ഡോക്ടർ ബിരുദവും കയ്യിൽപിടിച്ച് ഐശ്വര്യ ലക്ഷ്മി പ ലവട്ടം ആലോചിച്ചു. ഒടുവിൽ ആ തീരുമാനമെടുത്തു. സിനിമ തന്നെ ലക്ഷ്യം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിൽ തുടങ്ങിയ കരിയർ ഇന്നു തെന്നിന്ത്യയാകെ വളർന്നു.
കമൽഹാസൻ നായകനാകുന്ന മണിരത്നം ചിത്രം, തെലുങ്കിൽ ദുർഗാ തേജിന്റെ നായികയാകുന്ന എസ്ഡിടി 18, സത്യരാജിന്റെ തീവിനൈ പോട്ര് എന്ന വെബ് സീരീ സ് എന്നിവയാണ് പുതിയ വിശേഷങ്ങൾ. ഇ തിനൊപ്പം തിയറ്ററിൽ കയ്യടി നേടിയ മലയാള ചിത്രം ‘ഹലോ മമ്മി’യുടെ സന്തോഷമധുരം. തെന്നിന്ത്യയുടെ പ്രിയതാരം ഐശ്വര്യലക്ഷ്മിയുടെ മനോവിചാരങ്ങൾക്കൊപ്പം.
രണ്ടാമതും മണിരത്നം ചിത്രത്തിൽ. അതും കമൽ ഹാസനൊപ്പം?
ഞാൻ ഗുരുവായി കാണുന്നയാളാണ് മണിസാർ. പൊന്നിയിൻ സെൽവന്റെ ആദ്യ ഷോട്ടിൽ ആഗ്രഹിച്ചത് അടുത്ത മണിരത്നം സിനിമയിലേക്കും വിളിക്കാൻ തോന്നുന്ന തരത്തിൽ അഭിനയിക്കാൻ കഴിയണേ എന്നാണ്. മാനിഫെസ്റ്റേഷന്റെ ശക്തി പോലെ അതു സാധിച്ചു. കഥ കേൾക്കാനോ വായിക്കാനോ മടിയുള്ള ആളല്ല ഞാൻ. ഒരു ഘട്ടത്തിൽ കഥകളൊന്നും എന്നിലേക്കു വരാതെയായി. നല്ല പ്രേക്ഷക പ്രീതി ലഭിച്ച ചിത്രങ്ങളിൽ അഭിനയിച്ച ശേഷമാണ് ഈ അവസ്ഥ. എല്ലായിടത്തും തടസ്സം. ഞാനിത് മണിരത്നം സാറിന്റെ ‘മദ്രാസ് ടാക്കീസി’ലെ ശിവ സാറുമായി സംസാരിച്ചു.

‘എല്ലാ ആർട്ടിസ്റ്റുകൾക്കും ഇത്തരം ഇടവേളകൾ സംഭവിക്കാം. നിങ്ങൾക്കായി എഴുതപ്പെടുന്ന കഥകൾ നിങ്ങളിലേക്ക് എത്തുക തന്നെ ചെയ്യും. ക്ഷമയോടെ കാത്തിരിക്കൂ’ എന്ന് അദ്ദേഹം പറഞ്ഞു. ആ വാക്കുകൾ ആശ്വാസമായി. എനിക്കിണങ്ങുന്ന കഥാപാത്രങ്ങൾ വന്നാൽ പരിഗണിക്കണേ എന്നു കൂടി പറഞ്ഞു ഞാൻ കോൾ അവസാനിപ്പിച്ചു.
കുറച്ചു മാസങ്ങൾക്കു ശേഷം മദ്രാസ് ടാക്കീസിൽ നിന്ന് കോൾ വന്നു. മണിരത്നം സാറിന്റെ പുതിയ സിനിമയിൽ അവസരമുണ്ടെന്നു പറഞ്ഞു. അങ്ങനെ ‘തഗ്ഗ് ലൈഫി’ൽ എത്തി. കമൽ സാറിനും മണി സാറിനും ഒപ്പമുള്ള സിനിമ എനിക്ക് ആക്ടിങ് സ്കൂൾ പോലെയായിരുന്നു.
സിനിമയില്‍ ഏഴു വർഷം. ഇതിനിടെ നിർമാതാവുമായി ?
ഏഴുവർഷം കടന്നു പോയതറിഞ്ഞില്ല. ഗാർഗിയിലും കുമാരിയിലും പ്രൊഡക്‌ഷന്റെ ഭാഗമായി. ആ കഥകൾ സമൂഹത്തിലേക്ക് എത്തണം എന്ന തോന്നലാണ് എന്നെ സഹ നിർമാതാവാക്കിയത്. ഗാർഗിയുടെ തുടക്കം മുതൽ ടീമിനൊപ്പമുണ്ട്. ആ സിനിമയിൽ ഒരു ട്യൂഷൻ ടീച്ചർ വിദ്യാർഥിയോടു മോശമായി പെരുമാറുന്ന രംഗമുണ്ട്. ഞാൻ നേരിട്ട ദുരനുഭവങ്ങളിലൊന്നാണത്. വേറെ പ്രൊഡക്‌ഷൻ പരിപാടികളൊന്നും പ്ലാനിലില്ല. നല്ല കഥ വന്നാൽ ആ കുപ്പായം പൊടി തട്ടി എടുക്കാം.

സോഷ്യൽ മീഡിയയിലെ ബഹളങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
സോഷ്യൽ മീഡിയ യഥാർഥ ലോകമാണെന്നു കരുതുന്നില്ല. അടുത്തയിടെയുണ്ടായ ഷേക്ഹാൻഡ് വിവാദം പോ ലും യാഥാർഥ്യം അറിയാതെ നടന്ന ബഹളമാണ്. വൈറലായ വിഡിയോയ്ക്ക് മുൻപു നാലു പ്രാവശ്യം ആ വ്യക്തി എനിക്ക് ഷേക്ക്ഹാൻഡ് തന്നു, ഞാനും കൊടുത്തു.
അവസാനം മറ്റെന്തോ ടെൻഷനിൽ നിൽക്കുമ്പോൾ അ യാൾ വീണ്ടും ഷേക്ക്ഹാൻഡ് തരാൻ വന്നപ്പോൾ ഞാൻ കൊടുത്തില്ല. അതും മനഃപൂർവം ചെയ്തതല്ല. അതിലും നിരവധിപേർ എന്നെ പിന്തുണച്ചു എന്നതിൽ സന്തോഷമുണ്ട്. കണ്ടന്റ് ക്രിയേറ്റേഴ്സിനോട് എനിക്കു ബഹുമാനമുണ്ട്. കാരണം ഓരോ ദിവസവും ഫോളോവേഴ്സിനെ തൃപ്തിപ്പെടുത്തുന്ന തരം കണ്ടന്റുകൾ നൽകുക അത്ര എളുപ്പമല്ല. തൊഴിൽമേഖല സിനിമ ആയതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ നിന്നു വിട്ടുനിൽക്കാൻ എനിക്ക് കഴിയില്ല. പക്ഷേ, അതെന്റെ സന്തോഷങ്ങളെ ബാധിക്കാതിരിക്കാൻ ബോധപൂർവം ഞാനൊരു മതിൽ കെട്ടിയിട്ടുണ്ട്. നല്ലതായാലും മോശമായാലും എല്ലാം ആ മതിലിനപ്പുറം മാത്രം നിൽക്കട്ടെ.
അഭിമുഖത്തിന്റെ പൂർണരൂപം ജനുവരി ആദ്യ ലക്കത്തിൽ
അഞ്ജലി അനിൽകുമാർ
ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