Saturday 13 May 2017 10:30 AM IST : By ശ്യാമ

പ്രതികരിക്കാൻ എനിക്ക് പേടിയില്ല! ‘മസാല വാർത്ത’കൾക്ക് എതിരെ നടി ലക്ഷ്മി രാമകൃഷ്ണൻ

lekshmi41

ഞാൻ പറഞ്ഞതല്ല വാർത്തയായി വന്നത്. അതുകൊണ്ടാണ് പരസ്യമായി പ്രതികരിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മിഷൻ മദ്രാസ് വിമൻസ് ക്രിസ്ത്യൻ കോളജിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഞാൻ. മലയാളത്തി ലെ നടിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് പറഞ്ഞപ്പോൾ പഴയ ചില കാര്യങ്ങൾ ഞാന്‍ പറഞ്ഞു. ഇത് ഒരു ഇംഗ്ലിഷ് പത്രത്തിന്റെ ലേഖകൻ റിപ്പോർട്ട് ചെയ്തത് വേറൊരു രീതിയിലാണ്. ‘സിനിമയിൽ എന്നും ലക്ഷ്മിക്കു പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു’ എന്ന മട്ടിലാണ് പത്രത്തിൽ വാർത്ത വന്നത്. അത് പല ഒാൺലൈൻ വാർത്താ സൈറ്റുകളിലൂടെയും പ്രചരിച്ചു. ഞാൻ ആ പത്രത്തിന്റെ ഓഫിസിൽ വിളിച്ചു പരാതി പറഞ്ഞു. ഇത്തരം സാഹചര്യങ്ങൾ വരുമ്പോൾ പ്രതികരിക്കാൻ അന്നും ഇന്നും എനിക്കു മടിയില്ല. പേടിയുമില്ല.

യഥാർഥത്തിൽ ഞാൻ പറഞ്ഞത് സ്ത്രീകളോടു മോശമായി പെരുമാറുന്നവർ എല്ലാ രംഗത്തും ഉള്ളതു പോലെ സിനിമയിലുമുണ്ട് എന്നാണ്. ആത്മാഭിമാനവും  മൂല്യങ്ങളും നഷ്ടപ്പെടുത്താതെ ജോലി ചെയ്യുന്നവർക്ക് ഒരിടത്തും തലകുനിക്കേണ്ടി വരില്ല. പഴയ അനുഭവമാണ്  ഇതിനു ഉദാഹരണമായി പറഞ്ഞത്. തോളിൽ കൈയിട്ടു വർത്തമാനം പറയുന്ന ഒരു സംവിധായകനെക്കുറിച്ച്. എനിക്ക് അത് ഇഷ്ടമല്ലെന്നു പറഞ്ഞതിനു ശേഷം അദ്ദേഹം അത് ആവർത്തിച്ചിട്ടില്ല. എതിർക്കപ്പെടേണ്ട കാര്യങ്ങൾ ചെറുതെങ്കിൽ പോലും ‘നോ’ പറയാൻ സ്ത്രീകൾ പഠിക്കണം എന്നാണ് ഞാൻ പറഞ്ഞത്. അതാണ് ഈ രൂപത്തിൽ വന്നത്. ‘പീഡനം’ എന്നൊരു വാക്കിനപ്പുറമുള്ളതൊന്നും  സമൂഹം വായിക്കുന്നില്ല. കാണുന്നുമില്ല. ഇഷ്ടമുള്ളവ ചുരണ്ടിയെടുത്ത് അതു മാത്രം ആസ്വദിക്കു‌ന്നവരും തെറ്റുകാരാണ്. ഇത്തരം സങ്കടങ്ങളെ ദയവായി മസാല വാർത്തയാക്കി മാറ്റരുത്.

ചെറുപ്പകാലം മുതൽ സിനിമ കണ്ടിരുന്ന ആളാണോ?

