Saturday 25 July 2020 02:54 PM IST

‘വലിയ താൽപര്യമില്ലെങ്കിലും ഞാനും പാടത്തിറങ്ങും, കാരണം വൈകുന്നേരം അച്ഛൻ കൂലി തരും; ആ പൈസ കൊണ്ട് സിനിമ കാണാം’

V R Jyothish

Chief Sub Editor

_C2R1845 ഫോട്ടോ: ശ്യാം ബാബു

‘‘കോവിഡിനെതിരായ യുദ്ധം നമ്മൾ തുടരണം. (അത് മനസ്സിലായി). അതോടൊപ്പം തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങളോടുള്ള യുദ്ധവും തുടരണം.(അത് എനിക്കു മനസിലായില്ല)...’’- കൊറോണാ കാലത്തെ ജീവിതത്തെക്കുറിച്ച് ശ്രീനിവാസൻ

ഈ കൊറോണ വൈറസ് കൊണ്ട് മലയാളിക്ക് ചില ഗുണങ്ങൾ ഉണ്ടായി എന്നാണ് എനിക്കു തോന്നുന്നത്. ആൾക്കാരുടെ പേടി കുറച്ചൊക്കെ മാറി. നമുക്ക് എല്ലാത്തിനോടും പേടിയാണല്ലോ? രാഷ്ട്രീയത്തെ പേടി, മതങ്ങളെ പേടി, മതപുരോഹിതന്മാരെ പേടി, ആൾദൈവങ്ങളെ പേടി, ആശുപത്രികളെ പേടി, അവനവന്റെ ആരോഗ്യത്തെ പേടി.. എന്തിന്, അവനവനെ തന്നെ പേടി! ഇതിലൊന്നും വലിയ കാര്യമില്ലെന്നു കുറച്ചുപേർക്കെങ്കിലും ബോധ്യപ്പെട്ടു. കട്ടു മുടിച്ചിട്ടും വെട്ടിപ്പിടിച്ചിട്ടും കൊള്ളയടിച്ചിട്ടുമൊന്നും ഒരു കാര്യവുമില്ല. എല്ലാം ഒരു വൈറസിനു മുന്നിൽ തീരുന്നതേയുള്ളൂ.

കോവിഡ് കാലത്ത് ഞാന്‍ വീട്ടില്‍ തന്നെയിരുന്നു. കൂട്ടിന് ഇളയ മകന്‍ ധ്യാനും കുടുംബവും. കുറച്ചു കൃഷികാര്യങ്ങള്‍, പിന്നെ അടുക്കളയില്‍ ഭാര്യയെ സഹായിക്കാന്‍ അല്‍പം പാചകം. നാട്ടിലായിരുന്നപ്പോൾ കൃഷിയിലും പാചകത്തിലുമൊന്നും വലിയ താൽപര്യമുണ്ടായിരുന്നില്ല. അന്നു കൃഷിസ്ഥലത്ത് വീട്ടിലുള്ള എല്ലാവരും പണിയെടുക്കും. വലിയ താൽപര്യമില്ലെങ്കിലും ഞാനും പാടത്തിറങ്ങും. കാരണം വൈകുന്നേരം അച്ഛൻ കൂലി തരും. ആ പൈസ കൊണ്ട് സിനിമ കാണാം. പിന്നെ മദിരാശിയില്‍ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേര്‍ന്നു. ഞാൻ പാചകം പഠിച്ചത് ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ആ ദശാസന്ധിയിലാണ്.

നാലുപേര്‍ ചേര്‍ന്നാണ് ഒരു മുറിയില്‍ താമസം. മുഖ്യ പാചകക്കാരൻ ഞാൻ തന്നെ. പാചകം പഠിച്ചിട്ടൊന്നുമല്ലല്ലോ നാടു വിട്ടത്. പിന്നെ ഒരു ധൈര്യത്തിന് അങ്ങു ചെയ്തു. ഉപ്പു കൂടിയാലും കുറഞ്ഞാലും ചോദിക്കാനൊന്നും ആരും വരില്ലല്ലോ? 

വിശപ്പ് എന്ന ചേരുവ 

പാചകത്തിൽ അമ്മയാണ് ഗുരു. ഞങ്ങളുടെ നാട്ടിൽ തന്നെ അന്നു ഫോൺ വന്നിട്ടില്ല. പിന്നെ വീട്ടിലേക്ക് കത്തെഴുതും. അല്ലെങ്കിൽ അവധിക്കു ചെല്ലുമ്പോൾ അമ്മയോടു ചോദിച്ചു പാചകത്തിന്റെ രഹസ്യങ്ങൾ മനസിലാക്കും. സാമ്പാർ, അവിയൽ, തോരൻ, മീൻകറി ഒക്കെയാണു പ്രധാനവിഭവങ്ങൾ. ഇതിൽ ഒരു കറിയേ ഉണ്ടാവൂ ഒരു ദിവസം. അതും ചോറും. ഒരുകാര്യം ബോധ്യമായിരുന്നു. ഏതു ഭക്ഷണത്തെയും ഏറ്റവും രുചിയുള്ളതാക്കുന്നത്, അതിലെ ചേരുവകളല്ല, വിശപ്പാണ്. 

