Saturday 09 March 2019 04:15 PM IST

‘പ്രണയങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയം; അനുഭവങ്ങളിൽ നിന്ന് പാഠം പഠിച്ചുമില്ല!’

Sujith P Nair

Sub Editor

charmi1
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഓലമേഞ്ഞ ചെറിയ പുരകളും ഓടിട്ട വീടുകളുമുള്ള തെരുവ്. ഒരു കാറിനു മാത്രം കടന്നുപോകാവുന്ന റോഡിന്റെ അങ്ങേയറ്റത്തെ രണ്ടുനില ഫ്ലാറ്റിനു മുന്നിൽ നിന്ന് ആരോ കൈവീശി. അടുത്തു ചെന്നപ്പോഴേ തിരിച്ചറിഞ്ഞുള്ളൂ, ചാർമിള. ‘ചീരപ്പൂവകൾക്കുമ്മ കൊടുത്തു’ വന്ന ചിരിയും പനങ്കുല പോലുള്ള മുടിയുമൊന്നും ഇപ്പോഴില്ല. ആ കണ്ണുകളിലെ തിളക്കമൊഴിച്ച്. ചിരിയോടെ ചാർമിള വീട്ടിലേക്ക് ക്ഷണിച്ചു. കഷ്ടിച്ചു രണ്ടു മുറിയുള്ള വീട്. ഒന്നോ രണ്ടോ പ്ലാസ്റ്റിക് കസേരകളുള്ള ഹാളിൽ പ്രവർത്തിക്കാത്ത ഒരു ടിവിയാണ് ആകെയുള്ള ആർഭാടം. മകന്റെ പുസ്തകങ്ങൾ വച്ച മേശ മാത്രമേ ചിട്ടയോടെ ഇരിപ്പുള്ളൂ.

അകത്തെ ഒരു മുറിയിൽ നിന്ന് നായ്ക്കളുടെ കുര. ‘‘മോന്റെ നിർബന്ധമാണ് നായ്ക്കളെ വളർത്തണമെന്ന്. പുറത്തു വളർത്തരുതെന്ന് വീട്ടുടമയുടെ കർശന നിർദേശമുണ്ട്. അപ്പോൾ ഇതേ വഴിയുള്ളൂ. ഞാൻ ഇവിടെ പായ വിരിച്ചു കിടക്കും.’’ സ്വീകരണ മുറിയിലെ തറയിലേക്ക് വിരൽ ചൂണ്ടി ഇതു പറയുമ്പോൾ വേദന മറയ്ക്കാനെന്ന പോലെ ചാർമിള പിന്നെയും ചിരിച്ചു. തൊട്ടടുത്ത മുറിയിലാണ് അമ്മ ഹൈസിന്തും മോനും. അമ്മയുടെ കട്ടിലിലെ കീറിത്തുടങ്ങിയ മെത്തയിൽ നിറയെ അലക്കിയതും അലക്കാത്തതുമായ തുണികൾ. തളർന്നുകിടക്കുന്ന ആ അമ്മയുടെ ലോകം ആ കട്ടിലും കുട്ടിയുമാണ്. ഞങ്ങളെ കണ്ടപാടേ ഒഴുക്കോടെ ഇംഗ്ലിഷിൽ അവർ പറഞ്ഞു, ‘‘മോളെ രക്ഷിക്കണം, പാവമാണ്. നിങ്ങളൊക്കെയേ ഉള്ളൂ...’’

ഒരു കാലത്ത് രാജ്ഞിയെപ്പോലെ ജീവിച്ച ആ അമ്മയുടെ ഇപ്പോഴത്തെ ജീവിതം സ്റ്റോർ റൂം പോലുള്ള ആ മുറിയിലെ കട്ടിലിലാണ്. അമ്മയ്ക്ക് പഴയ ജീവിതം തിരിച്ചു കൊടുക്കാൻ പറ്റിയില്ലെങ്കിലും മരുന്നെങ്കിലും മുടങ്ങാതെ കൊടുക്കാനാകണം, സംസാരിക്കുമ്പോൾ ജീവിതത്തിലെടുത്ത തീരുമാനങ്ങളിലെ പിഴവുകളെ കുറിച്ചായിരുന്നു ചാർമിള ഏറെ വേദനിച്ചത്. ‘‘മകൻ ജൂഡ് അഡോണിസ് ഇങ്ങനെയല്ല ജീവിക്കേണ്ടത്. എന്റെ പിടിപ്പുകേടാണ് അവന്റെ ജീവിതം കൂടി തകർത്തത്. ഒൻപതു വയസ്സായി മോന്. വല്ലപ്പോഴും അവന്റെ അച്ഛൻ ഓൺലൈനായി ഓർഡർ ചെയ്തു കൊടുക്കുന്ന പീത്‌സ മാത്രമാണ് അവന്റെ ആകെയുള്ള സന്തോഷം. തമിഴ് നടൻ വിശാലിന്റെ കാരുണ്യം കൊണ്ട് അവന്റെ സ്കൂൾ ഫീസ് മുടങ്ങുന്നില്ല.’’ സംസാരത്തിനിടെ ചാർമിള പലപ്പോഴും കരഞ്ഞു.

