Saturday 09 November 2024 03:14 PM IST

‘എല്ലാവരും കുത്തുവാക്കുകളും ശാപവാക്കുകളും പറഞ്ഞു കുറ്റപ്പെടുത്തി; മറ്റു പുതുമുഖ നായികയ്ക്ക് ലഭിക്കുന്ന അംഗീകാരമല്ല എനിക്ക് കിട്ടിയത്’

Rakhy Raz

Sub Editor

vindhuja-5567 ഫോട്ടോ: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

ഒരൽപം പഴയ സിനിമയാണ് പവിത്രം. എങ്കിലും ഇന്നും അതിലെ ചേട്ടച്ഛനെയും കുഞ്ഞു പെങ്ങളെയും മലയാളി മറന്നിട്ടില്ല. മോഹൻലാൽ എന്ന പ്രതിഭയുടെ വ്യത്യസ്ത കഥാപാത്രങ്ങളിലൊന്നായ ചേട്ടച്ഛൻ. അനുജത്തിയായി നർത്തകി കൂടിയായ നീളൻ മുടിക്കാരി വിന്ദുജ മേനോൻ. 

വിവാഹിതയായി വിദേശത്തു താമസമുറപ്പിച്ചെങ്കിലും മോഹിനിയാട്ടത്തിൽ ഗവേഷണം നടത്തി ഡോ. വിന്ദുജ മേനോനായി മാറിയെങ്കിലും ചേട്ടച്ഛന്റെ മീനാക്ഷിക്കുട്ടിക്ക് മാറ്റമൊന്നുമില്ല.  അമ്മ കലാമണ്ഡലം വിമലാ മേനോനും മകൾ നേഹയും ചേർന്ന് വിന്ദുജ നടത്തുന്ന നൃത്തപരിപാടികൾക്കു നാട്ടിലും വിദേശത്തും ആരാധകരേറെയാണിപ്പോൾ.

അമ്മയും മകളും മകളുടെ മകളും നർത്തകികളാകുമെന്നു നിശ്ചയിച്ച് ഉറപ്പിച്ചിരുന്നോ ?

കുട്ടികളെ ബലമായി ഒന്നിലേക്കും തള്ളിവിടരുത് എന്ന പക്ഷക്കാരിയാണ് ഞാൻ. എന്റെ അമ്മയും എന്നെ നർത്തകിയാകാൻ നിർബന്ധിച്ചിരുന്നില്ല. നേഹ നൃത്തം പഠിച്ചിരുന്നെങ്കിലും ആദ്യം അത്ര ‘പാഷനേറ്റ്’ ആയിരുന്നില്ല. കോവിഡിനു ശേഷമാണ് ആത്മാർഥമായൊരു സമർപ്പണഭാവം നൃത്തത്തിൽ അവൾക്കുണ്ട് എന്നു മനസ്സിലാക്കുന്നത്. 

നൃത്തത്തിന്റെ കാര്യത്തിൽ ഗുരുവായും ചമയക്കാരിയായും നൃത്ത വേഷങ്ങളുടെ തയ്യൽക്കാരിയായും അമ്മ അന്നും  ഇന്നും കൂടെയുണ്ട്. മൂന്നു പേരും ഒന്നിച്ചു നൃത്തം ചെയ്യാനാകുന്നു എന്നതു ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണ്. 

മോഹൻലാൽ എന്ന പ്രതിഭ, ടി.കെ. രാജീവ് കുമാർ എന്ന സംവിധായകൻ, പിന്നെ മീ നാക്ഷി. ആ മിടുക്കിയെ ഓർക്കാറുണ്ടോ ?

മൂന്നു ദശാബ്ദക്കാലത്തോളം പ്രേക്ഷകരുടെ സ്നേഹവാത്സല്യങ്ങളും ബഹുമാനവും നേടിത്തന്ന കഥാപാത്രമാണു പവിത്രത്തിലെ മീനാക്ഷി. സിനിമ ഇറങ്ങിയപ്പോൾ മറ്റു പുതുമുഖ നായികമാർക്കു ലഭിക്കുന്നതു പോലൊരു അംഗീകാരമല്ല കിട്ടിയത്. മറിച്ച് എല്ലാവരും കുത്തുവാക്കുകളും ശാപവാക്കുകളും പറഞ്ഞു കുറ്റപ്പെടുത്തി.

