണിതതാണ്. കുറച്ചു നടന്നാൽ കൽവാത്തി പള്ളിയിലെത്തും. ഉപ്പിച്ചിയെ അവിടെയാണ് അടക്കം ചെയ്തത്. ഫോർട്ട് കൊച്ചിയിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിലൊന്നാണിത്. 1384 ൽ പണിത പള്ളിയിൽ ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഫൈനൽ പരീക്ഷയ്ക്കും പെരുന്നാളിനും ഉപ്പിച്ചിയുടെ ഖബറിൽ പ്രാർഥിക്കുന്നത് പതിവായിരുന്നു.

പെരുന്നാളിന്റെ രുചിയോർമകളും കാണും?

ഇന്നിയുടെ കൈപ്പുണ്യം പ്രശസ്തമാണ്. നല്ല രുചിയുള്ള ബിരിയാണിയും ഇറച്ചിച്ചോറുമൊക്കെയാണ് സ്പെഷൽ. നേരത്തേ ചോദിച്ച് ഇഷ്ടമുള്ളതെല്ലാം ഇന്നി റെഡിയാക്കി വയ്ക്കും. എനിക്ക് ഇറച്ചിച്ചോറിനോടാണ് കൊതി, വാപ്പച്ചിക്ക് കപ്പയിറച്ചിയായിരുന്നു വീക്നെസ്.

മുതിർന്നപ്പോഴും എന്റെ കറക്കം ഫോർട്ട് കൊച്ചിയിലായിരുന്നു. ബീച്ചിൽ ഓട്ടോയിൽ വിൽക്കുന്ന മസാല ചായ കിട്ടും. പലതരം മസാലകളിട്ട ആ കട്ടൻ ചായക്ക് അഞ്ചു രൂപയാണ് വില. അതിന്റെ സ്വാദ് ഇപ്പോഴും നാവിലുണ്ട്. എനിക്ക് ഭക്ഷണകാര്യത്തിൽ നിർബന്ധമൊന്നുമില്ല, കണ്ടു കണ്ണു നിറയണം എന്നേയുള്ളൂ. കൂട്ടുകാരുമൊത്ത് ഹോട്ടലിൽ പോകുമ്പോൾ‌ ഒരുപാട് ഓർഡർ ചെയ്യും. പക്ഷേ, അതൊന്നും കഴിച്ചുതീർക്കാൻ പറ്റില്ല. ഭക്ഷണം പാഴാക്കുന്നതിന് വഴക്കു കേൾക്കാറുമുണ്ട്. എന്നിട്ടും ആ ശീലം മാറ്റാനായിട്ടില്ല.

വാപ്പച്ചീടെ മൂവാറ്റുപുഴയിലെ തറവാട്ടു വീട്ടിലും പെരുന്നാളിന് വലിയ ബഹളമാണ്. വാപ്പച്ചിക്ക് മൂന്നു സഹോദരൻമാരും ഒരു സഹോദരിയുമാണ്. മക്കളെല്ലാം കൂടി എത്തുമ്പോൾ വലിയ സംഘമാകും. മുകളിലത്തെ നിലയിലാണ് ക്രിക്കറ്റ് കളി. ജനാലചില്ലൊക്കെ ചറപറാ പൊട്ടും. വഴക്ക് കേട്ടാലും ഞങ്ങൾക്കു കുലുക്കമുണ്ടാകില്ല. കോളജിൽ പഠിക്കുമ്പോൾ ഒരു ദിവസം കേട്ടു തറവാട് വിറ്റെന്ന്. ഞാനും ഒപ്പം പഠിച്ചിരുന്ന വാപ്പച്ചീടെ സഹോദരന്റെ മകൻ മസാഹിറും കൂടി ബൈക്കിൽ മൂവാറ്റുപുഴയ്ക്കു വച്ചുപിടിച്ചു. കളിച്ചു വളർന്ന വീട് ഉള്ളിൽ കയറി ഒന്നൂടി കാണണമെന്ന് ആഗ്രഹം. ചുറ്റും നടന്നു നോക്കിയപ്പോൾ പടച്ചോന്റെ അനുഗ്രഹം പോലെ പിൻവാതിൽ തുറന്നു കിടക്കുന്നു. ഉള്ളിൽ കയറി ഒരുപാട് ഫോട്ടോയൊക്കെ എടുത്തിട്ടാണ് മടങ്ങിയത്. ഇപ്പോഴും മൂവാറ്റുപുഴ വഴി പോകുമ്പോൾ തറവാടിനു മുന്നിലൂടെ വെറുതേ പോയിവരും.

