Thursday 13 December 2018 10:32 AM IST : By ലക്ഷ്മി പ്രേംകുമാർ

ഇരുപതുവയസ്സുവരെയെങ്കിലും മക്കളുടെ കടിഞ്ഞാൺ അമ്മയുടെ കൈയിലായിരിക്കണം, പ്രവീണ പറയുന്നു

praveena13 ഫോട്ടോ: ശ്യാം ബാബു

പതിനഞ്ചു വയസ്സായ മകളുടെ അമ്മ എന്ന നിലയിൽ പ്രവീണയുടെ സന്ദേഹങ്ങൾ, സന്തോഷങ്ങൾ, തീരുമാനങ്ങൾ...

കൊലുസിന്റെ കിലുക്കം പോലെയുള്ള ചിരിയുമായാണ് മലയാള സിനിമയിലേക്ക് പ്രവീണയെത്തിയത്. ഭാര്യയായും കാമുകിയായും അനിയത്തിയയും  അമ്മയായും എങ്ങനെ വന്നാലും പ്രവീണ എപ്പോഴും നമുക്ക് വീട്ടിലെ ഒരംഗമാണ്. സിനിമയും  സീരിയലും കഴിഞ്ഞാൽ വീട്ടിലെ ഉത്തരവാദിത്തമുള്ള അമ്മ കൂടിയാണ് പ്രവീണ. ഗൗരി എന്ന പത്താംക്ലാസുകാരിയുടെ അൽപം സ്ട്രിക്ട് ആയ അമ്മ. ആദ്യ കവർ ഫോട്ടോഷൂട്ടിന്റെ എല്ലാ അമ്പരപ്പോടും കൂടിയാണ് ഗൗരിയെത്തിയത്. ക്ലിക്കുകൾക്ക് മുമ്പ് മകളെ സ്നേഹത്തോടെ ചേർത്തു നിർത്തി പ്രവീണ പറഞ്ഞു. ‘‘വാവേ, ഫോട്ടോയ്ക്ക് വേണ്ടി ചിരിക്കുമ്പോള്‍ ചുണ്ടുകളേക്കാൾ കൂടുതൽ ചിരി കണ്ണുകളിലാണ് വരേണ്ടത്.’’ പിന്നെ, ഇരുവരും ചേർന്ന് നിന്ന് ചിരിച്ചു. കണ്ണുകളിൽ വിരിഞ്ഞ സ്നേഹപുഞ്ചിരി.

പ്രവീണ എപ്പോഴും സന്തോഷവതിയാണ് ? 

സന്തോഷം ഉള്ളിൽ നിന്ന് വരുന്നതാണ്. കരുതിക്കൂട്ടി സന്തോഷിച്ചു നടക്കുന്നതല്ല. അതെന്റെ സ്വഭാവത്തിന്റെ ഒരു ഭാഗമാണ്. അതില്ലല്ലോ ഇതില്ലല്ലോ എന്നുള്ള ആവലാതികൾ മനസിൽ നിന്ന് മാറ്റിയാൽ തന്നെ സന്തോഷത്തോടെ ജീവിക്കാൻ കഴിയും. ഇന്നത്തെ കാലത്ത് ഒരു ഇരുപത് വയസുകാരിയായി ജീവിക്കാൻ കഴിഞ്ഞെങ്കിലെന്ന് ഞാൻ പലപ്പോഴും ആഗ്രഹിക്കാറുണ്ട്. കൂടുതൽ സന്തോഷത്തോടെ ജീവിക്കാമായിരുന്നു.

പത്താം ക്ലാസിൽ പഠിക്കുന്ന മോളുടെ അമ്മ കൂടിയാണ്.ടെൻഷനുണ്ടോ ?