കത്തുകളിലൂടെയായിരുന്നു കുറ്റപ്പെടുത്തൽ. ഇത്രയും നല്ല ചേട്ടച്ഛനോടു കുഞ്ഞുപെങ്ങൾ ഇങ്ങനെ ചെയ്യാമോ എന്നൊക്കെ... ‘എന്നാലും രാജീവേട്ടാ ഈ ചതിയെന്നോട് വേണമായിരുന്നോ എന്നു ഞാൻ പരാതി പറഞ്ഞു.  അതു നിന്റെ കഴിവായി മനസ്സിലാക്കൂ...’ എന്നദ്ദേഹം മറുപടി തന്നു.

അത്രമേൽ ആളുകളുടെ മനസ്സിനെ മുറിപ്പെടുത്തിയതു കൊണ്ടാകാം ആ കഥാപാത്രത്തെ ഇന്നും മറക്കാതെ ആളുകൾ ഓർമയിൽ സൂക്ഷിക്കുന്നത്. 

പവിത്രമാണു വിന്ദുജയുടെ ആദ്യ സിനിമയെന്നാണു പലരും കരുതുന്നത് ?

ആദ്യം ചെയ്തത് ‘ഒന്നാനാം കുന്നിൽ  ഓരടിക്കുന്നിൽ’ എന്ന പ്രിയദർശൻ ചിത്രം. പിന്നെ ‘നൊമ്പരത്തിപ്പൂവ്’, മൂന്നാമത് ‘ഞാൻ ഗന്ധർവൻ’ എന്ന സിനിമയിൽ നായിക സുപർണയുടെ അനുജത്തി റോൾ. നാലാമതാണു പവിത്രത്തിൽ അഭിനയിക്കുന്നത്.

താരാ കല്യാണിന്റെ അമ്മ സുബ്ബലക്ഷ്മി ടീച്ചറാണ് എന്റെ ആദ്യ സംഗീത ഗുരു. അമ്മയുടെ നൃത്ത സ്ഥാപനമായ കേരള നാട്യ അക്കാദമിയുടെ പ്രോഗ്രാമുകൾക്ക് സുബ്ബലക്ഷ്മി ടീച്ചറാണു പാടിയിരുന്നത്. ടീച്ചറുടെ സ്റ്റുഡന്റ്സ് സിനിമയ്ക്കു കോറസ് പാടാൻ പോയപ്പോൾ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. ആ സിനിമയിലെ നായകൻ ശങ്കറേട്ടനാണ് അനിയത്തി കഥാപാത്രത്തിന് എന്നെ പറ്റും എന്നു സംവിധായകൻ പ്രിയനങ്കിളിനോടു പറയുന്നത്.

പത്മരാജൻ അങ്കിളിന്റെ മകൾ മാതു (മാധവിക്കുട്ടി) എന്റെ അമ്മയുടെ അടുത്താണു നൃത്തം പഠിച്ചിരുന്നത്. ഞങ്ങൾ കൂട്ടുകാരായതിനാൽ എപ്പോഴും പപ്പനങ്കിളിന്റെ വീട്ടിൽ പോകും.  ആ പരിചയമാണു നൊമ്പരത്തിപ്പൂവിൽ അവസരം നൽകുന്നത്. അന്ന് അദ്ദേഹം വലിയ എഴുത്തുകാരനും സംവിധായകനുമാണെന്ന തിരിച്ചറിവൊന്നുമില്ല. മാതുവിന്റെ അച്ഛന്റെ സിനിമയിൽ അഭിനയിച്ചു എന്നേ അറിയുമായിരുന്നുള്ളു. 

പവിത്രത്തിനു മുൻപു തന്നെ  നായികയായി അവസരങ്ങൾ വന്നിരുന്നു. ‘കമലദള’ത്തിൽ മോനിഷയുടെ കഥാപാത്രം, പാഥേയത്തിൽ ചിപ്പി ചെയ്ത കഥാപാത്രം. എ ന്തോ കാരണം കൊണ്ടു  രണ്ടും  ചെയ്യാൻ സാധിച്ചില്ല. 

യുവജനോത്സവങ്ങളിലൂടെ സിനിമയിലെത്തിയവരിൽ ആദ്യ പേരുകളിലൊന്നാണല്ലോ വിന്ദുജയുടേത് ?

