Wednesday 25 September 2024 12:37 PM IST

‘അഭിനയിക്കണമെങ്കിൽ അപ്പനോട് ഒരുവാക്കു പറഞ്ഞാൽ മതി, പക്ഷേ ഞാൻ പറഞ്ഞിട്ടില്ല അപ്പൻ ചോദിച്ചിട്ടുമില്ല’: അന്ന ബെൻ

V R Jyothish

Chief Sub Editor

anna-ben-vanitha-14

പ്ലാസ്റ്റിക് കുപ്പി എടുത്തേക്ക്. ഇവിടെ പ്ലാസ്റ്റിക് ഇടാൻ പാടില്ല....’ഒരു ബ്രേക്ക് അപ് സീനിൽ കാമുകി കാമുകനോടു പറഞ്ഞ വാചകമാണിത്. കരഞ്ഞു കലങ്ങിയ കണ്ണുകളോ, ദുഃഖഭാരത്താൽ കുനിഞ്ഞ ശിരസ്സോ ഇല്ല. പിണിക്കയർ പിന്നിയ പോലെയുള്ള തലമുടി കെട്ടിവച്ച് ‘തനിക്ക് മീൻ പിടിക്കാൻ പൊയ്ക്കൂടേടോ’ എന്നു കാമുകനോടു ചോദിക്കുന്ന ബേബിമോൾ. ആ പണിക്കു പോകുന്നതിൽ സംശയിച്ചു നിന്ന കാമുകനോട് ‘ഇന്നു കാലത്തുംകൂടി മഞ്ഞക്കൂരിം കൂട്ടി ചോറു തിന്നിട്ടു വന്ന എന്നോടോ ബാലാ.....’ എന്ന് ആശ്വസിപ്പിക്കുന്ന ‘കുമ്പളങ്ങി െനെറ്റ്സിലെ ബേബി മോളെ ആർക്കെങ്കിലും മറക്കാൻ പറ്റുമോ?

കൽക്കി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമായ അന്നയ്ക്ക് സിനിമാരംഗത്ത് ഇപ്പോൾ പാൻ ഇന്ത്യൻ ഇമേജുണ്ട്. എങ്കിലും അന്ന ഒട്ടും മാറിയിട്ടില്ല. അച്ഛൻ മുപ്പതിലേറെ ഹിറ്റുകൾ മലയാളികൾക്കു നൽകിയ ബെന്നി പി. നായരമ്പലം, അമ്മ ഫലൂജ, സഹോദരി സൂസന്ന ബെൻ എല്ലാവരുമുണ്ട് ഇവിടെ. എപ്പോഴും ചിരിക്കാനും തമാശ പറയാനും ഇഷ്ടപ്പെടുന്ന ബേബിമോളെപ്പോലെ എറണാകുളം നായരമ്പലത്ത് പുളിമൂട്ടിൽ വീട്ടിലിരുന്ന് അന്ന ബെൻ പറഞ്ഞുതുടങ്ങി.

എങ്ങനെയാണ് കൽക്കി സിനിമയിൽ എത്തിയത് ?

ഒരു ഇ–െമയിലിന്റെ രൂപത്തിലാണ് കൽക്കി 2898 എഡിയുടെ ഭാഗമാകാനുള്ള ഭാഗ്യം എനിക്കു കിട്ടുന്നത്. വൈജയന്തി പ്രൊഡക്‌ഷൻസിൽ നിന്നായിരുന്നു മെയിൽ. ആരോ പറ്റിക്കാൻ അയച്ചതാണെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ടു ഞാൻ പ്രതികരിക്കാനൊന്നും പോയില്ല. പക്ഷേ, പിന്നെയും മെയിൽ വായി ച്ചപ്പോൾ ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടോ എന്നൊരു സംശയം. അങ്ങനെ മറുപടി അയച്ചു. പിന്നെ, സൂം മീറ്റിങ് വഴി സംവിധായകൻ നാഗ് അശ്വിനുമായി സംസാരിച്ചു. അദ്ദേഹം കഥ പറഞ്ഞു തന്നു. ഇതിൽ കൈറ ആണ് എന്റെ കഥാപാത്രം. ‘ചെറിയ കഥാപാത്രമാണെങ്കിലും ശ്രദ്ധിക്കപ്പെടും’. അദ്ദേഹം പറഞ്ഞു. കോവിഡ് ഒഴിഞ്ഞുതുടങ്ങുന്ന സമയത്താണ് ഇതൊക്കെ നടക്കുന്നത്.

