Thursday 13 December 2018 04:51 PM IST

’പേടിക്കാൻ നിന്നാൽ അതിനേ സമയം കാണൂ’

Roopa Thayabji

Sub Editor

adithi

‘അലമാര’യിൽ ഒഡിഷന് ചെല്ലുമ്പോൾ എന്തെങ്കിലും അഭിനയിച്ചു കാണിക്കാൻ സംവിധായകൻ മിഥുൻ ചേട്ടൻ പറഞ്ഞു. ബെംഗളൂരുവിലെത്തിയ കുട്ടിയുടെ അതിശയങ്ങളാണ് ചെയ്തത്. അലമാരയിലെ സ്വാതി െബംഗളൂരുവിൽ ജോലി ചെയ്യുന്ന നാടൻ പെണ്ണാണ്. ഓരോ ഭാവം അഭിനയിക്കാൻ പറഞ്ഞു. റൊമാൻസ്, ബ്രേക്ക് അപ്... നവരസങ്ങളെ കൂടാതെ കയ്യീന്ന് കുറച്ച് ഭാവങ്ങൾ കൂടി ഇട്ടെന്നു പറഞ്ഞാൽ മതിയല്ലോ. തൃശൂരാണ് എന്റെ സ്വദേശം, അച്ഛൻ എ.ജി രവി സൗദി എയർലൈൻസിൽ നിന്ന് റിട്ടയർ ചെയ്തു. അമ്മ ഗീത വീട്ടമ്മയാണ്. ചേച്ചി രാഖി, ചേട്ടൻ രാകേഷ്.

നോ വറീസ്...

ആദ്യ സീൻ പെട്ടെന്ന് ഓക്കെയായി. പക്ഷേ, ഡൈനിങ് ടേ ബിൾ സീനിൽ കുറച്ച് വെള്ളം കുടിച്ചു. കഴിക്കുന്നതിനിടെ സംസാരിക്കുകയും ഫോൺ ചെയ്യുകയുമൊക്കെ വേണം. ഓരോ ഷോട്ടിലും തൊട്ടുമുമ്പ് എന്താ ചെയ്തതെന്ന് ഓർക്കാൻ പാടുപെട്ടു. ആ സീൻ തീരുമ്പോഴേക്കും ജഗ്ഗിലിരുന്ന വെള്ളം മുഴുവൻ കുടിച്ചു തീർത്തിരുന്നു. കൂട്ടുകാർ പറയും, ക്രൂഷ്യൽ ടൈമിലാ സിനിമയിലേക്കുള്ള എൻട്രിയെന്ന്. സിനിമക്കാരെ മുഴുവൻ കുറ്റം പറയാൻ ഞാനില്ല. സോഷ്യൽ മീഡിയയെയും ട്രോളിനെയുമാണ് പേടി. ഈയിടെ ‘അലമാര നായിക’യുടെ എന്നു പറഞ്ഞ് വിഡിയോ പ്രചരിച്ചു. സിനിമ റിലീസായതോടെ അത് ഞാനല്ലെന്ന് എല്ലാവർക്കും മനസ്സിലായി. പേടിച്ചു പോയൊന്നുമില്ല ഞാൻ. പേടിക്കാൻ നിന്നാൽ അതിനേ സമയം കാണൂ.

പ്രെയ്സ് ദ ലോഡ്...

കലൂർ പള്ളിയിൽ ഒമ്പത് ചൊവ്വാഴ്ച നൊവേന കൂടിയാൽ പ്രാർഥിക്കുന്നതെന്തും നടക്കുമെന്നാണ് പറയാറ്. ഒമ്പതാമത്തെ നൊവേന കൂടാൻ നിൽക്കുമ്പോൾ അതാ ഫോൺ. പുറത്തിറങ്ങി തിരിച്ചുവിളിക്കുമ്പോഴാണ് അറിയുന്നത് സിനിമയിലേക്ക് സെലക്ട് ആയെന്ന്. സ്ക്രിപ്റ്റ് വായിച്ചപ്പോൾ അഭിനയിക്കുന്ന എല്ലാവർക്കും തുല്യപ്രാധാന്യം. ഞാനും സണ്ണി വെയ്ന്റെ സഹോദരിയായി വരുന്ന സോനുവുമായിരുന്നു സിനിമയിലെ പുതുമുഖങ്ങൾ. കൊച്ചിയിലും ബെംഗളൂരുവിലുമായിരുന്നു ഷൂട്ടിങ്. നല്ല കിടിലൻ ക്രൂ. നല്ല സപ്പോർട്ട്. പിന്നെ എന്തു വേണം?

ഫീലിങ് ഗുഡ്...

athidhi-ravi-pic1
ചിത്രം: ശ്യാംബാബു


കോളജിൽ കൂട്ടുകാർ ചെയ്ത ഒന്നു രണ്ട് ഷോർട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. കുറേ പരസ്യങ്ങൾ ചെയ്തു. അലമാരയ്ക്കൊപ്പം മറ്റൊരു സന്തോഷം കൂടിയുള്ളത് ഞാനും ഗായത്രി സുരേഷും മെറീന മൈക്കിളും നായികമാരായി, ജോഷി തോമസ് പള്ളിക്കൽ സംവിധാനം ചെയ്ത ‘നാം’ കൂടി റിലീസാകുന്നതാണ്. ജയസൂര്യ ചേട്ടനോട് എന്തോ ഒരിഷ്ടമുണ്ട്. ‘ആട്’ കണ്ട് കുറച്ചൊന്നുമല്ല ചിരിച്ചത്. ജയേട്ടനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ, ‘എത്ര സിനിമ ചെയ്താലും എപ്പോഴും ഒരു വിദ്യാർഥിനിയായിരിക്കുക.’ എനിക്കു കിട്ടിയ സംതിങ് സ്പെഷൽ ഉപദേശമാണിത്.

ട്രെൻഡി ലുക്കിൽ തിളങ്ങി അദിതി രവി; വനിത കവർ ഷൂട്ട് വിഡിയോ കാണാം

മൈ വാഡ്രോബ്...


എന്റെ കബോർഡിൽ ഡ്രസ്സുകളാണ് കൂടുതലും. കുർത്തയും സൽവാറും ജീൻസുമൊക്കെ കൂട്ടത്തിലുണ്ട്. നാടൻ ലുക്കിലുള്ള ഡ്രസ്സുകളാണ് കൂടുതലിഷ്ടം. ഡ്രസ്സിൽ ബ്രാൻഡ് നോക്കാറേയില്ല. അഞ്ചടി നാലിഞ്ച് പൊക്കമുള്ളതു കൊണ്ട് ഹീൽ ഇല്ലാത്ത ചെരിപ്പാണ് ഇടാറ്. പക്ഷേ, ഫോട്ടോ ഷൂട്ടിനും പരസ്യത്തിലും ഹീൽസ് ഇടും. ചെരിപ്പ് ബ്രാൻഡ് നോക്കി വാങ്ങും. ബാഗുകൾ വാങ്ങിവയ്ക്കുമെങ്കിലും കൂട്ടുകാരികൾ നിർബന്ധിക്കുമ്പോഴാണ് കബോർഡ് തുറന്ന് പുതിയതെടുക്കുക.