ഈ അവസ്ഥയിൽ എങ്ങനെയെത്തി?

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ പ്രണയങ്ങളുണ്ടായി. അനുഭവങ്ങളിൽ നിന്ന് ഞാൻ പാഠം പഠിച്ചുമില്ല. രാജേഷുമായി ബന്ധം പിരിഞ്ഞശേഷം എങ്ങോട്ടു പോകണമെന്ന് അ റിയില്ലായിരുന്നു. ചെറിയ വാടകയ്ക്ക് വീട് അന്വേഷിച്ച് അലഞ്ഞ ശേഷമാണ് ഇവിടെ എത്തിയത്. ഞാൻ സിനിമാ നടിയാണെന്ന് പറഞ്ഞിട്ട് വീട്ടുടമയ്ക്കു പോലും വിശ്വാസമായില്ല. എ ന്നെ അന്വേഷിച്ച് ആളുകളെത്തുമ്പോൾ അയാൾക്ക് സംശയമാണ്. മുകളിൽ നിന്ന് അയാൾ എത്തിനോക്കും.

നായ്ക്കളെ അയാൾക്കിഷ്ടമില്ല. പക്ഷേ, മോനെ സങ്കടപ്പെടുത്തേണ്ടെന്നു കരുതി രണ്ടു മുറികളിലൊന്നിൽ അവറ്റകളെ വളർത്തുന്നു. ആഴ്ചയിൽ ഒരു ദിവസം പുറത്തു കൊണ്ടുപോയി കുളിപ്പിക്കും. ചോറും തൈരുമാണ് നായ്ക്കളുടെയും ഭക്ഷണം, ഡോഗ് ഫൂഡ് വാങ്ങിക്കൊടുക്കാൻ എന്റെ കയ്യിൽ പണമെവിടെ? സിനിമകൾ ഇടയ്ക്കുണ്ട്. മാസം പത്തു ദിവസത്തെ വർക്ക് അടുപ്പിച്ച് കിട്ടിയാൽ മതി. റിയാലിറ്റി ഷോയിലോ മറ്റോ ജഡ്ജായി അവസരം ലഭിച്ചാൽ സ്ഥിര വരുമാനം ലഭിക്കുമായിരുന്നു.

charmi3

സമ്പന്നതയുടെ മടിത്തട്ടിലായിരുന്നു ജനനം ?

എന്റെ പേരിടീലിന് വന്നത് കരുണാനിധിയും ശിവാജി ഗണേശനും എം.എൻ. നമ്പ്യാരും ബാലാജിയും ഷീലയും ഉൾപ്പെടുന്ന വലിയ താരനിരയാണ്. അച്ഛന്‍ മനോഹർ പ്രശസ്തനായ വെറ്ററിനറി ഡോക്ടറും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഡ്വൈസറുമായിരുന്നു. അന്നത്തെ പ്രമുഖ താരങ്ങളുടെ യെല്ലാം മൃഗങ്ങളെ ചികിത്സിച്ചത് അച്ഛനാണ്. അതുകൊണ്ടു സിനിമാക്കാരുമായെല്ലാം വലിയ അടുപ്പം. സിനിമയിൽ അഭിനയിക്കുന്നതൊക്കെ വലിയ കുറച്ചിലായാണ് അച്ഛന്റെ കുടുംബക്കാർ കണ്ടിരുന്നത്.

