Thursday 13 December 2018 10:53 AM IST : By രൂപാ ദയാബ്ജി

’അടുത്ത ജന്മമുണ്ടെങ്കിൽ എനിക്ക് ജ്യോതികയാകണം!’ സ്വപ്നങ്ങളും വിശേഷങ്ങളും പങ്കുവച്ച് അനുശ്രീ

anusree31 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പത്തനാപുരത്തു നിന്ന് ആദ്യമായി അനുശ്രീ തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത് ജി വി രാജാ സ്പോർട്സ് സ്കൂളിൽ എട്ടാംക്ലാസ് അഡ്മിഷനു വേണ്ടിയായിരുന്നു. ആ പഠിത്തം  പകുതിക്കു വച്ച് നിർത്തി നാട്ടിലേക്കു മടങ്ങിയെങ്കിലും ഇഷ്ട ഐറ്റങ്ങളായ ലോങ്ജംപും ബാസ്കറ്റ് ബോളും കൈവിട്ടില്ല. സിനിമയിലേക്കായിരുന്നു അനുശ്രീയുടെ അളന്നു മുറിച്ചുള്ള ചാട്ടം.  നേട്ടങ്ങളുടെ ബാസ്കറ്റിൽ അവൾ നിറച്ചത് പ്രമുഖ സംവിധായകരുടെ സിനിമകളിലെ മികച്ച റോളുകൾ. വിവാഹം തീരുമാനിച്ചെന്ന് ഗോസിപ്പ് ഇറങ്ങിയപ്പോഴും എയർപോർട്ടിലെ കഫേയിൽ നിന്ന് രണ്ടു പഫ്സിനും കട്ടൻ കാപ്പിക്കും 680  രൂപ ബില്ല് കിട്ടിയപ്പോഴും അനുശ്രീ ഞെട്ടിയില്ല.

‘‘കരിയറിലും  ലൈഫിലും  നന്നായി സപ്പോർട്ട് ചെയ്യുന്നയാളെയേ വിവാഹം ചെയ്യൂ. അത് പ്രണയവിവാഹം തന്നെ ആയിരിക്കും.’’ വളവും  തിരിവുമില്ലാതെ പറയാനുള്ളത് നേരെ പറഞ്ഞ് അനുശ്രീ അഭിമുഖം തുടങ്ങുന്നു.

2016 ഭാഗ്യവർഷമായിരുന്നു ?

‘ഒപ്പ’വും ‘മഹേഷിന്റെ പ്രതികാര’വും ‘കൊച്ചൗവ പൗലോ’യും ഹിറ്റായത് എന്റെ കൂടെ ഭാഗ്യം കൊണ്ടാണെങ്കിൽ അങ്ങനെ പറയാം. കരിയറിന്റെ തുടക്കം മുതൽ നല്ല സിനിമകളുടെയും സംവിധായകരുടെയും കൂടെ  പ്രവര്‍ത്തിക്കാൻ സാധിച്ചതും ആ ഭാഗ്യത്താലാണ്. റിയാലിറ്റിഷോയിൽ പങ്കെടുക്കാൻ കിട്ടിയ അവസരമാണ് സിനിമയിലേക്കു വഴി തുറന്നത്. ആ റിയാലിറ്റി ഷോയിൽ വിജയിക്കുന്നവർക്ക് സംവിധായകൻ ലാൽജോസിന്റെ സിനിമയിൽ നായികാവേഷമായിരുന്നു ഓഫർ. തലയിൽ നന്നായി എണ്ണ തേച്ച് കുളിച്ചു നിന്ന ഒരു ഉച്ചനേരത്താണ് കൂട്ടുകാരി റിയാലിറ്റി ഷോയുടെ കാര്യം പറഞ്ഞ് വിളിക്കുന്നത്. അത് ജീവിതം തന്നെ മാറ്റി.

പത്തനാപുരത്തെ കമുകിൻചേരി എന്ന നാട്ടിൻപുറമാണ് എന്റെ ഗ്രാമം. അച്ഛൻ മുരളീധരന് വാട്ടർ അതോറിറ്റിയിലായിരുന്നു ജോലി. അമ്മ ശോഭന വീട്ടമ്മ. ചേട്ടൻ അനൂപും ഞാനും സിനിമ കാണാൻ പോകണമെന്നു പറഞ്ഞു വാശി പിടിക്കുമ്പാള്‍ അച്ഛൻ ഞങ്ങളെയും കൂട്ടി പത്തനാപുരം സീമയിലേക്കോ പുനലൂർ തായ്‌ലക്ഷ്മിയിലേക്കോ പോകും. ആകെയുള്ള എയര്‍കണ്ടീഷന്‍ഡ് തിയറ്റർ അഞ്ചലിലെ വർഷയായിരുന്നു.

