Thursday 13 December 2018 03:07 PM IST

’മുമ്പുള്ള ജീവിതത്തിൽ നിന്ന് ഞാനൊരുപാടു മാറി, മോന്റെ വളർച്ച ശരിക്കും ആസ്വദിക്കുന്നുണ്ട്..’, ഉർവശി പറയുന്നു

Vijeesh Gopinath

Senior Sub Editor

urvasi3 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മാങ്ങാ പുളിശ്ശേരിയുടെ പാത്രത്തിലിടാനായി ടിപ്പറിൽ ഉപ്പുമായി പോവുകയാണ് ഇഷാൻ പ്രജാപതി. പേരിലെ ഗൗരവം മുഖത്തുമുണ്ട്. ചെയ്യുന്നത് കുഞ്ഞിക്കുറുമ്പാണെന്ന് അറിഞ്ഞിട്ടും ചിരിയുടെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ. പാത്രത്തിനരി കിൽ ടിപ്പർലോറി പാർക്ക് ചെയ്ത് കക്ഷി അടുത്ത വണ്ടി എടുത്തു. ഇത്തവണ എത്തിയത് ജെസിബി ആണ്. അതിെന്‍റ വലിയ കൈകൊണ്ട് കറിപ്പാത്രത്തിലേക്ക് ഉപ്പ് കോരിക്കോരിയിട്ടു. സ്റ്റീൽസ്പൂൺ കൊണ്ട് ഒന്നിളക്കി വീണ്ടും അകലെ ഇരിക്കുന്ന ഉപ്പു പാത്രത്തിനരികിലേക്ക് വണ്ടിയുരുട്ടി പോയി. ഒരു കിലോ ഉപ്പിന്റെ കാര്യത്തിൽ ഉടനൊരു തീരുമാനമാകും.

പിന്നെ, കേട്ടത് ഉർവശിയുടെ ‘നീലാണ്ടാ...’ എന്നുള്ള വിളിയാണ്. ചെന്നൈ വത്സരവാക്കത്തുള്ള ആ വീട്ടിലപ്പോൾ ഇടിവെട്ടി കരച്ചിൽ മഴ വീഴുമെന്നാണ് ഒാർത്തത്. നീലാണ്ടൻ എന്ന ഇഷാൻ ഒന്നു ഞെട്ടിയെങ്കിലും പതുക്കെ കളിപ്പാട്ടങ്ങൾ നിലത്തു വച്ച് ഒരു ചമ്മൽച്ചിരി ചിരിച്ചു. തലയണമന്ത്രത്തിലും മിഥുനത്തിലുമൊക്കെ ഉർവശിയുടെ മുഖത്തു നമ്മൾ കണ്ട അതേ ചമ്മൽ ചിരി.... കൈക്കുള്ളിലേക്ക് പറന്നു ചെന്ന ശലഭക്കുഞ്ഞിനെ കോരിയെടുത്ത് ഉർവശി പറഞ്ഞു.. ‘‘എന്റെയും ശിവൻചേട്ടന്റെയും ജീവിതം മാറ്റിമറിച്ചത് ഇതാ ഇവനാണ്. ഞങ്ങളുടെ രണ്ടു പേരുടേയും സ്വഭാവത്തിൽ പോലും മാറ്റങ്ങൾ വന്നു. ഇവൻ കുറച്ചു കൂടി അറ്റാച്ച്ഡ് ആണ്. അങ്ങനെ പറ്റിക്കാനൊന്നും പറ്റില്ല. രാത്രിയിൽ വാശിക്കരച്ചിലൊന്നു സമാധാനിപ്പിക്കാൻ നമ്മളെന്തെങ്കിലും വാങ്ങിക്കൊടുക്കാമെന്നോ, എവിടെയെങ്കിലും കൊണ്ടു പോകാമെന്നു പറ‍ഞ്ഞാലോ അതവിടെ തീർന്നെ ന്നു വിചാരിക്കണ്ട. കണ്ണും തിരുമ്മി എണീറ്റു വരുമ്പോഴേ അതിനേക്കുറിച്ചു തന്നെ ചോദിക്കും...’’

സീൻ വലിയ കുഴപ്പമില്ലെന്നു തിരിച്ചറിഞ്ഞതോടെ അടുത്ത കളിപ്പാട്ടത്തിനരികിലേക്ക് ഇഷാൻ നീങ്ങി. ചിരിയുടെ കുഞ്ഞു പൂത്തിരികൾ അടുത്തുവച്ച് ഉർവശിയും ശിവപ്രസാദും സംസാരിച്ചു തുടങ്ങി. വീടിനു പുറത്തുള്ള ഏതു കാര്യം പറഞ്ഞു തുടങ്ങിയാലും അതെല്ലാം കറങ്ങി തിരിഞ്ഞ് ആ നക്ഷത്രക്കുഞ്ഞിലേക്കു തന്നെ തിരിച്ചെത്തി.