ngam3

പഠനം കഴിഞ്ഞ് സിനിമ എന്നാണ് വാപ്പച്ചി പറഞ്ഞത്?

ബിടെക് പഠിക്കാൻ തക്ക ബുദ്ധിയൊന്നും  എനിക്ക് ഉണ്ടായിരുന്നില്ല. ‘തൽക്കാലം പഠിക്ക്, എന്നിട്ടു ബാക്കി നോക്കാം’ എന്നായിരുന്നു വാപ്പച്ചീടെ ലൈൻ. അങ്ങനെയാണ് രാജഗിരി കോളജിൽ എൻജിനിയറിങ്ങിന് ചേർന്നത്. കോളജിൽ ഭയങ്കര സ്ട്രിക്ടാണ്, വല്യ ബോറടിയും. ബിടെക് സ്റ്റുഡന്റ്സിന്റെ അടിച്ചുപൊളി ലൈഫൊന്നും അനുഭവിച്ചിട്ടില്ല. ശനിയാഴ്ചയും ക്ലാസുണ്ട്. പഠിക്കേണ്ടവർക്ക് അവിടം സ്വർഗമാണ്, പക്ഷേ, എന്നെപ്പോലെ സാധാരണ ഐക്യു ഉള്ളവർക്ക് കടുപ്പവും.

കോളജിലൊരു കുളമുണ്ട്. അതിൽ ചാടുക എന്നതാണ് ആകെയുള്ള രസം. ‍ഞാനും കൂട്ടുകാരും അവിടത്തെ സ്ഥിരം സന്ദർശകരായിരുന്നു. ഫസ്റ്റ് ഇയർ മുതൽക്കേ സപ്ലിക്ക് കുറവുണ്ടായില്ല. കോഴ്സ് കഴിഞ്ഞപ്പോഴേക്കും അതിന്റെ എണ്ണത്തിൽ സമ്പന്നനായി.  ഒന്നുരണ്ടു വട്ടം എല്ലാം കൂടി എഴുതിയെടിക്കാനുള്ള ശ്രമം നടത്തി പരാജയപ്പെട്ടു. ഇനി എഴുതിയെടുക്കുന്നത് ചിന്തിക്കാൻ പോലും പറ്റില്ല. സെമസ്റ്റർ ബ്രേക്കിന്റെ സമയത്താണ് ‘കിസ്മത്ത്’ ചെയ്തത്. കോഴ്സ് കഴിഞ്ഞാണ് സിനിമയിൽ സജീവമായത്.  

വാപ്പച്ചി പോയതോടെ കുടുംബത്തിന്റെ നാഥനായി ?

എനിക്കു രണ്ടു സഹോദരിമാരാണ്. അഹാന ഇപ്പോൾ എറണാകുളത്ത് എൽഎൽബി രണ്ടാം വർഷത്തിലേക്ക്. അലീന പതിനൊന്നാം ക്ലാസിൽ. വാപ്പച്ചി ഇല്ലാത്തത് അവരെയാകും കൂടുതൽ ഉലച്ചിരിക്കുക.

