Tuesday 07 August 2018 12:32 PM IST

ഇതുവരെ സുമലതയെ കണ്ടിട്ടില്ല, ആ താരതമ്യപ്പെടുത്തൽ എന്നെ ബാധിച്ചിട്ടുമില്ല...

V.G. Nakul

Sub- Editor

nami214
ഫോട്ടോ: ശ്യാം ബാബു

വിവാദങ്ങളോ വിവാദനായകന്‍റെ കൂടെയുള്ള അഭിനയമോ േസാഷ്യല്‍മീഡിയയില്‍ പറന്നു കളിക്കുന്ന ട്രോളുകളോ ഒന്നും നമിത പ്രമോദിനു പ്രശ്നമല്ല. ‘ഇതൊക്കെ അത്ര വലിയ കാര്യമാേണാ... െഎ േഡാണ്ട് െകയര്‍. ഞാൻ വളരെ പ്രാക്ടിക്കലാണ്.’ പതിവു ചിരിയോെട നമിത പറഞ്ഞു തുടങ്ങുന്നു. ‘ഞങ്ങളുെട വീട്ടിലൊരു പട്ടിക്കുട്ടിയുണ്ട്. വീട്ടിലെ ഏറ്റവും ഇളയ അംഗം. അച്ഛനും അമ്മയും ഞാനും അനിയത്തിയും േചര്‍ന്ന് ആ പട്ടിക്കുട്ടിയുെട െബര്‍ത്േഡ േകക്ക് മുറിച്ച് ആഘോഷിച്ചു. അതിന്‍റെ പടം ഫെയ്സ്ബുക്കിലുമിട്ടു. ഉടനെ തുടങ്ങിയില്ലേ ബഹളം. ഇതൊക്കെ ശരിയാണോ, ആ പണം െകാണ്ടു പാവപ്പെട്ടവരെ സഹായിച്ചൂടേ, പട്ടിണി മരണം നടക്കുന്ന നാടല്ലേ ഇന്ത്യ എന്നൊക്കെ ചോദിച്ചു കുേറപ്പേര്‍.

നമ്മള്‍ ഒരു െതറ്റു െചയ്താല്‍ വിമര്‍ശിക്കാം. പക്ഷേ, യാതൊരു ബന്ധവുമില്ലാത്ത സംഭവങ്ങളിലേക്കു വലിച്ചിഴയ്ക്കരുത്. ഞാൻ സോഷ്യല്‍ മീഡിയയിൽ അധികം സജീവമല്ല. അത്യാവശ്യം ശ്രദ്ധിക്കും. പക്ഷേ, അതിൽ അഭിപ്രായം പറയുകയോ ഓരോ മിനിറ്റിലും പടങ്ങളിട്ട് വെറുപ്പിക്കലോ ഇല്ല. വിവാദങ്ങള്‍ അധികം ഉണ്ടാക്കാതിരിക്കുന്നതല്ലേ നല്ലത്. ചെയ്യുന്ന ജോലിയിൽ നിന്നു കിട്ടുന്ന പരിഗണന മാത്രം മതി എനിക്ക്.’’ നമിത വീണ്ടും ചിരിക്കുന്നു, പിന്നെ പറയുന്നു, ‘‘ചിരി എന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. എന്നു കരുതി എപ്പോഴും സന്തോഷിക്കുന്ന ആളൊന്നുമല്ല. സങ്കടം വരാറുണ്ട്. കരയാറുണ്ട്. വളരെയേറെ സെൻസിറ്റീവുമാണ്.

ഓരോ സിനിമ കഴിയുമ്പോഴും കുറച്ചു കാലം എവിടേക്കോ മാറി നിൽക്കുന്നതു പോലെ ?

സിനിമയിൽ മാത്രമല്ലല്ലോ ശ്രദ്ധ. അതിനിടയിൽ പഠിക്കുന്നു മുണ്ട്. രണ്ടും ഒന്നിച്ചു കൊണ്ടു പോയേ പറ്റു. പഠനവും സിനിമയും ബാലൻസ് ചെയ്യാനുള്ള ശ്രമത്തിനിടെ സിനിമകൾ കുറയുന്നുണ്ടാകും. ഒരു ഘട്ടം കഴിയുമ്പോൾ കുറേ സിനിമകൾ വരും. അപ്പോൾ അതിൽ നിന്നു നല്ലതു തിരഞ്ഞെടുത്താൽ മതിയെന്നു തോന്നും. കഥാപാത്രങ്ങളുടെ പ്രാധാന്യം ശ്രദ്ധിക്കും. ‘വിക്രമാദിത്യൻ’ വരെയുള്ള സിനിമകൾ സ്കൂളിൽ പഠിക്കുമ്പോഴാണ് ചെയ്തത്. മുഴുവൻ സമയവും സിനിമയിൽ മുഴുകുക എന്ന ചിന്തയൊന്നും പണ്ടു മുതലേയില്ല.