‘ഇഷാൻ പ്രജാപതി.’ ഇത്രയും ഗൗരവമുള്ള പേരിനു പിന്നിലൊരു കഥയുണ്ടാകില്ലേ?

ഉർവശി: കുഞ്ഞാറ്റയാണ് ഈ പേരു കണ്ടുപിടിച്ചത്. ഇവനു പേരു കണ്ടുപിടിക്കാൻ ഞങ്ങൾ അവളെയാണ് ഏൽപ്പിച്ചത്. ഇന്റർനെറ്റിലൊക്കെ തിരഞ്ഞാണു പോലും കണ്ടെത്തിയത്. ഞാനിവനെ നീലാണ്ടാ എന്നാണു വിളിക്കാറുള്ളത്. നീലാണ്ടനും ഈശനും പ്രജാപതിയും എല്ലാം ശിവനാണ്.

മിനിചേച്ചിയുടെ (കല്പനയുടെ) മകൾ ശ്രീമയിക്കും എന്റെ മകള്‍ കുഞ്ഞാറ്റയ്ക്കും ഇവനെന്നു വച്ചാൽ ജീവനാണ്. എല്ലാ ദിവസവും ഫോൺചെയ്യും. അവർക്കൊക്കെ കളിക്കൂട്ടിന് കിട്ടിയ ആദ്യ കുട്ടിയല്ലേ ഇവൻ. കുഞ്ഞാറ്റ ഇവനെ കണ്ടാൽ അപ്പോൾ ‘ഞെക്കിപ്പിഴിയാൻ’ തുടങ്ങും. എന്റെ അമ്മയും മക്കളും ഒരുമിച്ചിരുന്നാൽ നല്ല രസമാണ്. കൂട്ടത്തിൽ ഏറ്റവും ചെറുത് അമ്മയായിരിക്കും. പിള്ളേർ ദേഹത്തു കയറി കുത്തി മറിഞ്ഞാലും ‘മക്കളേ’ എന്നു വിളി‍ച്ച് നീങ്ങിയിരിക്കും. അത്രയ്ക്ക് ക്ഷമ. എനിക്ക് ആ ക്ഷമ കിട്ടിയിട്ടില്ല.

ശിവപ്രസാദ്: എനിക്കൊരു നിർബന്ധമുണ്ടായിരുന്നു, പേരിടലായാലും ചോറൂണായാലും ഇവന്‍റെ ചേച്ചി കുഞ്ഞാറ്റയാണ് അത് ചെയ്യേണ്ടത്. അവളുടെ മടിയിലിരുത്തിയാണ് ചോറൂണു നടത്തിയത്. അവനെപ്പോഴും കരുത്തായി കുഞ്ഞാറ്റയും ബാക്കി സഹോദരങ്ങളും ഉണ്ടായിരിക്കണം. സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം വളർത്താനുള്ള സാഹചര്യം നമ്മൾ ഉണ്ടാക്കിയെടുക്കണ്ടേ?

ശ്രീമയിയെ അമ്മക്കൻ എന്നാണു മോൻ വിളിക്കുന്നത്. കുഞ്ഞാറ്റയെ കുഞ്ഞമ്മക്കനും. ചേച്ചി, അമ്മ, ഈ രണ്ടു രൂപങ്ങളും ‘അമ്മക്കൻ’ എന്ന വിളിയിലുണ്ട്. പിന്നെ പ്രജാപതി എന്ന പേരിനൊരു ബലവും ഗാംഭീര്യവും ഉണ്ട്. വലുതായി കഴിഞ്ഞാലും ഇവനെ ‘എടാ പ്രജാപതീ’ എന്നു വിളിക്കാൻ ആരും ഒന്നു മടിക്കും.

ചിരിക്കിടയിലേക്ക് ഇഷാൻ പ്രജാപതി കയറിവരുന്നു, നല്ല കരച്ചിൽ. റോഡിലേക്ക് സൈക്കിളുമായി പോകണം. അതാണാവശ്യം. ഇടവപ്പാതി പോലുള്ള കരച്ചിൽ മാറ്റാന്‍ ശിവപ്രസാദ് ഇറങ്ങി ചെന്നു.