സിനിമയല്ലാതെ പിന്നെ എന്തായിരുന്നു അന്നത്തെ സ്വപ്നം ?

മഞ്ഞക്കാല ഇന്ദിരാഗാന്ധി മെമ്മോറിയൽ സ്കൂളിലായിരുന്നു ഏഴാം ക്ലാസ് വരെ പഠിച്ചത്.  എട്ടും ഒമ്പത് പകുതി വരെയും തിരുവനന്തപുരം ജിവി രാജായിൽ. വീടു വിട്ടു താമസിക്കുന്നത് സഹിക്കാനാകാതെ വന്നപ്പോൾ ഞാൻ കരച്ചിലും ബഹളവും തുടങ്ങി, എന്നെ ജീവനോടെ വേണമെങ്കിൽ ഇപ്പോൾ കൊണ്ടുപോകണമെന്നു പറഞ്ഞായിരുന്നു കരച്ചിൽ. ഒടുവിൽ എന്റെ വാശി ജയിച്ചു. ഞാൻ നാട്ടിൽ തിരിച്ചെത്തി.

അമ്മയുടെ അച്ഛനായിരുന്നു കുട്ടിക്കാലത്തെ എന്റെ ഹീറോ. നാട്ടിലെ തിരുവിളങ്ങോരപ്പന്റെ ഉത്സവത്തിനു കഥകളി കാണാൻ അപ്പൂപ്പ ൻ വരും. ഞങ്ങൾ പിള്ളാരു സെറ്റിന് സ്പോട്ടിൽ കഥയൊക്കെ പറഞ്ഞു തന്നാണ് അപ്പൂപ്പൻ കഥകളി കാണുന്നത്. അപ്പൂപ്പൻ വരുന്ന ബസ് നോക്കി ഞങ്ങൾ നിൽക്കും. കടയിൽ നിന്ന് പൊറോട്ടയിൽ പഞ്ചസാരയിട്ടു വാങ്ങി അതുമായാണ് അപ്പൂപ്പൻ വരിക.

പ്ലസ്‌വണിന് ഞാൻ എൻസിസിയിൽ ചേർന്നു. അതായിരുന്നു സൂപ്പർ ടൈം. പ്ലസ്ടുവിന് പഠിക്കുമ്പോൾ ഡൽഹിയിൽ നടന്ന റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്തിരുന്നു. അതിന്റെ ഗ്രേസ് മാർക്ക് കൂടി കിട്ടിയിട്ടാണ് പാസ്സായത്. പ്ലസ്ടുവിന്റെ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് പേപ്പർ ഞാൻ പാസ്സായെന്ന്  ഇപ്പോഴും ടീച്ചർമാർ വിശ്വസിച്ചിട്ടില്ല. എൻസിസി ക്യാംപ് എന്നു പറഞ്ഞ് പോയ ഞാൻ പരീക്ഷയെഴുതാൻ വേണ്ടിയാണ് സ്കൂളിലേക്ക് ചെന്നത്. അന്ന് ആർമി ഓഫിസർമാരോട് ചോദിച്ച് കരിയർ തീരുമാനിച്ചിരുന്നു. പെൺകുട്ടികളെ പട്ടാളത്തിൽ ചേർക്കരുത് എന്ന് ചിലർ പറഞ്ഞെങ്കിലും വീട്ടുകാർ സപ്പോർട്ട് ചെയ്തു. സൈന്യത്തിൽ ചേരാൻ തയാറായി ഇരിക്കുമ്പോഴാണ് റിയാലിറ്റി ഷോ. ‘ഒപ്പ’ത്തിന്റെ ഊട്ടിയിലെ ഷെഡ്യൂളിൽ എന്നെ പൊലിസ് യൂണിഫോമിൽ കണ്ട് അമ്മ കരഞ്ഞു. എന്തുപറ്റി എന്നു ചോദിച്ച് വന്നവരോട് ‘ആർമി യൂണിഫോമിൽ കാണാനാഗ്രഹിച്ച  മകളെ പൊലീസ് യൂണിഫോമിലെങ്കിലും കാണാനായല്ലോ’ എന്നു പറഞ്ഞു അമ്മ. പാവം, ഗദ്ഗദകണ്ഠയായി പോയെന്നു പറഞ്ഞാൽ മതിയല്ലോ.