‘നല്ലതോര്‍ കുടുംബം’ എന്ന ചിത്രത്തിൽ ശിവാജി ഗണേശന്റെ മകനായിട്ടായിരുന്നു എന്റെ തുടക്കം. ആദ്യം മറ്റൊരു കുട്ടിയാണ് ആ വേഷം ചെയ്തത്. അവള്‍ തുടരെ ഡയലോഗുകള്‍ തെറ്റിച്ചതോടെ സാറിന് ദേഷ്യമായി. ബാലാജിയാണ് എന്നെക്കുറിച്ച് പറഞ്ഞത്. ആൺവേഷം കെട്ടി സംവിധായകൻ പറഞ്ഞുതന്നത് അതുപോലെ ചെയ്തു. ശിവാജി സാറിനും മറ്റും എന്റെ അഭിനയം ഇഷ്ടപ്പെട്ടു. ആ സിനിമയുടെ ഷൂട്ടിങ്ങിനിടെ ബാലാജി സാറിന്റെ വീട്ടിൽ പോയി. മകളെ വിവാഹം കഴിക്കാൻ പോകുന്ന ചെറുപ്പക്കാരനെ അദ്ദേഹം അച്ഛന് പരിചയപ്പെടുത്തി, മോഹൻലാൽ. വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ നായികയായാണ് ഞാൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

സ്കൂളിൽ പഠിക്കുമ്പോൾ നായികയുമായി?

ഏഴാം ക്ലാസ് പരീക്ഷ കഴിഞ്ഞുള്ള വെക്കേഷനാണ് ‘ധന’ത്തിലേക്ക് വിളിച്ചത്. പഠിത്തം ഉഴപ്പുമോ എന്നായിരുന്നു അച്ഛനു പേടി. എന്റെ നിർബന്ധത്തിന് വഴങ്ങി സമ്മതിച്ചു. ഞാനാണ് നായിക എന്നു സിബി മലയിൽ സാർ പറഞ്ഞിട്ടും എനിക്കു വിശ്വാസമായില്ല. ഒന്നിലധികം നായികമാർ ഉണ്ടാകുമെന്നാണ് കരുതിയത്.  

തലേന്ന് തന്നെ ഡയലോഗുകൾ പഠിക്കാൻ തരും. ഞാൻ എല്ലാം എഴുതി കാണാപ്പാഠം പഠിക്കുമെങ്കിലും ടേക്കെടുക്കുമ്പോൾ മറന്നുപോകും. ടെൻഷന്‍ കൂടിക്കൂടി ഞാൻ കരച്ചിലായി. അപ്പോൾ മോഹൻലാൽ വന്നു പറഞ്ഞു, ‘സമയം  എടുത്തു പഠിച്ചോളൂ, ഞാൻ കാത്തിരിക്കാം.’ ഒരു പുതുമുഖത്തിനു വേണ്ടി സൂപ്പർതാരം അങ്ങനെ പറയുന്നത് വലിയ അദ്ഭുതമായിരുന്നു. പത്തു ദിവസത്തേക്ക് ഷൂട്ട് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും എട്ടു ദിവസം കഴിഞ്ഞപ്പോൾ പൊയ്ക്കൊള്ളാൻ പറഞ്ഞു. ഇതോടെ വീണ്ടും ടെൻഷനായി. അഭിനയം ശരിയാകാത്തതുകൊണ്ട് പറഞ്ഞുവിടുവാണോ എന്നോർത്ത് കരഞ്ഞപ്പോൾ സിബി സാർ വന്നുപറഞ്ഞു, ‘നന്നായി ചെയ്തതു കൊണ്ട് എട്ടുദിവസം കൊണ്ടു തന്നെ ഓകെ ആയി.’ അവാർഡ് കിട്ടിയതു പോലെയായിരുന്നു ആ വാക്കുകൾ.

‘ധന’ത്തിനു ശേഷം അടുത്ത വർഷത്തെ അവധിക്കാണ് ഭരതൻ സാർ ‘കേളി’യിലേക്ക് വിളിക്കുന്നത്. ‘കേളി’യിലെ അ ഭിനയത്തിന് ഒരുപാട് അംഗീകാരം ലഭിച്ചു. ഫുൾ ക്രെഡിറ്റും ഭ രതൻ സാറിനാണ്. ‘കാബൂളിവാല’, ‘അങ്കിൾ ബൺ’ തുടങ്ങി ഒരുപാട് ഹിറ്റുകൾ.

charmi2

തിരക്കുള്ള നായികയുടെ ജീവിതത്തിലെ ട്വിസ്റ്റ് ?