ശിവപ്രസാദും ഇഷാനും. ഇവർ എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തില്‍ വരുത്തിയിരിക്കുന്നത്?

ഉർവശി: സ്ത്രീയെ സംബന്ധിച്ചിടത്തോളം കുഞ്ഞുണ്ടാകുന്ന ത് മറ്റൊരു സന്തോഷത്തോടും താരതമ്യം ചെയ്യാനാകില്ല. മുമ്പുള്ള ജീവിതത്തിൽ നിന്ന് ഞാനൊരുപാടു മാറിക്കഴിഞ്ഞു. ആ കാലമേ മാറി. മോന്റെ വളർച്ച ശരിക്കും ആസ്വദിക്കുന്നുണ്ട്. വീട്ടിലെത്തിയാൽ അവനു ചുറ്റും ഒാടിക്കൊണ്ടേയിരിക്കണം. ഷൂട്ടുള്ളപ്പോഴാണ് ഇപ്പോൾ തിരക്കില്ലാതെ ഇരിക്കുന്നത്. ക്യാമറയ്ക്കു മുന്നിൽ അഭിനയിച്ചാൽ മാത്രം മതി. ഇവിടെ ഇങ്ങനെ പറക്കണം.

ജീവിതത്തിൽ മാത്രമല്ല, തിരഞ്ഞെടുക്കുന്ന സിനിമകളിലും മാറ്റം വന്നു. ഒരു സിനിമയുടെ തിരക്കഥ ആലോചിക്കുമ്പോൾ തൊട്ട് അതിന്റെ ഭാഗമാകാൻ കഴിയുന്നുണ്ട്. അത്തരം സിനിമകളിലാണ് കൂടുതൽ അഭിനയിക്കുന്നത്. ആ വിജയത്തിൽ എനിക്കുമൊരു ഭാഗമാകാന്‍ പറ്റി എന്നത് കൂടുതല്‍ സന്തോഷം തരുന്നുണ്ട്. എല്ലാ പിന്തുണയും കിട്ടുന്ന രീതിയിലുള്ള ഒരു കുടുംബജീവിതവും കിട്ടി. മെച്ചപ്പെട്ട സിനിമകളും തിരക്കും ഒക്കെ ഇപ്പോൾ ഉണ്ട്.

ശിവപ്രസാദ്: ഒരു കുഞ്ഞു ജനിക്കുമ്പോള്‍ ഒരച്ഛനും അമ്മയും കൂടി ജനിക്കുന്നു എന്നു പറയുന്നത് വളരെ ശരിയാണ്. എപ്പോഴും കൂട്ടുകൂടി യാത്രചെയ്യാനായിരുന്നു എനിക്കിഷ്ടം. കുഞ്ഞുങ്ങളെ എടുക്കാൻ പേടിയായിരുന്നു. അവരൊന്നു കരഞ്ഞാൽ ആ പഞ്ചായത്തിൽ കൂടി ഞാൻ പോകില്ല. പിന്നെ മൂക്കത്തായിരുന്നു ദേഷ്യം. ഇപ്പോ അതൊക്കെ മാറി. ഞാൻ ഇപ്പോഴത്തെ ഞാനായത് ഇഷാന്‍ ജനിച്ച ശേഷമാണ്. മറ്റുള്ളവർക്കു സഹിക്കാൻ പറ്റുന്ന വ്യക്തിയായത് എന്നു പറയുന്നതാണ് കൂടുതൽ ശരി. അറിയാത്ത ഒരു പക്വത വന്നു. നമ്മുടെ വാശിയെ മക്കൾ തോൽപ്പിക്കും.

കുഞ്ഞു വളരുന്നതു വരെ ജോലി ഉപേക്ഷിച്ച് വീട്ടിൽ നിൽക്കാൻ തീരുമാനിച്ച അച്ഛൻ. സിനിമയിൽ പോലും ഇത്തരമൊരു കഥാപാത്രം അപൂർവമാണല്ലോ?

ഉർവശി: ശിവൻ ചേട്ടന്റെ കൂടെയാണ് മോൻ കൂടുതൽ സമയവും. സിനിമയിൽ ജോലിചെയ്യുന്ന ഒരാൾക്ക് ഡിമാൻഡ് ഉള്ളപ്പോൾ നല്ല പ്രതിഫലം കിട്ടും. അവസരങ്ങൾ കുറയുമ്പോൾ കിട്ടുന്ന തുകയിലും കുറവുണ്ടാകും. ഇപ്പോൾ എനിക്കുള്ള അവസരങ്ങൾ എത്ര നാളുണ്ടാകുമെന്നറിയില്ലല്ലോ, സിനിമയല്ലേ ഇത്, പ്രവചിക്കാനാകുമോ?

