മികച്ച തിരക്കഥാകൃത്തിനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുര സ്കാരം നേടിയ സമുദ്രക്കനി തന്റെ ആദ്യ ചിത്രമായ നാടോടികളുമായി ബന്ധപ്പെട്ടു പത്രസമ്മേളനം നടത്തി. അതിൽ അദ്ദേഹം വികാരഭരിതനായി പറഞ്ഞു.
‘‘ഈ ചിത്രത്തിനു നിശ്ചയിച്ച നടി തനിക്ക് ഇംഗ്ലിഷ് അറിയില്ലെന്നും ആശയവിനിമയം ശരിയാകുന്നില്ലെന്നും പറഞ്ഞ് ഒരുവാക്കും പറയാതെ പോയി. അതുകൊണ്ട് സംസാരിക്കാനും കേൾക്കാനും കഴിയാത്തൊരാളെ നായികയാക്കുകയാണ്. കലയിൽ ആശയ വിനിമയത്തിന് ഭാഷ വേണോ എന്നു നമുക്കു കാണാം.
നാടോടികൾ വമ്പൻ ഹിറ്റായി. അഭിനയയുടെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടു. ര ണ്ടു ഫിലിം ഫെയർ അവാർഡുകളും ഹോളിവുഡ് സിനിമയും അഭിനയയെ തേടിവന്നു. ഇപ്പോൾ ജോജു ജോർജ് രചനയും സംവിധാനം ചെയ്യുന്ന പണി എന്ന ചിത്രത്തിലൂടെ മലയാളത്തിലും ശ്രദ്ധിക്കപ്പെട്ടു ഈ ഹൈദരാബാദുകാരി.
സിനിമ സ്വപ്നം കണ്ട്
കുട്ടിക്കാലത്ത് അച്ഛനോടൊപ്പം സ്കൂട്ടറി ൽ യാത്ര ചെയ്യുമ്പോൾ സിനിമാ പോസ്റ്ററുകൾ കണ്ണെടുക്കാതെ നോക്കുമായിരുന്നു.
ഐശ്വര്യ റായിയെയൊക്കെ പോസ്റ്ററിൽ കാണുമ്പോൾ അതുപോലെയാകണം എനിക്കും എന്ന് അച്ഛനോടു പറയുമായിരുന്നു.
അഭിനേതാവ് കൂടിയായ അച്ഛനും എ ന്നെ സിനിമാനടി ആയിക്കാണാനായിരുന്നു ആഗ്രഹം. അച്ഛന്റെയും അമ്മയുടെയും മൂന്നാമത്തെ കുട്ടിയാണു ഞാൻ. രണ്ട് സഹോദരന്മാരുമുണ്ട്. അച്ഛൻ എം.ഡി. ഗ്യാനാനന്ദ് എയർഫോഴ്സിൽ ഉദ്യാഗസ്ഥനായിരുന്നു. അമ്മ എം.ജി. ഹേമലത മൂത്ത ചേട്ടൻ സായ് സുന്ദൻ ഹൈദരബാദിൽ ഡെലോയിറ്റിൽ ജോലി ചെയ്യുന്നു. ഇളയ ചേട്ടൻ ധർമാനന്ദ് ബിസിനസ് ചെയ്യുന്നു.
അച്ഛനും അമ്മയും ആദ്യമൊന്നും തിരിച്ചറിഞ്ഞില്ല എനിക്കു കേൾവിശക്തിയില്ല എ ന്ന്. വിളിക്കുമ്പോൾ തിരിഞ്ഞു നോക്കുന്നില്ല, വലിയ ശബ്ദങ്ങൾ കേട്ടാൽ പോലും ഒരു പ്രതികരണവുമില്ല എന്നെല്ലാം കണ്ടതോടെയാണ് കേൾവിശക്തി പരിശോധിക്കുന്നത്.
