സിനിമ, ഡാൻസ്, യാത്രകൾ, സെലിബ്രേഷനുകൾ... സാനിയ അയ്യപ്പന്റെ ബക്കറ്റ് ലിസ്റ്റിൽ യൂത്തിന്റെ പുതുചേരുവകൾ എല്ലാമുണ്ട്. ഫിലിപ്പീൻസ് യാത്രയുടെ ഫോട്ടോസ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തു തീരും മുൻപേ ഇസ്താംബുളിലേക്ക് അടുത്ത യാത്ര പ്ലാൻ ചെയ്തു കഴിഞ്ഞു സാനിയ.
പെട്ടെന്നു തീരുമാനങ്ങൾ മാറ്റുന്ന ആളാണോ?
ശരിയെന്നു തോന്നുന്ന കാര്യം, കുറച്ചു വൈകിയാണെങ്കിലും തിരുത്താൻ മടിയില്ല. സാധാരണ 22 വയസ്സുള്ള ഒരു പെൺകുട്ടിയുടെ ജീവിതമാണു നയിക്കുന്നതെന്നു തോന്നിയിട്ടില്ല. വളരെ ചെറിയ പ്രായത്തിൽ ജോലി ചെയ്യാൻ തുടങ്ങി. ഡാൻസ് ഷോ ചെയ്താണു തുടക്കം.
ബാല്യകാലസഖിയിൽ നായികയുടെ കുട്ടിക്കാലം അഭിനയിക്കുമ്പോൾ റിയാലിറ്റി ഷോയിൽ മത്സരിക്കുകയാണ്. ക്വീനിൽ നായികയായപ്പോൾ പോലും ഇനി സിനിമ വേണ്ട എന്നാണു ചിന്തിച്ചിരുന്നത്. ലൂസിഫറിനു ശേഷമാണു സിനിമയാണ് എന്റെ വഴിയെന്നു മനസ്സിലുറപ്പിച്ചത്. അതാണ് ഏറ്റവും മികച്ച തീരുമാനം. 22 വയസ്സിനുള്ളിൽ ജീവിതത്തിൽ സ്വപ്നം പോലും കാണാത്ത പല കാര്യങ്ങളും ചെയ്യാനായി.
മൂന്നു വർഷം മുൻപു നടപ്പാക്കിയ മറ്റൊരു മികച്ച തീരുമാനമുണ്ട്, ബർത്ഡേയ്ക്കും ന്യൂ ഇയറിനും വർക് എടുക്കില്ല. നമ്മുടെ കുടുംബത്തിനൊപ്പവും സുഹൃത്തുക്കളുടെ കൂടെയും ആഘോഷിക്കാനുള്ള സ മയമാണത്. കെനിയയിലെ സോളോ ട്രിപ്പിനിടെയാണു 21ാം ജന്മദിനം ആഘോഷിച്ചത്. രാത്രി കേക്ക് മുറിക്കുമ്പോൾ കരഞ്ഞുപോയി, കൂട്ടുകാരാരും കൂടെയില്ലല്ലോ.
എന്റെയൊരു ജന്മദിനത്തിന് ആഘോഷമൊക്കെ കഴിഞ്ഞു പിരിയുന്നതിനു തൊട്ടുമുൻപാണ് ടാറ്റൂ ചെയ്താലോ എന്ന ഐഡിയ മിന്നിയത്. കേട്ടപ്പോൾ എല്ലാവർക്കും സമ്മതം. ബീച്ചും ചന്ദ്രനും ആണ് എല്ലാവരും ഒരുപോലെ അന്നു ചെയ്ത ടാറ്റൂ. എട്ടു ടാറ്റൂവുണ്ടു ദേഹത്ത്, എല്ലാത്തിനും പിന്നിൽ ഇങ്ങനെ ഓരോ കഥകളും. ചില ടാറ്റൂ ചെയ്തു കുറച്ചുകാലം കഴിഞ്ഞു മായ്ക്കണമെന്നും തോന്നാറുണ്ടു കേട്ടോ.
അച്ഛന്റെ കഴിഞ്ഞ ജന്മദിനം ഞങ്ങൾ ആഘോഷിച്ചത് മലേഷ്യയിലെ മുരുകൻ ക്ഷേത്രത്തിലാണ്. 70 വയസ്സുള്ള അമ്മൂമ്മ സൗമിനിയാണ് കൂട്ടത്തിലെ ഹീറോ. ഇന്ത്യയിൽ അമ്മൂമ്മ കാണാത്ത അമ്പലങ്ങളില്ല, കേദാർനാഥും ബദരീനാഥും മണാലിയുമൊക്കെ കറങ്ങിയിട്ടുണ്ട്. തായ്‍ലൻഡിലേക്കും മലേഷ്യയിലേക്കുമൊക്കെ അമ്മൂമ്മ ഞങ്ങൾക്കൊപ്പം ട്രിപ് വന്നു.