സിനിമ കരിയറാക്കിയപ്പോൾ ?

‘ഷോയിൽ ജയിച്ചാലും നിന്നെ ഞാൻ നായിക ആക്കിയില്ലെങ്കിലോ’ എന്ന് ഒരിക്കൽ ലാൽജോസ് സാർ ചോദിച്ചു. ‘സാർ മാത്രമല്ലല്ലോ ഷോ കാണുന്നത്. ഏതെങ്കിലും സംവിധായകർ വിളിച്ചോളും’ എന്നായിരുന്നു എന്റെ മറുപടി. തർക്കുത്തരം പറഞ്ഞ് ശീലിച്ചുപോയിട്ടാണ് അന്ന് അങ്ങനെ പറഞ്ഞത്. പക്ഷേ, എല്ലാവരും അതിന്റെ സ്പിരിറ്റിൽ തന്നെയെടുത്തു.  ലാൽജോസ് സാറിന്റെ തമിഴ് സിനിമയിലേക്കാണ് സെലക്ട് ചെയ്തിരുന്നത്. അത് നടന്നില്ല. നാട്ടിൽ പോകുമ്പോൾ ആളുകൾ ചോദിക്കും, ‘സിനിമ തുടങ്ങിയില്ലേ.’ ആദ്യം ചമ്മലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ശീലമായി. എല്ലാം മറന്നിരിക്കുമ്പോഴാണ് ‘ഡയമണ്ട് നെക്‌ലസി’ലേക്ക് വിളിച്ചത്. അത് നല്ല തുടക്കമായി. പിന്നെ, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘റെഡ് വൈൻ’...

മിക്ക സിനിമകളിലും നാടൻ വീട്ടമ്മ റോളുകൾ. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാമെന്നു നോക്കിയിരിക്കുമ്പോഴാണ് ‘ഇതിഹാസ’ വന്നത്. ഷൈനും ബാലുവും ഒഴികെ ആ സിനിമയിൽ എല്ലാവരും പുതുമുഖങ്ങളാണ്. പക്ഷേ, നല്ല സിനിമയായിരുന്നു അത്.

നാടൻ ഭാര്യയെ തേടി പ്രണയലേഖനങ്ങൾ വന്നോ ?

റിയാലിറ്റി ഷോ ചെയ്ത കാലത്ത് ഏതോ മാഗസിനിൽ അഡ്രസ് വന്നിട്ട് വീട്ടിലേക്ക് കത്തുകൾ വരുമായിരുന്നു. അതിൽ പ്രണയ ലേഖനങ്ങൾ കുറവായിരുന്നു. ഇടയ്ക്ക് ഫെയ്സ്ബുക് മെസഞ്ചറിൽ പ്രണയമാണ്, ഭ്രാന്താണ്, കണ്ടില്ലെങ്കിൽ മരിച്ചുപോകും എന്നൊക്കെ പറഞ്ഞ് ചിലർ മെസേജ് അയയ്ക്കും. ഇതേ മെസേജ് തന്നെ മറ്റ് നായികമാർക്കും ഇവർ അയയ്ക്കുന്നുണ്ടാകും.  വിവാഹവും  പ്രണയവുമൊന്നും തമാശയായി കാണേണ്ടതല്ല. തോന്നുമ്പോൾ ഉപേക്ഷിച്ചു പോകാനാണെങ്കിൽ പിന്നെ പ്രണയവും  വിവാഹവുമൊക്കെ എന്തിനാ.

