Monday 28 January 2019 05:34 PM IST

നടി മാതു ക്രിസ്തുമതം സ്വീകരിച്ചതിന്റെ കാരണം ഇതാണ്!

Roopa Thayabji

Sub Editor

mathu01

മുത്തിനെ പോലൊരു മകളുണ്ടാകാൻ എല്ലാ അച്ഛന്മാരും ആഗ്രഹിച്ച കാലമുണ്ടായിരുന്നു. ‘അമരം’ എന്ന ഒറ്റച്ചിത്രം കൊണ്ട് മാതു കീഴടക്കിയത് മലയാളിയുടെ സ്നേഹത്തിന്റെ കരകാണാക്കടലാണ്. പിന്നീടു പത്തു വർഷം ശാലീനസുന്ദരിയായ കാമുകിയായും നിഷ്കളങ്കയായ ഭാര്യയായും കുശുമ്പിയായ പെങ്ങളായും മാതു മലയാള സിനിമയിൽ നിറഞ്ഞുനിന്നു. ‘മാട്ടുപ്പെട്ടി മച്ചാനി’ലെ പൊങ്ങച്ചക്കാരിയായും ‘സദയ’ത്തിലെ ജയയായും വന്നപ്പോൾ മലയാളി മാതുവിനെ ‘വെറുത്തുകൊണ്ട്’ സ്നേഹിച്ചു. ആ സ്നേഹം കണ്ടില്ലെന്നു നടിച്ച് പെട്ടെന്നൊരു ദിവസം മാതു കടൽ കടന്നുപോയി. ഡോ. ജേക്കബിനെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് ചേക്കേറിയ മാതു സിനിമയോടും ഗുഡ്ബൈ പറഞ്ഞു. അതിനുമേറെ മുമ്പേ മീന എന്ന പുതിയ പേരിനൊപ്പം ക്രിസ്തുമതവും സ്വീകരിച്ചിരുന്നു.

പഴയ നടിമാരുടെ മടങ്ങിവരവുകൾ ആഘോഷമായപ്പോഴൊക്കെ മലയാളി കാത്തിരുന്നത് മാതുവിനെയാണ്, എവിടെയാണ് എന്നറിയാൻ. ശാന്തികൃഷ്ണയുടെ ‘വനിത’യിലെ അഭിമുഖത്തിനു പിന്നാലെ അമേരിക്കയിൽ നിന്നൊരു മലയാളി വിളിച്ചു. ‘മാതു ഇവിടെയുണ്ട്. മക്കളുമൊത്ത് സുഖമായിരിക്കുന്നു.’ പതിനേഴു വർഷമായി മലയാളത്തിൽ നിന്നു മറഞ്ഞിരുന്ന മാതു ന്യൂയോർക്കിലെ അപ്പാർട്ട്മെന്റിൽ ഡാൻസ് ക്ലാസും മക്കളുടെ കാര്യങ്ങളുമായി ഒതുങ്ങി ജീവിക്കുകയായിരുന്നു. സംഭാഷണത്തിന്റെ തുടക്കത്തിൽ തന്നെ മാതു പറഞ്ഞു,

‘‘കുറേ വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെയൊരു അഭിമുഖം. മക്കളായ ജെയ്മിക്കും ലൂക്കിനുമൊപ്പം ഇവിടെ തനിച്ചാണ്. നാലുവർഷം മുമ്പ് ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഞാനും ജേക്കബും വേർപിരിഞ്ഞു. സിനിമയിലേക്ക് തിരിച്ചുവരാൻ മോഹമുണ്ട്.’’ അഭിനയജീവിതത്തിന് നാൽപതു വർഷം പൂർത്തിയാകുന്ന വേളയിൽ മാതു ‘വനിത’യോടു മനസ്സുതുറന്നു.

40 വർഷം അത്ര ചെറിയ കാലയളവല്ല ?