ഗൗരി പത്താംക്ലാസാണ് എന്ന ബോധ്യം ഉണ്ടായിരുന്നു. പക്ഷേ, അതൊരിക്കലും വലിയ ടെൻഷനല്ല. ചെറുപ്പത്തിലൊക്കെ കൂടെയിരുന്ന് പഠിപ്പിക്കുമായിരുന്നു. പിന്നെ ട്യൂഷനും ഗ്രൂപ്പ് ഡിസ്കഷനുമൊക്കെയായി സ്വയം പഠനം തുടങ്ങി.  അവൾക്കിപ്പോൾ പതിനഞ്ച് വയസായി. ഈ സമയത്ത് ഞാൻ എപ്പോഴും കൂടെ വേണം എന്നൊരു തോന്നലാണ്. പല ഓഫറുകളും വേണ്ടെന്നു വയ്ക്കുന്നതും അവളുടെ അടുത്ത് നിന്ന് മാറി നി ൽക്കാൻ മനസ്സ് അനുവദിക്കാത്തതു കൊണ്ടാണ്. ഇരുപതുവയസ്സുവരെയെങ്കിലും മക്കളുടെ കടിഞ്ഞാൺ അമ്മയുടെ കൈയിലായിരിക്കണം എന്ന നിലപാടാണ് എനിക്ക്.

വിവാഹം കഴിഞ്ഞ് ഇടവേള, പിന്നെ തിരിച്ചു വരവ്... നടിമാരുടെ പതിവ് വഴികളിൽ പ്രവീണയും?

ടി പത്മനാഭന്റെ ‘ഗൗരി’ എന്ന ചിത്രമാണ് ആദ്യമായി ചെയ്യുന്നത്. പാർവതിയുടെ കുട്ടിക്കാലം. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിലാണ് മുഴുനീള നായികയായി എത്തിയത്. പതിനഞ്ചോളം സിനികളിൽ പിന്നീട് നായികയായി. വിവാഹം കഴിഞ്ഞതോടെ സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കാം എന്ന ചിന്തയൊന്നും എനിക്കില്ലായിരുന്നു. പക്ഷേ, മലയാള സിനിമയുടെ ഒരു രീതി എങ്ങനെയാണ്. വിവാഹം കഴിഞ്ഞാൽ പിന്നെ, അഭിനയിക്കാൻ വരില്ല എന്നൊരു ധാരണയാണ്. ഞാന്‍  കല്യാണം കഴിഞ്ഞ് ദുബായ്ക്ക് പോയതോടെ എല്ലാവരും ഉറപ്പിച്ചു ഇനി അഭിനയരംഗത്തേക്ക് ഉണ്ടാകില്ലെന്ന്. ആരും പിന്നെ, വിളിച്ചില്ല. വിവാഹം കഴിഞ്ഞ് ഒരു വർഷം ആകുമ്പോഴേക്കും എനിക്ക് മോളായി. പിന്നെ അവളുടെ കാര്യങ്ങളായി തിരക്കായി. ആ സമയത്തും രണ്ട് കൊല്ലത്തോളം ഞാൻ ദുബായ്‌യിൽ റേഡിയോയിൽ ജോലി ചെയ്തിരുന്നു. ഇതിനിടയിലാണ് ശ്യാമപ്രസാദ് സാര്‍ സീരിയലിലേക്ക് വിളിക്കുന്നത്. സിനിമയിൽ ജീവിച്ച് പെട്ടെന്ന് സീരിയൽ എന്ന് കേട്ടപ്പോള്‍ ആദ്യം  മടിച്ചു. പക്ഷേ, ആ കഥാപാത്രം ശക്തമായിരുന്നു.  അങ്ങനെ ‘സ്വപ്നം’ എന്ന സീരിയലിലൂടെ രണ്ടാം വരവ്. പിന്നീട് അടൂർ ഗോപാലകൃഷ്ണൻ  സാറിന്റെ ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു.

ബാംഗ്ലൂർ ഡെയ്സിൽ നസ്രിയയുടെ അമ്മയായല്ലോ?