അദ്ദേഹത്തിന്റെ പ്രഫഷന് എപ്പോഴും ഗാരന്റിയുണ്ട്. കോൺട്രാക്ടും കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട ബിസിനസും മകൻ വലുതാകുന്നതു വരെ സാവധാനത്തിലാക്കാൻ ഞങ്ങൾ രണ്ടാളും കൂടി തീരുമാനിക്കുകയായിരുന്നു. ഒന്നു രണ്ടു പ്രോജക്ടുകൾ ഇപ്പോഴും നടക്കുന്നുണ്ട്. എന്നാലും ഒരമ്മയെ പോലെ എല്ലാ കാര്യവും അദ്ദേഹമാണ് ചെയ്യുന്നത്. മോൻ ജനിച്ച് പത്താം ദിവസം മുതൽ ഞാൻ ഷൂട്ടിനു പോയി തുടങ്ങി. തെലുങ്കിലും തമിഴിലുമായി ഏറ്റെടുത്ത പ്രൊജക്ടുകളിൽ ചിലതു നീണ്ടു പോയിരുന്നു. അതു ചെയ്തു തീർക്കേണ്ടി വന്നു.

ശിവ പ്രസാദ്: കുഞ്ഞുങ്ങൾക്ക് നമ്മൾ കൊടുക്കുന്ന സ്നേഹമാണു പിന്നീടു തിരിച്ചു കിട്ടുന്നത്. ഇല്ലെങ്കിൽ പ്രായമാകുമ്പോൾ ഏതെങ്കിലും വൃദ്ധസദനത്തില്‍ കൊണ്ടു ചെന്നാക്കിയാൽ കുറ്റം പറയാനാകുമോ? ഇവിടെ ജോലിക്കാരൊക്കെയുണ്ട്. എന്നാലും അവനെ കുളിപ്പിക്കുന്നതും ഉറക്കുന്നതും ഒക്കെ ഞാനാണ്.

ഒരുമാസം പ്രായമാകും മുമ്പേ ലൊക്കേഷനുകളിൽ അവനുമായി പോകേണ്ടി വന്നിട്ടുണ്ട്. ഉർവശിയുെടയും മോന്‍റെയും ഒാേരാ കാര്യങ്ങളും ഞാൻ ശ്രദ്ധിക്കുന്നതു കാണുമ്പോൾ സെറ്റിലുള്ളവർക്ക് അദ്ഭുതം തോന്നും. പലരും ഇതിന് അഭിനന്ദിച്ചിട്ടുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ആ വാക്കുകൾ വലിയ അവാർഡാണ്. സ്ത്രീകളെ നന്നായി സംരക്ഷിക്കുന്നവർക്ക് വിലയുള്ള നാടാണ് തമിഴ്നാട്. ഇളയകുട്ടികളെ അവര്‍ തങ്കച്ചീ എന്നാണു വിളിക്കുന്നത്. പ്രായമായവരെ ബഹുമാനത്തോടെ അമ്മാ എന്നും.

പിന്നെ, ഒരു തമാശ പറയാം. ഞാൻ ജോലിക്കു പോയിട്ട് ഉർവശി മോനെ നോക്കാനായി വീട്ടിലിരുന്നു എന്നു വിചാരിക്കുക, എനിക്ക് ടെൻഷനാ, സ്വന്തം വീട്ടിലേക്കുള്ള വഴി ഒറ്റയ്ക്ക് കണ്ടുപിടിക്കാൻ അറിയാത്ത ആളാ ഇവള്‍.

വീടിനുള്ളിൽ കൂട്ടച്ചിരി പൂത്തുലഞ്ഞു. അമ്മയ്ക്ക് വീട്ടിലേക്കുള്ള വഴി അറിയില്ലെങ്കില്‍ എന്നെ ഒന്നു ഫോൺചെയ്താൽ പോരേ? ഞാൻ പറന്നെത്തില്ലേ എന്ന മട്ടിൽ ഇഷാൻ കാറോടിച്ച് അമ്മയ്ക്ക് മുന്നിലെത്തി. മകനെ മടിയിൽ കിടത്തി ഉർവശി വർഷങ്ങൾക്കു മുമ്പു നടന്ന ആ കഥ ഒാർത്തു,

