Saturday 26 October 2024 02:10 PM IST

‘ഞങ്ങൾ തമ്മിൽ നല്ലൊരു കെമസ്ട്രിയുണ്ടെന്ന് പലരും പറയാറുണ്ട്; പ്രേമലു രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്’; മനസ് തുറന്ന് മമിത

V R Jyothish

Chief Sub Editor

mamitha-naslen ഫോട്ടോ 1 (left) : ശ്യാം ബാബു, ലൊക്കേഷൻ : ഗ്രാൻഡ് ഹയാത്ത് കൊച്ചി, ബോൾഗാട്ടി

അമ്മയാണോ ഈ രംഗത്തേക്കുള്ള പ്രേത്സാഹനം?

കുടുംബത്തിന്റെ മൊത്തം സപ്പോർട്ട് ഉണ്ട്. എങ്കിലും  കൂടുതൽ പ്രോത്സാഹിപ്പിച്ചത് അമ്മയാണ്. ഞാൻ പറഞ്ഞില്ലേ അമ്മയ്ക്കു സാധിക്കാതെ പോയ ആഗ്രഹങ്ങളായിരുന്നു എന്നിലൂടെ അമ്മ സാധിച്ചതെന്ന്. 

എനിക്കു ഡാൻസിനു സമ്മാനം കിട്ടണമെന്നും ആ ഫോട്ടോ പത്രത്തിൽ അച്ചടിച്ചു വരണമെന്നും അമ്മ ആഗ്രഹിച്ചു. സ്കൂൾ യുവജനോത്സവത്തിലൂടെ അതു നടന്നു. 

മഞ്ജു വാരിയരിൽ നിന്ന് ഞാനൊരു അവാർഡ് വാങ്ങണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു. മഴവിൽ മനോരമയിലൂടെ അതു സാധിച്ചു.

‘വനിത’യുടെ കവർഫോട്ടോയായി എന്റെ ചിത്രം വരണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നു. കാരണം വർഷങ്ങളായി അമ്മ വനിതയുടെ വായനക്കാരിയാണ്. ഇപ്പോഴിതാ വനിതയിലൂടെ അതും സാധിക്കുന്നു. യഥാർഥത്തിൽ ഇതൊക്കെ അമ്മ എന്റെ കുട്ടിക്കാലത്തേ കൊതിച്ചിരുന്ന കാര്യങ്ങളാണ്.  

സിനിമാരംഗവുമായി ഒരു ബന്ധവുമില്ലെന്നു പറഞ്ഞു. പിന്നെ എങ്ങനെയാണ് സിനിമയിൽ എത്തിയത്?

ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. അച്ഛന്റെ `സുഹൃത്ത് അഡ്വ. അജി അങ്കിളാണ് ആദ്യമായി സിനിമയിൽ അവസരം തരുന്നത്. സർവോപരി പാലാക്കാരൻ എന്ന സിനിമയില്‍. പിന്നെ പത്തിലേറെ സിനിമകൾ. അതിനു ശേഷമാണ് പ്രേമലു. ആ സിനിമയാണ് ശരിക്കും എനിക്ക് ഒരു തെന്നിന്ത്യൻ നടി എന്ന ഇമേജ് തന്നത്.   

എന്റെ വീട്ടുകാരും സുഹൃത്തുക്കളും പറയാറുണ്ട് ഞാനൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടു വന്നാൽ പിന്നെ, രണ്ട് ആഴ്ചയെങ്കിലും ആ കഥാപാത്രമായിരിക്കുമെന്ന്. ആലോചിച്ചപ്പോൾ അതു ശരിയാണെന്ന് എനിക്കും തോന്നി. ‘പ്രണയവിലാസ’ത്തിലെ ഗോപിക കാലിൽ ഒരു കറുത്ത ചരട് കെട്ടുന്നുണ്ട്. ഷൂട്ടിങ് കഴിഞ്ഞെങ്കിലും എനിക്ക് ആ ചരട് അഴിച്ചുമാറ്റാൻ തോന്നിയില്ല. അതുപിന്നെ എങ്ങനെയോ അഴിഞ്ഞുപോയി. 

ഇതുപോലെയാണു മറ്റു പല കഥാപാത്രങ്ങളും. അദൃശ്യമായ ഒരു ചരടിൽ നമ്മളെ കെട്ടിയിടും. പിന്നെ കുറച്ചുനാൾ വേണം അത് അഴിഞ്ഞുപോവാൻ. പ്രേമലുവിലെ റീ നു ഇപ്പോഴും കൂടെയുണ്ടെന്ന് തോന്നാറുണ്ട് പലപ്പോഴും. 