രാജീവേട്ടനുമായുള്ള (ടി.കെ. രാജീവ് കുമാർ) പരിചയം കുട്ടിക്കാലത്തു തുടങ്ങിയതാണ്. ഞാൻ സ്കൂൾ കലോത്സവങ്ങളിൽ നൃത്ത ഇനങ്ങളിൽ മത്സരിക്കുമ്പോൾ രാജീവേട്ടൻ  മിമിക്രി / മൈം കലാകാരൻ എന്ന നിലയിൽ പ്രശസ്തനായിരുന്നു. 

1991ൽ കാസർകോട്  നടന്ന സ്കൂൾ യുവജനോത്സവത്തിൽ തിരുവനന്തപുരത്ത് നിന്നുള്ള ആദ്യത്തെ കലാതിലകമായി.  പവിത്രം വന്നപ്പോൾ രാജീവേട്ടനെന്നെ ഓർത്തു. അങ്ങനെ മലയാളം  മറക്കാത്തൊരു ചിത്രത്തിന്റെ ഭാഗമായി.

21615

നൃത്തത്തിലുള്ള പാടവം, നീണ്ടിടതൂർന്ന മുടി ഇതു രണ്ടും ആ സിനിമയ്ക്ക് അത്യാവശ്യമായിരുന്നു ?

നാട്ടിൻപുറത്തുകാരനായ ഒരാൾ വളർത്തുന്ന കുട്ടിക്ക് ആ വശ്യമായ നാടൻ തനിമയുള്ള സീനുകൾ അതിൽ ധാരാളമുണ്ടായിരുന്നു. അതിനൊപ്പം ആ കഥാപാത്രത്തിനായി തിരഞ്ഞെടുക്കപ്പെട്ട കലാകാരിയുടെ എല്ലാ പ്രത്യേകതയും ഉപയോഗിക്കുക കൂടി ചെയ്തു സംവിധായകൻ. എനിക്ക് ഇഴുകിച്ചേരാൻ കഴിയുന്ന വിധം രാജീവേട്ടൻ ആ കഥാപാത്രത്തെ മെനഞ്ഞെടുത്തു. എന്റെ മുടിയെയും നൃത്തത്തെയും അദ്ദേഹം ഉപയോഗിച്ചു.  

ഞാനൊഴിച്ച് അഭിനയിച്ചവരെല്ലാം സിനിമാ പരിചയത്തിൽ ഒന്നാം നിരക്കാരായിരുന്നു. ലാലേട്ടനെ ഇന്നും ചേട്ടച്ഛൻ എന്നാണു വിളിക്കുന്നത്. അഭിനേതാക്കളുടെ ഗംഭീര നിര കൂടാതെ പി. ബാലചന്ദ്രൻ സാറിന്റെ സ്ക്രിപ്റ്റ്,  ഒഎൻവി സാറിന്റെ വരികൾ, ശരത്തേട്ടന്റെ സംഗീതം, യേശുദാസ്–ചിത്ര–സുജാത പോലുള്ളവരുടെ ശബ്ദമാധുര്യം, സന്തോഷ് ശിവൻ എന്ന അതുല്യ ക്യാമറാമാൻ, വി. വേണുഗോപാൽ എന്ന പ്രതിഭാധനനായ എഡിറ്റർ, സാബു സിറിലിന്റെ കലാസംവിധാനം.

എക്കാലത്തെയും ശ്രേഷ്ഠമായ ക്രൂവിന്റെ കൂടെ ആദ്യ അവസരം കിട്ടി എന്നതാണെന്റെ ഭാഗ്യം. ഇവരോടൊപ്പം പിടിച്ചു നിൽക്കാനുള്ള ധൈര്യം തന്നത് എന്റെ അമ്മയുടെ ശിക്ഷണവും  നൃത്തം തന്ന ആത്മവിശ്വാസവുമാണ്.  

മീനാക്ഷിയെപ്പോലൊരു കഥാപാത്രം തുടക്കത്തിൽ  ലഭിച്ചിട്ടും സിനിമയിൽ തുടരാത്തതെന്താണ് ?

എന്റെ അമ്മ കലാമണ്ഡലം വിമലാ മോനോൻ, അച്ഛൻ  മഹാകവി വള്ളത്തോൾ നാരായണ മോനോന്റെ അനന്തരവൻ കെ.പി. വിശ്വനാഥ മേനോൻ. കല  ഇരുവരുടെയും  കുടുംബത്തിനു പ്രധാനമായിരുന്നു. അതുപോലെ തന്നെ പഠനവും. ‘കലയിൽ നിനക്ക് എന്തു വേണമെങ്കിലും ചെയ്യാം, പഠനം വിട്ടുകളയരുത്’ അച്ഛൻ പറയുമായിരുന്നു. അതു ഞാൻ ജീവിതത്തിൽ സമ്പൂർണമായി ഉൾക്കൊണ്ടു. പഠനകാലത്തു വന്ന സിനിമാ ചാൻസുകൾ വേണ്ടെന്നു വച്ചു.