അതു ശരിയായിരുന്നുവെന്നു സിനിമ ഇറങ്ങിയതിനുശേഷം മനസ്സിലായി. കൽക്കിയിൽ അഭിനയിച്ചതിനുശേഷം എനിക്കു ഭയങ്കര തിരക്കാണ്. ബോളിവുഡിൽ ഒരുപാടു സിനിമകളിൽ കരാറായി എന്നൊക്കെ പലരും പാടി നടക്കുന്നുണ്ട്. അതൊന്നും ശരിയല്ല. ഞാനിപ്പോൾ മലയാളം സിനിമയിൽ നല്ലൊരു കഥാപാത്രത്തെ കിട്ടും എന്ന പ്രതീക്ഷയിലിരിക്കുകയാണ്.

ഒരുപാട് ആക്‌ഷൻ സീനുകൾ ഉള്ള കഥാപാത്രമായിരുന്നല്ലേ കൽക്കിയിലെ കൈറ?

എനിക്കത് വലിയ താൽപര്യമായിരുന്നു. നിക്പാൽ ആയിരുന്നല്ലോ കൽക്കിയുടെ സ്റ്റണ്ട് കൊറിയോഗ്രഫർ. അദ്ദേഹത്തിന്റെ പ്രോത്സാഹനം ഉണ്ടായിരുന്നു. അടിയും ഇടിയും ഒക്കെ ഒരുപാടുണ്ടായിരുന്നു. എങ്കിലും കൂടെയുള്ളവരുടെ സഹകരണം കൊണ്ട് നന്നായി ചെയ്യാൻ സാധിച്ചു. ഷൂട്ടിങ്ങിന്റെ അവസാന സമയത്തായിരുന്നു എനിക്കു കാര്യമായ ഒരു പരുക്ക് ഉണ്ടായത്. അതുകൊണ്ടും ഞാൻ രക്ഷപ്പെട്ടു. ഷൂട്ടിങ് മുടങ്ങിയില്ല.

അമിതാഭ് ബച്ചനെ സെറ്റിൽവച്ചു കണ്ടിരുന്നോ?

അമിതാഭ് ബച്ചൻ അഭിനയിച്ച സിനിമയിൽ ഞാനും അഭിനയിച്ചു എന്നു പറയാം എന്നല്ലാതെ ഞാൻ അദ്ദേഹത്തെ സെറ്റിൽ വച്ചു കണ്ടതേയില്ല. ഞങ്ങൾ തമ്മിൽ ഒരുമിച്ചുള്ള രംഗങ്ങളുമില്ല. സെറ്റിൽ ചെല്ലുമ്പോൾ യൂണിറ്റിലുള്ളവർ പറയും ഇന്നലെ ബച്ചൻ സാറിന്റെ ഷൂട്ട് ഉണ്ടായിരുന്നു ഇന്നു രാവിലെയാണു അദ്ദേഹം പോയത് എന്നൊക്കെ.

പ്രഭാസിനെയും സെറ്റിൽ കണ്ടില്ലേ?

ഇല്ല. ഞങ്ങൾ തമ്മിലും ഒരുമിച്ചുള്ള സീനുകൾ ഒന്നും ഇല്ലല്ലോ? അതുകൊണ്ട് അദ്ദേഹത്തെയും കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല. കണ്ടത് പശുപതി സാറിനെയും ശോഭന മാഡത്തെയുമാണ്.