ഉർവശി: കാറില്‍ വരുമ്പോള്‍ എനിക്കിപ്പോഴും ഇടതും വലതും പറഞ്ഞു കൊടുക്കാനൊന്നും അറിയില്ല. കുട്ടിക്കാലത്തേ സിനിമയിലേക്കെത്തിയതല്ലേ. അപ്പോള്‍ മുതല്‍ എനിക്കു ചുറ്റും ആൾക്കാരുണ്ടായിരുന്നു. ഒറ്റയ്ക്ക് വഴി പറഞ്ഞു കൊടുത്ത് വീട്ടിലേയ്ക്കു വരണ്ട സാഹചര്യം ഉണ്ടാകാറില്ല. അതു കൊണ്ടാകാം ഇങ്ങനെയായി പോയത്. ഒരിക്കൽ ചെന്നൈ എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ രാത്രി ഏറെ വൈകി. എന്നെ കൊണ്ടുപോകാനായി വന്ന കാർ കണ്ടില്ല. കുറെ നേരം നിന്നു. വണ്ടി വരുന്നില്ല. ഒടുവിൽ എയർപോർട്ടിലെ ജീവനക്കാരൻ ടാക്സി വിളിച്ചു തന്നു. നല്ല പ്രായമുള്ള ഒരപ്പൂപ്പനാണ് ഡ്രൈവർ.

urvasi2

അന്നു ഞാൻ താമസിച്ചിരുന്നത് അശോക്നഗറിലാണ്. വണ്ടിയിൽ കയറിക്കഴിഞ്ഞാണ് വീട്ടിലേക്കുള്ള വഴിയെക്കുറിച്ച് ആലോചിച്ചത്. പറഞ്ഞു കൊടുക്കാൻ എനിക്കറിയില്ല. ആദ്യമായാണ് വീട്ടിലേക്ക് ഒറ്റയ്ക്ക് പോകുന്നത്. പെട്ടു എന്നു മന സ്സിലായി. തല വഴി ഷാളിട്ടു മൂടിയിരുന്നതു കൊണ്ടും ഇരുട്ടാ യതു കൊണ്ടും പിൻസീറ്റിലിരിക്കുന്നത് നടി ഉർവശിയാണെന്ന് ആ പാവത്തിനു മനസ്സിലായില്ല.

‘‘അമ്മാ എങ്കെ പോണം?’’ ഡ്രൈവര്‍ ചോദിച്ചു. രണ്ടും കൽപ്പിച്ച് ‘അശോക് നഗർ’ എന്നു പറഞ്ഞു. അവിടെ വലിയ അശോകചക്രമുണ്ട്. വീട്ടിലേക്കു പോകുന്ന വഴിയിൽ അതു കണ്ടിട്ടുണ്ട്. അശോകചക്രത്തിനടുത്ത് എത്തിയപ്പോള്‍ ഡ്രൈവര്‍ ചോദിച്ചു. ‘‘അമ്മാ ഇനി റൈറ്റാ ലെഫ്റ്റാ?’’ അയ്യോ, അതെങ്ങനെ അറിയും. പെട്ടെന്നാണ് ഒരു ബുദ്ധി തോന്നിയത്. ഷാളു കൊണ്ട് ഒന്നു കൂടി മുഖംമറച്ചു ഞാൻ പറ ഞ്ഞു, ‘നടികർ ഉർവസിയുടെ വീട്ട് പക്കത്ത്ക്ക് പോണം. അന്ത ഒാട്ടോറിക്ഷാക്കാരോടു വഴി ചോദിച്ചാൽ മതി. ’’

‘ഇതാദ്യമേ പറഞ്ഞാൽ പോരെ, എനിക്ക് ആ വീടറിയാം. ഇതല്ല വഴി. ഇതിനു മുൻപേയുള്ള വഴി തിരിയണമായിരുന്നു, പത്തുമിനിറ്റ് മുമ്പേ എത്തായിരുന്നു..’ അയാള്‍ ദേഷ്യപ്പെട്ടു പുലമ്പിക്കൊണ്ടിരുന്നു. ഒടുവിൽ വീടു കണ്ടപ്പോള്‍ എനിക്കു മനസ്സിലായി. പണം കൊടുത്ത് ടാക്സിയില്‍ നിന്നു ചാടിയിറങ്ങി വീടിനു നേരേ നടന്നു. അന്നേരം അയാൾ പിന്നാലെ വന്ന് ഉറക്കെ പറഞ്ഞു, ‘അമ്മാ അത് ഉർവസി വീട്. നീങ്കെ ഉങ്ക വീട്ടിക്ക് പോ.’