1977 ലാണ് ‘സനാദി അപ്പണ്ണ’ എന്ന കന്നട സിനിമയിൽ ബാലതാരമായത്. അച്ഛൻ വെങ്കട് റാവുവിന് സിനിമക്കാരുമായി അടുപ്പമുണ്ടായിരുന്നു. അമ്മ ശാന്തമ്മ. ചേച്ചി സരളയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ആദ്യചിത്രത്തിനു തന്നെ മി കച്ച ബാലതാരത്തിനുള്ള കർണാടക സർക്കാരിന്റെ അവാർഡ് എനിക്ക് കിട്ടി. പിന്നീട് രജനീകാന്തിനൊപ്പം ‘ഭൈരവി’ എന്ന ചിത്രത്തിലും ‘നീയാ’ എന്ന മറ്റൊരു ചിത്രത്തിലും ബാലതാരമായി. പത്തുവർഷത്തിനു ശേഷം ‘കോവിൽ മണി ഓസൈ’ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയത്തിലേക്ക്. ഒന്നുരണ്ടു തമിഴ് സിനിമകൾ കൂടി കഴിഞ്ഞാണ് ‘പൂരം.’

മാധവിയിൽ നിന്നു മാതുവിലേക്ക് ?

നെടുമുടി വേണു ചേട്ടൻ ആദ്യമായി സംവിധാനം ചെയ്ത ‘പൂര’ത്തിലാണ് മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്. അന്നു ഭാഷ അറിയില്ലായിരുന്നു. ധൈര്യം തന്നു പ്രോത്സാഹിപ്പിച്ചത് വേണു ചേട്ടനാണ്. മാധവി എന്ന പേരു മാറ്റി മാതു എന്നാക്കിയതും അദ്ദേഹമാണ്. മാധവി എന്ന പ്രശസ്ത നടി ആ സമയത്ത് സജീവമായിരുന്നു. പിന്നീടാണ് ‘കുട്ടേട്ടൻ.’ അതുകഴിഞ്ഞ് ‘അമരം.’ അപ്പോഴേക്കും ക്രിസ്തുമത വിശ്വാസം സ്വീകരിച്ചിരുന്നു.

mathu02

വിവാഹം കഴിക്കാനാണ് മതം മാറിയതെന്നാണ് കേട്ടത് ?

തെറ്റാണത്. ‘അമര’ത്തിൽ അഭിനയിക്കുന്ന കാലത്തേ ക്രിസ്തുവിൽ വിശ്വസിച്ചുതുടങ്ങിയിരുന്നു. അതിനു പിന്നിൽ വല്ലാതെ വിഷമിപ്പിച്ച ഒരു സംഭവമുണ്ട്. ‘കുട്ടേട്ട’നു ശേഷം എന്നെത്തേടി നല്ലൊരു റോളെത്തി, ‘പെരുന്തച്ചനി’ലെ കഥാപാത്രം. ഷൂട്ടിങ്ങിനു തയാറായി ഇരിക്കുമ്പോഴാണ് എനിക്കു വച്ചിരുന്ന റോളിൽ മോനിഷ അഭിനയിച്ചുതുടങ്ങി എന്നറിഞ്ഞത്. വല്ലാത്ത ഡിപ്രഷനിലായി ഞാൻ. വിഷമം സഹിക്കാനാകാതെ അമ്മ എന്നെയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി. മാതാവിനു മുന്നിൽ ഞാൻ കരഞ്ഞു പ്രാർഥിച്ചു.

വീട്ടിലെത്തി കിടന്നുറങ്ങിയ എന്നെത്തേടി ഒരു ഫോൺകോളെത്തി, ‘അമര’ത്തിൽ അഭിനയിക്കാനുള്ള ഓഫറായിരുന്നു അത്. ‘പെരുന്തച്ച’ന്റെ കാര്യമറിഞ്ഞ ആരോ പറ്റിക്കാൻ വിളിക്കുകയാണെന്നാണ് കരുതിയത്. ചെറിയ റോളിൽ അഭിനയിക്കാൻ താൽപര്യമില്ല എന്നു പറഞ്ഞ് ഞാൻ ഫോൺ കട്ടുചെയ്തു. പിന്നീട് അമ്മയാണ് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷമായി. അന്നുമുതൽ ഞാൻ ജീസസിന്റെ മകളാണ്. അച്ഛന്റെയും അമ്മയുടെയും പൂർണപിന്തുണയോടെ മതംമാറി, പേരും മാറ്റി. പക്ഷേ, അഭിനയിച്ച സിനിമകളുടെയെല്ലാം ടൈറ്റിൽ കാർഡിൽ മാതു എന്നു തന്നെയാണ് അടിച്ചിരുന്നത്. മക്കളെയും ആ വിശ്വാസപ്രകാരം വളർത്തുന്നു. മുടങ്ങാതെ പള്ളിയിൽ പോകും. പ്രാർഥനയാണ് എന്നെ തുണയ്ക്കുന്നത്. അതാണ് എന്റെ ശക്തിയും.

