Friday 11 September 2020 05:47 PM IST

‘പ്രഭുവിനെ കാണാതിരിക്കുമ്പോൾ ഒരു മിസ്സിങ്, അങ്ങനെയിരിക്കെയാണ് അതു സംഭവിച്ചത്’; പ്രണയകാലം ഓർത്ത് അമല

Roopa Thayabji

Sub Editor

amala

വിവാഹങ്ങളൊക്കെ ആഘോഷം കുറച്ചു നടത്തിയ കാലമാണ് ലോക് ഡൗൺ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, വളരെ കുറച്ച് ആളുകൾ മാത്രമേ ഒത്തുകൂടിയുള്ളൂ എങ്കിലും സ്നേഹത്തിന്റെ തിളക്കവും അനുഗ്രഹത്തിന്റെ നിറവും ആ നിമിഷങ്ങൾക്കുണ്ടായിരുന്നു. ആർപ്പും ആഘോഷവുമായി താരത്തിളക്കത്തോടെ നടക്കേണ്ട നിരവധി വിവാഹങ്ങൾ ആ സമയത്തു നടന്നു. മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരം അമല ഗിരീഷൻ പ്രണയത്തിന്റെയും വിവാഹത്തിന്റെയും വിവാഹ ശേഷമുള്ള ആദ്യ ഓണത്തിന്റെയും വിശേഷങ്ങൾ പങ്കിടുന്നു...

ചെമ്പരത്തി കമ്മലിട്ട്

തിരുവനന്തപുരത്താണ് ഞാൻ പഠിച്ചതും വളർന്നതുമെല്ലാം. അച്ഛൻ ഗിരീശകുമാർ കർഷകനാണ്, അമ്മ സലിജ. അച്ഛനോ അമ്മയ്ക്കോ ചേച്ചി അഖിലയ്ക്കോ കുടുംബത്തിലെ ആർക്കുമോ അഭിനയവുമായി ബന്ധമൊന്നും ഇല്ല. പക്ഷേ, ഞാൻ മിനിസ്ക്രീനിൽ എത്തി. അതിനു പിന്നിൽ ഒരു കഥയുണ്ട് കേട്ടോ.

അന്നുവരെ ഞാൻ ഡാൻസ് പോലും പഠിച്ചിട്ടില്ല. പക്ഷേ, എൻജിനീയറിങ്ങിനു പഠിക്കുന്ന സമയത്ത് ടിവിയിലെ സ്റ്റാര്‍ വാര്‍ യൂത്ത് കാര്‍ണിവല്‍ എന്ന പ്രോഗ്രാമില്‍ കണ്ണുംപൂട്ടി അങ്ങു പങ്കെടുത്തു. ആ സമയത്തെ പരിചയം വച്ചാണ് ഒന്നു രണ്ടു ടിവി പ്രോഗ്രാമുകൾ ആങ്കറിങ് ചെയ്യാനുള്ള അവസരം കിട്ടിയത്. അതിനു ശേഷം സീരിയലിലേക്കും ഓഫർ വന്നു. അഭിനയിക്കാൻ ഇഷ്ടമായതുകൊണ്ട് ഒരു കൈ നോക്കാമെന്നു വച്ചു. അങ്ങനെ ‘സ്പർശം’ സീരിയലിലൂടെ മിനി സ്ക്രീനിലെത്തി. ‘കാട്ടുകുരങ്ങി’ലാണ് ആദ്യമായി നായികയാകുന്നത്. പിന്നീട് നീർമാതളം, കല്യാണസൗഗന്ധികം... എല്ലാവർക്കും ഇഷ്ടപ്പെട്ട കുറേ സീരിയലുകൾ ചെയ്തു. ‘മോനായി അങ്ങനെ ആണായി’ എന്ന സിനിമയിലും അഭിനയിച്ചു. ‘നീര്‍മാതള’ത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും കിട്ടി കേട്ടോ.

കാത്തു നിന്നതാരോ...