ഇപ്പോഴെനിക്ക് കുറച്ചുകൂടി ഉത്തരവാദിത്തം  വന്നെന്നു തോന്നുന്നു. മുൻപ് പ്രതിഫലം വാങ്ങുന്നതിലൊന്നും ശ്രദ്ധിച്ചിരുന്നില്ല. രാജീവ് സാറും ഷാനവാസ് ഇക്കയുമൊക്കെ ഏറെ ബുദ്ധിമുട്ടി ‘കിസ്മത്ത്’ പൂർത്തിയാക്കിയത് നേരിൽ കണ്ട ആളാണ് ഞാൻ. ഷൂട്ടിങ് കഴിഞ്ഞ് പ്രതിഫലം തരാൻ അവർ വന്നപ്പോൾ ഞാൻ മുങ്ങി. പിന്നീട് സിനിമ തിയറ്ററിൽ വിജയമായപ്പോൾ പ്രതിഫലം വീട്ടിൽ എത്തിച്ചുതന്നു. നല്ല സിനിമയുടെ ഭാഗമാകുന്നതു മാത്രമായിരുന്നു അന്നത്തെ ലക്ഷ്യം. ഇപ്പോൾ അങ്ങനെയല്ലല്ലോ, കുടുംബം നോക്കേണ്ടേ.

പലരും അത് മുതലെടുക്കില്ലേ ?

(ചോദ്യം കേട്ടുനിന്ന ഉമ്മ സുനിലയാണ് മറുപടി പറഞ്ഞത്) മോന് ഭയങ്കര അനുകമ്പയാണ്. വിഷമം പറഞ്ഞാൽ മനസ്സലിയും. സിനിമ കമ്മിറ്റ് ചെയ്താൽ ഒരു മാസം മുൻപേ തയാറെടുപ്പ് തുടങ്ങും. ഒരു വർഷം വരെ വേറൊരു പടം കമ്മിറ്റ് ചെയ്യാതെ ഒപ്പം നിൽക്കും. എന്നിട്ടും ചിലർ കുറ്റം പറയുന്നതു കേൾക്കുമ്പോൾ അവനു വലിയ വിഷമമാ. പക്ഷേ, അറിയാവുന്നവർക്ക് അറിയാം, അവൻ എത്രമാത്രം കമ്മിറ്റഡ് ആണെന്ന്. മോൻ ആകെ വഴക്കുണ്ടാക്കുന്നത് എന്നോടു മാത്രമാ.

അവൻ സ്കൂളിൽ പഠിക്കുമ്പോൾ ടീച്ചർമാരൊക്കെ പറയുമായിരുന്നു, ‘ലക്കി മദർ’ ആണെന്ന്. ഒരു കണക്കിന് നേരാണ്. കൂട്ടുകാരൊക്കെ ഒറ്റയ്ക്കു ടൂറിനു പോകുമ്പോൾ എന്നോടു വന്നു ‘പൊയ്ക്കോട്ടെ’ എന്നു ചോദിക്കും. ‘അവര് പൊക്കോട്ടെ, നമ്മള് പോകേണ്ട’ എന്നു പറഞ്ഞാലും തർക്കിക്കാനൊന്നും വരില്ല. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പെങ്ങൻമാരെ ‘കുട്ടികൾ’ എന്നാണ് മോൻ വിളിക്കുക. വാപ്പച്ചി ഇത്ര പെട്ടെന്നു പോകുമെന്ന് അറിഞ്ഞ് പടച്ചോൻ തന്നെയാകും മോനെ ഇത്ര കരുതലുള്ളവനാക്കി എനിക്കു തന്നത്

ngam2

ക്യാമറാമാൻ ആകണമെന്നാണ് ആഗ്രഹിച്ചത് ?

ഗൾഫ് ഷോയ്ക്കു പോയപ്പോഴാണ് വാപ്പച്ചി ക്യാമറ വാങ്ങിത്തന്നത്. അന്നു മുതൽ അതിൽ പരീക്ഷണങ്ങളായി. എഡിറ്റിങ്  സ്വന്തമായി പഠിച്ചു. സ്കൂളിലും കോളജിലും വച്ച് ഒന്നുരണ്ടു ഷോർട്ട് ഫിലിം ചെയ്തു. സൗബിക്കയോടാണ് (സൗബിൻ) അന്നു സംശയം ചോദിച്ചിരുന്നത്. ‘അൻവറി’ൽ അഭിനയിക്കാൻ ചെന്നപ്പോൾ മുതലുള്ള പരിചയമാണ് ഞങ്ങൾ ത മ്മിൽ. ഒരിക്കൽ വാപ്പച്ചീടെ സ്കൂട്ടറിനു പിന്നിലിരുന്ന് പോകുന്നത് കണ്ടിട്ട് എന്നെ ‘അൻവറി’ലേക്ക് നിർദേശിച്ചതും സൗബിക്കയാണ്.