കേൾവിയില്ല എന്നത് അവർക്കൊരു ഷോക്ക് ആയിരുന്നു. എങ്കിലും എന്നെ സിനിമാ ന ടിയാക്കുക എന്ന മോഹം അച്ഛൻ ഉപേക്ഷിച്ചില്ല. ഞാനും അതു വിടാൻ തയാറായിരുന്നില്ല.കേൾക്കാനും മിണ്ടാനും കഴിയാത്ത മകളെ സിനിമാ നടിയാക്കാൻ മോഹിക്കുന്ന അച്ഛനെ പലരും പരിഹസിക്കുമായിരുന്നു.
അച്ഛനും അമ്മയും തമിഴും തെലുങ്കും സംസാരിക്കുന്നത് കണ്ടാണ് ഞാൻ ആ ഭാഷകൾ ചുണ്ടിൽ വരുത്താൻ പഠിച്ചത്. ഏതു ഭാഷയും പഠിച്ചെടുക്കാനും ചുണ്ടനക്കാനും എനിക്കു സാധിക്കും.
കോക്ക്‌ലിയർ ഇംപ്ലാന്റ് ചെയ്തത് അൽപം വൈകി 12 വയസ്സിലാണ്. ഇംപ്ലാന്റ് ഞാൻ സ്ഥിരമായി ഉപയോഗിക്കാറില്ല. കാരണം അ തിലൂടെ ചില ശബ്ദങ്ങൾ ബഹളമായിട്ടാണു കേൾക്കുക. അതു സഹിക്കാൻ പ്രയാസമാണ്. സൈൻ ലാംഗ്വേജ് തന്നെയാണ് കൂടു തലും ഉപയോഗിക്കുന്നത്.
സാധാരണ കുട്ടികൾ പഠിക്കുന്ന സ്കൂളിലാണു പഠിച്ചത്. അതിനോടൊപ്പം ആംഗ്യഭാഷയും പഠിച്ചു. നിരന്തരമായ ശ്രമത്തിലൂടെ ചെറിയ റോളുകൾ നേടിയെടുത്തു. ആദ്യ സിനിമയിൽ ഒാഡിഷനിലൂടെയാണ് സെലക്റ്റ് ആയത്. സിനിമകളിൽ കേൾവി ശക്തിയില്ലാത്തവരും മിണ്ടാത്തവരുമായ വ്യക്തികളെ വളരെ വികലമായും കളിയാക്കിയും മറ്റുമാണു ചിത്രീകരിക്കാറ്. അവർ യഥാർഥ ജീവിതത്തിൽ ഗോഷ്ഠി കാണിക്കുന്നവരല്ല. നിങ്ങൾ ഓരോരുത്തരെയും പോലെ സുന്ദരമായി പെരുമാറാൻ അവർക്കു കഴിയും. അതു ബോധ്യപ്പെടുത്തണം എന്നെനിക്കാഗ്രഹമുണ്ടായിരുന്നു. ആ ലക്ഷ്യമാണ് സിനിമയിൽ ഇടം നേടിയതിലൂടെ ഞാൻ നേടിയെടുത്തത്. കേൾവിശക്തിയും സംസാരശേഷിയും ഉള്ളവർ ചെയ്യുന്ന ഏതു കഥാപാത്രവും ചെയ്യാൻ സാധിക്കും എന്നെനിക്ക് തെളിയിക്കണമായിരുന്നു.
മലയാളിയായ പരസ്യ ചിത്ര സംവിധായകൻ സ്ലീബ വർഗീസാണ് സമുദ്രക്കനി സാറിന് എന്റെ ചിത്രം നൽകുന്നതും നാടോടികളിൽ ഞാൻ നായികയാകുന്നതും. അതു മികച്ച വിജയം നേടിയതോടെ നിറയെ അവസരങ്ങൾ വന്നു. തമിഴ് തെലുങ്ക് കന്നഡ ഭാഷകളിൽ നിന്ന് . ‘വൺ ഫിംഗർ’ എന്ന ഹോളിവുഡ് സിനിമയിലും അഭിനയിക്കാൻ കഴിഞ്ഞു. അംഗപരിമിതിയുള്ള മൂന്നു കഥാപാത്രങ്ങളിലൊരാളായിരുന്നു .മലയാളത്തിൽ റിപ്പോർട്ടർ എന്ന ചിത്രമാണ് ആദ്യം ചെയ്തത്. പിന്നീട് ഐസക് ന്യൂട്ടൺ, വൺ ബൈ ടു എന്നീ ചിത്രങ്ങളും. നാലാമത്തെ മലയാളം സിനിമയാണു പണി.