ഭക്ഷണശീലങ്ങളിലെ സമാനതയാണ് ബാബു ആന്റണിയുമായി എന്നെ അടുപ്പിച്ചത്. ചെറുപ്പം മുതൽക്കേ ചൈനീസ്– കോണ്ടിനെന്റൽ ഫൂഡുകളോടായിരുന്നു താൽപര്യം. ബാബുവിന്റെ രീതിയും ഇതുതന്നെ. സെറ്റില്‍ നായകനു മാത്രമാണ് സ്പെഷൽ ഫൂഡുള്ളത്. ഒരുമിച്ച് അഭിനയിക്കുമ്പോൾ അദ്ദേഹം എനിക്കുള്ള ഭക്ഷണം കൂടി കൊണ്ടുവരാൻ നിർദേശിക്കും. അങ്ങനെ ഞങ്ങൾ സൗഹൃദത്തിലായി.

വലിയ കെയറിങ്ങായിരുന്നു എന്നോട്. കൂട്ടിക്കാനത്ത് ഷൂട്ടിങ് നടക്കുമ്പോൾ എന്റെ റൂമിലെ ഗീസർ കേടായി. ഇതറിഞ്ഞ് അദ്ദേഹം സ്വന്തം റൂമിൽ നിന്ന് ചൂടുവെള്ളം ബക്കറ്റിലാക്കി മുറിയിൽ കൊണ്ടു വച്ചുതന്നു. ഇതുകണ്ട അച്ഛൻ ദേഷ്യത്തോടെ ബക്കറ്റ് തൊഴിച്ചു നിലത്തിട്ടു.

മറ്റൊരിക്കൽ ഒരുൾനാട്ടിൽ ഷൂട്ടിങ് നടക്കുമ്പോൾ വലിയ മഴ പെയ്യാൻ പോകുന്നു. എന്റെ കാർ വരാൻ വൈകുന്നതു കണ്ട് ബാബു അദ്ദേഹത്തിന്റെ കാറിൽ എന്നോടും കയറാൻ നിർദേശിച്ചു. പക്ഷേ, അച്ഛൻ സമ്മതിച്ചില്ല. അപ്പോൾ അദ്ദേഹം കാറിൽ നിന്നിറങ്ങി ഞങ്ങളോടു പൊയ്ക്കൊള്ളാൻ പറഞ്ഞു. ഇതൊക്കെ എന്നെ അദ്ദേഹത്തിലേക്ക് വല്ലാതെ അടുപ്പിച്ചു. എനിക്കു വേണ്ടി ഇത്രയും സഹിക്കുന്നല്ലോ എന്ന ചിന്തയായിരുന്നു.

അച്ഛന്റെ കാർക്കശ്യം എനിക്ക് ബാബുവിനോട് അടുപ്പം കൂടുതൽ തോന്നിയെന്നും പറയാം. സ്നേഹത്തോടെ ദൂഷ്യവശങ്ങള്‍ പറഞ്ഞു തന്നിരുന്നെങ്കിൽ ആ ബന്ധത്തിൽ പെടില്ലായിരുന്നു. പകരം പൊതിഞ്ഞു വയ്ക്കാനാണ് അച്ഛൻ ശ്രമിച്ചത്. മകളെന്ന നിലയിലും ഞാൻ പരാജയമാണ്. അച്ഛൻ കൊണ്ടുവന്ന വിവാഹത്തിനു സമ്മതിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു.

തിരിച്ചുവരവിലും പ്രശ്നങ്ങൾ അവസാനിച്ചില്ല?

