Saturday 10 September 2022 03:34 PM IST

‘മെസേജുകളിലൂടെ സംസാരിക്കാറുണ്ട്, ഒരു ദിവസം നേരിൽ കാണും, അന്നവളെ മുറുക്കെ കെട്ടിപ്പിടിക്കണം’; മനസ് തുറന്ന് നൈല ഉഷ

Roopa Thayabji

Sub Editor

nylafgvhbhh78 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ദുബായിലും കേരളത്തിലുമായി തിരക്കിട്ടു പറക്കുകയാണ് നൈല ഉഷ...

പറക്കുന്നതിനിടെ കോവിഡിൽ നൈലയും ‘ലോക്’ ആയോ ?

ലോകം നിശ്ചലമായപ്പോഴും ജോലി ചെയ്തു. റേഡിയോ ജോക്കി ആയതിന്റെ ഗുണമാണത്. രാവിലെ ആളൊഴിഞ്ഞ റോഡിലൂടെ കാറോടിച്ച് പോകുമ്പോൾ പലവട്ടം പൊലീസ് തടയും. പെർമിഷൻ പേപ്പറൊക്കെ കാണിച്ചാണ് ഓഫിസിലെത്തുന്നത്. എംബസിയുമായി സഹകരിച്ച് നാട്ടിലേക്കു പോകുന്ന മലയാളികൾക്കു വേണ്ടിയുള്ള വിവരങ്ങൾ പരിപാടിയിൽ ചേർത്തിരുന്നു.

എന്നും പുറത്തു പോകുന്നതിന്റെ സന്തോഷമുണ്ടെങ്കിലും മാളുകളെല്ലാം അടച്ചതു വലിയ വിഷമമായിരുന്നു. അങ്ങനെയിരിക്കെയാണ് ദുബായ് എക്സ്പോ വന്നത്. തുടക്കത്തിൽ ഞാൻ ചിന്തിച്ചിട്ടുണ്ട് ഈ കോവിഡ് കാലത്ത് എക്സ്പോ  കാണാൻ ആരു വരാനാണെന്ന്. തീരുന്നതിനു തൊട്ടുമുൻപ്  വീണ്ടും ചെന്നപ്പോൾ ഞെട്ടിപ്പോയി. ഓരോ പവലിയനും കാണാൻ നീണ്ട ക്യൂ.

‘ഞാൻ മരിക്കുമ്പോൾ അക്കൗണ്ട് ബാലൻസ് സീറോ ആയിരിക്കണം’ എന്ന ഡയലോഗ് മീം ആയല്ലോ ?

ഗൾഫിലുള്ള മിക്കവരും കുടുംബത്തിനു വേണ്ടിയാണ് ജീവിക്കുന്നത്. കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ നാട്ടിലേക്കയക്കും. ജീവിതത്തെ കുറിച്ചുള്ള എന്റെ സങ്കൽപം വേറെയാണ്. അധ്വാനിച്ച് ഉണ്ടാക്കിയ പണം ഞാനല്ലേ ചെലവാക്കേണ്ടത്. മറ്റൊരാൾക്ക് കൊടുക്കുമെങ്കിലും എന്റെ തീരുമാനപ്രകാരം വേണ്ടേ. അല്ലെങ്കിൽ എങ്ങനെ സമാധാനമായി മരിക്കും? ജീവിതം ഫ്ലൈറ്റ് യാത്ര പോലെയാണ്, ആദ്യം ന മ്മൾ ഇരുന്ന് സീറ്റ് ബെൽറ്റ് ഇടുക. പിന്നെ, അടുത്തുള്ളയാൾക്ക് സീറ്റ് ബെൽറ്റ് ഇട്ടു കൊടുക്കാം.

വർഷത്തിൽ മൂന്നോ നാലോ വട്ടം നാട്ടിലേക്കു വരാറുണ്ട്. എല്ലാ വർഷവും കഴിയുന്നതും വിദേശത്തു യാത്ര പോകും. സുഹൃത്തുക്കളുടെ കൂടെയും കുടുംബത്തോടൊപ്പവും യാത്ര ചെയ്യാറുണ്ടെങ്കിലും ത്രില്ലടിപ്പിച്ചത് സോളോ യാത്രയാണ്. ടർക്കിയിലേക്ക് ട്രിപ് പ്ലാൻ ചെയ്തപ്പോൾ കൂട്ടുകാരും കൂടി. പക്ഷേ, സമയമായപ്പോൾ എല്ലാവർക്കും ഓരോരോ തിരക്ക്. എങ്കിൽ ഒറ്റയ്ക്കു മതിയെന്നു വച്ചു. എയർപോർട്ടിൽ നിന്ന് ക്യാബിൽ തനിച്ചു ഹോട്ടലിലേക്ക്. രണ്ടു ദിവസം ചുറ്റിക്കറങ്ങിയിട്ട് ഓൾഡ് ടൗണിലേക്കു ഹോട്ടൽ മാറി. അവിടെയും കുറച്ചു ദിവസം. നടന്നാണ് പലയിടത്തേക്കും പോകുക. ഇടയ്ക്കു മഴ വരും. റോഡ് സൈഡിൽ നിന്നു കുട വാങ്ങി വീണ്ടും നടക്കും. ഇപ്പോഴും അതോർക്കുമ്പോൾ രസമാണ്.