അയാളുടെ ബഹളം കേട്ട് മറ്റുള്ളവരെത്തിയാല്‍ വലിയ നാണക്കേടാവും ഞാൻ വെളിച്ചത്തേക്ക് നീങ്ങി നിന്നു മുഖത്തെ ഷാൾ മാറ്റി പറഞ്ഞു. ‘ആ ഉർവശി ഞാൻ തന്നെയാണ്’. അപ്പോള്‍ ആ പാവത്തിന്റെ മുഖത്തു വിരിഞ്ഞ ഭാവം ഞാനൊരിക്കലും മറക്കില്ല. ‘എന്നമ്മാ ഇത്.. സ്വന്തം വീട്ടിലേക്കുള്ള വഴി കൂടി...’’ മുഴുവനായി കേൾക്കാൻ ഞാൻ നിന്നില്ല. ഒാടി അകത്തു കയറി.

ചിരിയുടെ അമിട്ടുകൾ പൊട്ടി. പിന്നെ, കുറേ നേരം ഉർവ ശിയുടെ അബദ്ധകഥകളടെ റീലുകളോടി. ഇഷാൻ ഉറക്കത്തിലേക്ക് വീഴുന്നു. അവൻ ഒന്നും കഴിക്കാതെയാണു കിടന്നതെന്നോർത്ത് ശിവപ്രസാദ് വേവലാതിപ്പെടുന്നു.

സ്വഭാവത്തിലും ജോലിയിലും രണ്ട് അറ്റത്തു നിൽക്കുന്ന ആൾക്കാരാണ് നിങ്ങൾ. ഒരുമിച്ചുള്ള യാത്രയില്‍ ആ വ്യത്യാസങ്ങൾ തോന്നാറുണ്ടോ?

ശിവപ്രസാദ്: അങ്ങനെയുണ്ടെന്നു തോന്നിയിട്ടില്ല. എനിക്ക് ഉർവശിയെയും അവരുടെ പ്രഫഷന്റെ സ്വഭാവവും നന്നായി മനസ്സിലാകും. സിനിമ എന്ന തൊഴിലിനെക്കുറിച്ചു മനസ്സിലാക്കാതെ അഞ്ചു മണിക്ക് വീട്ടിൽ എത്തിയിരിക്കണം എന്നൊക്കെ നിർബന്ധം പിടിച്ചിട്ട് വല്ല കാര്യവുമുണ്ടോ? ഒരു കുടുംബത്തിലെ ഏതു വ്യത്യാസവും ഏത് അകൽച്ചയും പരസ്പരം മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളു.

ഉർവശി: നാട് ഒരാളുടെ സ്വഭാവത്തിൽ നന്നായി സ്വാധീനിക്കുന്നുണ്ട്. ശിവൻചേട്ടന്റെ നാട് പുനലൂരിനടുത്ത് ഏരൂരാണ്. ഞങ്ങളുടെ കുടുംബവീടും ശിവൻചേട്ടന്റെ വീടും തമ്മിൽ 30 കിലോമീറ്റർ അകലമേ ഉള്ളൂ. ആ നാടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും എനിക്ക് നന്നായിട്ടറിയാം. അവിടുള്ളവര്‍ക്ക് മനസ്സിൽ ഒന്നു വച്ച് പുറമേ മറ്റൊന്നു കാണിക്കാനറിയില്ല.

സിനിമയ്ക്കകത്ത് ഇതൊരു പ്രശ്നമായിരിക്കാം. അവിടെ പലതും പതുക്കെ അല്ലെങ്കിൽ ദേഷ്യം പൊതിഞ്ഞുവച്ച് മറ്റൊരു മുഖം സ്വീകരിച്ച് പറയേണ്ടതാണ്. ശിവൻ ചേട്ടനു പക്ഷേ അതിനാകില്ല. ഉള്ള കാര്യം വെട്ടിത്തുറന്നു പറയും.