പ്രണയപരാജയത്തിനു ശേഷമുള്ള തിരിച്ചുവരവിലാണ് ‘അടിവാരം’ ലഭിക്കുന്നത്. അതിന്റെ സെറ്റിൽ വച്ചാണ് അസിസ്റ്റന്റ് ഡയറക്ടർ കിഷോർ സത്യയെ പരിചയപ്പെടുന്നത്. ഡിപ്രഷനില്‍ കഴിയുന്ന എന്നോട് സ്നേഹത്തോടെ സംസാരിച്ചു, അടുപ്പത്തിലായി. സിനിമയിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചുകൊണ്ടിരിക്കെ തന്നെ ഞങ്ങൾ വിവാഹിതരായി. വിവാഹത്തോടെ സിനിമ ഉപേക്ഷിക്കണമെന്ന് കിഷോർ ആവശ്യപ്പെട്ടു. ഇതിനിടെ കിഷോർ ഷാർജയിലേക്കു പോയി. വിക്രം നായകനായ ‘സേതു’വിൽ നായികയായി വിളിച്ചപ്പോൾ കിഷോറിന് ഇഷ്ടമാകില്ലെന്നു കരുതി ഞാൻ വേണ്ടെന്നുവച്ചു. നാലുവർഷം അയാൾ അവിടെയും ഞാൻ ഇവിടെയുമായി കഴിഞ്ഞു. പിന്നീട് ഒരു ഷോയുടെ ഭാഗമായി ഞാൻ ദുബായിലെത്തി കിഷോറിനെ കണ്ടപ്പോഴാണ് ബന്ധം തുടരാൻ താൽപര്യമില്ലെന്നു പറഞ്ഞത്.

രാജേഷുമായും പ്രണയ വിവാഹമായിരുന്നു?

നോക്കിയയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന രാജേഷ് എന്റെ സഹോദരിയുടെ സുഹൃത്തായിരുന്നു. വീട്ടിൽ വന്നുള്ള  പരിചയം പ്രണയത്തിലേക്ക് വഴിമാറി. ഈസി ഗോയിങ് ആയ ഒരു ചെറുപ്പക്കാരൻ. എന്നേക്കാൾ നാലഞ്ചു വയസ്സിന് ഇളയതായിരുന്നു. എങ്കിലും പെട്ടെന്നു തന്നെ ഞങ്ങൾ അടുത്തു. എന്റെ മുൻകാലം അറിഞ്ഞുകൊണ്ടാണ് അദ്ദേഹം വിവാഹത്തിന് സമ്മതിച്ചത്. രണ്ടു മതത്തിൽ പെട്ടവരായതിനാൽ രാജേഷിന്റെ വീട്ടുകാർക്ക് താൽപര്യം ഇല്ലായിരുന്നു. വിവാഹശേഷം എന്റെ ഫ്ലാറ്റിലായിരുന്നു താമസം. ഞാൻ തൈറോയിഡിന് ചികിത്സ എടുക്കുന്നതിനാൽ ഗർഭിണിയാകാൻ സാധ്യത കുറവായിരുന്നു. രാജേഷിനും അതിൽ പ്രശ്നമുണ്ടായിരുന്നില്ല. അടിച്ചുപൊളിച്ചാണ്  ജീവിച്ചത്. ഓരോ സിനിമ കഴിയുമ്പോഴും വിദേശത്തേക്ക് പറക്കും. യാത്രകൾക്കും ഷോപ്പിങ്ങിനും പണം ചെലവഴിച്ചു. വില കൂടിയ ബ്രാൻഡഡ് മേക്കപ്പ് സാധനങ്ങൾ എന്റെ വീക്ക്നെസ് ആയിരുന്നു.

charmi-wedding32

അങ്ങനെയിരിക്കെ ‘ജോടി നമ്പർ വൺ’ എന്ന ടെലിവിഷൻ പരിപാടിക്കിടെ ഞാൻ തലചുറ്റി വീണു. പരിശോധിച്ചപ്പോൾ നാലുമാസം ഗർഭിണി. വിവരമറിഞ്ഞപ്പോൾ രാജേഷിന് വലിയ ഷോക്കായെങ്കിലും മോൻ ജനിച്ചതോടെ അദ്ദേഹത്തിന്റെ മാതാപിതാക്കളും ഞങ്ങളോടൊപ്പം വന്നു. എന്റെ പേരിലുണ്ടായിരുന്ന സിംഗിൾ ബെഡ്റൂം ഫ്ലാറ്റ് വിട്ടു ഞങ്ങളെല്ലാം കൂടി വാടകയ്ക്ക് മറ്റൊരു ഫ്ലാറ്റിലേക്ക് മാറി. പക്ഷേ, ഞാനൊരു സിനിമാ നടിയാണെന്നത് ഇഷ്ടമില്ലാതിരുന്ന മാതാപിതാക്കൾ രാജേഷിനെ എന്നിൽ നിന്നകറ്റി. കുഞ്ഞിനെയും കൊണ്ട് അവർ താമസം മാറി.

