Tuesday 01 October 2024 02:04 PM IST

‘പെട്ടി പാക്ക് ചെയ്ത് മടങ്ങാനല്ല, ഇവിടെ നിൽക്കാനാണ് ദൈവം ലക്കി ചാൻസ് തന്നത്’; കരിക്കിലെ സൂപ്പർതാരം സ്നേഹ ബാബു പറയുന്നു

Roopa Thayabji

Sub Editor

sneha-babu-star-chat ഫോട്ടോ: Raunak Shankar @ raunak_fotography

മികച്ച വേഷങ്ങളിലൂടെ സിനിമയിൽ ചുവടുറപ്പിക്കുകയാണ് കരിക്കിലെ സൂപ്പർ താരം സ്നേഹ ബാബു...

മിന്നൽ മുരളി...

മിന്നൽ മുരളിയിൽ നായകനെ ചതിക്കുന്ന കാമുകിയായതിനു ശേഷമാണ് ആദ്യമായി ട്രോൾ ഇറങ്ങിയത്, ‘എന്തിനാ ടൊവീനോയെ തേച്ചത്...’ എനിക്കു കുറച്ചു സീനുകളേ ഉള്ളൂ എങ്കിലും കുറേ ദിവസം ഷൂട്ടിങ് ഉണ്ടായിരുന്നു. ഞാനും ഫെമിനയും ടൊവീനോ ചേട്ടനും ജൂഡേട്ടനും കൂടി ലൂഡോ ആയിരുന്നു മെയിൻ പരിപാടി. ഇടയ്ക്കു ബേസിലേട്ടനും കൂടും. സിനിമയിൽ ഞാൻ നന്നായതിന്റെ മുഴുവൻ ക്രെഡിറ്റും ബേസിലേട്ടനാണ്. അത്ര അടിപൊളിയായിരുന്നു ഷൂട്ടിങ്.

ഒടുവിൽ റിലീസായ ‘താനാരാ’ എന്റെ ടേസ്റ്റ് പോലെ തന്നെ കോമഡി പടമാണ്. അതിൽ എന്റെ കഥാപാത്രം ഗർഭിണിയാണ്, വിഷ്ണു ചേട്ടന്റെ ജോടി. നിഷ്കളങ്കത കൊണ്ട് കുഴപ്പത്തിൽ ചാടുന്ന ആ കഥാപാത്രം എല്ലാവർക്കും ഇഷ്ടപ്പെട്ടതിൽ സന്തോഷം.

മൈ ലക്കി ചാൻസ്

അപ്പൻ മരിച്ചതിനു പിറകേ ഞാൻ വലിയ സങ്കടത്തിലും മൗനത്തിലുമൊക്കെയായി. അതിൽ നിന്നു പുറത്തു കടക്കാനാണ് ഡബ്സ്മാഷ് ചെയ്തു തുടങ്ങിയത്. ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്യുമായിരുന്നു. അതിലൊരു വിഡിയോ വൈറലായി. ആ വിഡിയോയാണ് സീരിയലിലേക്കുള്ള ആദ്യ ഓഫർ തന്നത്. ആ സീരിയലിനു വേണ്ടിയാണു നാട്ടിലേക്കു വന്നത്.

അന്നു ക്യാമറയ്ക്കു മുന്നിൽ നിന്നപ്പോഴാണ് ഈ ജോലിയോടു വല്ലാതെ ഇഷ്ടമുണ്ടെന്നു തിരിച്ചറിഞ്ഞത്. സീരിയൽ മുടങ്ങിപ്പോയെങ്കിലും ഇനിയും അവസരങ്ങൾ കിട്ടുമെന്ന ഉറപ്പിൽ നാട്ടിൽ നിൽക്കാൻ അനുവാദം വാങ്ങിയെടുത്തു. ഒരു വർഷമാണു ഞാൻ എനിക്കു തന്നെ കൊടുത്ത ടൈം. അതിനുള്ളിൽ പ്ലാൻ പോലെ നടന്നാൽ ഇവിടെ തുടരാം, അല്ലെങ്കിൽ പെട്ടി പാക്ക് ചെയ്തു മുംബൈക്കു മടങ്ങാം. സംഭവിച്ചതെല്ലാം നല്ലതായി. പെട്ടി പാക്ക് ചെയ്ത് മടങ്ങാനല്ല, ഇവിടെ നിൽക്കാനാണു ദൈവം ലക്കി ചാൻസ് തന്നത്.