anusree41

സത്യം പറഞ്ഞാൽ  പണ്ടെനിക്ക്  ചെറിയ  പ്രണയം  ഉണ്ടായിരുന്നു. ഇപ്പോൾ സീരിയസായി ഒന്നുമില്ല. വിവാഹത്തെക്കുറിച്ചും സീരിയസായി ഇതുവരെ ആലോചിച്ചിട്ടില്ല. ഇപ്പോഴത്തെ ഓരോ വാർത്തകൾ കേൾക്കുമ്പോൾ വിവാഹം കഴിക്കാതിരുന്നാലോ എന്നു പോലും ആലോചിക്കാറുണ്ട്. നടിമാരുടെ വിവാഹവാർത്ത വരുമ്പോഴേ ആളുകൾ പറയാൻ തുടങ്ങും, ഉടനെ ഡിവോഴ്സ് വാർത്ത കേൾക്കാമെന്ന്. കല്യാണം കഴിച്ചില്ലെങ്കിൽ കഴിച്ചില്ലെന്നേ ഉള്ളൂ. എന്റെ ഈ നിൽപ് കണ്ട് വീട്ടുകാർ ചേട്ടന്റെ വിവാഹം ഉറപ്പിച്ചു, ഇപ്പോൾ വീട് കല്യാണ ഒരുക്കത്തിലാണ്. ജൂൺ 12ന് ചേട്ടൻ അനൂപിന്റെയും ആതിരയുടെയും കല്യാണമാണ്. നാത്തൂൻ പോരിനുള്ള തയാറെടുപ്പിലാണ് ഞാൻ.

ചാനൽ ഷോയിലെ പ്രണയത്തമാശ സീരിയസായല്ലോ ?

ആ ഷോയ്ക്ക് മേക്കപ്പ് ചെയ്ത് സ്റ്റുഡിയോയിൽ വരുമ്പോഴാണ് റെയ്ജനും  ഞാനും ആദ്യമായി കാണുന്നത്. ഷോയുടെ അവസാനം ഇത് വെറും ഷോ മാത്രമായിരുന്നു എന്നു പറയാതിരുന്നതാണ് അന്നു പറ്റിയ അബദ്ധം. ഷോ കഴിഞ്ഞപ്പോൾ ഗൾഫിൽ നിന്ന് മാമൻ അമ്മയെ വിളിച്ചു, ‘എന്താ എന്നെ അറിയിക്കാതെ വിവാഹം ഉറപ്പിച്ചത്’ എന്നു ചോദിച്ച്. അവസാനം ഫെയ്സ്ബുക് ലൈവിൽ വന്ന് ഒന്നും സത്യമല്ല എന്നു പറയേണ്ടിവന്നു. നാട്ടുകാരുടെ അന്വേഷണം സഹിക്കാനാകാതെ എന്റെയും റെയ്ജന്റെയും വീട്ടുകാർ ‘അതെ, അവരുടെ വിവാഹമാണ്’ എന്നു പറയാൻ തുടങ്ങി. രണ്ടുപേരുടെയും വീട്ടുകാർ ഈ സ്പിരിറ്റിൽ എടുത്തതിനാൽ ഞങ്ങൾ പെട്ടില്ല.

സങ്കൽപത്തിലെ പുരുഷൻ എങ്ങനെയാണ് ?

സങ്കൽപത്തിലെ പുരുഷൻ വളരെ ഫ്രണ്ട്‌ലിയാണ്. നന്നായി സപ്പോർട്ട് ചെയ്യണം, കരിയറിലും ലൈഫിലും. കൂട്ടുകാരുടെ കൂടെ കൂടി വല്ലപ്പോഴുമൊന്നു കള്ളുകുടിക്കുന്നതിലൊന്നും കുഴപ്പമില്ല. പക്ഷേ, എന്റെ കൂടെ അമ്പലത്തിൽ വരാനും യാതൊരു മടിയുമുണ്ടാകരുത്. എന്റെ വട്ടുകൾക്കും കൂടെ നിൽക്കണം. ‘ചന്ദ്രേട്ടൻ എവിടെയാ’യിൽ എന്റേത് കുറച്ച് ബുദ്ധിമുട്ടിക്കുന്ന ഭാര്യയാണ്. പക്ഷേ, വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്ന ഭർത്താവ് എത്തിയോ, ഭക്ഷണം കഴിച്ചോ, വൈകുന്നതിന്റെ കാരണമെന്താ എന്നൊക്കെ അന്വേഷിക്കേണ്ടത് ഭാര്യയുടെ കടമയാണ്. ഞാൻ എങ്ങോട്ടെങ്കിലും പോയിട്ട് അന്വേഷിക്കാതിരുന്നാൽ എനിക്കും ദേഷ്യം വരും. കുറച്ചൊക്കെ ‘ചന്ദ്രേട്ടനി’ലെ ഭാര്യയെ പോലെയാകും ഞാൻ. പക്ഷേ, ആവശ്യത്തിന് ഫ്രീഡം നൽകുകയും ചെയ്യും.