എട്ടു മാസത്തോളം എനിക്ക് മോനെ കാണാൻ പോലും കഴിഞ്ഞില്ല. കേസ് നടത്തിയാണ് കുഞ്ഞിന്റെ അവകാശം നേടിയെടുത്തത്. മോനുണ്ടായിക്കഴിഞ്ഞ് ബ്രേക്ക് എടുത്തിരുന്നതിനാൽ എനിക്ക് കുഞ്ഞിനെ വളർത്താനുള്ള വരുമാനമില്ല എന്നവർ കോടതിയിൽ വാദിച്ചു. അതു തെറ്റാണെന്നു തെളിയിക്കാൻ ചെലവ് പോലും ആവശ്യപ്പെടാതെ ഞാൻ ഡിവോഴ്സിന് സമ്മതിച്ചു. ഇപ്പോഴും രാജേഷ് എന്റെ നല്ല സുഹൃത്താണ്. രാജേഷ് ഇപ്പോൾ ജോലിയൊക്കെ കളഞ്ഞ് വീട്ടിൽ ത ന്നെയാണ്. അതുകൊണ്ട് സാമ്പത്തികമായി സഹായിക്കില്ല.

സിനിമയിലെ സൗഹൃദങ്ങൾ ഇപ്പോഴുമുണ്ടോ?

ഞാൻ ഗർഭിണിയായിരുന്നപ്പോൾ മോഹിനിയാണ് പതിവായി ഭക്ഷണവുമായി വന്നിരുന്നത്. അവൾ വെജിറ്റേറിയനാണെങ്കിലും പക്കാ നോൺ വെജായ എനിക്ക് ഇഷ്ടപ്പെട്ടത് വച്ചുണ്ടാക്കി കൊണ്ടുതരും. കനകലത ചേച്ചിയാണ് വളരെ അടുപ്പമുള്ള മറ്റൊരാൾ. ‘കളമശ്ശേരിയിൽ  കല്യാണയോഗം’ എന്ന സിനിമയിൽ എന്റെ അമ്മയായിരുന്നു അവർ. ഇപ്പോഴും അവർ ഇടയ്ക്കിടെ വിളിക്കും. ഉണ്ണിമേരി ചേച്ചി വലിയ ബലമാണ്. അവരൊക്കെയാണ് ഞാൻ ഇപ്പോഴും ജീവിച്ചിരിക്കാൻ കാരണം.

മലയാളത്തിൽ‌ നാലു സിനിമകൾ റിലീസ് ചെയ്യാനുണ്ട്. തമിഴിലും അമ്മ വേഷങ്ങൾ രണ്ടെണ്ണം അഭിനയിച്ചു. ‘കട്ടപ്പനയിലെ ഋത്വിക് റോഷ’ന്റെ തമിഴാണ് ഇനി വരാനുള്ളത്. മലയാള സിനിമ വളരെ മാറിയിട്ടുണ്ട്. അടുത്തിടെ ഒരു സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ നിർമാതാക്കളായ മൂന്നു ചെറുപ്പക്കാർ രാത്രി മുറിയിൽ കടന്നുവന്ന് മോശമായി സംസാരിച്ചു. അവരുടെ ഇഷ്ടത്തിനു വഴങ്ങാതിരുന്നതിനാൽ രാത്രി തന്നെ സഹായിയേയും കൂട്ടി ഇറങ്ങേണ്ടിവന്നു. ട്രെയിൻ ടിക്കറ്റിനുള്ള പണം കടം വാങ്ങിയാണ് തിരിച്ചു പോന്നത്. നായികയായിരുന്ന കാലത്തു പോലും ഇത്തരം അനുഭവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ഇപ്പോൾ എന്താണ് ഇങ്ങനെയെന്നോർത്ത് വല്ലാതെ വിഷമം തോന്നി. അമ്മയിൽ മുൻപ് അംഗത്വം ഉണ്ടായിരുന്നു. പക്ഷേ, പുതുക്കാൻ സാധിച്ചില്ല. കുടിശ്ശിക ഒരുമിച്ച് അടച്ച് ഇനി പുതുക്കാനാകുമെന്നും തോന്നുന്നില്ല.