കരിക്ക് ഗേൾ

ആദ്യം തൊട്ടേ കരിക്കിന്റെ ഫാനായിരുന്നു. ഒരു വിഡിയോ കണ്ടിട്ട് അഭിനന്ദിച്ച് മെസേജ് അയച്ചതാണ്. അതിനു മറുപടി വന്നപ്പോൾ ഞെട്ടി, ‘ടീമിനൊപ്പം ചേരാൻ താത്പര്യമുണ്ടോ ?’ ഒരു വിഡിയോ കൊളാബറേഷൻ ചെയ്യാനാണു പോയതെങ്കിലും പിന്നീടു കരിക്ക് ടീമിനൊപ്പമായി കരിയർ. കരിക്കു പോലെയാണ് ആ ടീം. എല്ലാവരും ഒരു കുടുംബം പോലെ സഹകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും കളിയാക്കുകയുമൊക്കെ ചെയ്യും. അപ്പോൾ നല്ല രസമുള്ള, എല്ലാവർക്കും ഇഷ്ടപ്പെടുന്ന വിഡിയോകൾ കിട്ടും.

ആദ്യരാത്രിയിലെ ഗാനഗന്ധർവർ

കരിക്ക് കണ്ടിട്ടാണ് രമേഷ് പിഷാരടി ചേട്ടൻ ഗാനഗന്ധർവനിലേക്കു വിളിച്ചത്. ബാത്റൂം സിംഗർ മാത്രമായ ഞാൻ അതിലെ ഗാനമേള പാട്ടുകാരിയായി. മമ്മൂക്കയുമൊത്തു സീനുണ്ടായിരുന്നു. ഷൂട്ടിങ്ങിന്റെയന്നു പരിചയപ്പെടാൻ ചെന്നപ്പോൾ മമ്മൂക്ക ഒരു ചോദ്യം, നല്ല മുഖപരിചയം, എവിടെയോ കണ്ടിട്ടുണ്ടല്ലോ... മമ്മൂക്ക കരിക്ക് കാണാറുണ്ടെന്നു കേട്ടപ്പോൾ സർപ്രൈസായി.

സ്നേഹത്തിനു േവണ്ടി കൊതിച്ചു നടക്കുന്ന കഥാപാത്രമാണ് ‘ആദ്യരാത്രിയിൽ’ കിട്ടിയത്. അജു വർഗീസിന്റെ നായികയായി ക്ലൈമാക്സിലെ ഡയലോഗ് കയ്യടി നേടിത്തന്നു. ജീവിതത്തിൽ പ്രണയത്തിനു വേണ്ടി അത്രയൊന്നും കൊതിക്കേണ്ടി വന്നില്ല. കരിക്കിൽ ഒന്നിച്ചു ജോലി ചെയ്തപ്പോഴുള്ള പരിചയമാണു രണ്ടു വർഷത്തെ പ്രണയത്തിലും വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹത്തിലും എത്തിയത്. ഇപ്പോൾ എല്ലാവരും ഹാപ്പി.

ഹിന്ദി ലഡ്കി

കൊച്ചിക്കാരി ആണോന്നു ചോദിച്ചാൽ അല്ല. സ്വന്തം നാട് മുംബൈയാണ്. അച്ഛൻ ബാബുവിനും അമ്മ  ഗ്രേസി ബാബുവിനും അവിടെയായിരുന്നു ജോലി. ജനിച്ചതും 20 വയസ്സു വരെ ജീവിച്ചതും മുംബൈയിലാണ്. ഇന്റീരിയർ ഡിസൈനിങ് പഠനം പൂർത്തിയാക്കാതെയാണു നാട്ടിലേക്കു വന്നത്. അതിനു പിന്നിലുള്ളത് അഭിനയമോഹം തന്നെ.

അച്ഛൻ ബാബു മരിച്ചിട്ട് എട്ടു വർഷമായി. അമ്മ ഗ്രേസി ബാബുവും ചേട്ടൻ സൂൻ ബാബുവും നാത്തൂൻ ഹെലൻ ഹെൻട്രിയുമൊക്കെയാണ് കട്ട സപ്പോർട്ട്.

പിന്നെയൊരാൾ ഉണ്ടു കേട്ടോ, സിനിമട്ടോഗ്രഫറായ ഭർത്താവ് അലക്സ് സേവ്യർ. വിവാഹം കഴിഞ്ഞു കൊച്ചിയിൽ താമസമാക്കിയതോടെയാണു ഞാനൊരു കൊച്ചി ഗേൾ ആയത്. ഇപ്പോൾ ഒരു കുഞ്ഞ് അതിഥിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണു ഞങ്ങൾ.

Tags:
  • Celebrity Interview
  • Movies