ചില മോശം സിനിമകൾ ഒഴിവാക്കാനായി ഡേറ്റില്ലെന്നൊക്കെ പറഞ്ഞൊഴിയാൻ നോക്കും. ശിവൻ ചേട്ടനത് മനസ്സിലാവില്ല. ‘ആ സമയത്ത് ഏതു സിനിമ? അപ്പോൾ നീ ഫ്രീയല്ലേ’ എന്നൊക്കെ ഇടയ്ക്കു കയറി ചോദിച്ച് കള്ളത്തരം പൊളിക്കും. പിന്നെ, നമ്മൾ കണ്ണിറുക്കിയൊക്കെ കാണിച്ച് കഥ മോശമായതു കൊണ്ടു സിനിമ ഒഴിവാക്കുകയാണെന്നു മനസ്സിലാക്കിക്കണം. അവർ പോയിക്കഴിഞ്ഞാല്‍ എന്നോട് ദേഷ്യപ്പെടും, ‘‘കഥ മോശമാണെങ്കില്‍ അതങ്ങോട്ടു തുറന്നു പറഞ്ഞാല്‍ പോരേ... എന്തിനു കള്ളം പറയണം?’’ ഇതാണ് ശിവൻ ചേട്ടൻ.

ആലോചിച്ചു നോക്കുമ്പോൾ രണ്ടുപേരുടെ ജീവിതത്തിലും ഒരു സിനിമയുണ്ട്.

ഉർവശി: എല്ലാവരുടെ ലൈഫും അങ്ങനെയല്ലേ? ജീവിതം െഎ.വി ശശിയുടെ സിനിമ പോലെയാണോ അതോ സത്യന്‍ അന്തിക്കാടിന്റെ സിനിമ പോലെയാണോ എന്ന വ്യത്യാസം മാത്രമേയുള്ളൂ. ശശി സാറിന്റെ സിനിമയിൽ ലാൽ വരുന്നു, മമ്മൂട്ടി വരുന്നു, ഫാക്ടറി സമരം, പൊലീസ്, ലാത്തിച്ചാർജ്, ബോംബേറ്, അടി ബഹളം. ഇതൊക്കെയാവും. സത്യേട്ടന്റെ സിനിമ അങ്ങനെയല്ല. ഒരു ചെറിയൊരു കല്യാണം. ശങ്കരാടിയമ്മാവൻ, ശ്രീനിവാസൻ, ഒടുവിൽ... ചെറിയൊരു പ്രണയം, കുഞ്ഞു പിണക്കങ്ങൾ അങ്ങനെ ഒരു കൊച്ചു സിനിമ.

ഇതിലേതു സിനിമയാണ് നിങ്ങളുടെ ജീവിതം എന്നേയുള്ളു. തിരക്കഥയും സംവിധാനവും എല്ലാം ദൈവമല്ലേ ചെയ്യുന്നത്. ഏതു സിനിമപോലെ വേണം എന്നു തിരഞ്ഞെടുക്കാൻ പോലുമാകില്ല. അഭിനയിക്കാനല്ലേ പറ്റൂ.

ശിവപ്രസാദ്: മഴവിൽക്കാവടിയും കടിഞ്ഞൂൽ കല്യാണവുമൊക്കെ എനിക്കിഷ്ടപ്പെട്ട ഉർവശി ചിത്രങ്ങളാണ്. വർഷങ്ങൾക്ക്് മുമ്പ്. വിസിആറിൽ സിനിമ കണ്ടിരുന്ന കാലം. അന്നു വീട്ടിൽ കടിഞ്ഞൂൽ കല്യാണത്തിന്റെ കസറ്റ് ഉണ്ടായിരുന്നു. ആ സിനിമയിൽ ഉർവശി പെട്ടിയുമായി വന്ന് ‘എന്നെ ഭദ്രകാളിയാക്കരുത്’ എന്നു പറയുന്ന സീൻ ഉണ്ട്. അതെത്തുമ്പോൾ എന്‍റെ അച്ഛൻ സിനിമ പോസ് ചെയ്യും. പിന്നെ റീവൈൻഡ് ചെയ്ത് മൂന്നും നാലും പ്രാവശ്യം കണ്ടിട്ടേ അടുത്ത സീനിലേക്കു പോകൂ. അന്നൊക്കെ ആരോർത്തു ആ നടി എന്റെ ജീവിതത്തിലേക്കു കടന്നു വരുമെന്ന്.

മലയാള സിനിമയിൽ ഇപ്പോഴും ഉർവശിയുടെ കസേര ഒഴിഞ്ഞു കിടക്കുന്നുണ്ട്. അങ്ങനെ തോന്നാറില്ലേ?

അങ്ങനെയൊന്നും തോന്നാറില്ല. ഭാരതിയമ്മയും ഷീലാമ്മയു മൊക്കെ എത്രയോ ഗംഭീര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വളരെ ചെറുതിലേ പക്വത വന്ന റോളുകൾ കൈ കാര്യം ചെയ്യാനായതിൽ സന്തോഷം തോന്നാറുണ്ട്. ആകാ ലഘട്ടത്തിൽ‌ മികച്ച എഴുത്തുകാരുടെ ഗംഭീര കഥാപാത്രങ്ങ ളെ അവതരിപ്പിക്കാനായി.