‘നീർമാതളത്തിന്റെ പ്രൊഡക്‌ഷൻ ടീം തന്നെയാണ് ‘ചെമ്പരത്തി’ സീരിയൽ ചെയ്യുന്നത്. അങ്ങനെയാണ് കല്യാണിയായി ഞാനെത്തിയത്. സീരിയലിൽ വന്ന കാലം മുതലേ പ്രഭുവിനെ പരിചയമുണ്ട്. സിനിമാ– സീരിയൽ രംഗത്തെ ടെക്നിക്കൽ ടീമിന്റെ ഭാഗമായ ഫോക്കസ് പുള്ളർ ആണ് പ്രഭു. ഇടയ്ക്കിടെ കാണുകയും സംസാരിക്കുകയും ചെയ്യും. അങ്ങനെയിരിക്കെ ആണ് അതു സംഭവിച്ചത്.

കുറച്ചു ദിവസം പ്രഭുവിനെ കാണാതിരിക്കുമ്പോൾ ഒരു മിസ്സിങ്. സൗഹൃദത്തിന് അപ്പുറമുള്ള ഇഷ്ടം ഉണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്. അതിനെ പ്രണയം എന്നു വിളിക്കാമോ എന്നൊന്നും അറിയില്ലായിരുന്നു.

ഇക്കാര്യം ആദ്യമായി തുറന്നു പറഞ്ഞതു ഞാനാണ്. പ്രഭുവിനും അതിനോട് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. ഒട്ടും താമസിക്കാതെ തന്നെ രണ്ടുപേരും കാര്യങ്ങൾ വീട്ടിൽ പറഞ്ഞു. വീട്ടുകാരുടെ ഗ്രീൻ സിഗ്‌നൽ കിട്ടിയ ശേഷമാണ് ഞങ്ങൾ ശ രിക്കും പ്രണയിച്ചു തുടങ്ങിയത്.

തമിഴഴകിൻ കാലം...

തമിഴ്നാട്ടിലാണ് പ്രഭുവിന്റെ സ്വദേശം. പക്ഷേ, അമ്മ മലയാളിയാണ്. വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയാണ് പ്രഭുവിന്റെ മറ്റൊരിഷ്ടം. യാത്രകളും ജീവനാണ്. വാഗമൺ, പൊന്മുടി, മൂന്നാർ ഒക്കെ ഞങ്ങളൊന്നിച്ച് പോയിട്ടുണ്ട്.

അങ്ങനെ യാത്രകളും സീരിയലുമൊക്കെയായി പോകുന്നതിനിടയ്ക്കാണ് കല്യാണം കഴിക്കാമെന്നു തീരുമാനിച്ചത്. കല്യാണ തീയതിയൊക്കെ തീരുമാനിച്ച് ഒരുക്കങ്ങൾ തുടങ്ങിയപ്പോഴേക്കും ലോക്‌ഡൗൺ വന്നു. കാത്തിരുന്നിട്ടും അതൊട്ടു തീരുന്നുമില്ല. എങ്കിൽ പിന്നെ, ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്താമെന്നു എല്ലാവരും ചേർന്ന് തീരുമാനിച്ചു. ഇരുകുടുംബങ്ങളുടെയും അനുഗ്രഹത്തോടെ മേയ് 18ന് ആ യിരുന്നു കല്യാണം.

കല്യാണം കഴിഞ്ഞിട്ട് പ്രഭുവിന്റെ വീട്ടിലേക്ക് പോകാൻ ഇതുവരെ പറ്റിയിട്ടില്ല. ലോക്ഡൗൺ നീണ്ടുപോകുന്നതു കൊണ്ട് പ്രഭുവിന്റെ കുടുംബത്തിനൊപ്പം ഓണം ആഘോഷിക്കാം എന്ന പ്ലാനും ഇനി നടക്കില്ല.

തിരുവനന്തപുരത്ത് ചെമ്പഴന്തിയിലെ എന്റെ വീട്ടിൽ ചേച്ചിയും ഭർത്താവും മക്കളുമൊക്കെയായി ഇത്തവണ ഓണം ആഘോഷിക്കാം. കോവിഡ് ഒക്കെ തീർന്നിട്ട് വേണം തമിഴ് പെണ്ണായി ആഘോഷങ്ങളൊക്കെ നടത്താൻ...’