ദുബായ് ജീവിതമാണോ ഇത്ര ബോൾഡ് ആക്കിയത് ?

ജീവിതത്തിൽ സംഭവിച്ചതെല്ലാം ഭാഗ്യം കൊണ്ടാണെന്നു വിശ്വസിക്കാനാണ് ഇഷ്ടം. പഠിക്കാൻ മിടുക്കിയൊന്നും ആയിരുന്നില്ല ഞാൻ. ഡിഗ്രി കഴിഞ്ഞ സമയത്ത് ചാനലിനു വേണ്ടി ഷോപ്പിങ് ഫെസ്റ്റിവൽ റിപ്പോർട്ട് ചെയ്യാൻ പോയി. അങ്ങനെയാണ് ലോകത്തിലെ ആദ്യ മലയാളം എഫ്എം റേഡിയോയിലേക്ക് അവതാരകയാകാൻ ഓഫർ കിട്ടിയത്. അന്നെനിക്ക് 21 വയസ്സേ ഉള്ളൂ.

ഇപ്പോൾ 18 വർഷമായി ദുബായ് ഉണരുന്നത് എന്റെ ശബ്ദം കേട്ടാണ്. രണ്ടു വർഷം മുൻപ് ദുബായ് രാജാവ് നടത്തിയ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാനുള്ള ഭാഗ്യവും കിട്ടി. സാരിയുടുത്ത് തനി മലയാളിയായി ചെന്ന എനിക്ക് ഷെയ്ഖ് മുഹമ്മദ് ഷേക്ഹാൻഡ് തന്നു, ഒരു ചിരിയും.

അന്ന് ദുബായിലേക്കു പോണമെന്നു കേട്ടപ്പോൾ എല്ലാവരും എതിർത്തിരുന്നു. കാലുപിടിച്ച് അനുവാദം വാങ്ങിയിട്ടാണ് അമ്മയുമൊത്ത് വിമാനം കയറിയത്.

എന്തിലും തുറന്ന അഭിപ്രായമുണ്ട്. പക്ഷേ, നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണമുണ്ടായില്ലല്ലോ ?

യുഎഇയിലെ ഗവൺമെന്റ് റേഡിയോയിൽ ജോലി ചെയ്യുന്നതു കൊണ്ട് ഏതെങ്കിലും സംഘടനയിലോ വിഷയത്തിലോ പൊതുനിലപാട് പറയാൻ വിലക്കുണ്ട്. ഇതിനു പലവട്ടം വാണിങ് ലെറ്ററുകൾ കിട്ടിയിട്ടുമുണ്ട്. എങ്കിലും ഹൃദയം കൊണ്ട് WCC ക്കൊപ്പമാണ്. പുറത്തുള്ളവർ പല തരത്തിൽ ജഡ്ജ് ചെയ്യും, സിനിമയിൽ നിന്നു മാറ്റി നിർത്തപ്പെടും, മോശം കമന്റുകളും കളിയാക്കലുകളും കേൾക്കേണ്ടി വരും എന്നൊന്നും നോക്കാതെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ അവരുടെ അധ്വാനം ചെറുതല്ല.

ഒരു സിനിമ ഷൂട്ടിങ്ങിനു വേണ്ടി നാട്ടിൽ വരാനിരിക്കെയാണ് നടി ആക്രമിക്കപ്പെട്ട വാർത്ത കേട്ടത്. ഓരോരോ വഴിത്തിരിവുകളായി എത്രയോ വർഷമായി ഈ കേസു നീണ്ടുപോകുന്നു. കുറേ സിനിമയിൽ അഭിനയിച്ച്, വിവാഹമൊക്കെ ചെയ്ത്, യാത്ര പോയി ചിൽ ചെയ്തിരിക്കാമെന്നു സ്വപ്നം കണ്ട പെൺകുട്ടിയുടെ ജീവിതത്തിന്റെ ദിശ തെറ്റിച്ചത് ആരാണ്? എത്രയും വേഗം നീതി നടപ്പാക്കപ്പെടണം.അവൾക്ക് സമാധാനം നൽകണം. മെസേജുകളിലൂടെ അവളോടു സംസാരിക്കാറുണ്ട്. ഒരു ദിവസം നേരിൽ കാണും, അന്നവളെ മുറുക്കെ കെട്ടിപ്പിടിക്കണം.

Tags:
  • Celebrity Interview
  • Movies