അഞ്ജലി മേനോനുമായി നല്ല സൗഹൃദമാണ്. മഞ്ചാടിക്കുരുവിൽ അഭിനയിച്ചിരുന്നു. അങ്ങനെയാണ് ബാംഗ്ലൂർ ഡേയ്സിലെത്തിയത്. ആ സിനിമിയിൽ ദുൽഖർ, ഫഹദ്, നിവിൻ തുടങ്ങി ന്യൂജനറേഷൻ തരംഗമായിരുന്നു. എന്തു രസമായിട്ടാണ് കുട്ടികൾ അഭിനയിക്കുന്നത്. അവരെല്ലാവരും വളർന്നു വരുന്നതിന് പിന്നിൽ ഒരു പ്രധാന കാര്യമുണ്ട്. അവർക്കാർക്കും പരസ്പരം ഈഗോയില്ല. സിനിമയും ഒരുപാട് മാറിയിട്ടുണ്ട്. പണ്ടൊക്കെ ഡയലോഗ് അളന്ന് തൂക്കി സംസാരിക്കണം. എന്റെ ഭാഷയിൽ ഞാൻ ഒരു സിനിമയിൽ പോലും സംസാരിച്ചിട്ടില്ല. ഇപ്പോൾ നമുക്ക് സിനിമയിൽ സ്വാഭാവികമായി സംസാരിക്കാം. ഡബ്ബിങ് ഒന്നും ഒരു സ്ട്രെയിനേ അല്ല. അതാണ് ഞാൻ കാണുന്ന വലിയ മാറ്റം. 

മകളെ അഭിനയരംഗത്തേക്ക് വിടുമോ ?

അഞ്ചാമത്തെ വയസ്സിൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം വാങ്ങിച്ചിട്ടുണ്ട് ഗൗരി. ‘അന്നയുടെ ലില്ലിപൂക്കൾ’ എന്ന ഹ്രസ്വചിത്രത്തിന്. പിന്നീടും ഓഫറുകൾ വന്നിരുന്നു. പക്ഷേ, ഏറ്റെടുത്താൽ അവൾക്കൊപ്പം ഞാൻ തന്നെ പോകണമല്ലോ. വേറെ ഒരാളുടെയും കൂടെ കുഞ്ഞിനെ വിടുന്നത് എനിക്കിഷ്ടമില്ല. ഇത്രയും നാൾ അവൾക്കും അഭിനയം വലിയ ഇഷ്ടമില്ലായിരുന്നു. ഇപ്പോൾ ചെറുതായി അഭിനയ മോഹം തുടങ്ങിയിട്ടുണ്ട്. അഭിനയിക്കാനുള്ള അടങ്ങാത്ത ആഗ്രഹമുണ്ടെങ്കിൽ ഗൗരി ഒരു നടിയാകും. അതിനിപ്പോൾ നമ്മള്‍ എത്ര പറഞ്ഞിട്ടും കാര്യമില്ല.

യഥാർഥ കലാകാരിയാണെങ്കിൽ ഒരിക്കലും വീടിനുള്ളില്‍ അടച്ചിരിക്കാൻ കഴിയില്ല. പണ്ട്  മഞ്ജു അഭിനയം നിർത്തി എന്ന് കേട്ടപ്പോൾ മനസ് പറഞ്ഞു. മഞ്ജുവിന് അങ്ങനെ പോകാൻ പറ്റില്ല. അത് സത്യമായി. ഒരു വലിയ ഇടവേളയ്ക്ക് ശേഷം മഞ്ജു തിരിച്ചു വന്നു.  ശക്തമായ കഥാപാത്രങ്ങൾ കിട്ടിയാൽ അതിന് വേണ്ടി എത്ര കഷ്ടപ്പാട് വേണമെങ്കിലും സഹിക്കും. എല്ലാ കലാകാരികളും അങ്ങനെയായിരിക്കും.

praveena14

ഇന്നത്തെ ലോകത്ത്  മകളെ വളർത്താൻ പേടി തോന്നുന്നുണ്ടോ ?

നമുക്ക് ഈ സമൂഹത്തെ മുഴുവനായി നന്നാക്കാനൊന്നും പറ്റില്ല. പക്ഷേ, ഒരു കുടുംബത്തെ നന്നാക്കാൻ അമ്മയ്ക്ക് മാത്രമേ കഴിയൂ. മക്കൾ ആണായാലും പെണ്ണായാലും അവരെ വളർത്തുന്നതുപോലെയാണ് സമൂഹത്തിൽ പെരുമാറുന്നത്. പലപ്പോഴും ഒരാപത്തിൽ പെടുമ്പോഴാണ് അമ്മ ചോദിക്കുന്നത് അയ്യോ, എന്റെ കുഞ്ഞ് അങ്ങനെ ചെയ്തോ എന്ന്.
സത്യത്തിൽ ഇനി ഈ ലോകത്ത് നമ്മളാരും മക്കളെ നൂറു ശതമാനം വിശ്വസിക്കരുത്. അവർ തെറ്റ് ചെയ്യില്ല എന്ന അമിത പ്രതീക്ഷ ഒരു മാതാപിതാക്കളും വെച്ചു പുലർത്തുകയുമരുത്.