അന്നൊക്കെ ക്യാമറയോട് വലിയ ക്രേസാണ്. ‘ദേവ് ഡി’ യൊക്കെ കണ്ടു രാജീവ് രവിയുടെ കട്ട ഫാനായി. അപ്പോഴാണ് ‘അന്നയും റസൂലി’ലും അഭിനയിക്കാൻ അവസരം ലഭിച്ചത്. രാജീവ് രവി സാറിനെ പരിചയപ്പെടാല്ലോ എന്നായിരുന്നു ഞാൻ ചിന്തിച്ചത്. അന്നു മുതൽ രാജീവ് സാറുമായി ഹൃദയം കൊണ്ടുള്ള അടുപ്പമുണ്ട്. പിന്നീട് ‘സ്റ്റീവ് ലോപ്പസി’ലേക്ക് വിളിച്ചെങ്കിലും അഭിനയിക്കാൻ പറ്റിയില്ല. ‘കമ്മട്ടിപ്പാട’ത്തിൽ വീണ്ടും അവസരം തന്നു. എനിക്ക് എപ്പോഴും ആശ്രയിക്കാവുന്ന രണ്ടുപേരാണ് രാജീവ് സാറും സൗബിക്കയും.

റിയാലിറ്റി ഷോയിൽ കുട്ടി താരമായിരുന്നു ?

ചാനലിലെ ജൂനിയർ മ്യൂസിക് റിയാലിറ്റി ഷോയുടെ ഓഡിഷനിലാണ് ആദ്യം പോയത്. അന്നു ഞങ്ങൾ പാടിവട്ടത്ത് ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്. തൊട്ടടുത്ത ഫ്ലാറ്റിലെ ഫെയറി താത്ത വല്യ പാട്ടുകാരിയാ. താത്ത ഓഡിഷനിൽ പങ്കെടുക്കാൻ എസ്എംഎസ് അയച്ച കാര്യം ഉമ്മയോടു പറഞ്ഞു. ഇതോടെ ഉമ്മ എനിക്കു വേണ്ടീം എസ്എംഎസ് അയച്ചു. ടിവിക്കു മുന്നിൽ നിന്ന് പാട്ടുകേട്ടുള്ള എന്റെ ‘തുള്ളൽ’ കണ്ടാകും ഉമ്മച്ചി ആ സാഹസത്തിന് മുതിർന്നത്. സ്കൂളിലെ പേരുകേട്ട പാട്ടുകാരൊക്കെ ഓഡിഷനുണ്ട്. എനിക്ക് പാടാനൊന്നും അറിയില്ല, അതുകൊണ്ടുതന്നെ പേടിയുമില്ല.

ബോയ്സിലെ ‘എനക്കൊരു ഗേൾഫ്രണ്ട് വേണമെടാ...’ ആണ് പാടിയത്. ദീപക് ദേവും ജോർജ് പീറ്ററുമായിരുന്നു ജ ഡ്ജസ്. ഞാൻ തകർത്തു പാടുന്നതിനിടയ്ക്ക് നിർത്താനൊക്കെ അവർ പറയുന്നുണ്ട്. പക്ഷേ, മുഴുവൻ പാടീട്ടേ നിർത്തിയുള്ളൂ. ‘പെർഫോമൻസ് കൊള്ളാം, പാട്ട് കൂടി നന്നാക്കണം’ എന്നുപറഞ്ഞ് അവർ വിട്ടു. രസം അതല്ല, ഓഡിഷന് വന്ന സ്കൂളിലെ കൂട്ടുകാരൊന്നും സെലക്ട് ആയില്ലെന്നു മാത്രമല്ല, എന്റെ ഓഡിഷൻ അവർ ടെലികാസ്റ്റും ചെയ്തു. അതോടെ സ്കൂളിൽ ഫെയ്മസായി. തൊട്ടടുത്ത വർഷം ഡാൻസ് റിയാലിറ്റി ഷോയിൽ സെലക്ട് ആയി. അതിൽ സെമി ഫൈനൽ വരെ എത്തി. പിന്നെയാണ് ‘കുട്ടിച്ചാത്തൻ’ സീരിയൽ. അതിൽ ഹാരി പോട്ടർ ഗെറ്റപ്പിലുള്ള കഥാപാത്രമായിരുന്നു എന്റേത്.