സിനിമാനടി ആയില്ലെങ്കിൽ ഡിഗ്രി കഴിയുമ്പോഴേ എന്റെ വിവാഹം കഴിഞ്ഞേനെ. എങ്കിൽ നല്ലൊരു വീട്ടമ്മയായി കുടുംബം  നോക്കി  ഇരിക്കുമായിരുന്നു ഞാൻ. പണ്ടേ ഞാൻ വീട്ടിൽ പറയുമായിരുന്നു, ‘നിങ്ങൾ തരുന്ന 101 പവനും പ്രണയിച്ചയാളെയും കൈവിടില്ല’ എന്ന്.

പ്രിയദർശൻ സിനിമയിലും നായികയായി ?

‘ഒപ്പം’ സിനിമയുടെ ലൊക്കേഷനിലെത്തും മുമ്പ് പ്രിയദർശൻ സാർ എങ്ങനെയാകും എന്നോർത്തായിരുന്നു ടെൻഷൻ.  ലാലേട്ടനൊപ്പം ‘റെഡ്‌വൈനി’ൽ അഭിനയിച്ചിരുന്നു. പിന്നീട് ‘കനലി’ലേക്കും മറ്റൊരു സിനിമയിലേക്കും ലാലേട്ടനൊപ്പം ചാൻസ് വന്നിട്ട് ചെയ്യാൻ പറ്റിയില്ല. പിന്നെയാണ് ‘ഒപ്പം’ വരുന്നത്. മേക്കപ്പിട്ട് ചെല്ലുമ്പോൾ ലാലേട്ടൻ ചോദിച്ചു, ‘ഒടുവിൽ നീ വന്നു അല്ലേ’ എന്ന്.

‘അതെന്താ സംഗതി’ എന്നു പ്രിയദർശൻ സാർ ചോദിച്ചപ്പോൾ ലാലേട്ടന്റെ മറുപടി ഇങ്ങനെ, ‘എപ്പോൾ വിളിച്ചാലും ഇവൾക്ക് തോളുവേദനയാണെന്നു പറയും. ഇപ്പോഴാ സമയം ഒത്തുവന്നത്.’ ‘തോളു കൊണ്ടാണോ നീ അഭിനയിക്കുന്നത്’ എന്നുചോദിച്ച് അവരെന്നെ കളിയാക്കി. അതോടെ സീൻ കൂളായി. ഇപ്പോൾ പ്രിയൻ സാറുമായി വലിയ കമ്പനിയാണ്. മോളേ എന്നാണ് സാർ വിളിക്കാറ്. ‘ഒറ്റ സീനേ ഉള്ളൂ, പക്ഷേ അനു ചെയ്താൽ നന്നാകും’ എന്നു തോന്നിയാൽ തീർച്ചയായും വിളിക്കണം  എന്നു പറഞ്ഞിട്ടുണ്ട് അദ്ദേഹത്തോട്.

തോളുവേദനയോ, അതെന്താ സംഗതി ?

ഒരു വെയ്ന്റെ പ്രശ്നം കാരണം ഇടതുകൈ അനക്കാനും ഭാരമെടുക്കാനുമൊക്കെ ബുദ്ധിമുട്ടായിരുന്നു. ‘ഇതിഹാസ’യിൽ ഫൈറ്റ് ചെയ്യുമ്പോൾ സീരിയസായി. അതിന്റെ പ്രൊമോഷന് വേണ്ടി വിളിക്കുമ്പോൾ തിരുവനന്തപുരം മെഡിക്കൽ കോള ജിലെ ന്യൂറോ സർജറി വാർഡിൽ ഞാൻ സർജറി കഴിഞ്ഞ് കിടക്കുകയായിരുന്നു. ‘ചന്ദ്രേട്ടനി’ലേക്ക് വിളിക്കുമ്പോൾ കൈയുടെ ബുദ്ധിമുട്ട് പറഞ്ഞ് ഒഴിഞ്ഞതാണ്. പക്ഷേ, സിദ്ധാർഥേട്ടൻ പറഞ്ഞത് ‘ഇനിയും നാലു മാസമുണ്ട് ഷൂട്ടിങ്ങിന്, ഫിസിയോതെറപ്പി കഴിഞ്ഞ് മിടുക്കിയായി വരൂ’ എന്നാണ്. ഫിസിയോതെറപ്പി  ചെയ്ത്  കുറച്ച് ഓക്കെയായി. വർക്കിനു ജോയിൻ ചെയ്തിട്ടും ഷൂട്ടിങ്ങില്ലാത്ത ദിവസങ്ങളിൽ തിരുവനന്തപുരത്ത് പോയി ഫിസിയോതെറപ്പി ചെയ്ത് മടങ്ങിവരുമായിരുന്നു.