‘അമരം’ ജീവിതം തന്നെ മാറ്റി ?

കരിയറിൽ അത്ര മികച്ച മറ്റൊരു വേഷം കിട്ടിയിട്ടില്ല എന്നുപ റയാം. ഇപ്പോഴും ‘അമര’ത്തിന്റെ പേരിലാണ് ആളുകൾ ഓ ർക്കുന്നത്. മലയാളത്തിലെ എന്റെ മൂന്നാമത്തെ സിനിമയായിരുന്നു അത്, സൂപ്പർഹിറ്റും. ഡ്രസ് റിഹേഴ്സലിന് നീളൻ പാവാടയും ബ്ലൗസുമിട്ട് വന്നപ്പോൾ ‘എന്റെ മുത്ത് അതാ മുന്നിൽ’ എന്നാണ് ഭരതൻ സാർ പറഞ്ഞത്.
കടപ്പുറത്തു കൂടി നടന്നുവരുമ്പോൾ അശോകൻ പിണങ്ങിയിരിക്കുന്നത് കാണുന്നതായിരുന്നു ആദ്യ സീൻ. ടേക്കിനു തൊട്ടുമുമ്പാണ് ഡയലോഗ് പറഞ്ഞുതന്നത്. ആ സീനിൽ ഞാൻ നല്ല ഭംഗിയായിട്ടാണ് ഉള്ളത്. പിന്നീട് കടപ്പുറത്തെ വെയിലുകൊണ്ട് ആകെ കറുത്തു. അപ്പോഴാണ് നിറം ശരിയായത് എന്നുപറഞ്ഞു ഞങ്ങളെല്ലാം ചിരിക്കുമായിരുന്നു. ഭരതൻ– ലോഹിതദാസ്– മമ്മൂട്ടി– മധു അമ്പാട്ട് ടീമിനൊപ്പം ആരും മറക്കാത്ത റോൾ ചെയ്യാനായത് ദൈവാനുഗ്രഹമാണ്.

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം അഭിനയിച്ചുവല്ലോ ?

‘കുട്ടേട്ട’നിൽ അഭിനയിക്കുമ്പോൾ അമ്പരപ്പുണ്ടായിരുന്നു. മ മ്മൂക്കയോടൊപ്പം ഡയലോഗൊക്കെ പറഞ്ഞുനിൽക്കാൻ പേടി. റീടേക്ക് വേണ്ടിവരുമ്പോൾ ആകെ ടെൻഷൻ. സപ്പോർട്ട് ചെയ്തത് മമ്മൂക്കയാണ്. അത്താഴം കഴിക്കാൻ എല്ലാവരും ഒന്നിച്ചുകൂടുമായിരുന്നു. അപ്പോൾ എന്തെങ്കിലും ഗെയിമുകളുണ്ടാകും. പാട്ടുപാടുകയോ മിമിക്രി അവതരിപ്പിക്കുകയോ ഒക്കെ വേണം. ഓരോ ദിവസവും പാട്ടു പഠിച്ചിട്ടാണ് അ ത്താ ഴം കഴിക്കാൻ പോയിരുന്നത്. ഒത്തുചേരലുകൾ പേടി ഇല്ലാതാക്കി. ‘അമര’ത്തിലെത്തുമ്പോൾ ഞാൻ കൂളായിരുന്നു. ഡയ ലോഗ് നേരത്തേ കാണാപ്പാഠം പഠിച്ചുവയ്ക്കും.

‘സദയ’ത്തിന്റെയും മികച്ച ടീമായിരുന്നു, സിബി മലയിൽ– എംടി വാസുദേവൻ നായർ– മോഹൻലാൽ. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നയാളാണ് ലാലേട്ടൻ. ഷൂട്ടിങ് കാണാൻ വ രുന്ന എല്ലാവരെയും നോക്കി ചിരിക്കും. ഓട്ടോഗ്രഫ് കൊടുക്കാനും കൈവീശി കാണിക്കാനുമൊന്നും മടിയില്ല. പക്ഷേ, സംസാരം കുറവാണ്. 25 വർഷമാകുന്നു ‘സദയം’ റിലീസായിട്ട്. ഇപ്പോൾ ആലോചിക്കുമ്പോഴാണ് എത്ര നല്ല സിനിമകളാണ് എനിക്ക് മിസ് ചെയ്തത് എന്ന് തോന്നുന്നത്.

mathu04

പിന്നീടു പത്തുവർഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ?