പത്തോ പതിനഞ്ചോ വയസ്സിൽ  പഠനം വിട്ട് സിനിമയി ൽ ചുവടുറപ്പിക്കുന്നവരുണ്ട്. അതിനെ തെറ്റു പറയുകയല്ല, എന്നാൽ പെൺകുട്ടികൾ അക്കാദമിക് യോഗ്യതകൾ കൂടി  നേടണം എന്നാഗ്രഹിക്കുന്നയാളാണു ഞാൻ. സർട്ടിഫിക്കറ്റ് എന്നതിലുപരി അക്കാദമിക് പഠനം വ്യക്തിത്വത്തെ രൂപപ്പെടുത്തും.നിർമല ഭവൻ സ്കൂളിലെ പഠനത്തിന് ശേഷം തിരുവന്തപുരം നീറമങ്കര എൻഎസ്എസ് വിമ ൻസ് കോളജിൽ  സംഗീതം പ്രധാന വിഷയമായി പ്രീഡിഗ്രിയും ബിഎ യും ചെയ്തു. പ്രീഡിഗ്രിക്ക് റാങ്കുണ്ടായിരുന്നു. ഡിഗ്രി പഠനകാലത്താണ് പവിത്രത്തിൽ അഭിനയിക്കുന്നത്.  എംഎ മ്യൂസിക് ഗവൺമെന്റ് വിമൻസ് കോളജിൽ. മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്നു മോഹിനിയാട്ടത്തിൽ പിഎച്ച്ഡി.

മോഹിനിയാട്ടത്തിൽ കൾച്ചറൽ മിനിസ്ട്രി ഓഫ് ഇന്ത്യയിൽ നിന്ന് സീനിയർ ഫെലോഷിപ്പ് ലഭിച്ചതിന്റെ ആദ്യ  റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. പഠനം ഇപ്പോഴും തുടരുകയാണ്. എന്നിരുന്നാലും സിനിമ വേണ്ട എന്നൊരു മനോഭാവം ഇല്ല.  വിവാഹം കഴിഞ്ഞാൽ ഒരു അഭിനേത്രിയെ അഭിനയിക്കാൻ കൊള്ളില്ല എന്ന് വിലയിരുത്തുന്നത്  സിനിമാ പ്രേക്ഷകരെക്കാൾ സിനിമക്കാരാണ്.  

ആക്‌‌ഷൻ ഹീറോ ബിജുവിൽ ഞാൻ തന്നെ വേണമെന്ന് എബ്രിഡ് ഷൈനും നിവിനും  ശഠിച്ചു. അങ്ങനെയുള്ള അവസരങ്ങൾ വന്നാൽ തീർച്ചയായും സിനിമ ചെയ്യും. നൃത്തത്തോടു തന്നെയാണ് ഒരു തരി സ്നേഹക്കൂടുതൽ.

സിനിമയിലാണ് തുടക്കമെങ്കിലും ടെലിഫിലിമുകളും സീ രിയലും ചെയ്യാൻ മടിച്ചില്ലല്ലോ ?

ലഭിക്കുന്ന അവസരം പരമാവധി ഭംഗിയായി വിനിയോഗിക്കുന്നതിനാണ് ഊന്നൽ നൽകുന്നത്. എന്റെ കരിയറിൽ ഞാൻ തൃപ്തയാണ്. നൃത്ത സാധകത്തിന്റെ ‘കട്ടയും കോലും’ തട്ടുന്ന ശബ്ദം കേട്ട് ഉണരുകയും ഇന്നും അതേ താളം കേൾക്കാതെ ദിനം കടന്നു പോകാത്ത ജീവിതവുമാണ് എന്റേത്. 

കലയെ നല്ലതെന്നോ മോശമെന്നോ വിലയിരുത്താറില്ല. ഞാൻ അഭിനയിച്ച ആദ്യ സീരിയൽ മലയാളത്തിലെ ആദ്യ  മെഗാ സീരിയൽ ‘സ്ത്രീ’ ആയിരുന്നു. ടിആർപി റേറ്റിങ് ആദ്യമായി വന്ന റിയാലിറ്റി ഷോകളുടെ തുടക്കമായ ‘സരിഗമ’ എന്ന പ്രോഗ്രാം ഞാനും ജഗദീഷേട്ടനും കൂടിയാണു ചെയ്തത്. ഇങ്ങനെ പലതിന്റെയും തുടക്കക്കാരിയായിരുന്നു ഞാൻ. 