ആദ്യത്തെ സിനിമകളിൽ എക്സപ്രഷൻസ് കൂടുതലായി ചെയ്തിട്ടുണ്ട്. ഈ സിനിമയിൽ വളരെ നാചുറൽ ആയ മിതമായ അഭിനയരീതിയായിരുന്നു വേണ്ടത്. അതു വ്യത്യസ്തമായൊരു ‘ലേണിങ് പ്രോസസ്’ ആയി.
ഇൻസ്റ്റഗ്രാമിൽ ഞാനും അമ്മയും ചേർന്നുള്ള നാടൻ ലുക്കിലുള്ള ഫോട്ടോ കണ്ടിട്ടാണ് സംവിധായകൻ ജോജു സാർ വിളിക്കുന്നത്. മാർക്ക് ആന്റണി എന്ന തമിഴ് മൂവിയും ആദ്ദേഹം കണ്ടിട്ടുണ്ടായിരുന്നു. ചെന്നൈയിൽ വന്ന് എന്നെ കാണുകയും സ്ക്രിപ്റ്റ് കേൾപ്പിക്കുകയും ചെയ്തു. അപ്പോൾ തന്നെ എനിക്കീ പ്രോജക്റ്റ് വളരെ ഇഷ്ടപ്പെട്ടു. മൂന്നു വർഷം മുൻപ് ജോജു സാർ ധനുഷിനൊപ്പം ചെയ്ത ‘ജഗമേ തന്തിരം’ എന്ന ചിത്രമാണ് ആദ്യമായി കണ്ടത്. അദ്ദേഹത്തിന്റെ നാചുറൽ ആക്റ്റിങ് എനിക്ക് വളരെ ഇഷ്ടമാണ്.
ജോജു സാർ ഇപ്പോൾ എനിക്കു കുടുംബാംഗത്തെപ്പോലെയാണ്. പണിയിലെ സംഭാഷണങ്ങൾ നന്നായി പറയാൻ സഹായിച്ച അസിസ്റ്റന്റ് ഡയറക്ടേഴ്സിനോടും വളരെയധികം നന്ദിയുണ്ട്. നല്ലൊരു ടീമിനൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം.
അമ്മയായിരുന്നു എല്ലാം
തമിഴ്– തെലുങ്ക് സ്ക്രിപ്റ്റുകൾ അമ്മയാണ് എനിക്കു പറഞ്ഞു തരാറുള്ളത്. അറിയാത്ത ഭാഷ ഇംഗ്ലിഷിൽ എഴുതിയ ശേഷമാണ് പഠിക്കുന്നത്. മൂന്നു മാസം മുൻപ് അമ്മയെന്നെ വിട്ടു പോയി. പ്രത്യേകിച്ച് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല.
അമ്മയും സുഹൃത്തും സാധനങ്ങൾ വാങ്ങുന്നതിനായി പുറത്തു പോയ ശേഷം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് വരികയായിരുന്നു. ഏറെ നേരമായിട്ടും എത്താതായപ്പോൾ ഞ ങ്ങൾ വിളിച്ചെങ്കിലും കിട്ടിയില്ല..
സംസാരിച്ചിരിക്കെ തളർച്ചയോടെ ഓട്ടോയിലേക്ക് തലചാരി. ഉടൻ സുഹൃത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ര ക്ഷിക്കാനായില്ല.
അമ്മ പകർന്നു തന്ന ധൈര്യമാണ് ഈ സാഹചര്യത്തെയും നേരിടാൻ എന്നെ സഹായിക്കുന്നത്. അമ്മയായിരുന്നു എന്റെ ശക്തി. ഇപ്പോഴും അമ്മ തന്നെ.
രാഖി റാസ്