‘അമര’ത്തിനു ശേഷം പത്തു വർഷം വലിയ തിരക്കു തന്നെയായിരുന്നു. കേരളത്തിൽ തന്നെ താമസിച്ചു. ചിലപ്പോൾ ഒരു മാസത്തേക്ക് ഷൂട്ടിങ്ങൊന്നും കാണില്ല. എങ്കിലും നാട്ടിലെ കാലാവസ്ഥയും സൗന്ദര്യവും ആസ്വദിച്ച് അവിടെ കഴിഞ്ഞു. ഹെൽത്തി ലൈഫാണ് മലയാളികളുടേത്. വലിയ ചൂടോ തണുപ്പോ ഇല്ലാത്ത കാലാവസ്ഥയും പൊടിയും അഴുക്കുമില്ലാത്ത ശുദ്ധവായുവും മറ്റെവിടെ കിട്ടും.

ജഗതി ചേട്ടനില്ലാത്ത ഷൂട്ടിങ് സെറ്റില്ലായിരുന്നു. കെപിഎസി ലളിത ചേച്ചിയും ഫിലോമിന ചേച്ചിയും മിക്കവാറുമു ണ്ടാകും. അമ്മയും അച്ഛനും ചേട്ടൻ മധുവുമായിരുന്നു എന്റെ ക്രിട്ടിക്സ്. അഭിനയം മുതൽ മേക്കപ്പ് വരെ അവരുടെ കണ്ണെത്തും.

സിനിമയിൽ നിന്ന് പ്രണയാഭ്യർഥനകൾ വല്ലതും ?

ചിലതൊക്കെ വന്നിരുന്നു. അന്നു ചെറുപ്പമല്ലേ. ചിലരോടൊക്കെ ഇഷ്ടവും തോന്നിയിരുന്നു. പക്ഷേ, അതൊന്നും ശരിയായി വന്നില്ല. സീരിയസായ പ്രണയമൊന്നും ഉണ്ടായിരുന്നില്ല. വിവാഹമാണ് ജീവിതത്തിലെ സുപ്രധാന കാര്യമെന്നു ചിന്തിക്കുന്നത് കുറേ അഭിനയിച്ച ശേഷമാണ്. വീട്ടുകാരുടെ താൽപര്യമായിരുന്നു വിവാഹം നടത്തണമെന്നത്. വിവാഹപ്രായമായാൽ പെൺകുട്ടികൾ സെറ്റിൽ ചെയ്യണം എന്നു ചിന്തിച്ചു ഞാനും. ഇഷ്ടം തോന്നിയ ആളെക്കുറിച്ച് പറഞ്ഞപ്പോൾ എല്ലാവർക്കും സമ്മതം. പക്ഷേ, ഒരു കാര്യത്തിൽ ഇപ്പോൾ വിഷമമുണ്ട്, എന്നെ സ്നേഹിച്ച പ്രേക്ഷകരോട് ഒന്നും പറയാതെ പെട്ടെന്നു പൊയ്ക്കളഞ്ഞു. എല്ലാവരോടും യാത്ര പറഞ്ഞ്, അനുഗ്രഹം വാങ്ങിയായിരുന്നു പോകേണ്ടത്. അങ്ങനെ ചെയ്യാതിരുന്നതിനു ക്ഷമ ചോദിക്കുന്നു.

മോശം അനുഭവങ്ങളെന്തെങ്കിലും ഉണ്ടായിട്ടാണോ സിനിമയിൽ നിന്നു പെട്ടെന്നുപോയത് ?