ഡിഗ്രിക്ക് ഏറ്റവും പ്രിയപ്പെട്ട സോഷ്യോളജി തിരഞ്ഞടുത്തിട്ടും പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു ?

ചെറുപ്പം മുതലേ സോഷ്യൽ സയൻസ് വളരെ ഇഷ്ടമാണ്. പ്ലസ് ടൂവിന് നല്ല മാർക്ക് കിട്ടിയപ്പോള്‍ എല്ലാവരും പറഞ്ഞു ഡിഗ്രിക്ക് സയൻസ് എടുക്കാൻ. സയൻസിനോട് പ്രത്യേക ആഭിമുഖ്യമൊന്നുമില്ലാത്ത ഞാൻ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം എന്തിനു സയൻസ് പഠിക്കണം?. അങ്ങനെ സോഷ്യോളജിക്കു ചേർന്നു. കോളേജ് ഓട്ടോണമസ് ആക്കിയപ്പോള്‍ അറ്റൻഡൻസിന്റെ ചില പ്രശ്നങ്ങൾ വന്നു. അങ്ങനെ സോഷ്യോളജി നിർത്തി കറസ്പോണ്ടൻസായി ബി.എസ്.ഡബ്ലിയുവിനു ചേർന്നു. സങ്കടമൊന്നും തോന്നിയില്ല. എവിടെയാണെങ്കിലും ഞാൻ സോഷ്യല്‍ സയന്‍സ് തന്നെ പഠിക്കും എന്നു തീരുമാനിച്ചിരുന്നു.

namitha-pramod-june

വിക്രമാദിത്യനില്‍ അഭിനയിക്കുമ്പോൾ സ്കൂളിൽ പഠിക്കുകയായിരുന്നുവെന്ന് ആരും വിശ്വസിക്കില്ല?

അതേന്നേ... പ്ലസ് ടൂവിന് പഠിക്കുമ്പോഴാണ് വിക്രമാദിത്യനിൽ അഭിനയിച്ചത്. പ്രായം കുറച്ചു കാണിക്കാൻ പറയുന്ന കള്ളത്തരമെന്നാണു പലരും കരുതിയത്. അതിലൊന്നും വിഷമമില്ല.

ഫാമിലി ഗേളാണോ? എപ്പോഴും കുടുംബത്തോടൊപ്പം നിൽക്കാന്‍ ആഗ്രഹിക്കുന്ന...?

പൊതുവേ അങ്ങനെയാണ്. എല്ലാത്തിനും മീതേയാണല്ലോ കുടുംബം. സുഹൃത്തുക്കളുമായി ചേർന്ന് അത്യാവശ്യം കറക്കങ്ങളൊക്കയുണ്ടെങ്കിലും ഞാനത്ര വേഗം കൂട്ടാകുന്ന ആളല്ല. വളരെയേറെ സമയമെടുത്താണ് സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതു തന്നെ. സ്കൂൾ കാലം മുതൽ ഒപ്പമുള്ള രണ്ടു പേരാണ് ബെസ്റ്റ് ഫ്രണ്ട്സ്. കൂടുതൽ സമയവും വീട്ടിൽ തന്നെ. കുറച്ചു വായന, സിനിമ, ഉറക്കം... പിന്നെ, െപറ്റിെന െകാഞ്ചിച്ചും കളിപ്പിച്ചും സമയം കളയും. വിേദശത്തു പരിപാടി കള്‍ക്കു പോകുമ്പോഴും കൂടുതല്‍ സമയവും ഞാന്‍ മുറിക്കുള്ളിലാകും. അൽപം അന്തർമുഖയാണെന്നു കരുതിക്കൊള്ളൂ.

സിനിമയിൽ എത്തിയിരുന്നില്ലെങ്കിൽ അധ്യാപികയാകുമായിരുന്നു എന്നു പറഞ്ഞിട്ടുണ്ടല്ലോ...

കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുക, പഠിപ്പിക്കുക ഒക്കെ വളരെ വലിയ കാര്യങ്ങളാണല്ലോ. നമുക്ക് കുറേ പഴഞ്ചൻ ധാരണകളുണ്ട്. അത് പുതിയ തലമുറയിലേക്കു കൊണ്ടു പോകാതെ അവരെ വേറിട്ട ചിന്തകൾ പരിചയപ്പെടുത്താൻ കഴിയണം. ഞാൻ പഠനം തുടരുന്നതു തന്നെ അതുകൊണ്ടാണ്. പണ്ടു മുതലേയുള്ള സ്വപ്നമാണ്. എപ്പോഴും അതു കൂടെയുണ്ടാകും. സംഭവിക്കുമോ എന്നറിയില്ല. എന്തായാലും ശ്രമിക്കും. പഠിപ്പിച്ച പല അധ്യാപകരും എന്നെ സ്വാധീനിച്ചിട്ടുണ്ട്.  

‘ന്യൂ ജനറേഷൻ സുമലത’ യെന്ന വിളിപ്പേര് എപ്പോഴെങ്കിലും ബാധ്യതയായിട്ടുണ്ടോ ?

ആ വിശേഷണം ഇപ്പോഴുണ്ടോ എന്നറിയില്ല. സിനിമയിലേക്കു വന്ന സമയത്ത് ഞങ്ങളുടെ ചിത്രങ്ങൾ താരതമ്യം ചെയ്ത് കുറെ അഭിപ്രായങ്ങളുണ്ടായി. ‘പുതിയ തീരങ്ങളു’ടെ സമയത്ത് നെടുമുടി വേണു അങ്കിളാണ് ഇതാദ്യം പറഞ്ഞത്. എന്റെ ഫോട്ടോ നോക്കിയിട്ട് എവിടെയോ കണ്ടു മറന്നതു പോലെയെന്നു പറഞ്ഞു. പിന്നീട് പറഞ്ഞു സുമലതയെപ്പോലെയെന്ന്. അന്നേരം എനിക്കും തോന്നി, ശരിയാണല്ലോ... മൂക്ക് അതു പോലാണ്, കണ്ണ് അതു പോലാണ്, ചിരി അതു പോലാണ്,  എന്നൊക്കെ. ഞാനിതു വരെ സുമലതയെ നേരിൽ കണ്ടിട്ടില്ല. അങ്ങനെയൊരു താരതമ്യം എന്നെ ബാധിച്ചിട്ടുമില്ല.

nami213

ട്രാഫിക്കിനു മുൻപ് ഒരു തമിഴ് സിനിമയിൽ അവസരം ലഭിച്ചിരുന്നല്ലോ...?

ആ സിനിമ സംഭവിക്കാഞ്ഞത് നന്നായി. ആകെ നാലു ദിവസമാണ് ഷൂട്ട് ചെയ്തത്. എന്തൊക്കയോ പ്രശ്നങ്ങള്‍ കാരണം മുടങ്ങി. എനിക്കു കിട്ടാവുന്ന ഏറ്റവും നല്ല തുടക്കമായിരുന്നു ട്രാഫിക്ക്. ഒറ്റ ചിത്രം കൊണ്ടു തന്നെ ആളുകൾ‌ തിരിച്ചറിഞ്ഞു തുടങ്ങി. സിനിമയിൽ തുടർന്നുള്ള എന്റെ എല്ലാ നേട്ടങ്ങളുടെയും റൂട്ട് ട്രാഫിക്കായിരുന്നു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്. കഥ കേട്ടപ്പോൾ എനിക്കൊന്നും മനസ്സിലായില്ല. എങ്കിലും അത്ര കാലം നമ്മൾ കണ്ടതിൽ നിന്നു വ്യത്യസ്തമായ എന്തോ ഒന്നു സംഭവിക്കുവാൻ പോകുന്നു എന്നു തോന്നിയിരുന്നു. സിനിമ കണ്ടു കഴിഞ്ഞപ്പോഴാണ് ‘ആഹാ, ഇതിങ്ങനെയാണല്ലേ’ എന്നു മനസ്സിലായത്.

മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മകളുമായി ബന്ധപ്പെട്ടുണ്ടായ ചർച്ചകളിലൊന്നും  കണ്ടില്ലല്ലോ...?

