Saturday 24 April 2021 03:48 PM IST

‘കുടലിന്റെ ചുറ്റും മുഴ വന്ന് മൂടി, നടുവിൽ ഒരു ദ്വാരം മാത്രം; ഞാനെന്റെ വയറിന്റെ അവസ്ഥ നേരിട്ട് കണ്ടു’; വില്ലനായെത്തിയ കാൻസറിനെ നേരിട്ട അനുഭവം പറഞ്ഞ് സുധീർ

Lakshmi Premkumar

Sub Editor

sudheer443ghhjjj
ഫോട്ടോ : ബേസിൽ പൗലോ

കാൻസർ വന്നത് വില്ലനായാണ്. അതിനെ നേരിട്ട് വിജയിച്ചപ്പോൾ നടൻ സുധീർ നേടിയ പുതിയ ജീവിത സന്തോഷങ്ങൾ...

‘‘ആ വലിയ ഉറക്കം കഴിഞ്ഞ് ഞാൻ കണ്ണുതുറന്നത് പുതിയൊരു ലോകത്തേക്കായിരുന്നു. എല്ലാവരേയും കൂടുതൽ സ്നേഹിക്കാൻ കൊതിക്കുന്ന മനസ്സോടെ, ഈ ലോകത്തിലെ നമ്മുടെ ജീവിതം എത്ര നിസാരമാണെന്ന തിരിച്ചറിവോടെ ഐസിയുവിന്റെ തണുത്തുറഞ്ഞ മുറിയിൽ...’’  കാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ച് നടന്ന  നടന്‍ സുധീർ പറഞ്ഞു തുടങ്ങി.

‘‘എനിക്ക് കാൻസറോ? അതെങ്ങനെ? ഞാൻ ശരീരം നന്നായി നോക്കുന്നുണ്ടല്ലോ? പിന്നെയെങ്ങനെ കാൻസർ വരും? മനസ്സിൽ ആഴത്തിൽ ഞാൻ തന്നെ പഠിപ്പിച്ചു വച്ച ഈ വാക്കുകളാണ് കൃത്യസമയത്ത് വൈദ്യ സ ഹായം തേടാൻ വൈകിയതിനു കാരണം. എല്ലാവരോടും എനിക്കൊന്നേ പറയാനുള്ളൂ. പതിവിൽ നിന്ന് മാറ്റം ശരീരത്തിനുണ്ടായാൽ ഡോക്ടറെ കാണാൻ ഒരു നിമിഷം പോലും വൈകരുത്. മുളയിലെ നുള്ളിയാൽ തീരാവുന്നതേയുള്ളൂ, നമ്മൾ നേരിടുന്ന പാതി പ്രശ്നങ്ങളും.

വരുത്തി വച്ച അസുഖം

2011 മുതൽ ജിം ആയിരുന്നു എന്റെ ലോകം. ‘ഡ്രാക്കുള’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ബോഡി ബിൽഡിങ് തുടങ്ങിയത്. സിനിമ കഴിഞ്ഞിട്ടും മസിലുകളുടെ ഹരം മാറിയില്ല. കഷ്ടി നാലു മണിക്കൂറെ അക്കാലത്ത് ഉറങ്ങിയിരുന്നുള്ളൂ. വർക് ഔട്ട് ആയിരുന്നു ലഹരി.  

നേരം പുലരുമ്പോൾ ജിമ്മിലെത്തും. രാത്രി 12 മണി വരെ വർക് ഔട്ട്. ഇതിനിടയിൽ  കഴിക്കുന്നതോ എണ്ണ ഇല്ലാതെ ചുട്ടെടുക്കുന്ന ചിക്കൻ. വീട്ടിലെ ഫ്രിജ് നിറച്ചും ചിക്കന്റെ ബ്രസ്റ്റ് നിറഞ്ഞിരിക്കും. ഒപ്പം പ്രോട്ടീൻ പൗഡർ, മുട്ടയുടെ വെള്ള അങ്ങനെയുള്ള ഭക്ഷണ രീതികളും. ഡയറ്റീഷനെ കാണുകയോ നല്ല ഭ ക്ഷണരീതി എന്തെന്ന് മനസ്സിലാക്കുകയോ ചെയ്യാൻ ശ്രമിച്ചില്ല. അവിടെയാണ് എനിക്ക് പാളിയത്.