ഞാൻ ഉപദേശിക്കുമ്പോൾ എല്ലാ കുട്ടികളെയും പോലെ ഗൗരി പറയും. ‘ദേ, ഉപദേശവുമായി വന്നു’വെന്ന്. ഞാൻ പറഞ്ഞു കൊടുക്കും ഇപ്പോൾ നിനക്കത് മനസിലാകില്ല. കുറച്ച് കഴിയുമ്പോൾ പറയും അമ്മ പറഞ്ഞത് സത്യമായിരുന്നെന്ന്. (ഉപദേശകാര്യം എടുത്തിട്ടതോടെ അതുവരെ മൗനത്തിലായിരുന്ന ഗൗരി ഗൗരവം കളഞ്ഞ് പറഞ്ഞു തുടങ്ങി.)

ഗൗരി: എപ്പോഴും അമ്മ ഉപദേശങ്ങൾ നടത്തും. ചിലപ്പോൾ പഠിക്കുന്ന കാര്യത്തിൽ. അല്ലെങ്കിൽ പുറത്ത് കറങ്ങാൻ പോകുമ്പോൾ. പക്ഷേ, ഇതൊന്നും അടിച്ചേൽപ്പിക്കാൻ വരാറില്ല. എന്തൊക്കെ പറഞ്ഞാലും അമ്മ അറിയാത്ത ഒരു രഹസ്യവും എനിക്കില്ല. ബെസ്റ്റ് ഫ്രണ്ടും അമ്മ തന്നെ. (അമ്മയെ കെട്ടിപ്പിടിച്ച് കൊച്ചു കുഞ്ഞായി മാറുന്നു ഗൗരി.)

മകൾ നല്ല ബോൾഡാണോ ? 

ഇന്നൊക്കെ പെൺകുട്ടികൾ 25 വയസൊക്കെ കഴിഞ്ഞ് നല്ല പക്വത വന്നിട്ടാണ് വിവാഹത്തിലേക്ക് വരുന്നത്. 21 വയസ് കഴിഞ്ഞപ്പോ ഞാൻ വിവാഹം കഴിച്ചു. ഇന്ന് 15 വയസുള്ള എന്റെ മോൾടെ പക്വത പോലും അന്ന് എനിക്ക് ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ കുഞ്ഞുങ്ങളെ ഞാൻ അതിശയത്തോടെ നോക്കി നിൽക്കാറുണ്ട്. അവരുടെ നിലപാടുകളും ഓരോ സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതുമെല്ലാം. പലപ്പോഴും ഞാൻ എടുക്കുന്ന തീരുമാനം തെറ്റാണെങ്കിൽ എന്റെ മോൾ അത് തുറന്ന് പറയുകയും തിരുത്തുകയും ചെയ്യും. അപ്പോഴാണ് അത് ശരിയാണല്ലോ എന്ന് ഞാനും ചിന്തിക്കുക.

നടിയായില്ലെങ്കിൽ ആരാകുമായിരുന്നു ? ‌

നടിയായില്ലെങ്കിൽ ഞാൻ കൊച്ചു കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ ആകുമായിരുന്നു. ഒരു കുട്ടിയെ സംബന്ധിച്ച് അവരുടെ സെക്കൻഡ് ഹോം ആണ് സ്കൂൾ. ഒരു കുഞ്ഞിന്റെ സ്വഭാവ രൂപീകരണത്തിൽ അമ്മയെ പോലെ തന്നെ ടീച്ചർക്കും പ്രാധാന്യമുണ്ട്. ക്രിമിനൽ ആയി മാറിയവരെ ശ്രദ്ധിച്ചാൽ മതി. സ്നേഹം കിട്ടാതെ ആരുടെയും ശ്രദ്ധ കിട്ടാതെ വളർന്നവർ ആയിരിക്കും കൂടുതലും. നമ്മൾ സ്നേഹത്തോടെ ഒരു ഉരുള ചോറ് വാരിക്കൊടുത്ത് വളർത്തുന്ന കുട്ടികൾ ഒരിക്കലും ക്രിമിനലുകൾ ആവില്ല.