പെണ്ണുങ്ങൾ നടക്കുമ്പോൾ ഒച്ച കേൾക്കരുത്, ഉറക്കെ ചിരിക്കരുത് എന്ന തരത്തിൽ യാഥാസ്ഥിതികത്വം  പുലർത്തിയിരുന്ന പാലക്കാട്ടെ അയ്യർ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. നാൽപത്തിയൊന്നാം വയസ്സിലാണ് സിനിമയിലെത്തുന്നത്. എതിർപ്പുകളെ നേരിടുന്നത് എന്നെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. അച്ഛൻ പി.വി.കൃഷ്ണ സ്വാമി, അമ്മ വിജയലക്ഷ്മി. പതിനെട്ടാമത്തെ വയസ്സിൽ കല്യാണം കഴിഞ്ഞ് ഞാൻ ചെന്നൈയിലെത്തി. അന്ന് ഭർത്താവ് രാമകൃഷ്ണൻ ഐഐടിയിൽ പഠിക്കുന്നു. അക്കാലത്ത് തന്നെ എനിക്ക് സിനിമയിൽ അവസരങ്ങൾ വന്നിരുന്നു. സ്വീകരിച്ചാൽ കുടുംബത്തിൽ നിന്നു പടിയടച്ച് പിണ്ഡം വയ്ക്കും. അതറിയാവുന്നതു കൊണ്ട് ഇതിലൊന്നും താൽപര്യമില്ലാത്ത പോലെ നടന്നു.
സിനിമ കാണുന്നതേ തെറ്റ്. ടിവിയിൽ വരുന്ന ഭക്ത സിനി മകൾ മാത്രമേ കാണാവൂ. അവിടെയാണ് ഞാൻ സിനിമയിൽ അഭിനയിക്കണം, സംവിധാനം ചെയ്യണം എന്നൊക്കെയുള്ള മോഹവുമായി വളർന്നത്.

വിലക്കുകളിൽ നിന്ന് എങ്ങനെ പുറത്ത് വന്നു ?

വൈകിയുണ്ടായ കുട്ടിയാണ് ഞാൻ. തെളിച്ചു പറഞ്ഞാൽ അ ൺപ്ലാൻഡ് ചൈൽഡ്. എനിക്കു പതിനഞ്ചു വയസ്സായപ്പോഴേക്കും അച്ഛന്റേയും അമ്മയുടേയും ഷഷ്ഠിപൂർത്തി കഴിഞ്ഞു. സഹോദരങ്ങൾ വളർന്നു വിവാഹം കഴിഞ്ഞു പോയി. അന്നൊക്കെ സമയം കളയാൻ ഞാൻ മാഗസിനുകൾ വായിച്ചിരുന്നു. എനിക്ക് കഥകൾ ഇഷ്ടമായിരുന്നു. ആ ഇഷ്ടമാണ് സിനിമയിലേക്ക് വളർന്നത്. കല്യാണം കഴിഞ്ഞ് കുറച്ചു വർഷങ്ങൾക്കു ശേഷം  ഭർത്താവിനു എൻഐസിയിൽ (നാഷനൽ ഇൻഫോമാറ്റിക്സ് സെന്റർ) ജോലി കിട്ടി. ആ സമയത്താണ് ദൂരദർശനിൽ സീരിയൽ സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തിയത്. പക്ഷേ, ഭർത്താവിന്  യുഎസിൽ ജോലിമാറ്റം കിട്ടി. പാതിവഴിയിൽ വ ച്ച് സീരിയൽ മോഹം ഉപേക്ഷിക്കേണ്ടി വന്നു.