ദീപിക പദുക്കോൺ?

ഞാനും ദീപിക മാഡവും കുറച്ചുദിവസങ്ങൾ ഒരുമിച്ചുണ്ടായിരുന്നു എങ്കിലും ഞങ്ങൾ രണ്ടുപേരും ഉള്ള സീനുകൾ കുറവായിരുന്നു. മലയാളിയാണെന്നു കേട്ടപ്പോൾ വലിയ സ്നേഹമായിരുന്നു അവർക്ക്. മലയാള സിനിമ അവർ കാണാറുണ്ട്. സെറ്റിൽ വച്ച് അവർ എന്നോടു പറഞ്ഞു; ‘കുമ്പളങ്ങി നൈറ്റ്സ്’ അവർക്ക് കാണാൻ കഴിഞ്ഞില്ല. പക്ഷേ, രൺവീർ സിങ് സിനിമ കാണുകയും അവരോടു സിനിമയെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട് എന്ന്.

വളരെ പ്രഫഷനൽ ആണ്. കൃത്യസമയത്തു വരുക ഷൂട്ടിങ് കഴിഞ്ഞ് കൃത്യസമയത്തു തിരിച്ചുപോവുക അതാണ് രീതി. പിന്നെ, അവർക്ക് എന്നോടുള്ള പ്രത്യേക താൽപര്യം എന്തായിരുന്നുവെന്നു ചോദിച്ചാൽ ഭാഷയുടെ കാര്യത്തിൽ ഞങ്ങൾ തുല്യദുഃഖിതർ ആയിരുന്നു. എനിക്കും തെലുങ്ക് അറിയില്ല. അവർക്കും അറിയില്ല.

എങ്ങനെയായിരുന്നു ശോഭനയുമൊത്തുള്ള അഭിനയം?

കുട്ടിക്കാലം മുതലേ ഞാനൊരു ശോഭന ഫാൻ ആണ്. മ ണിച്ചിത്രത്താഴും മിന്നാരവുമൊക്കെ എത്ര തവണ കണ്ടു എന്ന് എനിക്കു തന്നെ അറിയില്ല. മുൻപ് ഒരു പ്രാവശ്യം സംസാരിച്ചിട്ടുണ്ട്. അന്നു ഞാൻ പറഞ്ഞു. ഞാൻ മാഡത്തിന്റെ ആരാധികയാണ്. എനിക്ക് ഒരു സീനിൽ എങ്കിലും ഒപ്പം അഭിനയിക്കണം എന്നു മോഹമുണ്ട്.

‘കപ്പേള’യിൽ അഭിനയിച്ച കുട്ടിയല്ലേ താൻ. അതിനെന്താ അവസരം വരട്ടെ. നമുക്ക് ഒരുമിച്ച് അഭിനയിക്കാമല്ലോ’ എന്നും പറഞ്ഞിരുന്നു. കൽക്കിയിൽ അഭിനയിക്കാൻ ചെന്നപ്പോൾ ഞാനിക്കാര്യം ഓർമിപ്പിച്ചു. ഞങ്ങൾ രണ്ടുപേരും ഉള്ള മൂന്നാലു സീനുകൾ എടുത്തിട്ടുണ്ടായിരുന്നു. പക്ഷേ, അതൊന്നും സിനിമയിൽ വ ന്നില്ല. ഇനി മലയാളത്തിൽ ഒരു സിനിമയിൽ എങ്കിലും ഒന്നിച്ച് അഭിനയിക്കാൻ കഴിയണേ എന്നു പ്രാർഥിക്കുന്നു.

മലയാളത്തിൽ അഭിനയിക്കുന്നില്ലല്ലോ?

ഒരു വർഷം മുൻപ് ത്രിശങ്കു എന്ന സിനിമയിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. നല്ലൊരു മലയാള സിനിമയ്ക്കുവേണ്ടി ഞാൻ കാത്തിരിക്കുകയാണ്.