ലാലേട്ടനൊപ്പമുള്ള മറ്റൊരു റോൾ സ്വീകരിക്കാനാകാതിരുന്നതാണ് വലിയ നഷ്ടം. ‘പുലിമുരുക’നിൽ കമാലിനി മുഖർജി അവതരിപ്പിച്ച കഥാപാത്രം എനിക്കു വന്നതാണ്. കഥ കേൾക്കുമ്പോഴാണ് ആക്‌ഷൻ സിനിമയാണെന്നറിയുന്നത്. ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്നതു കൊണ്ട് ഡോക്ടർ സമ്മതിച്ചില്ല. പിന്നീട് സിനിമ കണ്ടപ്പോൾ വലിയ വിഷമമായി.

കേരളത്തിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം കുറവെന്ന് തോന്നിയിട്ടുണ്ടോ?

വന്നു വന്ന് കേരളത്തിലാണ് പീഡനം കൂടുതലെന്നു തോന്നുന്നു. പീഡിപ്പിക്കുന്നവരെ നേരെ ഗൾഫിലേക്ക് വിടണം. ഇവിടെയുള്ളവർക്ക് നിയമത്തെ പേടിയില്ലാത്തതാണു കുഴപ്പം. ലൊക്കേഷനിലേക്ക് മിക്കവാറും ചേട്ടനോ അമ്മയോ ആണ് കൂടെ വരാറ്. ഇതുവരെ അപകടമൊന്നും ഉണ്ടായിട്ടില്ല. കേരളത്തിൽ ജീവിക്കുന്നതു കൊണ്ട് എപ്പോൾ വേണമെങ്കിലും നമ്മൾ എന്തും പ്രതീക്ഷിക്കണമല്ലോ. പുറത്തൊന്നും എത്ര മോഡേൺ ഡ്രസിട്ടാലും ആളുകൾ തുറിച്ചു നോക്കില്ല. ഇവിടെ കുർത്തയ്ക്കൊപ്പം  ഷാൾ ഇട്ടാൽ പോലും  ആണുങ്ങളുടെ നോട്ടം സഹിക്കാൻ പറ്റില്ല.

ഒളിപ്പിച്ചുവച്ച മോഹങ്ങളെന്തെങ്കിലും ?

തമിഴിൽ സൂര്യയുടെ നായിക അല്ലെങ്കിൽ നായികയേക്കാൾ പ്രാധാന്യമുള്ള നായകന്റെ അനിയത്തി റോൾ ചെയ്യണമെന്നത് അടക്കാനാകാത്ത മോഹമാണ്. സൂര്യയുടെ  ഹാർഡ് കോർ ഫാൻ ആണ് ഞാൻ. ‘സിങ്കം ത്രീ’ റിലീസായപ്പോൾ നാട്ടിലെ തിയറ്ററിൽ വച്ച സൂര്യയുടെ ഫ്ലക്സിനു മുന്നിൽ നിന്ന് ഞാൻ ഫോട്ടോയെടുത്തു. അടുത്ത ജന്മം ആരാകണമെന്നു ചോദിച്ചാൽ ജ്യോതികയാകണമെന്നു പറയും. ഒരു അവാർഡ് നൈറ്റിന് ഞങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട്, പക്ഷേ, സംസാരിക്കാൻ പറ്റിയില്ല. സൂര്യ  എന്റെ  ഏതെങ്കിലും സിനിമ കണ്ടിട്ട് ‘ആരാ ഈ കുട്ടി’ എന്നു ചോദിക്കുമോ എന്നൊക്കെ ആലോചിക്കാറുണ്ട്. സൂര്യയെ ഇനി കാണുമ്പോൾ കൊടുക്കാൻ സമ്മാനം തയാറാക്കുന്നുണ്ട്. സർപ്രൈസ്  ആയതുകൊണ്ട് ഇപ്പോൾ പറയുന്നില്ല.