പിന്നീട് മസ്കത്തിലായിരിക്കുമ്പോൾ ഞാൻ ഷോർട് ഫിലിമുകൾ ചെയ്തു. അവിടെ ചില ടിവി പ്രോഗ്രാമുകളുടെ അവതാരകയായി. തിരികെ നാട്ടിൽ എത്തിയപ്പോഴാണ് ലോഹിതദാസ് സാറിനെ കാണുന്നതും സിനിമയിലേക്കു വരുന്നതും. കോയമ്പത്തൂരിലെ ‍‍‍‌ഞങ്ങളുടെ വീട് ‘ചക്കരമുത്ത്’ സിനിമയ്ക്കു വേണ്ടി ചോദിക്കാൻ വന്നതായിരുന്നു ലോഹിതദാസ്. അങ്ങനെ ആദ്യമായി ചക്കരമുത്തിൽ അഭിനയിച്ചു. എതിർപ്പുകൾ ഉണ്ടായിരുന്നു. പക്ഷേ, അച്ഛനും  ഭർത്താവും  അദ്ദേഹത്തിന്റെ അച്ഛനും  സപ്പോർട്ട്  ചെയ്തതു കൊണ്ട്  മറ്റ് എതിർപ്പുകൾ കാര്യമാക്കിയില്ല. ‘ജേക്കബിന്റെ സ്വർഗരാജ്യ’ത്തിലെ ഷേർലി എനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ്. സിനിമ മാത്രമല്ല എന്റെ ഇഷ്ടങ്ങൾ.  ഇവന്റ് മാനേജ്മെന്റ്, ഫൊട്ടോഗ്രഫി, പാചകം, ഇന്റീരിയർ ഡിസൈനിങ് അങ്ങനെ പലതിലും ഒരുകൈ നോക്കിയിട്ടുണ്ട്.

സിനിമയ്ക്കു വേണ്ടി മൊട്ടയടിച്ചപ്പോൾ?

കരിയറിനോടും ജീവിതത്തോടുമുള്ള കാഴ്ചപ്പാട് മാറ്റി മറിച്ച സംഭവമാണ് മൊട്ടയടി. ‘യുദ്ധം സെയ്’ എന്ന മിഷ്കിന്റെ സിനിമയുെട സെറ്റിൽ ഞാൻ മറ്റൊരു കഥാപാത്രം ചെയ്യാനാണ് പോയത്. സെറ്റിലിരുന്ന് കൂളിങ് ഗ്ലാസും വച്ച് ലാപ്ടോപ്പിൽ സിനിമ കാണുന്ന മിഷ്കിനോട് ഞാൻ ചോദിച്ചു. ‘സിനിമ കാണുമ്പോ, എന്തിനാ കൂളിങ് ഗ്ലാസ്’ എന്ന്. ചോദ്യം ചോദിച്ച് ഞാനങ്ങു നടന്നു പോയി. കൂസലില്ലാത്ത ചോദ്യം  കേട്ടാകണം  മിഷ്കിൻ എന്റെയടുത്തു വന്നു ചോദിച്ചു ‘നിങ്ങൾ തലമൊട്ടയടിക്കാൻ തയാറാണോ എന്ന്? ഈ കഥാപാത്രത്തിന് അതു വേണം. നദിയാ മൊയ്തുവിനെ കൊണ്ടു ചെയ്യിക്കാനിരുന്ന കഥാപാത്രമാണിത്. മകളുടെ മരണത്തിന് പ്രതികാരം ചെയ്യുന്ന അമ്മയുടെ കഥ.’ മിഷ്കിൻ പറഞ്ഞു.