 ഒരു വർഷം മുൻപ് മുണ്ടിൽ ചോര കണ്ടു. അപ്പോൾ ഞാൻ ഹൈറേഞ്ചിലായിരുന്നു. അട്ട കടിച്ചതാകുമെന്ന് കരുതി കാര്യമായി എടുത്തില്ല. അടുത്ത ദിവസം വീട്ടിലെത്തിയിട്ടും ഇത് ആവർത്തിച്ചു. ഡോക്ടറെ കണ്ടപ്പോൾ പൈൽസ് ആയിരിക്കുമെന്നായിരുന്നു പ്രാഥമിക നിഗമനം.

കൊളനോസ്കോപ്പിയും എൻഡോസ്കോപ്പിയും ചെയ്യാൻ പറഞ്ഞു. ഒപ്പം കുറച്ച് മരുന്നുകളും. ഡോക്ടർ തന്ന മരുന്നുകൾ വാങ്ങിയെങ്കിലും പിന്നെ, ആ വഴിക്ക് പോയതേയില്ല. ടെസ്റ്റുകളോടുമുള്ള പേടിയായിരുന്നു പ്രധാന കാരണം. മാത്രമല്ല, മരുന്ന് കഴിച്ചപ്പോൾ ബ്ലീഡിങ് കുറഞ്ഞു. പ്രശ്നമില്ലല്ലോ എന്നു തോന്നി.

മമ്മൂക്ക നായകനായ ‘മാമാങ്കം’ സിനിമയുടെ തിരക്കിലേക്ക് കയറിയതോടെ അസുഖമെല്ലാം മറന്നു. എന്റെ ശരീരം ഞാൻ പോലുമറിയാതെ മെലിഞ്ഞു തുടങ്ങിയിരുന്നു. മമ്മൂക്ക ഒരു ദിവസം ചോദിച്ചു. ‘എന്തു പറ്റി, നിന്റെ മസിലൊക്കെ ഉടഞ്ഞല്ലോടാ?’ ‘ഹേയ് ഇല്ലല്ലോ മമ്മൂക്കാ, ഇതല്ലേ മസിൽ’ എന്ന് പറഞ്ഞ് ഞാൻ മസിലു പെരുപ്പിക്കുമ്പോഴും എന്റെയുള്ളിലെ കാൻസർ രണ്ടാം സ്റ്റേജ് കഴിഞ്ഞിരുന്നു.

2021 ജനുവരി 4 ന് എന്റെ പിറന്നാളായിരുന്നു. അന്ന് വൈകുന്നേരം ആഘോഷമെല്ലാം കഴിഞ്ഞ് ബാത്‌റൂമിൽ കയറിയപ്പോൾ മുഴുവൻ ബ്ലീഡിങ്. വിവരമറിഞ്ഞതോടെ  വീട്ടുകാരും സുഹൃത്തുക്കളും നിർബന്ധം പിടിച്ചു. ഇത് പ്രശ്നം ഗുരുതരമാണ്. ഞങ്ങള്‍ നേരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തി.  

കൊളനോസ്കോപിയിൽ ഞാനെന്റെ വയറിന്റെ അവസ്ഥ നേരിട്ട് കണ്ടു. കുടലിന്റെ ചുറ്റും മുഴ വന്ന് മൂടി. നടുവിൽ ഒരു ദ്വാരം മാത്രം. ഡോക്ടർമാർ പോലും ആദ്യം അമ്പരന്നു. പിന്നെ, പലതരം ടെസ്റ്റുകൾ. ഒടുവിൽ ഡോക്ടർ എന്നോട് ശാന്തമായി പറഞ്ഞു. ‘സുധീറിന് കോളൻ കാൻസറിന്റെ മൂന്നാം ഘട്ടമാണ്.’

ഡോക്ടർ അതു പറഞ്ഞ് നിർത്തിയതും ഞാൻ ചാടി എഴുന്നേറ്റു. ‘നിങ്ങൾ എന്ത് മണ്ടത്തരമാണ് പറയുന്നത്. ഇത്രയും വ്യായാമം ചെയ്യുന്ന എനിക്ക് കാൻസറോ? എന്നെ ഉടൻ ഡിസ്ചാർജ് ചെയ്യണം. തെലുങ്കിൽ ആദ്യമായി സിനിമ ചെയ്യാൻ അവസരം കിട്ടിയ സമയമാണ്. എനിക്ക് ഹൈദരാബാദിനു പോകണം.’

എന്റെ അവസ്ഥ മനസ്സിലായതു കൊണ്ടാകണം, തെല്ലും ദേഷ്യമില്ലാതെ ഡോക്ടർ പറഞ്ഞു. ‘സിനിമ ചെയ്യുന്നതു കൊണ്ടു ദോഷമൊന്നുമില്ല. പക്ഷേ, വയറ്റിലെ മുഴ ഏതു സമയവും പൊട്ടാവുന്ന അവസ്ഥയിലാണ്. അത് മനസ്സിലാക്കണം. പോയാലും അവിടെയെത്തുമ്പോൾ സ്ഥിതി മോശമായാൽ സർജറി വേണ്ടി വരും.’