സംവിധായകന്മാരും എഴുത്തുകാരും എനിക്ക് അനുവദിച്ചു തന്ന കഥാപാത്രങ്ങൾ. അതിലെനിക്കു തന്ന സ്വാത്രന്ത്ര്യം, ആ കഥാപാത്രങ്ങളിൽ ചിരിയുടെ അംശം കലർത്താനായത് ഭാഗ്യമായി കാണുന്നു. നായിക ഹ്യൂമർ പറയുന്നത് അധികമാരും അനുവദിച്ചു തരാത്ത കാര്യമായിരുന്നു. ചിരിയുടെ ആ ഒരു തരി തൊട്ട കഥാപാത്രങ്ങളെ അനുവദിച്ചതു കൊണ്ടാകാം കല്യാണം കഴിഞ്ഞും കുഞ്ഞുണ്ടായിക്കഴിഞ്ഞും പ്രത്യേക റോളിലേക്കു മാത്രം ഒതുങ്ങി പോകാതിരുന്നത്. തമിഴിൽ എന്റെ അടുത്ത സിനിമ ‘മഗിളർ മട്ടും’ ആണ്. നാൽപതു കഴിഞ്ഞ നാലു നായികമാർ. നമ്മുടെ ചെറുപ്പക്കാരും ഇത്തരം സിനിമകൾ‌ ചെയ്യാനുള്ള ധൈര്യം കാണിക്കണം.

തലയണമന്ത്രവും മഴവിൽക്കാവടിയും പോലെയുള്ള സിനിമകൾ ആവർത്തിക്കണം എന്നാഗ്രഹിക്കാറുണ്ടോ?

എനിക്കിപ്പോഴും അത്തരം സിനിമകളിൽ അഭിനയിക്കാൻ ഒരു പാടിഷ്ടമാണ്. ശങ്കരാടിയമ്മാവനേയും മീനാമ്മച്ചിയേയും പോലുള്ള ഒരുപാടു പേർ ഇല്ല എന്നുള്ളത് സത്യേട്ടന്റെ വലിയ സങ്കടങ്ങളായിരിക്കാം. എന്നാലും ന്യൂജെൻ കുട്ടികൾ പോലും തലയണമന്ത്രവും അച്ചുവിന്റെ അമ്മയും പോലുള്ള സിനിമക ൾ കാത്തിരിക്കുന്നു എന്നെനിക്കു തോന്നാറുണ്ട്. ഇന്നത്തെ നാട്ടിൻ പുറങ്ങൾ‌ മാറിയേക്കാം. എന്നാലും നാട്ടിൻപുറത്തിന്റെ മനസ്സുള്ള ഒരുപാടു പേർ ഇപ്പോഴും ഉണ്ട്.

പുതിയ കാലത്തില്‍ തലയണമന്ത്രത്തിലെ കാഞ്ചന അൽപം മോഡേണായി മാറിയിരിക്കാം. മൊബൈലിലൊക്കെ സംസാരിക്കാം. അച്ചുവിന്റെ അമ്മയുടെ ജീവിതം എങ്ങനെ മാറിയിരിക്കാം എന്നു ഞാനാലോചിക്കാറുണ്ട്. ആ കുഞ്ഞിന്റെ വളർച്ച എങ്ങനെയായിരിക്കാം? ഒരിക്കൽ സത്യേട്ടനോടും ഞാനിതു ചോദിച്ചിട്ടുണ്ട്. അതാലോചിക്കാനുള്ള ധൈര്യമെനിക്ക് ഇല്ല ഉർവശീ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇഷാൻ നല്ല ഉറക്കത്തിലാണ്. രാവിലെ മുതൽ ഒാടി ക്ഷീണിച്ച ടിപ്പർ ലോറിയും ജെസിബിയും അരികിൽ തന്നെയുണ്ട്. ഒരു കൈ നീട്ടിയാൽ ലോറിയിൽ തൊടാം... ഉർവശി നീലാണ്ടന്റെ നെറ്റിയിലൊരുമ്മ കൊടുത്തു. മഴവില്ലിലൂഞ്ഞാൽ കെട്ടി ആടുന്ന സ്വപ്നം കണ്ടിട്ടെന്ന പോലെ കുഞ്ഞിന്റെ ചുണ്ടിലൊരു പാൽച്ചിരി വിരിഞ്ഞു...

urvasi1