സൂര്യയ്ക്ക്  മുമ്പ്  നരേയ്നായിരുന്നു എന്റെ ഹീറോ. ഞാൻ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ‘ക്ലാസ്മേറ്റ്സ്’ റിലീസായത്. എന്റെ മുറിയിലെ ഭിത്തി നിറയെ നരേയ്ന്റെ ഫോട്ടോ ആയിരുന്നു. സ്കൂളിൽ പോകുമ്പോൾ നരേയ്നോട് യാത്ര പറഞ്ഞിട്ടാണ് പോകുന്നത്. ബുക്കിൽ ഫോട്ടോ ഒട്ടിച്ച് ഡയറി പോലെ ഓരോ ദിവസത്തെയും കാര്യങ്ങൾ എഴുതിവയ്ക്കുമായിരുന്നു. ‘ഡയമണ്ട് നെക്‌ലസി’ന്റെ  ഓഡിയോ ലോഞ്ചിന് നരേയ്ൻ വന്നിട്ടുണ്ടായിരുന്നു. അവിടെ വച്ച് ഈ കാര്യമറിഞ്ഞ് ബുക്ക് കാണണമെന്നു ചേട്ടൻ പറഞ്ഞു. ചമ്മൽ കാരണം ഇതുവരെ കാണിച്ചിട്ടില്ല.

നാട്ടിലെ വീട് പുതുക്കിപ്പണിതു. അച്ഛനും അമ്മയും ജൂലിക്കുട്ടിയുമാണ് അവിടെയുള്ളത്. എന്റെ പ്രിയപ്പെട്ട പഗ് ആണ് ജൂലിക്കുട്ടി. അവളുടെ പിന്നാലെ ഓടിയിട്ടാണ് തടി കൂടാതെ നോക്കുന്നത്. അതുകൊണ്ടാ ഷൂട്ടിന് വേണ്ടി എറണാകുളത്ത് സ്റ്റേ ചെയ്യുമ്പോൾ വണ്ണം വയ്ക്കുന്നത്. എല്ലാവർക്കും ഓരോ ഹോബിയുണ്ടാകും. ചുമ്മാ ഇരിക്കുമ്പോൾ എന്തെങ്കിലും  കൊറിക്കുന്നതാണ് എന്റെ ഹോബി.

അങ്ങനെയാണോ ‘പഫ്സ്’ കഴിച്ചത് ?

തിരുവനന്തപുരത്തു  നിന്ന്  കൊച്ചിയിലേക്ക് പോകാൻ വിമാനത്താവളത്തിൽ വന്നതായിരുന്നു. രണ്ട് കട്ടൻ കാപ്പിക്കും രണ്ട് ചിക്കൻ പഫ്സിനും 680 രൂപയാകുമെന്ന് സ്വപ്നത്തിൽ വിചാരിക്കുമോ. കൈയിൽ പൈസയില്ലാഞ്ഞിട്ടല്ല, പ്രായമായവരൊക്കെ വന്നൊരു കട്ടൻ കുടിക്കാമെന്നു വച്ചാൽ പെട്ടുപോകില്ലേ. വിലവിവരം പ്രദർശിപ്പിച്ചിട്ടുമില്ല. കൊച്ചിയിലെത്തിയയുടനേ ഇതൊക്കെ പറഞ്ഞാണ് പോസ്റ്റിട്ടത്. സംഗതി കേസായി. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പരിഗണനയിലാണ്.

‘തേച്ചിട്ടു’ പോകുന്ന നടിയെന്നാണ് വിളിപ്പേര് ?

‘മഹേഷിന്റെ പ്രതികാര’ത്തിൽ അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി പ്രണയത്തിൽ നിന്നു പിന്മാറിയിട്ടും കുറ്റം എനിക്കായി. ഞാനങ്ങനെ തേച്ചിട്ടൊന്നുമില്ല. ട്രോളുകാരാണ് എന്നെ ശരിക്കും തേച്ചത്. ‘പൊന്മുട്ടയിടുന്ന താറാവി’ൽ ഉർവശി ചേച്ചിയുടെ കഥാപാത്രം തേച്ചതു വച്ച് നോക്കിയാൽ മഹേഷിനോട് സൗമ്യ ചെയ്തത് ഒന്നുമല്ല . ‘കൊച്ചൗവ പൗലോ’യിലും ചാക്കോച്ചന്റെ കഥാപാത്രമാണ് കല്യാണം കഴിക്കാതെ പിന്മാറുന്നത്. അതുകൊണ്ട് എന്നെ നിങ്ങളെല്ലാവരും കൂടി ചുമ്മാ ‘തേപ്പുകാരി’യാക്കരുത്.

anusree12