സിനിമ മാത്രം മനസ്സിൽ

തെലുങ്കിലെ അവസരമായിരുന്നു അപ്പോൾ മനസ്സിൽ.  ഞാൻ നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങി. എന്നിട്ട് എന്റെ സുഹൃത്തുക്കളായ ഡോക്ടർമാർക്ക് റിപ്പോർട്സ് ഇമെയിൽ ചെയ്തുകൊടുത്തു. റിപ്പോർട്സ് വായിച്ചയുടനേ തിരിച്ചു വിളിച്ച് അവരെല്ലാം ചോദിച്ചത് ഒരേ കാര്യം. ‘നിനക്ക്  ഭ്രാന്തുണ്ടോ സുധീർ, ഇത് ക്രിറ്റിക്കൽ സ്‌റ്റേജാണ്. മുഴ കരളിലേക്ക് കടന്നോ എന്നു പോലും  പറയാറായിട്ടില്ല. എത്രയും വേഗം ആശുപത്രിയിലേക്ക് തിരികെ പോകൂ.’ അവർ കൂടി അതു പറഞ്ഞതോടെ   കാ ൻസർ എന്ന റിയാലിറ്റി മനസ്സിൽ തെളിഞ്ഞു വന്നു.

ജനുവരി എട്ടിന് കൊച്ചി അമൃതയിലെ ഗ്യാസ്ട്രോ സര്‍ജൻ ഡോ. സുധീറിനെ കണ്ടു. ‘ഇത് വലിയ പ്രശ്നമൊന്നുമില്ല. ഒരു കാര്യം ചെയ്യൂ, വിശ്വാസം ഉണ്ടെങ്കിൽ സിനിമ അൽപം കൂടി മുന്നോട്ടു നീങ്ങാൻ പ്രാർഥിക്കൂ. ഉടൻ തന്നെ ഓപ്പറേഷൻ നടത്താം. അതു കഴിയുമ്പോൾ നമുക്ക് സിനിമ ചെയ്യാം.’ അദ്ദേഹം തന്ന പോസിറ്റീവ് എനർജിയിൽ ദിവസങ്ങൾ കടന്നു.

അസുഖം മാറിയാൽ എത്രയും വേഗം സിനിമയിൽ ജോയിൻ ചെയ്യാമെന്ന ചിന്തയായിരുന്നു എന്റെ മനസ്സി ൽ. ജനുവരി 11 ന് ഓപ്പറേഷൻ കഴിഞ്ഞു. വൻ കുടലിന്റെ ഒരടിയോളം ഭാഗം മുറിച്ചു നീക്കി. വേദന കടിച്ചമർത്തി  പിറ്റേദിവസം  തന്നെ ഞാൻ സ്വയം നടന്ന് ബാത്‌റൂമിൽ പോ യി. മൂന്ന് ദിവസം കഴിഞ്ഞ് റൂമിലേക്ക് മാറ്റി. സിനിമയിൽ നിന്നുള്ള വിളി വരാത്തതിൽ എനിക്ക് സന്തോഷം തോന്നി. രണ്ട് ദിവസം കൂടി കഴിഞ്ഞപ്പോൾ ഡോക്ടർ ചോദിച്ചു. ‘എന്തായി സിനിമയുടെ കാര്യം?’

ഇതുവരെ വിളി വന്നില്ല എന്ന് പറഞ്ഞപ്പോൾ ‍ഡോക്ടറാണ് അങ്ങോട്ട് വിളിക്കാൻ പറഞ്ഞത്. ഒരു ചെറിയ വിറയലോ ടെ ഞാൻ സംവിധായകനെ വിളിച്ചപ്പോൾ ഞെട്ടിപ്പോയി. ചിത്രത്തിന്റെ സഹനിർമാതാവിന് സുഖമില്ലാതെയായി. എന്റെ സുഹൃത്താണ് ‘തിരുമേനി’ എന്നു ഞാൻ വിളിക്കുന്ന അദ്ദേഹം.  അസുഖവിവരം അറിഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് സന്തോഷമാണോ സങ്കടമാണോ അതോ രണ്ടും ഒരുമിച്ച് തോന്നുന്ന അവസ്ഥയാണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. സിനിമയുടെ ഷൂട്ടിങ് 25 ന് ശേഷമേ തുടങ്ങൂ.