അത്തരം ഒരു അനുഭവവും ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടാകാതിരിക്കാൻ പല മുൻകരുതലും എടുത്തിരുന്നു. എവിടേക്കും ഒറ്റയ്ക്കു പോകാൻ അമ്മ സമ്മതിക്കില്ലായിരുന്നു. അമ്മയാണ് കൂടെ വന്നിരുന്നത്. പിന്നെ, മേക്കപ്പ് അസിസ്റ്റന്റും ഹെയർ ഡ്രസ്സറും കാണും. ഇപ്പോഴത്തെ തലമുറ വിദ്യാഭ്യാസനിലവാരത്തിൽ വളരെ മുന്നിലാണ്. ഒറ്റയ്ക്കു പോകാനോ സംസാരിക്കാനോ ഒന്നും അവർക്കൊരു പേടിയുമില്ല. നടിയെ ആക്രമിച്ച വാർത്ത കേട്ടപ്പോൾ വലിയ ഷോക്കായിരുന്നു. പരാതിപ്പെടാൻ അവൾ മുന്നോട്ടുവന്നത് നല്ല കാര്യം. കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാനാണ് തോന്നിയത്. പേടിച്ചു മിണ്ടാതിരുന്നില്ലല്ലോ. അമേരിക്കയിൽ ജീവിക്കുന്നതു കൊണ്ട് എനിക്ക് വ്യക്തമായി പറയാനാകും, കേരളത്തിൽ സ്ത്രീകൾക്ക് വേണ്ട ബഹുമാനമൊന്നും ആരും കൊടുക്കാറില്ല. ചിലരുണ്ടാകും, പക്ഷേ, കൂടുതൽ പേരും തരം കിട്ടിയാൽ മുതലെടുക്കുന്നവരാണ്. എന്റെ മക്കൾക്കു നാട്ടിലേക്ക് പോകാൻ പേടിയാണ്. ഡൽഹി സംഭവത്തിനു ശേഷം പെൺമക്കളുടെ അമ്മമാരുടെ ആധി വർധിച്ചു.

നായികയിൽ നിന്ന് വീട്ടമ്മയിലേക്കുള്ള മാറ്റം ?

നായിക എപ്പോഴും അഭിനയിക്കുകയല്ലേ, വീട്ടമ്മയാകുന്നത് റിയൽ ലൈഫാണ്. അഭിനയം ഒട്ടുമില്ല. വിവാഹശേഷം ആദ്യത്തെ കുറച്ചുമാസം പാചകത്തെ കുറിച്ച് ടെൻഷനടിച്ചു. ഒരിക്കലും അടുക്കളയിൽ കയറിയിട്ടില്ലാത്ത ആളായിരുന്നു ഞാൻ. പാചകപുസ്തകങ്ങളും ഇന്റർനെറ്റുമായിരുന്നു കൂട്ട്. മീൻകറിയും ചിക്കൻ കറിയും ബിരിയാണിയുമൊക്കെയാണ് സ്പെഷൽ. പക്ഷേ, ഇപ്പോൾ അമ്മൂമ്മ വയ്ക്കുന്ന ബിരിയാണിയാണ് നല്ലതെന്നു പറഞ്ഞ് മക്കൾ എന്നെ ഔട്ടാക്കി.

mathu03

മാറിനിന്നപ്പോഴും ആരാധകർ അന്വേഷിക്കുമായിരുന്നു ?

എനിക്കൊരു തമാശയുണ്ടായിരുന്നു, ആളുകൾ കാണുമ്പോൾ ‘മാതുവല്ലേ’ എന്നുചോദിച്ച് അടുത്തുവരും. ‘അല്ല, നിങ്ങൾക്ക് ആളുമാറിപ്പോയതാ’ എന്നു പറയുമായിരുന്നു. ഇപ്പോൾ അങ്ങനെ ചെയ്യാറില്ല. ഫെയ്സ്ബുക്കിലൊക്കെ മെസേജ് വരും, സിനിമയിലേക്ക് തിരിച്ചുവരണമെന്ന്. അത്ര എളുപ്പമല്ല ഇപ്പോൾ കാര്യങ്ങൾ. എല്ലാം ഒത്തുവന്നാൽ അഭിനയത്തിലേക്ക് മടങ്ങിവരും. മക്കൾ സ്കൂളിൽ പഠിക്കുന്നതേയുള്ളൂ. എന്റെ അമ്മയും അച്ഛനും കൂടെയുണ്ടെങ്കിലും മക്കളോടൊപ്പം വേണമെന്നാണ് തോന്നുന്നത്.

സിനിമയിലെ സൗഹൃദങ്ങൾ ഇപ്പോഴുമുണ്ടോ ?