lekshmi31

‘അങ്ങനെ മൊട്ടയടിച്ചു. അതൊരു വല്ലാത്ത ടേണിങ് പോയിന്റായിരുന്നു. പെണ്ണിന്റെ സൗന്ദര്യം ഇതാണ്, ഇന്നതാണ് എന്നൊക്കെയുള്ള ധാരണകൾ എല്ലാം  മുടിയോടൊപ്പം  മുറി ഞ്ഞു വീണു.  ഒരുപക്ഷേ, അമ്മ ജീവിച്ചിരുന്ന സമയത്തായിരുന്നെങ്കിൽ ഞാൻ മുടി വെട്ടാനുള്ള തീരുമാനം എടുക്കില്ലായിരുന്നു. വാർത്ത വന്നപ്പോൾ വീട്ടുകാർ വിളി തുടങ്ങി. അച്ഛൻ വിളിച്ചു മുടി എത്ര മുറിച്ചു എന്നു ചോദിച്ചു ‘കുറച്ചു ജാസ്തി മുറിച്ചു’ എന്നു പറഞ്ഞതും  അച്ഛൻ ഫോൺ വച്ചു.  എനിക്ക് പിന്നെ, ഇരിപ്പുറച്ചില്ല. ഞാൻ വിഗ് വയ്ക്കാതെ നേരെ വണ്ടിയും പിടിച്ച് അച്ഛനെ കാണാൻ ചെന്നു. ആദ്യം ഒന്നും മിണ്ടിയില്ല. ചില സമയം ആളുകൾ മിണ്ടാതിരിക്കുന്നതാണ് തല്ലുന്നതിലും വലിയ ശിക്ഷ. കുറച്ചു നേരം  കഴിഞ്ഞ് മൊട്ടത്തലയുമായി നിന്ന എന്റെയടുത്ത് വന്നു പറഞ്ഞു ‘നിനക്കിതും ചേരുന്നുണ്ട്’. ഞാൻ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞു. എന്റെ അച്ഛന് അത് ഇഷ്മായി. എന്റെ അച്ഛനുണ്ട് കൂടെ. പിന്നെ, ആരെന്തു പറഞ്ഞാൽ എനിക്കെന്തെന്ന് തോന്നി അപ്പോൾ. മൊട്ടത്തലയും പച്ചപ്പട്ടു സാരിയും വലിയ ജുമുക്കയുമിട്ട് പോരാൻ ഇറങ്ങിയപ്പോൾ, തലയിൽ മെല്ലെ തലോടി അച്ഛൻ ചിരിച്ചു.

കരിയറിൽ നേട്ടമുണ്ടാക്കുന്ന സ്ത്രീകളെ തേടി വിവാദങ്ങൾ എത്തുന്നതിനു പിന്നിൽ?

ഒരു സ്ത്രീ അവരുടെ കരിയറിൽ എന്തെങ്കിലുമൊക്കെയായാൽ, പേരും പെരുമയും കിട്ടിയാൽ ഉടൻ ആളുകൾ പറയും ‘അവൾ എന്തോ കോംപ്രമൈസ് ചെയ്തിട്ടാണെന്ന്’. ഒരു സ്ത്രീയോടു ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയാണത്. കാ ണാത്ത, അറിയാത്ത കാര്യങ്ങളെ കുറിച്ച് മോശം അഭിപ്രായം പറയാൻ ഒരു മടിയും  ഇല്ലാത്ത മനുഷ്യരാണ് ചുറ്റും.  ഇത്തരക്കാർ സിനിമയിൽ മാത്രമല്ല, പത്രപ്രവർത്തനം  അടക്കമുള്ള  മേഖലകളിലുമുണ്ട്.

സിനിമയിൽ നിന്നു ലഭിച്ച നേട്ടങ്ങൾ?

മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി കുറച്ച് നല്ല സിനിമകളിൽ അഭിനയിച്ചു. ടിവി ഷോകൾ  ചെയ്തു. തമിഴിൽ മൂന്നു സിനിമകൾ സംവിധാനം ചെയ്തു. ‘ആരോഹണം’, ‘നെരുങ്കി വാ മുത്തമിടാതെ’, ‘അമ്മാണി’. 45 തിരക്കഥകൾ എഴുതിയിട്ട് അതിൽ നിന്ന് ബെസ്റ്റ് എടുത്താണ് ആരോഹണം ചെയ്തത്. കമലഹാസൻ സാറാണ് നല്ല തിരക്കഥകൾ ഉണ്ടാക്കാൻ‍ എനിക്കു പ്രചോദനം തന്നത്. അതുപോലെ സംവിധാനത്തിന്റെ കാര്യത്തിൽ മിഷ്കിന്റെ സ്വാധീനമുണ്ട്.