കഥാപാത്രങ്ങളോടുള്ള ഈ ആത്മാർഥതയാണോ ഇത്രയും ആരാധകരെ സൃഷ്ടിച്ചത്?

അതു പപ്പയിൽ നിന്നു പഠിച്ച പാഠമാണ്. എന്തു ജോലി െചയ്താലും വളരെ ആത്മാർഥമായി ചെയ്യണമെന്നാണ് പപ്പ പഠിപ്പിച്ചിട്ടുള്ളത്. 

തീരെ ചെറിയ കുട്ടികളും അമ്മൂമ്മമാരുമൊക്കെ കാണാൻ വരുന്നതാണ് ഏറെ സന്തോഷം. എന്റെ സമപ്രായക്കാരൊക്കെ ആരാധന കൊണ്ടു വരുന്നതാവും. പക്ഷേ, ഇവർ അങ്ങനെയല്ലല്ലോ? ഉള്ളിലുള്ള ഇഷ്ടം കൊണ്ടു വരുന്നതല്ലേ?  

മമിത–നസ്‌ലിൻ കോംബോ ഇനിയും പ്രതീക്ഷിക്കാമോ?

ഞങ്ങൾ രണ്ടുപേരും തമ്മിൽ നല്ലൊരു കെമസ്ട്രിയുണ്ടെന്ന് പലരും പറയാറുണ്ട്. അങ്ങനെയുള്ള ധാരാളം പ്രോജക്റ്റുകൾ വരുന്നുണ്ടായിരുന്നു. പക്ഷേ, പ്രേമലു രണ്ടാം ഭാഗത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങൾ.  അതിന്റെ പ്രീപ്രൊഡക്‌ഷൻ വർക്കുകൾ നടക്കുന്നു.  

എആർഎം എന്ന സിനിമയിൽ ശബ്ദം നൽകിയതിന് സിനിമയിലെ നായകൻ ടൊവീനോ നന്ദി പറഞ്ഞിരിക്കുന്നു?

ആ സിനിമയിലെ നായിക കൃതി ഷെട്ടിക്ക് ശബ്ദം നൽകുമ്പോൾ ഇത്രയും വാർത്തയാകുമെന്നു കരുതിയില്ല. എന്തായാലും സന്തോഷം

പ്രേമലുവിൽ മിനി കൂപ്പർ ഓടിച്ച് മറ്റുള്ളവരെ ഞെട്ടിക്കുന്നതുപോലെ നന്നായി വണ്ടി ഓടിക്കാറുണ്ടോ?

റീനുവിനെപ്പോലെ അമിതവേഗത്തിൽ വണ്ടി ഓടിക്കുന്ന ആളല്ല ഞാൻ. മിതമായ സ്പീഡിലേ ഓടിക്കു. 

ചേട്ടൻ മിഥുൻ കാനഡയിലെ പഠനം കഴിഞ്ഞ് ഇപ്പോൾ നാട്ടിൽ എന്നോടൊപ്പമുണ്ട്. ഞങ്ങൾ എറണാകുളത്താണു താമസം. ഇടയ്ക്കിടയ്ക്കു കിടങ്ങൂരേക്കു പോകും. ഫോക്സ്‌വാഗൻ ടൈഗൂൺ ആണ് എന്റെ വാഹനം. അതിലാണു യാത്ര. പിന്നെ, കാർ മാത്രമല്ല സ്കൂട്ടറും ബൈക്കും ഓടിക്കാൻ  ഇഷ്ടമാണ്.

ഇപ്പോള്‍ മനസ്സിലുള്ള വലിയ ആഗ്രഹമെന്താണ് ?     

ഏറ്റവും വലിയ ആഗ്രഹം എന്താണെന്നു ചോദിച്ചാൽ വീണ്ടും എൽകെജി ക്ലാസിൽ പോയിരുന്ന് പഠിക്കണമെന്നുണ്ട്. അതു നടക്കില്ലന്നറിയാം. എന്നാലും ആഗ്രഹിക്കാല്ലോ. ചെറിയകാര്യങ്ങളിൽ സങ്കടപ്പെടുകയും സന്തോഷിക്കുകയും ചെയ്യുന്ന ഒരാളാണു ഞാൻ. 

മമിത ചിരിക്കുന്നു. സിനിമയിലും റീൽസിലും മിന്നിമറയുന്ന അതേ ചിരി.

Tags:
  • Celebrity Interview
  • Movies