വലിയ താൽപര്യമില്ലാതെയാണ് അഭിനയരംഗത്തേക്കു വന്നത് എന്നു കേട്ടിട്ടുണ്ട്?

അങ്ങനെയല്ല. അഭിനയിക്കാൻ തുടങ്ങിയതു താൽപര്യത്തോടെ തന്നെയാണ്. കുട്ടിക്കാലത്ത് അഭിനയിക്കാനുള്ള പല അവസരങ്ങളും വന്നു. പക്ഷേ, അന്നതിൽ താൽപര്യം തോന്നിയില്ല. മൂന്നു പതിറ്റാണ്ടിലേറെയായി അപ്പൻ സിനിമാരംഗത്തുണ്ട്. ഏതെങ്കിലുമൊരു റോളിൽ അഭിനയിക്കണമെങ്കിൽ അപ്പനോട് ഒരു വാക്കു പറഞ്ഞാൽ മതി. പക്ഷേ, ഞാൻ പറഞ്ഞിട്ടില്ല. അപ്പൻ ചോദിച്ചിട്ടുമില്ല.

anna-ben-2

പിന്നെ പഠനം കഴിഞ്ഞ് ഒരു വർഷം ജോലി ചെയ്ത ശേഷമാണ് അഭിനയിക്കാൻ ശ്രമിക്കാം എന്നു തോന്നിയത്. അങ്ങനെയാണ് ‘കുമ്പളങ്ങി നൈറ്റ്സി’ന്റെ ഒഡിഷനു പോകുന്നത്. എന്നെ എടുക്കും എന്ന പ്രതീക്ഷയൊന്നുമില്ലായിരുന്നു. സെലക്റ്റ് ചെയ്തതിനുശേഷമാണ് ഞാൻ പറയുന്നത് ബെന്നി. പി. നായരമ്പലത്തിന്റെ മകളാണെന്ന്. ഇ ൻസ്റ്റഗ്രാമിൽ ആഷിഖ് അബുവിന്റെ കാസ്റ്റിങ് കോൾ കണ്ടു. അതിലേക്ക് മെയിൽ അയച്ചു. നാലു റൗണ്ട് ഒഡിഷനുശേഷമാണ് ഞാൻ ബേബിമോൾ ആയത്.

ന്യൂജനറേഷനിലെ ആരും പറയാത്ത ഒരു കാര്യം അന്ന പറഞ്ഞിട്ടുള്ളത്; ‘ഞാൻ കഥയാണു കേൾക്കുന്നതു കഥാപാത്രത്തെയല്ല’ എന്ന് എന്തുകൊണ്ടാണ് ഇത്?

കഥ നന്നാണെങ്കിൽ സിനിമ പകുതി വിജയിച്ചു എന്നാണു തോന്നിയിട്ടുള്ളത്. നല്ല കഥയാണെങ്കിൽ അതിലെ ഏറ്റവും ചെറിയ കഥാപാത്രത്തിനുപോലും നല്ല പ്രാധാന്യം ഉണ്ടാകും. അങ്ങനെയുള്ള കഥാപാത്രത്തിന് അഭിനയസാധ്യതയും ഉണ്ടാകും. അതുകൊണ്ടാണു കഥാപാത്രങ്ങൾക്കല്ല കഥയ്ക്കാണു പ്രാധാന്യം എന്നു പറയുന്നത്.

തമിഴിലും അരങ്ങേറ്റം കുറിച്ചല്ലോ?