സിനിമയിൽ തിരക്കായതോടെ പാചകം ഉപേക്ഷിച്ചു. കല്യാണം കഴിച്ചതോടെ തീരെ ഉപേക്ഷിച്ചു എന്നും പറയാം. കാരണം എന്റെ ഭാര്യ വിമലയ്ക്ക് ഞാൻ അടുക്കളയിൽ കയറുന്നത് ഇഷ്ടമല്ല. മാത്രമല്ല, അടുക്കളയിൽ കയറി ഞാൻ എന്തെങ്കിലും ഉണ്ടാക്കിയാൽ അതു കഴിക്കേണ്ടി വരുമോ എന്ന പേടിയുമുണ്ട്. എന്നാലും വല്ലപ്പോഴും ഞാന്‍ അടുക്കളയിൽ കയറും, ചെറുതായി എന്തെങ്കിലുമൊക്കെ ഉണ്ടാക്കും. കോവിഡ് കാലത്തും ഞാൻ അടുക്കളയിൽ കയറി. അതിനു കാരണം ലോകത്തുള്ള എല്ലാ പുരുഷന്മാരും പാചകപരീക്ഷണത്തിലാണെന്ന് അറിഞ്ഞതാണ്.

പലരും പലവട്ടം ചോദിച്ചിട്ടുണ്ട് എനിക്ക് ഇഷ്ടപ്പെട്ട വിഭവം എന്താണെന്ന്? സാമ്പാർ എന്നു സത്യസന്ധമായി പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അതുകൊണ്ട് അല്‍പം െവയ്റ്റ് ഒക്കെയിട്ടു ഞാൻ പറയും, ‘മീൻ അവിയൽ.’ അതാകുമ്പോൾ പിന്നെ, പ്രശ്നമില്ലല്ലോ.

നാടോടിക്കാറ്റിന്റെ മൂന്നാംഭാഗമായി എഴുതിയ ‘അക്കരെ അക്കരെ അക്കരെ’യിൽ ഒരു പാചകസീനുണ്ട്. ദാസനോടൊപ്പം അമേരിക്കയിൽ പോകാൻ വിജയൻ കാണിക്കുന്ന തത്രപ്പാടുകളാണ് സീനിൽ. ദാസൻ വിജയനെ മർദ്ദിക്കുകയും അപമാനിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. എങ്ങനെയെങ്കിലും അമേരിക്കയിൽ പോകുകയെന്ന ആഗ്രഹവുമായി നിൽക്കുന്ന വിജയൻ അതൊക്കെ സഹിക്കുന്നുവെന്നു മാത്രമല്ല, പ്രീതിപ്പെടുത്താൻ ദാസന് ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നു. ആ സമയത്താണ് ലോകത്ത് ആരും കേട്ടിട്ടില്ലാത്ത ‘മീൻ അവിയൽ’ എന്ന വിഭവം വിജയൻ ഉണ്ടാക്കുന്നുത്. സത്യത്തിൽ ആ ഡയലോഗ് എഴുതുന്നതു വരെ  ഞാൻ ‘മീൻ അവിയൽ’ എന്ന വിഭവത്തെക്കുറിച്ചു കേട്ടിട്ടില്ല. എഴുതി വന്നതിന്‍റെ ഒഴുക്കില്‍ അങ്ങ് എഴുതിയതാണ്. സിനിമ കണ്ടിട്ടു പലരും എന്നോടു ചോദിച്ചു, ‘ഈ മീൻ അവിയൽ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന്.’ ‘അതൊന്നും അങ്ങനെ വെറുതെ പറഞ്ഞു തരാൻ പറ്റില്ല...’ എന്നു പറഞ്ഞ് ഞാന്‍ തടിതപ്പി. അടുത്തകാലത്ത് ആരൊക്കെയോ മീൻ അവിയൽ ഉണ്ടാക്കിയതായി അറിഞ്ഞു. യുട്യൂബിലും മറ്റും മീൻ അവിയലിന്റെ റെസിപ്പി ഉണ്ടെന്നു കേൾക്കുന്നു. എന്താകുമോ എന്തോ?

Tags:
  • Celebrity Interview
  • Movies