ജീവിതത്തിലേക്ക് പിച്ചവച്ച്

ആ സമയമാകുമ്പോഴേക്കും തുന്നലെടുക്കും. എനിക്ക് വേദന കുറയും. പതുക്കെ ഡയലോഗുകൾ പറയാം. ഞാൻ മനസ്സു കൊണ്ട് ദൈവത്തിന് നന്ദി പറഞ്ഞു. പത്ത് കീമോകൾ കൂടെയുണ്ടായിരുന്നു. അതു കുഴപ്പമില്ല എവിടെ നിന്നു വേണമെങ്കിലും കീമോ ചെയ്യാം. പിന്നെയൊരു കൺഫ്യൂഷനുണ്ടായിരുന്നത് മുടിയുടെ കാര്യത്തിലായിരുന്നു. മുടി പോയിത്തുടങ്ങിയാൽ മൊട്ടയടിക്കും. ഇതുവരെ ചെയ്തതിൽ കൂടുതലും മൊട്ടയടിച്ചിട്ടു തന്നെയാണ്. അങ്ങനെ അതും സെറ്റ്.  

അങ്ങനെ ഓപ്പറേഷൻ കഴിഞ്ഞ് 15ാം ദിവസം ഞാൻ ജിമ്മിൽ പോയി. പതുക്കെ എല്ലാം ഒന്നിൽ നിന്നു തുടങ്ങി. എന്റെ ശ രീരം മെലി‍ഞ്ഞ് തൂവൽ പോലെയായിരുന്നു. എന്നെ സിംപതിയുടെ കണ്ണുകൾ കൊണ്ട് നോക്കരുത് എന്ന് മാത്രമേ ഞാനെല്ലാവരോടും പറഞ്ഞുള്ളൂ. ഇതിനിടയിൽ എന്റെ കഥ തീർന്നു എന്ന വാർത്തയും പ്രചരിച്ചു.

_BAP0191

ഞാൻ കാത്തിരുന്ന സിനിമയുടെ അണിയറ പ്രവർത്തക ർക്കിടയിലും ആ വാർത്ത എത്തി. സംവിധായകന്‍ മനു എ    ന്നെ വിളിച്ച് ആ സമയത്ത് വിഡിയോ കോളിൽ വരാമോയെന്ന്  ചോദിച്ചു. ഞാനപ്പോൾ തന്നെ അദ്ദേഹത്തെ വിഡിയോ കോൾ വിളിച്ചു. ഞാൻ ഓകെയാണെന്ന് മനുവിനെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഫെബ്രുവരി 4 ാം തീയതി  ഞാനും ഭാര്യ പ്രിയയും കൂടി ഹൈദരാബാദിലേക്ക് പോയി. എന്റെ ഭക്ഷണ രീതികളെല്ലാം  മാറ്റി.  കൂടുതൽ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തി. എണ്ണയും എരിവും ഉപ്പും മധുരവുമെല്ലാം മിതമായി മാത്രം. അക്കാര്യങ്ങളെല്ലാം പ്രിയ ചിട്ടയായി നോക്കി.

ഞാനൊന്ന് വീണപ്പോൾ അവളാകെ തകർന്നു പോയിരുന്നു. ഞാൻ ഓപ്പറേഷൻ കഴിഞ്ഞ് വീട്ടിൽ വന്നതിന്റെ അഞ്ചാം നാൾ ഉറക്കമില്ലായ്മയും ടെൻഷനും കാരണം പ്രിയ തല കറങ്ങി വീണു. ഞാൻ തന്നെയാണ് വണ്ടിയോടിച്ച് അവളെ ആശുപത്രിയിൽ എത്തിച്ചത്.

ദൈവം തന്ന അനുഗ്രഹം

ഹൈദരാബാദിൽ െചന്നതോെട വേറെ എനർജിയായി. ആദ്യ ദിവസം തന്നെ സ്റ്റണ്ട് സീനാണ് ഷൂട്ട് െചയ്യുന്നത്. എല്ലാ മുറിവും ഉണങ്ങാൻ 60 ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. പക്ഷേ, മനസ്സിൽ എന്റെ മുറിവുകളെല്ലാം ഉണങ്ങിയിരുന്നു.

ഫൈറ്റ് സീന്‍ തീർത്ത് നാലാം ദിവസമാണ് ഞാനവരോട് സർജറിയുടെ കാര്യം പറയുന്നതു തന്നെ. ഈ സിനിമയുള്ളതു െകാണ്ടു മാത്രമാണ് എനിക്കു േരാഗക്കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാനും ഇവിെടയെത്താനും കഴിഞ്ഞതെന്നും പ റ‍ഞ്ഞു തീര്‍ന്നപ്പോഴേക്കും ചിത്രത്തിന്റെ നായകൻ സുമന്ത്  വ ന്ന് എന്നെ കെട്ടിപ്പിടിച്ചു. ‘ഒരു തവണയെങ്കിലും എനിക്കൊരു സൂചന തന്നു കൂടായിരുന്നോ’ എന്ന് ചോദിച്ചു. ഷൂട്ട് തീരുന്നത് വരെ അതാരും അറിയരുത് എന്നൊരു നിർബന്ധം എനിക്കുണ്ടായിരുന്നു.