എന്റെ ആദ്യത്തെ തമിഴ് സിനിമ ഈ മാസം റിലീസ് ചെയ്യുന്നു. കൊട്ടക്കാളി എന്നാണു പേര്. ഒരു ഫെസ്റ്റിവൽ സിനിമയാണ് അത്. ബെർലിൻ ഫെസ്റ്റിവലിൽ അതു പ്രദർശിപ്പിച്ചു. പി.എസ്. വിനോത് രാജാണ് സംവിധാനം. ശിവകാർത്തികേയന്റെ നിർമാണം. നേരത്തെ കൂഴങ്ങൾ എന്ന സിനിമ സംവിധാനം ചെയ്ത പല രാജ്യാന്തര അവാർഡുകളും നേടിയ സംവിധായകനാണ് വിനോത് രാജ്. നായകനില്ലാത്ത സിനിമയാണിത്. എന്നാൽ വില്ലൻ ഉണ്ടുതാനും. സ്ത്രീപക്ഷത്തു നിന്നു സംസാരിക്കുന്ന കഥയാണ്.

അന്ന അഭിനയിക്കുന്ന പല സിനിമകളും ഇതുപോലെ നായികാപ്രാധാന്യമുള്ളതാണ്? എങ്ങനെ എത്തി ഈ തമിഴ് സിനിമയിൽ?

anna-2

ഞാൻ അഭിനയിച്ച കപ്പേള എന്ന സിനിമ കണ്ടിട്ടാണ് വിനോത് രാജ് വിളിക്കുന്നത്. അതിെല ജെസി എന്ന കഥാപാത്രത്തോട് സാമ്യമുണ്ട് കൊട്ടക്കാളിയിലെ മീന എന്ന കഥാപാത്രത്തിനും. സ്ത്രീകളുടെ പക്ഷത്തു നിന്നു സംസാരിക്കുന്നു എന്നതാണു ഈ സിനിമയുടെ പ്രത്യേകത.

വളരെ പ്രത്യേകതകൾ ഉള്ള ധാരാളം കഥാപാത്രങ്ങളെ അന്ന അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഇഷ്ടം ആരെയാണ്?

എന്തുകൊണ്ടാണ് എന്ന് അറിഞ്ഞുകൂടാ എനിക്ക് ഇപ്പോഴും ഏറ്റവും ഇഷ്ടം കുമ്പളങ്ങി ൈനറ്റ്സിലെ ബേബി മോ ളെ തന്നെയാണ്. ‘െഹലനി’ലും, ‘കപ്പേള’യിലും അഭിനയിച്ചതിനാണ് എനിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയത്. എങ്കിലും എനിക്ക് ഏറ്റവും ഇഷ്ടം ബേബി മോളെ തന്നെ.

എന്താ കാരണമെന്ന് അറിഞ്ഞുകൂടാ. ഒരുപക്ഷേ, ആദ്യ സിനിമ ആയതുകൊണ്ടാകാം.

സിനിമ എഴുത്തുകാരനാണ് അച്ഛൻ. വീട്ടിൽ സിനിമ സംസാരിക്കാറുണ്ടോ?

കഥയുെട നല്ലൊരു സ്പാർക് കിട്ടിയാൽ തന്നെ അച്ഛൻ വീട്ടിൽ ഞങ്ങളോടെല്ലാം ചർച്ച ചെയ്യും. ഞങ്ങൾ പറയുന്ന പല കാര്യങ്ങളും സിനിമയിൽ ഉൾപ്പെടുത്തുകയും ചെയ്യും. സിനിമയാണ് ഞങ്ങളുടെ വീട്ടിലെ പ്രധാന സംസാരവിഷയം. അമ്മ ഫുൽജയ്ക്കും, സഹോദരി സൂസന്നയ്ക്കുമൊക്കെ സിനിമ പ്രിയപ്പെട്ട ഇടം തന്നെയാണ്.

അപ്പയ്ക്കൊപ്പം സിനിമയിൽ അപ്പയും മകളുമായി അഭിനയിച്ചപ്പോൾ?

അപ്പ നാടകത്തിൽ അഭിനയിക്കുന്ന സമയത്തൊന്നും ഞാ ൻ ജനിച്ചിട്ടില്ലെന്നു തോന്നുന്നു. എന്തായാലും അപ്പ നാടകത്തിൽ അഭിനയിക്കുന്നതൊന്നും ഞാൻ കണ്ടിട്ടില്ല.