അതിലൊന്നും ഞാനില്ല. എങ്കിലും ശരിയെന്നു തോന്നിയാൽ യോജിക്കും. സിനിമയിലും പൊതുവേ സുഹൃത്തുക്കൾ കു റവാണ്. കഴിവുണ്ടെങ്കിൽ അവസരങ്ങൾ വരും, ആളുകൾക്ക് ഇഷ്ടമാകും. ഇല്ലെങ്കിൽ ഇല്ല. അത്ര തന്നെ. ആവശ്യമില്ലാത്ത കാര്യങ്ങള്‍ തലയിൽ കയറ്റുമ്പോഴാണ് അഹങ്കാരവും അ സൂയയും സമ്മർദ്ദവുമൊക്കെയുണ്ടാകുന്നത്. അത് ഉള്ളിലുള്ള സകല നന്മകളേയും നശിപ്പിക്കും. ഒരുപാടു നല്ല കാര്യങ്ങൾ ചെയ്യാനുള്ള ജീവിതമല്ലേ. അതിൽ ശ്രദ്ധിക്കാം.

നമിത നൃത്തം പഠിച്ചിട്ടില്ലെന്ന് അധികമാർക്കും അറിയില്ലെന്നു തോന്നുന്നു?

കുട്ടിക്കാലത്ത് ടെലിവിഷനിലും സിനിമയിലും ഒക്കെ ഡാൻസ് കണ്ടു െകാതി േകറിയപ്പോ എനിക്കും ഡാന്‍സ് പഠിക്കാന്‍ തോന്നി. അങ്ങനെ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മയെന്നെ ഒരു ടീച്ചറിന്റെയടുത്ത് ചേർത്തു. പക്ഷേ, ഒരു വർഷം കഴിഞ്ഞിട്ടും നാട്ടടവ്, തട്ടടവ് പോലെയുള്ള കാര്യങ്ങൾ മാത്രമേ പഠിപ്പിച്ചുള്ളൂ. അരമണ്ഡലത്തിലൊക്കെയിരുന്ന് ശരീരം നന്നായി വേദനിച്ചപ്പോൾ ഇതെനിക്കു പറ്റിയ പണിയല്ലെന്നു മനസ്സിലായി. അന്നു നിർത്തിയതാണ്,

പക്ഷേ, സിനിമയിൽ വന്നപ്പോൾ പണിപാളി. മിക്ക സിനിമകളിലും ഡാന്‍സുണ്ട്. ‘പുള്ളിപ്പുലി’കളിലും ‘ചന്ദ്രേട്ടനി’ലുമൊക്കെ നന്നായി കഷ്ടപ്പെട്ടു. എല്ലാവരും പറയുന്നത് എന്‍റെ ഡാ ന്‍സ് കണ്ടാൽ ശാസ്ത്രീയമായി പഠിച്ചിട്ടില്ല എന്നു തോന്നില്ല എന്നാണ്. അത് മാസ്റ്റേഴ്സിന്റെ കഴിവാണ്. പുള്ളിപ്പുലികൾ ചെയ്യുമ്പോൾ ശരണ്യ മോഹന്റെ അടുത്ത് പോയി മൂന്നു ദിവസം അത്യാവശ്യ കാര്യങ്ങൾ മാത്രം പഠിച്ചു. ചന്ദ്രേട്ടനിൽ ഗായത്രി രഘുറാമായിരുന്നു മാസ്റ്റർ. ഷൂട്ടിനു മുമ്പേ ഞാനെന്റെ അവസ്ഥ തുറന്നു പറഞ്ഞിരുന്നു.

ദിലീപിനൊപ്പം അഞ്ചാമത്തെ സിനിമയാണ് പ്രഫസർ ഡിങ്കൻ. ഭാഗ്യ ജോഡിയായി മാറുകയാണോ?

ഒപ്പം അഭിനിയിക്കുന്നവരില്‍ എനിക്കു വളരെ കംഫർട്ടബ്ളായ ആളാണ് ദിലീപേട്ടൻ. ക്യാമറയുെട മുന്നില്‍ നില്‍ക്കുന്നതിന്‍റെ യാതൊരു വിധ സമ്മർദവും ദിലീപേട്ടന്‍ കൂടെയുള്ളപ്പോള്‍ തോന്നില്ല. നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ മറുവശത്തു നിന്ന് എന്താണ് വരികയെന്ന് കൃത്യമായും അറിയാം. നല്ല സിനിമകൾ വന്നപ്പോൾ ഒരുമിച്ച് അഭിനയിക്കാൻ കൂടുതൽ അവസരങ്ങൾ ലഭിച്ചു. ഒന്നു രണ്ടു സിനിമ കഴിഞ്ഞപ്പോള്‍ ത ന്നെ ആ വേവ് ലംങ്ത് മനസ്സിലായിരുന്നു.

namitha-dileep0987

വിവാഹം ഉടനേയുണ്ടാകുമോ? സിനിമകൾ കുറച്ചത് അതിന്റെ ഭാഗമായാണെന്നു പ്രചരണമുണ്ട് ?