ഷെയ്ന്റെ സിനിമയിൽ നായികയ്ക്കും തുല്യതയുണ്ട്?

‘കിസ്മത്തി’ലും ‘ഈട’യിലും ‘സൈറബാനു’വിലും ‘കുമ്പളങ്ങി നൈറ്റ്സി’ലുമെല്ലാം നായികമാർക്ക് തുല്യപ്രാധാന്യമുണ്ട്. നായികയുടെയും നായകന്റെയും ഇമോഷൻസ് ഒരേ നിലവാരത്തില്‍ എത്തുമ്പോഴാണ് സിനിമ മനോഹരവും പൂർണവുമാകുക. ‘കുമ്പളങ്ങി’യുടെ ഷൂട്ടിങ് കുറച്ചു പ്രത്യേകത ഉള്ളതായിരുന്നു. സാധാരണ  ക്ലൈമാക്സൊക്കെ ആദ്യമേ ചിത്രീകരിക്കും. ‘കുമ്പളങ്ങി’യിൽ മിക്ക സീനുകളും കഥ പുരോഗമിക്കുന്ന ക്രമത്തിൽ തന്നെയാണ് ഷൂട്ട് ചെയ്തത്. സൗബിക്കയുമായി ഇടികൂടുന്ന സീനൊക്കെ പെട്ടെന്നു പ്ലാൻ ചെയ്തതാണ്. വലയെറിയാൻ ഒരു പകൽ മുഴുവൻ പരിശീലിച്ചു, പിറ്റേന്ന് ഷോട്ട് ഓക്കെ.

ബോബിയെപ്പോലെ പ്രണയത്തിലും അലസനാണോ ?

‘സെലക്ടീവ് മടിയൻ’ എന്നാണ് ഞാൻ എന്നെ  വിശേഷിപ്പിക്കുന്നത്. ചില കാര്യങ്ങളിൽ വലിയ മടിയാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിലൊക്കെ ഈ മടിയുണ്ട്.  മറ്റാരെങ്കിലും തുടങ്ങും  മുൻപേ വേണമെന്നു പലരും  പറഞ്ഞതുകൊണ്ട് സ്വന്തം പേരിൽ ഔദ്യോഗിക എഫ്ബി പേജ് ഉണ്ട്. പക്ഷേ, മാനേജ് ചെയ്യുന്നത് ഞാനല്ല. വാട്സ് ആപ്പ് ഇല്ല. ഇൻസ്റ്റഗ്രാമിൽ ഇപ്പോഴില്ല. കോൾ ചെയ്യാനും ബാങ്ക് ഇടപാടുകൾ നടത്താനും മാത്രമാണ് ഫോൺ. ടെക്നോളജിയിൽ ഞാൻ അപ്ഡേറ്റഡ് അല്ല.