കാൻസർ വാർഡിൽ ഒരു ദിവസം കിടന്നാൽ നമ്മൾ പിന്നീട് ജീവിതത്തെ നോക്കി കാണുന്നത് പുതിയൊരു കണ്ണിലൂടെയായിരിക്കും. െെദവം തരുന്ന ഓരോ അനുഗ്രഹത്തിനും നൂറു വട്ടം നന്ദി പറയും, എന്നെങ്കിലും ജീവിതത്തിൽ അഹങ്കരിച്ചിട്ടുണ്ടെങ്കിൽ അതോർത്ത് ലജ്ജിച്ച് തല താഴ്ത്തും. പിണക്കം തോന്നിയവരോടു പോലും സംസാരിക്കണമെന്ന് തോന്നും. അങ്ങോട്ട് വിളിച്ച് സംസാരിക്കാൻ മടിയും തോന്നില്ല. അത്തരം പുതിയ ശീലങ്ങളിലൂടെയാണ് ഇപ്പോൾ എന്റെ ജീവിതം മുന്നോട്ടു പോകുന്നത്. ജീവിതം ഏതു നിമിഷവും അസ്തമിക്കാം. ആ തോന്നൽ ഒരിക്കൽ ബോധ്യപ്പെട്ടാൽ കാര്യങ്ങൾ മാറും. പിന്നെ, ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും സ്വർഗമാക്കാൻ തോന്നും.

സിനിമയിലേക്കുള്ള വഴി

നാട് ചേർത്തലയിലാണെങ്കിലും വർഷങ്ങളായി സൗദിയിലായിരുന്നു. വെക്കേഷന് വരുമ്പോൾ ഏതെങ്കിലും സിനിമാ സെറ്റുകളില്‍ പോയി മുഖം കാണിക്കും. അങ്ങനെയാണ് സിഐഡി മൂസയിലേക്ക് അവസരം കിട്ടിയത്. അതോടെ ഞാൻ നാട്ടിൽ സ്ഥിരതാമസമാക്കി. സൗദിയിലെ ബിസിനസ് അനിയനെ ഏൽപ്പിച്ച്  കൊച്ചിയിൽ ഫ്ലാറ്റ് വാങ്ങി. ഭാര്യ പ്രിയ. രണ്ട് ആൺമക്കളുണ്ട് വിഷ്ണുവും കൃഷ്ണയും. വിഷ്ണു ഹോസ്പിറ്റാലിറ്റി ബിരുദ കോഴ്സ് പഠിക്കാൻ കാനഡയിലാണ്. കൃഷ്ണ പ്ലസ്ടുവിന് പഠിക്കുന്നു.

സിഐഡി മൂസയ്ക്ക് ശേഷം നിരവധി സിനിമകളിൽ  പ്രതിനായകനായും, സഹായിയായുമൊക്കെ അഭിനയിച്ചു. അതിൽ നിന്നു മാറ്റം വന്നത് വിനയൻ സാറിനൊപ്പം ചേർന്നപ്പോഴാണ്. വിനയൻ സാറിന്റെ എല്ലാ മോശം കാലത്തും ഞാനദ്ദേഹത്തിനൊപ്പം നിഴലായി നിന്നിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം എനിക്കു വേണ്ടി ‘ഡ്രാക്കുള’ എന്ന ചിത്രം ചെയ്തതും. പക്ഷേ, ആ  സിനിമ കൊണ്ട് ഞാനനുഭവിച്ച ടെൻഷനും േകട്ട ചീത്തപ്പേരുകൾക്കും കയ്യും കണക്കുമില്ല. ഇത്തരം സിനിമകൾ ചെയ്യുമ്പോൾ എന്തെങ്കിലും െനഗറ്റീവ് എനർജി സംഭവിക്കുമെന്ന് വിനയൻ സാർ മുന്നറിയിപ്പ് നൽകിയിരുന്നു.

ഞാനതൊന്നും വലിയ കാര്യമായി എടുത്തില്ല. പക്ഷേ, അനുഭവത്തിൽ വന്നപ്പോൾ കയ്യും കെട്ടി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.

Tags:
  • Celebrity Interview
  • Movies