സാറാസിലാണ് ഞാനും അപ്പയും ഒരുമിച്ച് അഭിനയിച്ചത്. മലയാളസിനിമയിൽ തന്നെ അങ്ങനെയൊരു സംഭവം ആദ്യമായിട്ടാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. അപ്പ പറയും; മുപ്പതു വർഷത്തിലേറെയായി സിനിമ എഴുതുന്നു. ഹിറ്റുകൾ തന്നെ മുപ്പതിലധികം. എന്നിട്ടും ഒരു സിനിമയിൽ അഭിനയിച്ചപ്പോഴാണ് ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത് എന്ന്. അതാണ് അഭിനയത്തിന്റെ ഗുണം.

എന്താണ് ഓണത്തെക്കുറിച്ചുള്ള ഓർമകൾ?

ഓണവും ക്രിസ്മസുമൊക്കെ ഞങ്ങൾ നന്നായി ആഘോഷിക്കും. സദ്യ തന്നെയാണ് ഓണത്തിനു പ്രധാനം. വീട്ടിൽ അപ്പയാണു സദ്യയുടെ ആൾ. കാരണം അപ്പയ്ക്ക് പായസം വളരെ ഇഷ്ടമാണ്. സദ്യയ്ക്ക് കറികൾ ഇത്തിരി കുറഞ്ഞാലും കുഴപ്പമില്ല പായസം മൂന്നാലു ഇനം വേണം എന്നതു നിർബന്ധം. അതുകൊണ്ടു ഞങ്ങളുടെ സദ്യയ്ക്ക് മൂന്നിനം പായസം ഉണ്ടാകും. പരിപ്പു പായസമാണ് അപ്പയ്ക്ക് ഏറ്റവും ഇഷ്ടം.

സത്യം പറയാമല്ലോ എനിക്ക് അത്രയ്ക്ക് ഇഷ്ടമുള്ളതല്ല പായസം. പിന്നെ ഓണമായതുകൊണ്ടു കഴിക്കും. സദ്യയിൽ എനിക്ക് ഇഷ്ടം കൂട്ടുകറിയും അമ്മയുെട പുളിശ്ശേരിയുമാണ്. കുട്ടിക്കാലത്തേ ഞങ്ങൾ ഒാണത്തിനു പൂക്കളം ഇടാറുണ്ടായിരുന്നു. ഞാനും അനുജത്തിയും പോയി പൂക്കളൊക്കെ േശഖരിച്ചു കൊണ്ടുവന്നാണ് പൂക്കളം ഒരുക്കാറുള്ളത്. പക്ഷേ, ഞങ്ങളിട്ട ഒരു പൂക്കളവും ഇന്നേവരെ നന്നായിട്ടില്ല. നന്നായി എന്ന് ആരും പറഞ്ഞിട്ടുമില്ല.

ഓണത്തെ സംബന്ധിച്ച ഞങ്ങളുടെ ഏറ്റവും പ്രധാന ഓർമയെന്നു പറയുന്നത് ഏതെങ്കിലുമൊരു പഴയ സിനിമയാണ്. തിയറ്ററിൽ നല്ല സിനിമയുണ്ടെങ്കിൽ പോയി കാണും. അല്ലെങ്കിൽ വീട്ടിൽ തന്നെ ഏതെങ്കിലുമൊരു പഴയ സിനിമ കാണും. പഴയ സിനിമ കാണുന്നത് അമ്മച്ചിക്കുവേണ്ടിയാണ്. അപ്പയുെട അമ്മയ്ക്കു വേണ്ടി. അമ്മച്ചിക്കു പഴയ സിനിമകളോടാണു താത്പര്യം. അങ്ങനെ ഒരുപാടു പഴയസിനിമകളുടെ ഓർമയാണ് എനിക്ക് ഓണം.

വി. ആർ. ജ്യോതിഷ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