VINDHUJA

കലയും കുടുംബവും എങ്ങനെ ബാലൻസ് ചെയ്യുന്നു ?

വിവാഹം 2000ലായിരുന്നു. ഭർത്താവ് രാജേഷ് കുമാർ.  സ്ത്രീ സീരിയലുമായി തിരക്കുപിടിച്ച് നടക്കുന്ന സമയത്താണ് ആലോചന വരുന്നത്. വെട്ടുകത്തി വച്ചു ഭർത്താവിനെ വെട്ടുന്ന സീനുണ്ട് സ്ത്രീ സീരിയലിൽ. അതാണ് രാജേഷ് ആദ്യം കാണുന്ന എന്റെ അഭിനയം.

വിവാഹാലോചന വന്നപ്പോൾ തന്നെ ‘കലയ്ക്ക് സുല്ലിടില്ല’ എന്നു പറയുകയും അദ്ദേഹം അംഗീകരിക്കുകയും  ചെയ്തു. ഇന്നും ആ പിന്തുണയുണ്ട്. വിവാഹ ശേഷം ചെന്നൈയിലും സിംഗപ്പൂരും ഏകദേശം ഒന്നരക്കൊല്ലത്തോളം ഉണ്ടായിരുന്നു. 22 കൊല്ലത്തോളം മലേഷ്യയിലായിരുന്നു. ഈ വർഷം ജൂലൈയിൽ ഇന്തോനീഷ്യയിലേക്കു മാറി. വിവാഹം എന്റെ ജീവിത ലക്ഷ്യങ്ങളിൽ മാറ്റം വരുത്തിയില്ല. ഏതു രാജ്യങ്ങളിലായിരിക്കുമ്പോഴും പ്രോഗ്രാമുക ൾക്കു പോകുകയും കുട്ടികൾക്കു ക്ലാസ് എടുക്കുകയും   ചെയ്തിരുന്നു. 

പുരുഷനായാലും സ്ത്രീയായാലും കുടുംബം എന്ന വ്യവസ്ഥയിലേക്ക് എത്തിയാൽ അതിനോടുള്ള ഉത്തരവാദിത്തം നിർവഹിക്കേണ്ടി വരും. ഒരു ചായ പോലും വയ്ക്കാൻ അറിയാത്ത ഞാൻ സാവധാനം നൂറു പേർക്കു വരെ ഓണസദ്യ തയാറാക്കാൻ കഴിയുന്ന പാചകക്കാരിയായി മാറി. അതേ സമയം യാത്ര ചെയ്യുകയും നൃത്ത പരിപാടികൾ അവതരിപ്പിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന കലാപ്രവർത്തകയുമാണ്.

കലാതിലകപ്പട്ടം തിരികെ വരണം

നല്ല കലാകാരന്മാരെയും കലാകാരികളെയും വാ ർത്തെടുക്കാനാണു കലോത്സവങ്ങൾ നടത്തപ്പെടുന്നത്. ഇപ്പോഴുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഗ്രേഡാണ്. പരാജയപ്പെടുന്ന കുട്ടികളുടെ ബുദ്ധിമുട്ടു കുറയ്ക്കാനാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഇതുമൂലം കുട്ടികൾക്ക് അവരുടെ നില വാരം കൃത്യമായി മനസ്സിലാകുന്നില്ല.

മത്സരങ്ങളും വിജയങ്ങളും ഒഴിവാക്കുകയല്ല, പരാജയത്തെ നേരിടാൻ പ്രാപ്തരാക്കുകയല്ലേ വേണ്ടത്. വിജയിച്ചവരെ ഉൾക്കൊള്ളാനും അഭിനന്ദിക്കാനും പരാജയത്തെ സ്വീകരിക്കാനും കഴിയണം. വിജയികളേക്കാൾ മികവോടെ പരാജയപ്പെട്ടവർ ജീവിതത്തിൽ ഉയരുന്നതിന്റെ എത്ര ഉദാഹരണങ്ങളുണ്ട് നമുക്കു മുന്നിൽ. 

Tags:
  • Celebrity Interview
  • Movies