യാത്രകളാണോ റീചാർജ് പോയിന്റ്സ്?
ഏറ്റവുമൊടുവിൽ പോയതു ഫിലിപ്പീൻസിലേക്കാണ്. 16 രാജ്യങ്ങളിൽ നിന്നുള്ള 21 പെൺകുട്ടികളുടെ ഗേൾസ് ട്രിപ്. ഹോട്ടലും സൗകര്യവുമൊക്കെ നോക്കിയാണു മിക്ക യാത്രകളും പ്ലാൻ ചെയ്യുന്നത്. പക്ഷേ, ഹോസ്റ്റ് ചെയ്യുന്ന ലേഡിക്കാണ് ഈ ട്രിപ്പിലെ എല്ലാ തീരുമാനവും. അതു സമ്മതിച്ചാലേ യാത്രയിൽ കൂടെ കൂട്ടൂ. അതിന്റെ ത്രില്ലുകൾ ചെറുതല്ല. താമസിച്ച മുറിയിൽ ടേബിൾ ഫാൻ മാത്രമേയുള്ളൂ. ബാത്റൂമിലെ ഷവറിൽ വെള്ളം കുറേശ്ശേയേ വരുന്നുമുള്ളൂ. ഓർഡർ ചെയ്യാൻ മെനുവൊന്നുമില്ല, അവിടെ ഉണ്ടാക്കുന്ന ഭക്ഷണം എല്ലാവരും കഴിക്കണം.
ജീവിതത്തിലെ ഒരു വലിയ ഭയം അതിജീവിച്ചത് അന്നാണ്. കുട്ടിക്കാലത്ത് അച്ഛനുമമ്മയും നീന്തൽ പഠിപ്പിക്കാൻ ചേർത്തു. ഇറങ്ങാൻ മടിച്ചു നിന്ന എന്നെ കോച്ച് വെള്ളത്തിലേക്കു തള്ളിയിട്ടു. രക്ഷപ്പെടാനായി കൈകാലിട്ടടിക്കുമ്പോൾ പേടി മാറുമെന്നാണു കോച്ച് കരുതിയതെങ്കിലും അതോടെ പ ഠനം നിന്നു.
പിന്നീടു വെള്ളത്തിലിറങ്ങാ ൻ തന്നെ പേടിയായി. ഫിലിപ്പീൻസിൽ വച്ചു സർഫിങ് പഠിപ്പിക്കാൻ വന്ന ടീം നാലു ദിവസം വെള്ളത്തിൽ മുങ്ങിപ്പൊങ്ങാനും ശ്വാസം പിടിച്ചു നിൽക്കാനും പരിശീലിപ്പിച്ചു. അടുത്ത ദിവസം ഞാൻ തനിച്ചു നീന്തി. അന്നു രാത്രി സന്തോഷം കൊണ്ട് ഉറക്കം വന്നില്ല. പല പേടികളെയും ഇങ്ങനെയൊക്കെയാകും ന മ്മൾ അതിജീവിക്കുന്നത്.
സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകളെ നേരിടാനുള്ള ധൈര്യം എങ്ങനെ കിട്ടി ?
കമന്റുകൾ അന്നും ഇന്നും നോക്കാറില്ല. പിന്നെ, ട്രോൾ നല്ലതാണ്. അതുകൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കൂടിയത്. സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്തു കമന്റിടുന്നവരുണ്ട്. സിനിമയിൽ അവസരം കിട്ടാൻ ഡ്രസ്സിന്റെ നീളം കുറയ്ക്കുന്നു എന്നൊക്കെ പറയുന്നവരോട് ഒരു മറുപടിയേ ഉള്ളൂ. അങ്ങനെ അവസരം കിട്ടുമെങ്കിൽ ഞാനങ്ങു ഹോളിവുഡിൽ എത്തുമായിരുന്നല്ലോ.
തിരുവനന്തപുരത്തു സോഷ്യൽമീഡിയ ഇൻഫ്ലുവൻസറായ പെൺകുട്ടി സൈബർ അറ്റാക്കിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത് ഈയിടെയല്ലേ. വ്യക്തിഹത്യ ചെയ്യുന്നവരെ മൈൻഡ് ചെയ്യരുത്. ഏതു നല്ലതിന്റെയും കുറ്റം കണ്ടെത്തി ഇടിച്ചുതാഴ്ത്താനാണു ഭൂരിപക്ഷം പേർക്കും താത്പര്യം. അതു നോക്കി ജീവിക്കാനാകില്ല. അച്ഛൻ അ യ്യപ്പനും അമ്മ സന്ധ്യയും ചേച്ചി സാധികയുമാണ് എന്റെ സ്ട്രോങ് പില്ലേഴ്സ്, ആ പിന്തുണ മാത്രം മതി.