ഒട്ടും പ്ലാനിങ്ങില്ലാതെ ജീവിക്കാനാണ് ഇഷ്ടം. നമ്മള്‍ ഇ ഷ്ടം തിരിച്ചറിഞ്ഞ് ട്രാക്കിലേക്ക് എത്തിയാല്‍ മതി. ബാക്കിയെല്ലാം വഴിയെ നടക്കും. സുഹൃത്തുക്കളുടെ കാര്യത്തിൽ ബോബിയുടെ പകർപ്പാണ് ഞാൻ. അധികം കൂട്ടുകാരില്ല, ഉള്ളവരുമായി നല്ല അടുപ്പം. സ്കൂൾ കാലം മുതലുള്ള സുഹൃത്തുക്കളാണ് ഇപ്പോഴുമുള്ളത്.  ചെറിയ ആഗ്രഹങ്ങൾ മാത്രമുള്ള,പ്രത്യേകതകള്‍ ഒന്നുമില്ലാത്ത ആളാണ് ഞാൻ. എന്നാൽ ജോലിയിൽ ഈ മടിയില്ല.

പ്രണയത്തിന്റെ കാര്യത്തിലും അലസനാണ്. സ്കൂളിലും കോളജിലും പഠിക്കുമ്പോൾ ചില അടുപ്പങ്ങൾ തോന്നിയിട്ടുണ്ട്. പക്ഷേ, അതൊന്നും  പ്രണയമായിരുന്നില്ല. ഒരാളോട് മാത്രമായുള്ള പ്രണയം കൂടുതൽ  ഉത്തരവാദിത്തമുള്ള, ഡിവൈനായ ഒന്നാണ്. അത് ഇപ്പോഴില്ല. ലോകത്തോടും പ്രകൃതിയോടുമൊക്കെ പ്രണയമുണ്ട്. ആത്മീയതയിൽ താൽപര്യം കൂടുതലുണ്ട്. എന്റെ ചിന്തകളില്‍ ഫാന്റസി കൂടുതലാണ്. തേവര പാലം മഞ്ഞുവീണ് നിശ്ചലമാകുന്നു, അതോടെ എല്ലാവരുടെയും തിരക്ക് തീരുന്നു എന്നൊക്കെ ഇടയ്ക്കു സ്വപ്നം കാണും.  

വാപ്പച്ചിയില്ലാതെ ഒരു പെരുന്നാൾ കൂടി?

കൂടെയുള്ളയാൾ പെട്ടെന്ന് പോകുമ്പോ, യാഥാർഥ്യം തിരിച്ചറിയാൻ പോലും  ഒരുപാട് മാസങ്ങളെടുക്കും. പെട്ടെന്ന് കരുത്ത് ചോർന്നു പോയതു പോലെ. വാപ്പച്ചീടെ വിയോഗത്തിന്റെ വേദനയിലായിരുന്നു കഴിഞ്ഞ പെരുന്നാൾ. ഞാനും ഉമ്മച്ചിയും സഹോദരിമാരും ഒരുമിച്ചിരുന്നു കരഞ്ഞു. പിന്നെപ്പിന്നെ സാവധാനം സാധാരണ നിലയിലേക്ക് വന്നു. ഉമ്മച്ചി ഇപ്പോള്‍ വീടിനടുത്തുള്ള ബുട്ടീക്കിന്റെ നടത്തിപ്പുമായി തിരക്കിലാണ്.

എല്ലാം ഒറ്റയ്ക്ക് ഓടിനടന്ന് ചെയ്തിരുന്ന ആളാണ് വാപ്പച്ചി. രക്തത്തിൽ പ്ലേറ്റ്‌ലെറ്റ്സ് കുറയുന്ന രോഗം കുറേ നാളായി വാപ്പച്ചിയെ അലട്ടിയിരുന്നു. അപ്പോഴെല്ലാം രക്തം കയറ്റുകയായിരുന്നു പതിവ്. വാപ്പച്ചിയെ മരണത്തിലേക്ക് കൊണ്ടുപോകും എന്നൊന്നും ആരും കരുതിയിരുന്നില്ല. പടച്ചോന്റെ വിധി നമുക്കറിയില്ലല്ലോ. ഒരു കാര്യം ഉറപ്പാണ്, വാപ്പച്ചി ഇപ്പോഴും ആ വീട്ടിലുണ്ട്. എവിടേക്കും പോയിട്ടില്ല. അങ്ങനെ പോകാൻ വാപ്പച്ചിക്ക് പറ്റില്ല.

ngam6