വീട്ടമ്മ റോൾ ഇഷ്ടമാണോ?

ഹോം മേക്കിങ്ങാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. മോളുടെ കാര്യങ്ങൾ നോക്കുക. അവളെ ട്യൂഷന് കൊണ്ടുപോകുക. നൃത്തം പഠിപ്പിക്കുക. പിന്നെ, ഭർത്താവ് വിദേശത്തായതുകൊണ്ട് അച്ഛന്റെ അസാന്നിധ്യവും അവളെ അറിയിക്കരുതല്ലോ. എന്റെ അച്ഛൻ റിട്ടയേഡ് അധ്യാപകനാണ്. നല്ല ഹ്യൂമർ സെൻസും ലോകപരിചയവുമുള്ള ആളാണ്. അമ്മയാണെങ്കിൽ വലിയ അഭിപ്രായരൂപീകരണത്തിലൊന്നും പങ്കെടുക്കില്ല. പക്ഷേ, നന്നായി ഭക്ഷണമുണ്ടാക്കും. എല്ലാവരുടെയും ആ രോഗ്യമാണ് അമ്മയുടെ ലക്ഷ്യം.

സിനിമയിൽ നിന്ന് കിട്ടാത്തതെന്താണ്?

സൗഹൃദങ്ങൾ. ഞാൻ ഒരു സൗഹൃദവും സൂക്ഷിക്കുന്ന ഒരാളല്ല. പണ്ടും അഭിനയിക്കുന്ന സമയത്ത് എല്ലാവരുമായും നല്ല കൂട്ടാണ്. ചിരിയാണ്. ബഹളമാണ്. പക്ഷേ ആ സിനിമ തീരുന്നതോടെ അതൊക്കെ തീരും. സൗഹൃദങ്ങൾ ഊട്ടി ഉറപ്പിക്കാൻ ഇന്നത്തെ പോലെ മൊബൈലും ഫെയ്സ് ബുക്കും ഒന്നും അന്നുണ്ടായിരുന്നുമില്ല. ആ രീതി ശീലമായി. ഇപ്പോഴും ആരുമായും അടുത്ത സൗഹൃദമില്ല. സിനിമാ അവാർഡ് നിശകൾക്കും ആഘോഷപരിപാടികൾക്കും ഒന്നും പോകാറുമില്ല.

ഷൂട്ടിനു പോകുമ്പോൾ ഗൗരിക്ക് അമ്മയെ മിസ് ചെയ്യാറുണ്ടോ ?

ഗൗരി: അമ്മൂമ്മയും അപ്പൂപ്പനുമുള്ളതുകൊണ്ട് അങ്ങനെ മിസ്സിങ് ഒന്നും വരാറില്ല. അമ്മയ്ക്ക് പണ്ട് ഒരാഴ്ച പോലും അമ്മൂമ്മയെ കാണാതെ ഇരിക്കാൻ പറ്റില്ലായിരുന്നുവെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. കരഞ്ഞ് ആകെ പ്രശ്നമുണ്ടാക്കുമായിരുന്നത്രേ. കല്യാണം കഴിഞ്ഞ് പോയപ്പോഴും പിന്നെ ദുബായിൽ നിന്ന് തിരിച്ച് വന്നപ്പോഴും അമ്മ ആകെ കരച്ചിൽ സീൻ ആയിരുന്നു.  പക്ഷേ, എനിക്ക് അങ്ങനെ പ്രശ്നമൊന്നും ഇല്ല. ‘ഇതു തന്നെയാണ് ഇന്നത്തെ കുട്ടികളും അന്നത്തെ കുട്ടികളും തമ്മിലുള്ള വ്യത്യാസ’മെന്ന് പറഞ്ഞ് അടുത്ത ഫോട്ടോ ഷൂട്ടിന് തയാറായി ഗൗരിയുടെ സുന്ദരി അമ്മ. ഒപ്പം കൊലുസ് കിലുങ്ങുന്നതു പോലെ ചിരിയും.