ഇൻഡസ്ട്രിയിൽ പണ്ടും സുഹൃത്തുക്കൾ കുറവായിരുന്നു. ടി.ആർ. ഓമന ആന്റിയുമായാണ് കോണ്ടാക്റ്റുള്ളത്. അമ്മയും ആന്റിയുടെ വലിയ സുഹൃത്താണ്. മൂന്നു വർഷം മുമ്പ് ചെന്നൈയിൽ പോയപ്പോൾ ആന്റിയുടെ വീട്ടിലാണ് താമസിച്ചത്. അമേരിക്കയിൽ താമസിക്കുന്ന നടിമാരുമായൊക്കെ ബന്ധമുണ്ട്. ശാന്തികൃഷ്ണയുമായി മിക്കവാറും സംസാരിക്കുമായിരുന്നു. ഇവിടെയുള്ള രണ്ടു സുഹൃത്തുക്കളെക്കുറിച്ച് പറയാതിരിക്കാനാകില്ല, റെയ്ച്ചൽ ഡേവിഡും ലിസ ജോണും. ജീവിതത്തിൽ ഏറ്റവും സങ്കടപ്പെട്ട സമയത്ത് എന്നെ ചേർത്തു പിടിച്ചത് അവരാണ്.

മക്കൾക്ക് സിനിമാമോഹമുണ്ടോ ?

ജെയ്മി എട്ടിലും ലൂക്ക് ആറാം ക്ലാസിലുമാണ്. മോൻ കരാട്ടെ ബ്ലാക് ബെൽറ്റാണ്. കാർട്ടൂൺ ചാനലിലും ഗെയിമിലും വരുന്നതു പോലെ അഭിനയിച്ചു കാണിക്കാറുണ്ട്. ഞാൻ നടിയായിരുന്നെന്ന് മക്കൾക്ക് അറിയില്ലായിരുന്നു. സ്കൂളിലെ കൂട്ടുകാരാണ് അവരോടിക്കാര്യം പറയുന്നത്. ബാലതാരമായി അഭിനയിച്ച സിനിമകളൊക്കെ അമ്മ കാണിച്ചു കൊടുത്തു. എന്റെ ഒരു സിനിമയും അവർ മുഴുവനും കണ്ടിട്ടില്ല, ഭാഷയാണ് പ്രശ്നം. ഞാനഭിനയിച്ച പാട്ടുകളൊക്കെ അവർക്കിഷ്ടമാണ്. ജേക്കബുമായി മക്കൾക്ക് വലിയ അടുപ്പമാണ്, അദ്ദേഹത്തിനു തിരിച്ചും. അച്ഛന്റെ കൂടി അഭിപ്രായം കേട്ടു വേണമല്ലോ മക്കളുടെ കരിയർ തീരുമാനിക്കാൻ.

വിവാഹത്തിനു വേണ്ടി മാറിനിന്നു. വീണ്ടും തനിച്ചായി?

വിവാഹശേഷം അഭിനയിക്കില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അമേരിക്കയിലേക്ക് വന്നതോടെ യാത്ര ബുദ്ധിമുട്ടായി. മക്കളായപ്പോൾ ഇൻഡസ്ട്രിയുമായുള്ള ബന്ധവും വിട്ടു. ഇവിടെ ഒറ്റയ്ക്കിരിക്കാൻ വയ്യാതെയാണ് ഡാൻസ് ക്ലാസ് തുടങ്ങിയത്. കുറച്ചു കുട്ടികളുണ്ട്. സിനിമകൾ കാണാറുണ്ട്. ‘ദൃശ്യ’മാണ് അവസാനം കണ്ടത്. മഞ്ജു വാരിയരുടെ സിനിമകൾ വലിയ ഇഷ്ടമാണ്. മമ്മൂക്കയുടെ മകളായി അഭിനയിച്ച എനിക്ക് ഏറ്റവും സന്തോഷം തോന്നിയത് ദുൽഖർ സൽമാന്റെ സിനിമ കണ്ടപ്പോഴാണ്. അമേരിക്കയിൽ ചിത്രീകരിക്കുന്ന സിനിമകളിൽ വേഷം വന്നാൽ തീർച്ചയായും അഭിനയിക്കും. ദൈവമാണ് എന്നെ നിങ്ങളുടെ മുത്താക്കിയത്. ആ ദൈവം  തന്നെ ഇനിയും ഭാഗ്യം കൊണ്ടുവരും, തീർച്ച.

mathu05