ഇപ്പോൾ എന്തായാലും ഇല്ല. അതൊരു വലിയ ഉത്തരവാദിത്വമാണ്. കല്യാണം കഴിച്ചാൽ ഭർത്താവിനെ മര്യാദയ്ക്ക് നോക്കണം. അതിനുള്ള പക്വത തൽക്കാലം ആയിട്ടില്ല. ഒരു കു ടുംബം നോക്കി നടത്താനുള്ള കഴിവൊക്കെയാകട്ടെ. മൂന്നോ നാലോ വർഷം കഴിയും. ‘പ്രണയ വിവാഹമായിരിക്കുമോ’ ‘അറേഞ്ച്ഡ് ലൗ ആണോ’ എന്നൊക്കെ അപ്പോഴേ അറിയാൻ പറ്റൂ. നിലവിൽ അത്തരം ബന്ധങ്ങളൊന്നുമില്ല. കല്യാണം പോലെയാണ് പ്രണയവും. വലിയ ഉത്തരവാദിത്വമാണ്.

വളരെപ്പെട്ടെന്ന് അടുക്കാനും അകലാനും സാധിക്കുന്ന ഒ രു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഏതൊരു ബന്ധത്തെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. നല്ല സുഹൃത്തുക്കളായ ശേഷം അതിലേക്കെത്തുന്നതാകും ഏറ്റവും നല്ലത്. വ്യക്തിപരമായ കാര്യങ്ങൾ പരസ്യമായി ചർച്ച ചെയ്യാൻ താൽപര്യപ്പെടുന്ന ആളുമല്ല ഞാൻ. ജീവിതത്തെ കുറിച്ചോ സിനിമകളെക്കുറിച്ചോ ഒന്നും അങ്ങനെ മുന്‍കൂട്ടി തീരുമാനങ്ങള്‍ എടുക്കാറില്ല. ആസൂത്രണം ചെയ്തിട്ട് വലിയ കാര്യമില്ല. എല്ലാം അതതിന്റെ രീതിയിലേ നടക്കൂ. കാര്യങ്ങൾ നന്നായി പോണം. അത്രയേയുള്ളു. 

അതൊരു വിസ്മയമായിരുന്നു

ഷൂട്ടിനു വേണ്ടിയും വിവിധ ഷോകളുടെ ഭാഗമായും ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്. അതിൽ ഒരിക്കലും മറക്കാനാകാതെ മനസ്സിലുള്ള യാത്ര അമേരിക്കൻ ട്രിപ് ആണ്. കാണണമെന്ന് ഏറ്റവും ആശിച്ചിരുന്ന വിദേശരാജ്യമായിരുന്നു അമേരിക്ക . നയാഗ്ര, ഗ്രാൻഡ് ടീറ്റണിലെ ദേശീയോദ്യാനം, അൽക്യാട്രസ് ദ്വീപ്... എല്ലാം വിസ്മയമായിരുന്നു. എങ്കിലും ഉറക്കത്തിൽ പോലും ഒാർത്തു പുഞ്ചിരിക്കുന്ന കാഴ്ചയെന്നാൽ അത് ഗ്രാൻഡ് കാന്യൻ ആണ്. കൊളറാഡോ നദിയുടെ ഇരുകരകളിലുമായി കണ്ണെത്താദൂരത്തോളം കിടക്കുന്ന മലനിരകൾ. ഏതോ ദൈവിക ശക്തി സ്വന്തം കൈകൊണ്ട് കൊത്തിയുണ്ടാക്കിയ ശില്പങ്ങളാണ് ഒാരോന്നുമെന്ന് തോന്നിപ്പോകും. അവയ്ക്കിടയിൽ അഗാധ ഗർത്തങ്ങളുണ്ട്. എല്ലാവരും തിരികെപ്പോരാൻ തിടുക്കം കൂട്ടുമ്പോൾ അവിടെ ഒരു കൂടാരംകെട്ടി താമസിച്ചാലോ എന്ന് ആലോചിക്കുകയായിരുന്നു ഞാൻ.

nami215