ലക്ഷ്മി എന്ന വീട്ടമ്മയെക്കുറിച്ച് പറയൂ?

സിനിമ ചെയ്യുമ്പോഴും മുൻതൂക്കം കുടുബത്തിനു തന്നെയാണ്. ഒട്ടുമിക്ക സ്ത്രീകളും അങ്ങനെയായിരിക്കും. സ്വന്തം കുടും ബത്തോളം വലുത് മറ്റൊന്നുമുണ്ടാകില്ല. ആറു മാസം ക്യാമറയും ഷൂട്ടുമൊക്കെയാണെങ്കിൽ മൂന്നു മാസം ബ്രേക്ക് എടുത്ത് കുടുംബത്തിനൊപ്പം നിൽക്കും. ഭർത്താവ് ഐഐടി ചൈന്നൈയിൽ നിന്നു എം.എസ്. എടുത്തു. ഐബിഎമ്മിൽ പ്രഫസറായിരുന്നു. ഇപ്പോൾ പിഎച്ച്ഡി ചെയ്യുന്നു. ‘മെയ്ഡ് ഫോർ ഈച്ച് അദർ കപ്പിൾ’ എന്ന സങ്കൽപത്തിൽ എനിക്ക് വിശ്വാസമില്ല. നല്ല കുടുംബജീവിതം ഉണ്ടാക്കിയെടുക്കുന്നതാണ്, പരസ്പരമുള്ള ബഹുമാനമാണ് അതിന്റെ അടിത്തറ.

ഞാൻ പഴഞ്ചൻ ചിട്ടകളിൽ പെട്ട് അടങ്ങിയൊതുങ്ങി കഴിയുന്ന ആളല്ലെന്നു മനസ്സിലായപ്പോൾ രാമകൃഷ്ണന്റെ ചില ബന്ധുക്കൾ എന്നെ ഉപേക്ഷിക്കാൻ അദ്ദേഹത്തോടു പറഞ്ഞു. അവളെ ഞാൻ വിവാഹം കഴിച്ചത് പാതിവഴിയിൽ ഉപേക്ഷിക്കാനല്ല എന്നു പറഞ്ഞ് രാമകൃഷ്ണൻ എന്നെ ഒപ്പം നിർത്തി. മൂന്നു പെൺമക്കളാണ് ഞങ്ങൾക്ക്. ശാരദ, ശ്രുതി, ശ്രേയ. ശാരദയുടെ വിവാഹം കഴിഞ്ഞു. ഭർത്താവ് അശ്വിൻ യുഎസി ൽ സോഫ്റ്റ്‌‍വെയർ എൻജിനീയറാണ്, ഫൊട്ടോഗ്രഫിയാണ് ശാരദയുടെ പാഷൻ. ശ്രുതി സിഎക്കാരിയാണ്. അവൾക്ക് കിക് ബോക്സിങ്ങിലും സൈക്കിളിങ്ങിലുമാണ് താൽപര്യം. ശ്രേയ ടാറ്റാ ട്രസ്റ്റിനൊപ്പം ഗ്രാമവാസികൾക്കു വിദ്യാഭ്യാസം കൊടുക്കുന്ന പ്രൊജക്ടിൽ വർക്ക് ചെയ്യുന്നു. സൗണ്ട് എൻജിനീയറിങ്ങിലും എ‍ഡിറ്റിങ്ങിലും താൽപര്യമുണ്ട്. രണ്ടു പടത്തിൽ ശ്രേയ എന്നെ അസിസ്റ്റ് ചെയ്തു. ഭർത്താവ് വളരെ ശാന്തനായ മനുഷ്യനാണ്, ഞാൻ അതിന്റെ നേർ വിപരീതവും. ഡിഎൻഎയിൽ വന്ന എന്തെങ്കിലും കുഴപ്പമായിരിക്കാം, എനിക്ക് അടങ്ങിയിരിക്കാൻ പറ്റാറേയില്ല.

lekshmi21